2015, നവംബർ 10, ചൊവ്വാഴ്ച

"വരണ്ട ഭൂമിയ്ക്ക്
തീയും തണുപ്പായിരുന്നു...
അത്ര മേൽ പൊള്ളിച്ചിരിക്കുന്നൂ സൂര്യൻ !!

കടലുകൾ പുഴകളിലേയ്ക്ക് 
തിരികെയൊഴുക്കിട്ട്  വേണം 
ഭ്രമണം നിർത്താൻ...
പ്രണയം മറക്കാൻ...
                എന്ന് ഭൂമി 

അത് കേട്ടിട്ടാവണം 
ഒരു കാർ മേഘം മറയാക്കി സൂര്യൻ വീണ്ടും ചിരിച്ചു "

2015, നവംബർ 8, ഞായറാഴ്‌ച

അമ്മയിൽ നിന്ന് അമ്മയിലേയ്ക്കുള്ള ദൂരം


അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം.  ഞാൻ വലുതായെന്നു തെളിയിക്കേണ്ടിയിരിക്കുന്നു...ഒറ്റയ്ക്ക് ബസ്സിൽ കയറി അമ്മ വീട്ടിൽ പോയി രണ്ടു ദിവസം അവിടെ താമസിച്ച്, അമ്മാവൻ കൊടുത്തു വിട്ട പുത്തൻ ഉടുപ്പുമായി വന്ന കൂട്ടുകാരി ഒരു ചോദ്യം എറിഞ്ഞപ്പോഴാണ് എനിക്ക് ആ ബോധ്യം വന്നത്.

"നീ ഇത് വരെ വീട്ടീന്ന് മാറി നിന്നിട്ടില്ലേ ?"

അന്ന് വരെ ലോകത്ത് ഇല്ലാതിരുന്ന ഒരു വന്പൻ പ്രശ്നം ഈ ഒരൊറ്റ ചോദ്യത്തോടെ എന്റെ മുന്നിലേയ്ക് വന്നു വീഴുകയായിരുന്നു. ചോദ്യത്തിന് 'ഇല്ല' എന്നാണ് ഉത്തരം. പക്ഷെ ആ ഉത്തരത്തിനു എന്തോ ഒരു ക്ഷീണം ഉള്ളത് പോലെ.

 എനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം ചേർത്ത് വച്ച് ഞാൻ ഉത്തരം വിപുലീകരിച്ചു. അവളോട്‌ പറഞ്ഞില്ലെങ്കിലും...

എന്റെ അമ്മ ഒറ്റ മകളാണ്. അപ്പൂപ്പൻ എന്റെ ഓർമയിൽ എവിടെയും ഇല്ല. നാട്ടുകാർക്കെല്ലാം അമ്മാമ്മാച്ചി ആയ ഞങ്ങളുടെ അമ്മൂമ്മ, താമസം ഞങ്ങളുടെ കൂടെയും. അതുകൊണ്ട് തന്നെ അമ്മവീട്, അമ്മാവന്മാരുടെ വീട്, കുഞ്ഞമ്മമാരുടെ വീട് തുടങ്ങിയ ഒരു ഡസൻ വീടുകൾ ഒറ്റയടിയ്ക്ക് ഇല്ലാതായി.  പിന്നെ അച്ഛന്റെ വീട് . അതങ്ങ് ദൂ.....രെയാണ്. തിരുവനന്തപുരമാണ് ജില്ല. അവധിക്കാലത്ത് മാത്രമാണ് അങ്ങോട്ടേയ്ക്കുള്ള യാത്രകൾ.
വെളുപ്പിനെ പത്രം കൊണ്ടുവരുന്ന ജീപ്പിൽ
ടൌണ്‍ വരെ, പിന്നെ ചുവപ്പും പച്ചയും നിറമുള്ള KSRTC ബസ്സുകൾ, ഇടയ്ക്ക് രണ്ടു ഛര്ദി, അത് തടയാൻ അമ്മ തരുന്ന അവോമിൻ
ഗുളിക, ഇടയ്ക്ക്  ബോണസ്സായി കിട്ടുന്ന ഫ്രൂട്ടി, ക്രീം ബിസ്കറ്റ്, ബാലരമ, ബോബനും മോളിയും...

ഇതൊക്കെയാണ് ആ യാത്ര.   ഇതൊക്കെ കടന്നു ചെന്നാൽ, അവിടെ എണ്ണിയാൽ തീരാത്തത്ര ബന്ധുക്കളുണ്ട്.  ചേട്ടന്മാർ,അനിയന്മാർ, അനുജത്തിമാർ അങ്ങനെ എല്ലാ വിഭാഗത്തിലും ആവശ്യത്തിലധികം ആളുകൾ. പക്ഷെ  അതിന്റെ കൂടെ മറ്റൊരു ഹിമാലയൻ പ്രശ്നം കൂടി ഉണ്ട്.  അവരെല്ലാം എന്നെ കാണുന്നത് ഒരു അന്യഗ്രഹ ജീവിയെ പോലെ ആണെന്ന് എനിക്ക് തോന്നും. ഞാൻ 'എന്നതാ'  ന്നു ചോദിക്കുമ്പോൾ അവരെല്ലാം യൂണിയൻ ആയിട്ട് 'എന്തര്' എന്ന് ചോദിക്കും. സംഗതി എല്ലാം മലയാളം ആണേലും ഞാൻ പറയുന്നത് അവർക്കും അവര് പറയുന്നത് എനിക്കും വൻ തമാശയായിട്ടാണ് തോന്നാറ്. പക്ഷെ അംഗ ബലം അവര്ക് കൂടുതൽ ആയതുകൊണ്ട് ചിരിക്കാനുള്ള അവകാശവും അവർക്കാണ്. അതുകൊണ്ട് തന്നെ എന്റെ വീട് ഉഗാണ്ടയിൽ ആണെന്ന് എനിക്ക് പലപ്പോഴും സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.

ഇങ്ങനൊരു സാഹചര്യത്തിൽ അച്ഛനും അമ്മയും കൂടെ ഇല്ലാതെ അവിടെ ഒറ്റയ്ക്ക് പോയി
നിൽക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. (അച്ഛൻ മാത്രം പോര, അച്ഛൻ ഇടയ്ക്ക്
ഇടയ്ക്ക് ആ യുണിയനിൽ ചേരും. അല്ലെങ്കിൽ പിന്നെ എന്നോ ഒരിക്കൽ പരിചയപ്പെടുത്തിയ
അച്ഛന്റെ കുഞ്ഞമ്മയുടെ മകളുടെ നാത്തൂന്റെ  അമ്മാവനെ ചൂണ്ടി, ഇതാരന്നു പറ മോളെ, എന്ന്   പറയുകയും ഉത്തരം കേള്ക്കാൻ അമ്മാവൻ റെഡി ആയി നിൽക്കുമ്പോൾ ഞാൻ മാനത്തും അച്ഛന്റെ  മുഖത്തും മാറി മാറി നോക്കിയിട്ട് ഒടുവിൽ 'ആ' എന്ന്  നീട്ടി പറയേണ്ടി വരികയും ഇല്ലല്ലോ.)

ചുരുക്കി പറഞ്ഞാൽ അടുത്തുള്ളവരും അടുപ്പമുള്ളവരും ഒത്തു വരാത്തത് കൊണ്ട് വീട് വിട്ട് ഒരു രാത്രി തങ്ങുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല. അത് വലിയൊരു പോരായ്മയായി തോന്നിയത് ഈ ചോദ്യം വന്നു വീണപ്പോൾ മാത്രമാണ്.
വയ്കുന്നേരം വീടിലെത്തിയപ്പോൾ മുതൽ ഞാൻ ചിന്തയിലാണ്. അമ്മയുടെ മുന്നില് ഈ പ്രശ്നം ഒന്ന് അവതരിപ്പിക്കണം. വൈകിട്ട് അമ്മ ഫാർമസി അടച്ചു വീട്ടിൽ വന്നപ്പോത്തന്നെ ഞാൻ പ്രശ്നം
എടുത്തിട്ടു.

"അമ്മേ, എനിക്ക് വീടിന്നു ഒരു ദിവസം മാറി താമസിക്കണം".

എന്തിനാ ഒരു ദിവസമാക്കുന്നെ? കെട്ടിച്ചു വിട്ടേക്കാടി...സ്ഥിരമായിട്ട് പൊയ്ക്കോ" അമ്മ പതിവ്
പോലെ തമാശിച്ചു. ഇപ്പൊ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല...എന്റെ  Introduction ചീറ്റി. ഇനി നല്ല നേരം നോക്കി വിശദമായി അവതരിപ്പിക്കണം….

 അടുത്തത് emotional approach ആണ്. ഞാൻ രാത്രി കറന്റ്‌ കട്ടിന്റെ സമയത്ത് അമ്മയുടെ കൂടെ കിടന്ന് പതുക്കെ പറഞ്ഞു. "എല്ലാരും അവധിയ്ക്ക് അച്ഛൻ വീട്ടിലും അമ്മ വീട്ടിലും അമ്മാവന്റെ അടുത്തും ഒക്കെ പോയി നില്ക്കും. ഞങ്ങള് മാത്രം ഇവിടെ തന്നെ. ഒരു ദിവസം പോയി നില്ക്കാൻ
പോലും ഒരു വീടില്ല. അതെന്താമ്മേ  അങ്ങനെ ?"

സംഗതി ഏറ്റു. അമ്മ പതുക്കെ പറഞ്ഞു, "നമ്മടെ കാര്യങ്ങളൊക്കെ മോള്ക്ക് അറിയാല്ലോ. അമ്മയ്ക്ക് ആങ്ങളമാരോ അനിയത്തിമാരോ ഒന്നുമില്ല. അച്ഛന്റെ വീട്ടിൽ പോയി നിൽക്കണേൽ അടുത്ത അവധിയ്ക്ക് അമ്മ കൊണ്ട് വിടാം. പക്ഷെ അമ്മ കൂടെ ഇല്ലാതെ ഒരിടത്തും നിർത്താൻ അച്ഛൻ
സമ്മതിക്കുമൊന്നു അറിയില്ല."

"അവിടെ എനിക്ക് അമ്മ ഇല്ലാതെ നിക്കണ്ട"
"അപ്പൊ പിന്നെ എന്ത് ചെയ്യാനാ, നീ തന്നെ പറ"

"മം....ഞാൻ ഒരു ദിവസം അച്ചായീടെ വീട്ടിൽ പോയി നിന്നാലോ?" ഞാൻ ചോദിച്ചു

അച്ചായി ഞങ്ങളുടെ കുടുംബ സുഹൃത്താണ്‌. അച്ചായി എന്റെ സ്കൂളിലെ മാഷ് ആരുന്നു. റിട്ടയേർഡ്‌ ആയി. ഇപ്പൊ ആട് വളർത്തലും കൃഷിയും ഒക്കെ ആയി വീട്ടിൽ തന്നെ.അച്ചായിക്കും ലീലാമ്മച്ച്ച്ചിക്കും മൂന്ന് പെണ്മക്കളാണ്. എന്നെ അമ്മ പെറ്റിട്ടത് ലീലാമ്മാച്ചിടെ കൈയിലോട്ടാണെന്ന് കുറച്ച്  അതിശയോക്തി കലർത്തി അമ്മൂമ്മ പറയാറുണ്ട്. (അതിശയോക്തി ന്നു പറഞ്ഞതേ , എന്നെ പെറ്റിട്ടുന്ന് പറയാൻ പറ്റില്ല,ഡോക്ടർ പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ടും എനിക്ക് പുറത്ത് വരാൻ ഉദ്ദേശം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് സിസേറിയൻ ചെയ്താണ് എന്നെ പുറത്തെടുത്തത് ). എന്റെ വീടിനെക്കാൾ എനിക്ക് സ്വാതന്ത്ര്യം ഉള്ള വീടാണ് അച്ചായിടെ വീട്. അവിടുത്തെ ചേച്ചിമാര് വിളിക്കുന്ന പോലെ ഞാനും അവരെ അച്ചായിന്നും അമ്മച്ചീന്നും വിളിച്ചു. "നിങ്ങള് സ്വന്തക്കരാണോ ?" ന്നു ചോദിക്കുന്നവരോട്, സ്വന്തമല്ല, ന്നാലും സ്വന്തം പോലന്നു ഞാൻ പതിവായി പറഞ്ഞു
പോന്നു. അവരുടെ വീട് എന്റെ വീട്ടിന്ന് കഷ്ടിച് രണ്ടു കിലോമീറ്ററെ ഉള്ളു. പാടവരമ്പത്തൂടെ കുറുക്കു
വഴിയിൽ പോയാൽ അതിന്റെ പകുതി ദൂരം പോലുമില്ല.

അമ്മ പറഞ്ഞു "അവിടെ വേണേൽ നിന്നോ, പക്ഷെ അച്ഛനോട് ഒന്ന് പറഞ്ഞേക്കണം"
"അമ്മ പറഞ്ഞാ മതി, അച്ഛൻ സമ്മതിക്കും.
"മം... " അമ്മ മൂളി.
"അല്ലേലും ബന്ധുക്കളേക്കാൾ ഒതകുന്നത് വെറുതെക്കാരാ..."അമ്മാമ്മച്ചിടെ  അത്മഗതം.

സഹോദരങ്ങൾ ഇല്ലാന്നുള്ള അമ്മയുടെ എല്ലാ കാലത്തെയും സങ്കടത്തെ വെറുതെ കുത്തി നോവിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. എന്നാലും വീട്ടീന്ന് ഒന്ന് മാറി നില്ക്കാൻ പാതി
അനുമതി കിട്ടിയതിന്റെ സന്തോഷത്തിൽ അത് ഞാൻ മറന്നു.ബാക്കി പകുതി വെള്ളിയാഴ്ചയെ
കിട്ടു. അന്നാണ് ഗൾഫിൽ നിന്ന് അച്ഛൻ വിളിക്കുക. ചിട്ടി, പണയം, ഞങ്ങളുടെ സ്കൂൾ വിശേഷം, അയൽപക്കത്തെ വിശേഷം ഇങ്ങനെ ഓരോന്നായി അമ്മ പറയുമ്പോൾ ഞാൻ അമ്മയുടെ
നൈറ്റിയിൽ പിടിച്ച് വലിച്ച് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു…എന്റെ കാര്യം... ഒടുവിൽ അമ്മ അത് പറഞ്ഞു. "ദേ, മോൾക്ക് ഒരു ദിവസം അച്ചായിടെ വീട്ടിൽ പോയി നിക്കണം ന്നു. ഈ കൊല്ലം തൊട്ട് ഹിന്ദി
പഠിക്കാൻ ഉള്ളതല്ലേ, കല വല്ലോം പറഞ്ഞും കൊടുക്കും"

അപ്പൊ അങ്ങനൊരു ദുരുദ്ദേശം കൂടി ഉണ്ട്.അച്ചായിടെ മൂത്ത മോൾ കലചേച്ചി ഹിന്ദി വിദ്വാൻ കഴിഞ്ഞതാണ്.
അഞ്ചാം ക്ലാസ്സ്‌ തൊട്ട് ഹിന്ദി പഠിക്കേണ്ടത് കൊണ്ട് ഈയിടെ ആയി അവിടെ ചെല്ലുംബോഴെല്ലാം
കലചേച്ചി തന്റെ ഭാഷ പരിജ്ഞാനം  എന്നെ കൂടി  അറിയിക്കാൻ ശ്രമിക്കാറുണ്ട്. ഞാൻ പക്ഷെ അവിടെ ചെല്ലുന്നത് ചേച്ചിമാരുടെ മേക്കപ് ബോക്സ്‌ തുറന്നു നോക്കി അത്ഭുട്പെടാനും അവരുടെ
കൂടെ തോട്ടിൽ പോയി കുളിക്കാനും ഒക്കെയാണ്.  അതുകൊണ്ട് അവിടെ വച്ചുള്ള പഠിത്തതോട് എനിക്ക് വല്യ താല്പ്പര്യം ഇല്ല. പക്ഷെ അതിപ്പോ മിണ്ടാൻ പറ്റില്ല. വീട്ടിൽ നിന്ന് ഒരു രാത്രി മാറി
നിന്നേ പറ്റൂ…..
എന്തായാലും അച്ഛൻ സമ്മതിച്ചു.  അമ്മ  പാതി അച്ഛൻ പാതി അമ്മൂമ്മ പാതി...അങ്ങനെ ഒന്നൊന്നര സമ്മതവുമായി  ഞാൻ അടുത്ത ഞായറാഴ്ച ഉച്ചയോടെ അച്ചായീടെ വീടിലെത്തി. ഒരു ജോഡി ഡ്രസ്സ്‌, ഒരു തോർത്ത്‌, ഹിന്ദി പുസ്തകം ഇത്രയും ഏതോ തുണിക്കടയുടെ കവറിൽ ഇട്ടു കൈയിൽ പിടിച്ചിട്ടുണ്ട്. അമ്മ എന്നെ ലീലാമ്മച്ചിയെ ഏൽപ്പിച്ചിട്ട് പറഞ്ഞു, " ചേച്ചി... ഇവക്കിന്ന് ഇവിടെ നിക്കണംന്ന്‌.  തോട്ടിൽ അധിക നേരം ചാടാൻ വിടണ്ട. കലയോട് പറ നേരം പോലെ ഹിന്ദി വല്ലോം പറഞ്ഞും കൊടുക്കാൻ.  എന്നിട്ട് രാവിലെ അങ്ങ് വിട്ടേരെ, നാളെ സ്കൂൾ ഉള്ളതാ..."

"എന്നാ പിന്നെ കൊച്ചിന്റെ യുണിഫോം കൂടെ കൊണ്ട് വന്നിരുന്നേൽ ഇവിടുന്നു പോവാരുന്നല്ലോ"

"ഓ അത് ശരിയാവില്ല, ആ ചെറുക്കൻ ഇവളുണ്ടേലേ സ്കൂളിൽ പോവത്തോള്ളൂ" അനിയന്റെ
കാര്യമാണ്. അവനു അല്ലേലെ സ്കൂളിൽ പോവാൻ മടിയാണ്. അപ്പൊ ഞാനും കൂടെ ഇല്ലേൽ ഒട്ടും പോവില്ല. എന്ത് ചെയ്യാം!! ചേച്ചി ആയിപോയില്ലേ എന്ന ഭാവത്തിൽ ഞാൻ നിന്നു. എന്നെ അവിടെയാക്കി അമ്മ  വീടിലെയ്ക് തിരിച്ചു പോയി.

അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ഇതാ വീട് വിട്ടു മറ്റൊരിടത് താമസിക്കാൻ പോകുന്നു. കോളേജിൽ പോകുമ്പോ ദൂരെ ഹോസ്റ്റലിൽ പോയി നില്ക്കണം. ഇടയ്ക്ക് വല്യ ബാഗ്‌ ഒക്കെയായിട്ട് ബസ്സിറങ്ങി വീട്ടിൽ വരണം.  ഹോസ്റ്റലിൽ നിന്ന് അമ്മയ്ക്ക് കത്തെഴുതണം. ..അങ്ങനെ പല ഭാവി പരിപാടികളും എന്റെ സ്വപ്നതിലുണ്ട് .എന്തായാലും അതിനൊക്കെ ഉള്ള ഒരു ചെറിയ തുടക്കമാണ്‌ ഇത്. എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി…

ഞാനും ശ്രീമോളും(അച്ചായീടെ ഇളയ മോൾ- എന്നേക്കാൾ ഒരു വയസ്സ് ഇളപ്പം)കൂടി ടെറസിൽ
കയറി പേരയ്ക്ക പറിച്ചു. താഴെ മുറ്റത്ത്‌ നില്ക്കുന്ന പേര മരത്തിന്റെ ശിഖരങ്ങൾ എല്ലാം ടെറസിലേക്കാണ് നില്ക്കുന്നത്. കൈ കൊണ്ട് പേരയ്ക്ക പറിക്കാം. നഖം കൊണ്ട് കുത്തി നോക്കിയാൽ അറിയാം നല്ല പാകമായ പേരയ്ക്ക ഏതാന്ന്. അധികം പഴുക്കാത്ത പേരയ്ക്കയാണ് എനിക്കിഷ്ടം. അങ്ങനെ ആവശ്യത്തിൽ കൂടുതൽ പേരയ്ക്ക പറിച്ചു, കുറച്ച് തിന്നു,ബാക്കി ആരും കാണാതെ കളഞ്ഞു. പിന്നെ ആട്ടിൻ കൂട്ടിൽ പോയി. അച്ചായീടെ ആട്ടിൻ കൂട്ടിൽ എന്നും നിറയെ ആടുകളും ആട്ടിൻ കുട്ടികളും കാണും. ഇന്നിപ്പോ നോക്കിയിട്ട് എനിക്ക് എടുത്തോണ്ട് നടക്കാൻ പറ്റുന്നത്ര ചെറിയ കുഞ്ഞുങ്ങൾ ഒന്നുമില്ല. മുന്നില് കെട്ടി തൂക്കിയിരിക്കുന്ന പ്ലാവില കുറച്ചൂടെ അടുപ്പിച്ചു കൊടുത്ത് ആടുകളെ ഒന്ന് Impress ചെയ്ത്  നേരെ റബ്ബർ ഷീറ്റ് അടിക്കുന്നിടത്ത് പോയി. ബിജു ചേട്ടൻ ഷീറ്റ് അടിക്കുന്നു.  അതൊരു രസമുള്ള കാഴ്ചയാണ്.

ആസിഡ് വെള്ളം കുടിച്ചു വീർത്തിരിക്കുന്ന റബ്ബർ ഷീറ്റ് മെഷീനിൽ കയറി പതുങ്ങി ഇറങ്ങി വരുന്ന കാഴ്ച. രണ്ടാമത്തെ മെഷീൻ അതിൽ അച്ച് പതിപ്പിക്കും. ആരും ഇല്ലാത്തപ്പോ ഈ രണ്ടാമത്തെ മെഷിനിൽ ഞാൻ പച്ചില ഒക്കെ വച്ച് കറക്കി നോക്കാറുണ്ട്. ആരേലും കണ്ടാൽ നല്ലത് കിട്ടും. എന്നാലും ഒരു രസം... ഇത്രേം കലാപരിപാടികൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും ചേച്ചിമാര് കുളിക്കാൻ പോകാൻ വന്നു വിളിച്ചു. അന്നൊക്കെ കുളിമുറിയിൽ കുളിക്കുന്നത് മഴക്കാലത്ത് മാത്രമാണ്. എന്റെ വീടിന്റെം നേരെ താഴെ തോടാണ്. രാവിലെ റ്റൂഷൻ കഴിഞ്ഞു വരുമ്പോഴേ അമ്മൂമ്മ ഒരു കൈ നിറയെ എണ്ണ തലയിൽ കമഴ്തും. അതുമായി നേരെ കുത്ത് കല്ലിറങ്ങി തോട്ടിലേയ്ക്ക് ഒരോട്ടമാണ്. ഒന്ന്  മുങ്ങാനുള്ള മടിയേ ഉള്ളു. പിന്നെ വെള്ളത്തിൽ നിന്ന് കയറാൻ തോന്നില്ല....
അതേ തോടാണ് അച്ചായീടെ വീടിന്റെ  താഴേയ്ക്കും ഒഴുകി എത്തുന്നത്.  ഞങ്ങള് കുളിച്ച, തുണി നനച്ച, സോമൻ ചേട്ടന്റെ പശു മൂത്രം ഒഴിച്ച അതെ വെള്ളത്തിലാ നിങ്ങള് കുളിക്കുന്നേന്നു പറഞ്ഞു ഞാൻ ചേച്ചിമാരേ ഒന്ന് താഴ്ത്തിക്കെട്ടാൻ ഒരു ശ്രമം നടത്തിയപ്പോ അവരിലാരോ പറഞ്ഞു "ഒഴുക്ക് വെള്ളത്തിൽ അഴുക്കില്ലാന്ന്. അല്ലേലും നേരാ...എത്ര പേര് കുളിച്ചാലും തുണി നനച്ചാലും വെള്ളം നല്ല കണ്നീരുപോലെ തെളിഞ്ഞാണ് ഒഴുകുന്നത്…

പാൽപാടയും മഞ്ഞൾ അരച്ചതും മുഖത്ത് പുരട്ടി, സന്തൂർ സോപ്പ് ഒക്കെ തേച്ച്, ചെമ്പരത്തിയില ഇടിച്ചു താളി ഉണ്ടാക്കി മുടി കഴുകി ചേച്ചിമാര് വിശാലമായി കുളിക്കുമ്പോൾ ഞാനും ശ്രീമോളും വെള്ളത്തിൽ കമഴ്ന്നും മലർന്നും നീന്തി മത്സരിച്ചു. അധികം ഒഴുക്കില്ലാത്ത വെള്ളത്തിൽ നീന്താതെ അനങ്ങാതെ പൊങ്ങി കിടക്കുന്ന മാജിക്‌ കാണിച്ച് ഞാൻ അവളെ അത്ഭുദപ്പെടുത്തി. അവള് കുറെ ശ്രമിച്ചിട്ടും അത് നടക്കാതെ വന്നപ്പോൾ എനിക്ക് അഭിമാനം കൂടി. അങ്ങനെ കുളിയും കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഞായരാഴ്ച സിനിമ തുടങ്ങിയിരുന്നു. ലീലമ്മാച്ചി തന്ന ചൂട് ചായയും കൊണ്ട് നേരെ ടി വി ടെ മുന്നിൽ പോയിരുന്നു. അച്ചായി സോഫയിൽ ഇരിപ്പുണ്ട് .അയൽപക്കക്കാർ ചിലര് നിലത്തും വാതിൽ പടിയിലുമൊക്കെയായി ഇരിപ്പുറപ്പിചിട്ടുമുണ്ട്. മാളൂട്ടി ആണ് സിനിമ. ജയറാം, ഉർവശി,ബേബി ശ്യാമിലി…അങ്ങനെ പടം നല്ല രസമായിട്ട് പോകുമ്പോ ദാ, മാളൂട്ടി കിണറ്റിൽ വീണു. എനിക്ക് ആകെ സങ്കടമായി എങ്ങാനും കരഞ്ഞു പോകുമോന്നു വരെ തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റ് വീടിന്റെ മുന്ഭാഗത്തെ പടിക്കെട്ടിൽ ചെന്നിരുന്ന് റോഡിലേയ്ക്ക് നോക്കി. സിനിമ കണ്ടിട്ട് കരഞ്ഞൂന്നു ആരേലും അറിഞ്ഞാൽ ആകെ നാണക്കേടാണ്. അതുകൊണ്ട് സിനിമയിൽ കരയേണ്ട ഭാഗം വരുമ്പോ ഞാൻ എപ്പോഴും എഴുനേറ്റു പോകും.ഇടി വന്നാലും പേടിപ്പിക്കുന്ന സീൻ വന്നാലും ഞാൻ കണ്ണടച്ച് കുനിഞ്ഞിരിക്കും. കഴിഞ്ഞോ കഴിഞ്ഞോ ന്നു അമ്മയോട് ചോദിച്ചു ഉറപ്പു വരുത്തിയിട്ടേ പിന്നെ ടി വി യിൽ നോക്കൂ. രശ്മി ചേച്ചി ഒക്കെ ആണേൽ ഇടി സീൻ വന്നാൽ ഡൈനിങ്ങ്‌ ടേബിൾ ന്റെ അടിയിൽ കയറി ഇരിക്കും. എനിക്ക് അത്രയ്ക്ക് പേടി ഒന്നുമില്ല.എന്നാലും ചിലപ്പോ രാത്രി ഓരോ സ്വപ്നം കാണും…അതാണ് പ്രശ്നം.

ചെയ്യാൻ വേറെ ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ വെറുതെ റോഡിൽ നോക്കി ഇരുന്നു... അഞ്ചു മണിയുടെ അശോക്‌ ബസ്‌ പോയി. വല്ലപ്പോഴും പോകുന്ന ഒരു ജീപ്പോ ഓട്ടോ റിക്ഷയോ അല്ലാതെ വേറെ ഒരു വണ്ടിയും ആ വഴി വരാനില്ല. ആ വഴിയിൽ ഒരു കാറ്‌ കാണുന്നതും ആകാശത്ത് വിമാനം കാണുന്നതും അന്ന് ഒരുപോലെയായിരുന്നു. കുറെ നേരം റോഡിൽ ഇങ്ങനെ നോക്കി നോക്കി ഇരുന്നപ്പോൾ എനിക്ക് വല്ലാത്തൊരു ശൂന്യത തോന്നി. വല്യൊരു ലോകത്തിന്റെ അറ്റത്ത്‌ ഞാൻ ആകെ തനിച്ചായത്‌ പോലെ. ഇവിടെ എനിക്ക് പരിചയക്കാർ ആരുമില്ലതത് പോലെ. എനിക്ക് നെഞ്ച് വേദനിക്കുന്നത് പോലെ. കാരണം ഒന്നും മനസ്സിലാകുന്നില്ല.എനിക്ക് ഉറക്കെ കരയാൻ തോന്നുന്നു. മാളൂട്ടി കിണറ്റിൽ വീണത് മാത്രമല്ല എന്റെ സങ്കടം.  വേറെ എന്തോ ഒന്നാണ്... അമ്മയെ കാണണം!!
അമ്മയെ കാണണം… അതാണ് കാര്യം. അനിയൻ ഉണ്ടായ സമയത്ത് അമ്മയെ ലേബർ റൂമിലേയ്ക് കൊണ്ട് പോയപ്പോൾ ഞാൻ ഉറക്കെ നിലവിളിച്ച് പിന്നാലെ പോയി. അമ്മയെ ആരോ എന്റെ അടുത്തൂന്നു തട്ടി പറിച്ചു കൊണ്ട് പോയ സങ്കടം. അന്നാണ് എന്റെ ഓർമയിൽ ആദ്യമായി ഞാൻ അമ്മയുടെ അടുത്ത് നിന്ന് മാറുന്നത്…ഇപ്പോഴും അതെ പോലൊരു സങ്കടം നെഞ്ചിൽ നിന്ന് കയറി വന്നു എന്റെ തൊണ്ടയിൽ തടഞ്ഞു വേദനിക്കുന്നു. ആരോടും പറയാൻ വയ്യ, ആകെ നാണക്കേടാവും. പക്ഷെ സന്ധ്യ മയങ്ങി വരും തോറും എനിക്ക് പിടി വിട്ടു തുടങ്ങി. അമ്മയെ കണ്ടില്ലെങ്കിൽ ഞാൻ ഇപ്പൊ മരിച്ചു പോകും എന്ന് വരെ തോന്നിയപ്പോ ഞാൻ കാൽമുട്ടിൽ മുഖം പൊത്തി കരഞ്ഞു തുടങ്ങി. ഈയിടെയാണ് ഞാൻ ശബ്ദമില്ലാതെ കരയാൻ പഠിച്ചത്…അത് നന്നായി...പണ്ടൊക്കെ കരച്ചില് വരുമ്പോ അറിയാതെ കൂടെ ശബ്ദോം വരും. ആരും അറിയാതെ കരയാന്ന് വച്ചാലും ശബ്ദം വന്നു പോകും. സിനിമേൽ ഒക്കെ ചേച്ചിമാര് കരയുമ്പോ കണ്ണീര് മാത്രം ഒഴുകി വരും. ഞാൻ കരയുമ്പോ മാത്രം ഒരു വൃത്തികെട്ട ശബ്ദോം കൂടെ വരും. വല്യ പിള്ളേര് ഇങ്ങനെ ഒച്ച എടുത്തു മോങ്ങുവോന്ന് ഒരിക്കൽ ദേഷ്യം വന്നപ്പോ അമ്മ തന്നെ ചോദിച്ചതാ…എന്തായാലും ഇപ്പൊ ഞാനും ആരും അറിയാതെ കരയാൻ പഠിച്ചു.
അത് കാണാൻ എങ്ങനെ ഉണ്ടെന്നറിയാൻ കരച്ചില് വന്ന ഒരു ദിവസം ഞാൻ കണ്ണാടിയിൽ പോയി നോക്കി.  അത് കണ്ടിട്ട് അമ്മ പിന്നീന്ന് വിളിച്ചു പറഞ്ഞു "ആഹാ!! കരയുന്ന ചിന്നു മോളെ കാണാൻ എന്താ സൌന്ദര്യം ". അത് കേട്ടപ്പോൾ കരച്ചിലിനിടയിൽ എനിക്ക് തന്നെ ചിരി വന്നു…
ഞാൻ അങ്ങനെ പതിയെ കരഞ്ഞോണ്ട് ഇരിന്നപ്പോൾ പിന്നിൽ ആരോ വന്ന പോലെ…
''ചിന്നു കുട്ടൻ ഇവിടെ വന്നിരിക്കുവാണോ ?'' ലേഖ ചേച്ചി ആണ്. അച്ചായീടെ രണ്ടാമത്തെ മകൾ. vicco turmeric ന്റെ മണമുള്ള ചേച്ചി.
ഞാൻ മുഖം കൊടുക്കാതെ മൂളി.
"എന്താ ഒറ്റയ്ക്കിരിക്കുന്നെ?"
അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ എന്റെ കരച്ചിൽ ഇപ്പൊ നിലവിളി ആകും. പക്ഷെ ലേഖ ചേച്ചി അത് കണ്ടു പിടിച്ചു.
"അയ്യോ,കരയുവാണോ?എന്തുപറ്റി?"
ഇനി പിടിച്ചു നിന്നിട്ട് കാര്യമില്ല…ഞാൻ വിങ്ങിപൊട്ടി പറഞ്ഞു "നിക്ക് വീട്ടി പോണം"
"അയ്യേ,അതിനാണോ കരയുന്നേ?ഇവിടെ എല്ലാരും ഇല്ലേ, നാളെ പോവാന്നേ"
"വേണ്ട…ഞാൻ ഇപ്പൊ പൊയ്ക്കോളാം"
സംസാരം കേട്ട് അച്ചായി ഇറങ്ങി വന്നു…
"ആരാ എന്റെ കൊച്ചിനോട് വഴക്കുണ്ടാക്കിയേ? എന്താ പ്രശ്നം ?"
ലേഖ ചേച്ചി പറഞ്ഞു "അവള്ക്ക് വീട്ടിൽ പോണം ന്നു"
എന്റെ മുഖം കണ്ടപ്പോഴേ ഇനി എന്നെ അവിടെ നിർത്തുന്നത് അത്ര പന്തിയല്ലെന്ന് അച്ചായിക്കും തോന്നി. പിന്നെ പിന്നെ ഓരോരുത്തരായി വന്നു. ലീലാമ്മചി കുറെ സമാധാനിപ്പിക്കാൻ നോക്കി.സമാധാനിക്കണം എന്ന് എനിക്കുമുണ്ട്.പക്ഷെ കരച്ചില് നിരത്താൻ പറ്റണ്ടേ!!

ഒടുവിൽ അച്ചായി പ്രഖ്യാപിച്ചു.. "സാരമില്ല, വീട്ടിൽ കൊണ്ടാക്കാം"

"ഞാൻ തന്നെ പോക്കോളം"ഇനീം അവരെ ബുദ്ധിമുട്ടിക്കാനുള്ള ജാള്യത കൊണ്ട് ഞാൻ വെറുതെ പറഞ്ഞു നോക്കി.

"ഏയ്‌, തന്നെ പോകണ്ട.. സന്ധ്യയായി. ഞാൻ കൊണ്ട് വിടാം"അച്ചായി പറഞ്ഞു.

"വേണ്ടച്ചായി, വരമ്പത്തൂടെ ആണേൽ ഞാൻ അങ്ങോട്ടക്കാം"ലേഖ ചേച്ചി

അങ്ങനെ ഞാൻ മുന്നിലും ചേച്ചി പിന്നിലുമായി ഞങ്ങൾ പാടവരമ്പിലൂടെ നടന്നു. സന്ധ്യ മയങ്ങുന്നേ ഉള്ളെങ്കിലും ചേച്ചിടെ കൈയിൽ ഒരു ടോര്ച്ചും ഉണ്ട്. പാടത്തിനു താഴെക്കൂടെ തോട് ശബ്ദമുണ്ടാക്കാതെ ഒഴുകിക്കൊണ്ടിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ ഇനി എന്ത് മിണ്ടാൻ !! എന്റെ കവർ ലേഖ ചേച്ചി പിടിക്കാം ന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല .നാണക്കേടും സങ്കടവും കൊണ്ട് എനിക്ക് വീര്പ്പു മുട്ടി. എന്നാലും വീട് അടുക്കും തോറും ഒരു ആശ്വാസം. പാടത്തിൽ അവിടിവിടെ ആയി ചെറിയ വിള്ളലുകൾ കാണുമ്പോൾ അതൊരു അഗാധ ഗർത്തമാണെന്നും അതിലൂടെ ഞാനും മാളൂട്ടിയെ പോലെ  വീണു പോയേക്കുമെന്നും, അങ്ങനെ സംഭവിച്ചാൽ എങ്ങനെ അമ്മയെ കാണുമെന്നും ഒക്കെ ചിന്തിച്ച് ചിന്തിച് ഞാൻ നടന്നു. തോട് മുറിച്ച് കടക്കാൻ പാലം കയറുമ്പോൾ അമ്മ ദാ വഴിയിൽ നോക്കി നിൽക്കുന്നു. ലേഖ ചേച്ചി പിന്നാലെ ഉള്ളതോർക്കാതെ ഞാൻ ഓടി ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ പറഞ്ഞു "ഇങ്ങു പോന്നിട്ടുണ്ടെന്നു അച്ചായി വിളിച്ചു പറഞ്ഞു"
"വെറുതെ ബുദ്ധിമുട്ടിച്ചു ല്ലേ ?" അമ്മ ഭംഗി വാക്ക് പറഞ്ഞു
"അതൊന്നും സാരമില്ല ചേച്ചി" നു പറഞ്ഞു, ഇരുട്ട് വീഴും മുന്നേ വീടെത്താനുള്ള തിടുക്കത്തിൽ ലേഖ ചേച്ചി തിരിച്ച്  നടന്നു. ഞാൻ ചെറിയ ഒരു ഇളിഭ്യ ചിരിയോടെ അമ്മയെ നോക്കി.
"എനിക്ക് അപ്പഴേ അറിയാരുന്നു നീ ഇങ്ങു പോരും ന്നു, അയ്യേ...നാണക്കേട് !! " അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതിന് അമ്മയെ കണ്ടില്ലേൽ ഇത്രേം സങ്കടം വരും ന്നു ഞാൻ അറിഞ്ഞോ"?

"മം…നിന്നെ കാണാതിരുന്നപ്പോ അമ്മയ്ക്കും സങ്കടമായാരുന്നു"
"ങേ,ശരിക്കും ??"
അതെനിക്ക്  ഒരു അത്ഭുതമായിരുന്നു. എന്നെ കണ്ടില്ലേൽ അപ്പൊ അമ്മയ്ക്കും സങ്കടം വരും. വലുതായത് തെളിയിക്കാൻ പറ്റിയില്ലേലും ഇനി സാരമില്ല. അമ്മാവന്റെ വീട്ടിലും കുഞ്ഞമ്മേടെ വീട്ടിലും ഒക്കെ പോയി നില്ക്കുന്നവര് അമ്മയോട് സ്നേഹമില്ലാത്ത പിള്ളേർ ആയിരിക്കും. ഞാൻ അങ്ങനെ സമാധാനിച്ചു !!

പിന്നീട് എത്രയോ യാത്രകൾ…..എത്രയോ നാടുകൾ…. എത്രയോ ഹോസ്റെലുകൾ…അപ്പോഴൊക്കെ ഇടയ്ക്കിടെ വന്നു പോകുന്നൊരു ഫീലിംഗ്സിനെ ഹോം സിക്ക്നെസ്സ് എന്ന് പേര് വിളിച്ച് സ്വയം കളിയാക്കി മാറ്റി നിർത്താൻ പഠിച്ചു.

                                                      *********************

ഒന്നര വയസ്സുകാരി മകളെ ദുബായിൽ അവളുടെ അച്ഛന്റെയും അച്ചമ്മയുടെയും അടുത്താക്കി ഈയിടെ ഒരു ദിവസത്തേയ്ക്ക് ഒന്ന് നാട്ടിൽ പോകേണ്ടി വന്നു.തിരക്കുകൾ കൊണ്ട് പകൽ വേഗത്തിലോടി. രാത്രി എന്റെ സ്വന്തം വീട്ടിൽ എന്റെ അമ്മയുടെ അടുത്ത് ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഭാരം. പണ്ടത്തെ അഞ്ചാം ക്ലാസ്സുകാരിയ്ക് അമ്മയെ കാണാതിരുന്നപ്പോൾ തോന്നിയ അതേ ഭാരം. ഫോണിൽ ഭർത്താവു പറഞ്ഞു "അവള്ക്ക് കുഴപ്പോന്നുമില്ല, അമ്മേടെ കൂടെയേ കിടക്കൂ ന്ന് പറഞ്ഞ്  കുറെ നേരം നോക്കി ഇരുന്നു .പിന്നെ തന്നെ ഉറങ്ങിപോയി".
ഇപ്പോൾ ഉറങ്ങാൻ പറ്റാത്തത് എനിക്കാണ്…ഏതു സങ്കടവും അമ്മയെ കണ്ടാൽ മാറുന്ന കുട്ടിയിൽ നിന്ന്, മകൾ ചിരിക്കുമ്പോൾ ഏതു സങ്കടവും മാറുന്ന അമ്മയിലെയ്ക്  ഞാൻ വളർന്നിരിക്കുന്നു. ഒരു ടോര്ച് തെളിച്ച് പാടവരമ്പിലൂടെ തോട് കടന്ന് വരാവുന്നത്ര ദൂരത്തായിരുന്നു അവളെങ്കിൽ എന്നോര്ത്ത് ഞാൻ ഉറങ്ങാൻ ശ്രമിക്കുമ്പോൾ അടുത്ത് കിടന്ന് അമ്മ പറഞ്ഞു "കുഞ്ഞിനെ കൂടെ കൊണ്ട് വരാരുന്നു…നിന്നെ കാണാനല്ല, അവളെ കാണാനാ ഇപ്പൊ ഞാനും അച്ഛനും നോക്കിയിരിക്കുന്നെ". ഞാൻ ചിരിച്ചു. അമ്മയും മാറിയിരിക്കുന്നു !!!
2015, ജൂലൈ 9, വ്യാഴാഴ്‌ച

ഉപ്പ്


അവസാനത്തെ ഓർമയും കടലിൽ എറിഞ്ഞ്
കൈ കഴുകി അവൻ തിരികെ നടന്നു
ഇനി ഉറങ്ങാം !!

തിരികെ വീടെത്തുമ്പോൾ കൈകളിൽ കടലിന്റെ ഉപ്പ്.
നാവ്, വിരലുകൾ തൊട്ടറിഞ്ഞ് ഉറപ്പ് പറഞ്ഞു
ഇത് കടലെടുത്ത ഓര്മയുടെ അതെ ഉപ്പുരസമെന്ന്...
അങ്ങനെ ഉറക്കങ്ങൾ വീണ്ടും കടലെടുത്തു !!


2015, ജൂൺ 8, തിങ്കളാഴ്‌ച

മഴ- ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്

അഛൻ കൊടുത്തു വിട്ട പൂവുള്ള കുടയിങ്ങനെ കറക്കി കറക്കി മഴ വെള്ളം  തെറിപ്പിച് നേരെ ചെന്ന് നിന്നത് അമ്മയുടെ മുന്നിൽ... കഥ തീർന്നു!!  അച്ഛൻ ഈ കുട ചൂടി നിൽക്കുന്ന ഫോട്ടോയാണ് ആദ്യം അയച്ചു തന്നത്. കാത്തു കാത്തിരുന്ന് മഴക്കാലമെത്തും മുൻപേ സമ്മാനപ്പൊതികളുടെ കൂടെ അച്ഛൻ കൊടുത്തുവിട്ട ചുവപ്പിൽ വെള്ളപ്പൂക്കളുള്ള കുടയാണ്. അതിന്റെ പരമാധികാരി ഞാൻ ആണെങ്കിലും ഈ കറക്കു പരുപാടി അമ്മയ്ക്ക് അത്ര പിടുത്തമല്ല.

"എന്നതാടി ഇത് ? ഈ കുട കൂടി കളഞ്ഞാ ഈ കൊല്ലം മൊത്തം നീ നനഞ്ഞു നടക്കത്തേ ഒള്ളു, എന്നതാ നിന്റെ പാവടേൽ... ചെളി ഇങ്ങനെ അടിച്ച് തെറിപ്പിച്ച് നടക്കരുതെന്ന് നിന്നോട്‌ പറഞ്ഞിട്ടില്ലേ ? അലക്കിയാൽ ഉണങ്ങി കിട്ടത്തും കൂടില്ല ... "

തിരിഞ്ഞു നോക്കിയില്ലെങ്കിൽ കൂടി എനിക്ക് അറിയാരുന്നു, കടും നീല പാവാടയിൽ ഇപ്പൊ നിറയെ ചെളി പൊട്ടുകൾ ഉണ്ടെന്ന്... നിർബന്ധങ്ങൾ ഒന്നുമില്ലാത്ത പാവം സർക്കാര് സ്കൂൾ ആയത് കൊണ്ട് മഴ വന്നാൽ ഞാൻ വീട്ടിൽ ഇടുന്ന പാരഗണ്‍ ചെരുപ്പിട്ടേ സ്കൂളിൽ പോകു... മഴവെളളത്തിലൂടെ നടക്കുമ്പോ ഒരു താളം കിട്ടണേൽ അത് വേണം... ടപ്പേ ടപ്പേ ന്ന്.

"ഈ കൊച്ചിന്റെ ഷൂ എന്തിയേ?" അമ്മാമ്മച്ചിയാണ്.

ഓ !! ഇവക്കൊക്കെ ഷൂ മേടിച്ചു കൊടുക്കുന്നോരെ തല്ലണം... (അച്ഛനെ തന്നെ!! ) ഇന്നലെ നോക്കുമ്പോ ഇവളാ ഷൂവിൽ ഇറയത്ത്‌ വീഴുന്ന വെള്ളം പിടിക്കുന്നു... അതിന്റെ പണി തീർന്നു. "
പിന്നേ... ഇച്ചിരി വെള്ളം പിടിച്ചപ്പഴേയ്ക്ക് പണി തീർന്ന ആ ഷൂ ഇട്ടോണ്ട് ഈ മഴയത്ത് എങ്ങനെ പോവാനാ... ഞാൻ മിണ്ടാതെ കുനിഞ്ഞു നിന്നു.

അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... അതിനിടയിൽ ഞാൻ കുട ഇറയത്തു ഉണക്കാൻ വച്ചു, യൂണിഫോം മാറി, എന്റെ മിന്നാരം ഉടുപ്പിട്ടു.

മിന്നാരം സിനിമേൽ ശോഭന ഇട്ട പോലത്തെ ഉടുപ്പ്...വേണമെന്ന് വാശി പിടിച്ചു വാങ്ങിയ അപൂർവം സാധനങ്ങളിൽ ഒന്ന്. മേടിച്ചപ്പോ നല്ലതാരുന്നു, തയ്യൽ വിട്ടു തുടങ്ങിയപ്പോ വീട്ടിൽ ഇട്ടു. അമ്മയ്ക്ക് പക്ഷേ അന്നേ അതത്ര ബോധിച്ചിട്ടില്ല.  ഞാൻ ഇത് ഇടുമ്പോഴെല്ലാം അമ്മ പറയും " അയ്യട, കൊരങ്ങിന്റെ അരേൽ ചരട് കെട്ടിയ പോലൊണ്ട്‌ " മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്ന എനിക്ക് ഇതൊന്നും ചേരില്ലന്നും വല്ലതും തിന്ന് മനുഷ്യക്കോലം ആവണം എന്നുമൊക്കെ അതിന് അർത്ഥങ്ങളുണ്ട്. അച്ഛൻ കൊടുത്തുവിടുന്ന ഫോറിൻ തുണികൾ സൂസൻ ചേച്ചിയുടെ കടയിൽ കൊടുത്തു  തയ്പ്പിച്ചെടുക്കുന്ന ഉടുപ്പുകളാണ് എനിക്ക് കൂടുതലും. മിക്കതും ഒരേ തരം തുണി...ഒരേ തരം പൂക്കൾ..നിറം മാത്രം മാറുമെന്നേ ഉള്ളൂ. അതും പോരാഞ്ഞിട്ട് സൂസൻ ചേച്ചി അളവെടുക്കുന്പോൾ അമ്മയുടെ വക ചില സംഭാവനകളും. 'സൂസാ...ഇത്തിരി കൂടെ അയച്ചു തയ്ച്ചാ മതി...ഇത്തിരി ഇറക്കം കൂടി വച്ചോ...പെണ്ണ് വലതുതാവുവല്ലേ...'
അങ്ങനെ സൂസൻ ചേച്ചിടെ ഫാഷൻ ഡിസൈനിങ്ങും അമ്മയുടെ കലാബോധവും ചേരുന്പോൾ എന്റെ ഉടുപ്പുകൾ മിക്കതും രണ്ടു പേർക്ക് കയറാവുന്ന കഥകളി കുപ്പായമാകും.    

ഉടുപ്പ് മാറി വന്നപ്പോ ചൂട് ചായയും കപ്പ ഉപ്പേരിയും ഉണ്ട് മേശപ്പുറത്ത്. ഞങ്ങടെ പറമ്പിലെ കപ്പയാ. നല്ല ചതുരത്തിൽ മുറിച്ച് ഉണങ്ങി വറുത്തത്. അമ്മാമ്മാച്ചിയ്ക്ക്  പല്ലില്ലാത്തത് കൊണ്ട് കുറച്ച് വറുത്ത് പൊടിചെടുക്കും... തേങ്ങയും ശർക്കരയും ഒക്കെ കൂട്ടി...
ചായ പകുതി കുടിച് രണ്ടു കഷ്ണം ഉപ്പേരിയും കൈയിലെടുത് മുറ്റത്ത്‌ ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മയുടെ ഭീഷണി വീണ്ടും..
"ആ ഉടുപ്പും കൂടെ നനച്ചേച്ച് നീ ഇങ്ങു വാ കേട്ടോ "

ഞാൻ ഒന്നും കേൾക്കാത്തത്‌ പോലെ പതുക്കെ വീടിന്റെ പിന് ഭാഗത്തെ കയ്യാല ലക്ഷ്യമാക്കി നടന്നു. മഴ തോർന്നു നിൽക്കുംബോഴേ കണ്ണീർ തുള്ളി കിട്ടു... കണ്ണീർ തുള്ളി, മഴതുള്ളി എന്നൊക്കെ വിളിക്കുന്ന ഒരു കുഞ്ഞു ചെടി വളരും മഴക്കാലത്ത്. ശരിക്കും കണ്ണീർ തുള്ളി പോലെ ഇരിക്കും. അത് ഇറുത്തെടുത്ത് കണ്ണിൽ വച്ചാൽ എന്ത് സുഖാന്നോ... മഞ്ഞു തുള്ളി പോലെ കണ്ണിൽ വീണ പോലെ...

.....................................................................................................


കട്ടിയുള്ള നീല പാവാട, പൂക്കുട, പാരഗണ്‍ ചെരുപ്പ്,  കപ്പ ഉപ്പേരി, കണ്ണീർ തുള്ളി, പിന്നെ അമ്മാമ്മാച്ചി ...അങ്ങനെ മഴക്കാലങ്ങൾ കടന്നു പോകേ പോകേ നഷ്ടങ്ങളുടെ എണ്ണവും കൂടി കൂടി വന്നു.

മടിയിൽ ഇരുന്നു എന്റെ ഒന്നര വയസ്സുകാരി മുറ്റത്ത്‌ വിരൽ ചൂണ്ടി പറഞ്ഞു , മ്മേ, മയ !!
മയ അല്ലടി, മഴ... അത് തന്നെയല്ലേ ഞാനും പറഞ്ഞേന്ന മട്ടിൽ അവള് പിന്നേം പറഞ്ഞു മയ. വെറുതെ അവളുടെ ആത്മവിശ്വാസം കളയണ്ടല്ലോന്നു വിചാരിച്ചു പിന്നെ ഞാൻ തിരുത്തിയില്ല ... അങ്ങനെ ഉമ്മറത്തിരുന്ന് ഒരു അമ്മയും മോളും മയ കണ്ടു, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ഭംഗിയുള്ള മഴ. ചില ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രങ്ങള്ക്ക് നിറം കിട്ടുന്നത് പോലെ ഒരു തോന്നൽ.

ഒരു പൂക്കുട വാങ്ങണം !! അടുത്ത കൊല്ലമാവട്ടെ...

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

ഗ്രഹണം

ഗ്രഹണമേല്ക്കാത്ത സൂര്യനാകുവാൻ
നേർ രേഖകൾ മറക്കണം

ഇനിയൊരു മുഖാ മുഖത്തിന്‌ അവൾ എത്തും മുന്പേ
ഒരു പടി നീ മുകളിൽ നിൽക്കണം
നീയല്ലേ സൂര്യൻ
നേർ രേഖകൾ മറന്നേക്കൂ
ഗ്രഹണങ്ങൾ ഒഴിയട്ടെ !!

2015, മാർച്ച് 21, ശനിയാഴ്‌ച

വഞ്ചന ??

ഇന്നലെ വരെ മധുരിച്ച മുലപ്പാലിന്
ഇന്ന് മുതൽ കയ്പ്പാണെന്ന് പറഞ്ഞ
അമ്മയാണ് ആദ്യത്തെ വിശ്വാസ വഞ്ചകി...
2015, മാർച്ച് 20, വെള്ളിയാഴ്‌ച

കണ്ണാടി

പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കുന്നത്
ലക്ഷണക്കേടാണെന്ന്  മുത്തശ്ശി.
അങ്ങനെയാണ് നൂറു കുഞ്ഞു കണ്ണാടികൾ
അടുക്കളപ്പുറത്തെ ചവറ്റുകൂനയിൽ
മാനം നോക്കി കിടന്നത്
ലക്ഷണം തെറ്റിയ മാനം
അന്ന് മുതൽ കറുക്കുകയും
മണ്ണ് തണുക്കുകയും ചെയ്തു...
പൊട്ടിയ കണ്ണാടിയെ  തേടി ആരും വരാതിരിക്കാൻ
മണ്ണ് അതിനെ നെഞ്ചിൽ പൊതിഞ്ഞു വച്ചു...
ഇനിയാർക്കും മുഖം നോക്കാനാവാത്തത്ര
ആഴത്തിൽ...ചരിത്രം

ചരിത്ര പുസ്തകം തിന്ന ചിതലുകൾ
ഒന്നൊന്നായി മരിച്ചു...
കല്ല്‌ വച്ച നുണകൾ ദഹിക്കുന്നില്ലത്രേ.

മറ്റു ചില നുണകൾ അപ്പോൾ
ചരിത്രമാകാൻ കാത്ത്
അച്ചടി യന്ത്രത്തിൽ ഞെരിയുകയായിരുന്നു !!

ഇനിയും ചിതലുകൾ മരിക്കും...
ഒരിക്കലും ചരിത്രമാവാത്ത മരണങ്ങൾ !!


2015, മാർച്ച് 3, ചൊവ്വാഴ്ച

യാത്ര

അന്ന് ഞാൻ ഓർത്തത്‌
നമ്മൾ ഒരുമിച്ചുള്ള യാത്രകളാവും ഏറ്റവും സുന്ദരം എന്നാണ്
ഇപ്പോൾ തോന്നുന്നു-
നിന്നിലേയ്ക്കുള്ള യാത്രകളായിരുന്നു അതിലേറെ സുന്ദരമെന്ന് !!
യാത്രയുടെ ഒരറ്റത്ത് ഞാനും അങ്ങേയറ്റത്ത്‌ നീയും...
ചുറ്റുമുള്ളതെല്ലാം പിന്നെലെയ്ക്കും ഞാൻ മാത്രം നിന്നിലേയ്ക്കും...
നമുക്കിടയിൽ ദൂരങ്ങൾ ഇല്ലതെയാകുമ്പോൾ മാത്രം
അവസാനിക്കുന്ന യാത്രകൾ !!

അതാവാം
നിന്നിൽ നിന്ന് ഞാൻ ഇടയ്ക്കെങ്കിലും ദൂരെയാവുന്നത്...
മടക്കയാത്രകൾ കൊതിച്ച്  കൊതിച്ച് !!

2015, ജനുവരി 23, വെള്ളിയാഴ്‌ച

ഭാഷ...

അക്ഷരം തികയാതെ, വാക്കുകൾ തികയാതെ, ഭാഷ  പോലും തികയാതെ വന്നപ്പോഴാണ്
ഞാൻ നിന്റെ കണ്ണുകളിലേയ്ക്കു നോക്കിയത്...

അവിടെ നിന്നും ലിപിയില്ലാത്ത, ശബ്ദമില്ലാത്ത ഭാഷ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു...
അക്ഷരങ്ങൾ ഇല്ലാത്തതു കൊണ്ട്
അക്ഷരത്തെറ്റുകളും ഇല്ലാത്ത ഭാഷ...

2015, ജനുവരി 21, ബുധനാഴ്‌ച

പ്രണയം

ഒരു പൂവ് കൊണ്ട് പറഞ്ഞു തീര്തതയിരുന്നു
ആദ്യ പ്രണയം
പൂവ് കരിയും മുൻപേ മറന്നത്...
ലളിതം, വിശുദ്ധം !!

പിന്നീട് പൂക്കൾ എത്ര നിരത്തിയിട്ടും
പറഞ്ഞു തീർക്കാനായിട്ടില്ല...
എന്തിന്... പറഞ്ഞു തുടങ്ങാൻ പോലും ആയിട്ടില്ല.

2015, ജനുവരി 11, ഞായറാഴ്‌ച

ഒളിച്ചോട്ടങ്ങൾ

ചില ഒളിച്ചോട്ടങ്ങൾ സുന്ദരങ്ങളാണ് !!
ഒരു ചിരിയുടെ പകുതിയിൽ നിന്ന്...
കണ്ടതിൽ പകുതി മാത്രം പറഞ്ഞ ഒരു സ്വപ്നത്തിൽ നിന്ന്...
അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ ചോദ്യങ്ങളിൽ നിന്ന്...
അറിയാതെ വീണു പോയൊരു വാക്കിന്റെ ആഴത്തിൽ നിന്ന് ...
വരച്ചു തീരാത്ത ചിത്രങ്ങളിൽ നിന്ന്‌ 
ഉത്തരം അറിയുന്ന കണ്ണുകളിൽ നിന്ന്...
ഒരു ഒളിച്ചോട്ടം !!

ഉറക്കം വരുന്നെന്നു ഒരിക്കലെങ്കിലും കള്ളം പറഞ്ഞവർക്കേ, 
അതറിയാവൂ !!