2016, ജനുവരി 14, വ്യാഴാഴ്‌ച

ഉച്ചക്കനവ്

പാടത്തിന്റെ കരയിലെ ഒറ്റമുറി വീട്. അവിടെ ഞാൻ. ഭർത്താവ് അടുത്തുള്ള LP സ്ക്കൂളില് മാഷ്. മോൾ ഇപ്പൊ അംഗൻവാടിയിൽ...

ഒരു കറി വയ്ക്കണം. അതിനിപ്പൊ വേലിച്ചീര ഒടിയ്ക്കണോ പപ്പായ ഒരെണ്ണം കുത്തിയിടണോന്നാ...ആള് ഉച്ചയ്ക്ക് ഉണ്ണാൻ വരൂല്ലോ...
അതിനിടയ്ക്ക് തോട്ടിൽ പോയി താളി തേച്ചൊന്നു കുളിയ്ക്കണം. കുട്ടയിൽ മൂടിയിരിയ്ക്കുന്ന തള്ളക്കോഴിയേം കുഞ്ഞുങ്ങളേം ഒന്ന് പുറത്തിറക്കണം.
ഇന്നലെയെടുത്ത സാരീടെ ബ്ലൗസ് തുന്നാൻ അപ്പുറത്തെ ചേച്ചിയെ ഏൽപ്പിക്കണം. അമ്പലത്തിലെ ഉത്സവത്തിന് ഉടുക്കേണ്ടതാണ്.
ഉച്ചവെയിൽ ജനലിന്റെ താഴത്തെ അഴിയിൽ തൊടുമ്പോൾ ചൂരൽ കസേരയിലിരുന്ന് എന്തേലുമൊക്കെ കുത്തിക്കുറിയ്ക്കണം...

ചിന്തകൾ മുറിച്ച് ഫോൺ ബെല്ലടിച്ചു....

Program Coodinator ആണ്. ഫ്ലവേഴ്സ്ന്റെ ടി വി അവാർഡ് നൈറ്റ് 23 ന് തന്നെയാണെന്ന്. അപ്പൊ അതു കൂടി കഴിഞ്ഞിട്ടേ ദുബായ്ക്ക് തിരിച്ച് പോകാൻ പറ്റൂ...!!
ഇപ്പൊ വേലിച്ചീരേമില്ല,പാടോമില്ല, തള്ളക്കോഴീം കുഞ്ഞുങ്ങളുമില്ല, ഒറ്റമുറി വീടുമില്ല...

ആകെപ്പാടെയൊരു സങ്കടം... ഭർത്താവിന്റെ നമ്പർ ഡയൽ ചെയ്തു. വരാനിനിയും വൈകുംന്ന് പറയാനാണ് വിളിച്ചതെങ്കിലും അവിടെ ഫോൺ എടുത്തപ്പൊ പറഞ്ഞത് മറ്റൊന്നാണ്.

"അതേ, ഇവിടെ വന്ന്  ഏതേലുമൊരു എൽ പി സ്ക്കൂളിൽ പഠിപ്പിക്കാവോ?"

"കുഞ്ഞു കളിയ്ക്കാതെ പെണ്ണേ, കാര്യം പറ...നീയെന്നാ വരുന്നേ?"

"വേഗം വരാം" ന്നു മാത്രം പറഞ്ഞു വച്ചു.

വേഗം പോണം. കല്യാണം കഴിഞ്ഞ് ആദ്യമായാണ് ഇത്ര നാൾ മാറി നിൽക്കുന്നത്.

സ്വപ്നങ്ങളിലേയ്ക്ക് എത്താനുള്ള ദൂരം നോക്കിയാണ് അതിന്റെ വലിപ്പം നിർണ്ണയിക്കുന്നതെങ്കിൽ എന്റെ ചില സ്വപ്നങ്ങൾക്ക് ഇപ്പൊ വലിപ്പം കൂടുതലാണ്...ഒരു ഒറ്റമുറി വീടോളം വലിപ്പം!!

7 അഭിപ്രായങ്ങൾ:

  1. സ്വപ്നങ്ങളിലേയ്ക്ക് എത്താനുള്ള ദൂരം നോക്കിയാണ് അതിന്റെ വലിപ്പം നിർണ്ണയിക്കുന്നതെങ്കിൽ എന്റെ ചില സ്വപ്നങ്ങൾക്ക് ഇപ്പൊ വലിപ്പം കൂടുതലാണ്...ഒരു ഒറ്റമുറി വീടോളം വലിപ്പം!!

    മറുപടിഇല്ലാതാക്കൂ
  2. Turning the time machine backwards… I think this syndrome is detectable in most people who were born in late 70s and 80s .. I don’t know if I am happy that I belong to that category..

    മറുപടിഇല്ലാതാക്കൂ