2016 നവംബർ 5, ശനിയാഴ്‌ച

നീ

നീയെന്റെ ഒളിസങ്കേതവും വെള്ളിയാഴ്ചയും ആയിരുന്നു.
വെറുതെയൊരു നടത്തവും 
വഴിവക്കിലെ കാഴ്ചയുമായിരുന്നു. 
ഇരുട്ടുരുക്കുന്ന കട്ടൻ കാപ്പിയും 
ചുമച്ചു കരയുന്ന ചിരികളുമായിരുന്നു 
ചീകാതെ കെട്ടിയ മുടിയും 
പുസ്തകം ചിതറിയൊരു മുറിയും 
ചുവന്ന പൊട്ടുകൾ ഒട്ടിച്ച കണ്ണാടിയുമായിരുന്നു 
മുഷിഞ്ഞിട്ടും മാറാത്ത  മടി പിടിച്ചൊരു ഉടുപ്പായിരുന്നു
ഉച്ചയുറക്കവും
വൈകിയൊരു കുളിയും
വൈകുന്നേരത്തൊരു വിശപ്പുമായിരുന്നു...
കറുത്ത കുപ്പിയിലെ തണുത്ത വീഞ്ഞായിരുന്നു

ഞാൻ ഞാൻ തന്നെയാകുന്ന ഒരൊറ്റ ഒളിസങ്കേതമാണു നീ
അവധിയുള്ളൊരു വെള്ളിയാഴ്ച്ചയും !!



2016 ജൂൺ 5, ഞായറാഴ്‌ച


ഒരു പക്ഷിയായിരുന്നു ഞാൻ 
പുറകിലേയ്ക്ക് മാത്രം പറക്കുന്നൊരു പക്ഷി
ഇന്നത്തെ സൂര്യനെ നിങ്ങൾ 
കൈകൊണ്ട് മറയ്ക്കുന്പോൾ 
ഇന്നലത്തെ നിലാവിൽ പാട്ട് പാടുകയായിരുന്നു ഞാൻ 
നാളത്തെ പ്രളയത്തെയോർത്തു നിങ്ങൾ 
കപ്പലൊരുക്കുന്പോൾ 
ഇന്നലെയൊരു കടലാസ്സു വഞ്ചിയ്ക്ക് 
വഴികാണിക്കുകയായിരുന്നു ഞാൻ...

പക്ഷെ ഇലത്തുമ്പിൽ മഞ്ഞു പൂക്കുന്നത് കാണാൻ 
ഋതുക്കൾ കടന്നു പിന്നിലേയ്ക്ക് പറന്നു ചെന്നപ്പോൾ 
മരങ്ങൾ പലതും 
വിത്തുകളുടെ ഗർഭത്തിലേയ്ക്ക് മടങ്ങിയിരുന്നു 
കടലിലേയ്ക്ക് പോയ പുഴ തിരികെയെത്തുകയും 
മഴ മുകളിലേയ്ക്ക് പെയ്യുകയും 
മരിച്ചവർ തിരിച്ചു വരികയും ചെയ്തപ്പോൾ 
ചിറകൊതുക്കി ചുരുങ്ങി 
ഞാൻ മുട്ടയിലെയ്ക്കും പിന്നെ അമ്മയിലെയ്ക്കും മടങ്ങി...

ഞാൻ പറഞ്ഞിരുന്നില്ലേ 
പുറകിലേയ്ക്ക് മാത്രം പറക്കുന്നൊരു
പക്ഷിയായിരുന്നു ഞാൻ
ഒരു ഇന്നലെപ്പക്ഷി ...

2016 മേയ് 16, തിങ്കളാഴ്‌ച

തോൽവി

എന്റെ പായ്ക്കപ്പലിലേയ്ക്ക്
പാഞ്ഞടുത്ത തീത്തോണിയായിരുന്നു നീ
ജലത്തിലമർന്ന, കാറ്റിലൊഴുകിയ എന്നെ
തീപിടിപ്പിക്കാൻ പോന്നത് !
ഗതി മാറ്റും മുന്നേ പൊള്ളലേറ്റിരുന്നു
ജലം കൊണ്ടു തണുപ്പിക്കാനാവാത്ത പൊള്ളൽ...
അതുകൊണ്ടാണ്‌, അതുകൊണ്ടു മാത്രമാണ്
ഈ യുദ്ധത്തിൽ ഞാൻ തോൽക്കുന്നത്...!!

2016 മേയ് 15, ഞായറാഴ്‌ച

ചാരുകസേര

ഉമ്മറത്തൊരു ചാരുകസേരയില്ലത്തതു കൊണ്ട് മാത്രം
വാങ്ങാതെ പോയ വിശറി
ആറാതെ പോയ വിയർപ്പ്
വായിക്കാതെ പോയ പത്രം
നേട്ടമെത്താത്ത മുറ്റം
കാണാതെ പോയ മഴയും വെയിലും !!
ഉമ്മറത്തൊരു ചാരുകസേരയില്ലത്തതു കൊണ്ട് മാത്രം
ചായാതെ പോയ ചുമൽ
പറയാതെ വന്ന നര
ആരുമറിയാതെ നിന്നു പോയൊരു ഘടികാരം...
ഒരു മുത്തശ്ശൻ ഘടികാരം !!

2016 മേയ് 4, ബുധനാഴ്‌ച

പേടി സ്വപ്നങ്ങളുടെ ശേഷിപ്പുകൾ


ഓർമ്മ വച്ച കാലം മുതല്ക്കേ ഞാൻ ഒരു അസ്സല് പേടിത്തൊണ്ടി ആയിരുന്നു. ഞാൻ പറയുന്പോ കുറച്ച്  ക്ലാസ്സ്‌ ആയിട്ട് പറയും. പക്ഷേ അമ്മാമ്മച്ചി പറയുന്നത് പേടിത്തൂറീന്നായിരുന്നു...  കുറ്റം പറയാനും പറ്റില്ല...
എനിക്ക് ഈ ഭൂമിയിൽ പേടിയില്ലാത്ത യാതൊന്നുമില്ലാരുന്നു. കണ്ണിൽ കാണാവുന്ന പാറ്റേം പല്ലിയും തൊട്ട് അരൂപികളായ പ്രേത ഭൂത പിശാചുക്കളെ വരെ ഞാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പേടിച്ചു. പത്താം ക്ലാസ്സ്‌ കഴിയുന്നത്‌ വരെ രാത്രി മൂത്രമൊഴിക്കാൻ പോകണമെങ്കിൽ പോലും അമ്മ കൂട്ട് വരണമായിരുന്നു. അതും ടോയ്ലറ്റ് വീടിനകത്ത് ഉണ്ടായിട്ട്... അമ്മ വരണമെന്ന് മാത്രമല്ല, ഞാൻ തിരിച്ചിറങ്ങും വരെ അമ്മ പുറത്തു തന്നെ ഉണ്ടെന്നു ഉറപ്പു വരുത്താൻ അമ്മ അവിടെ  നിന്ന് സംസാരിക്കുകയോ പാട്ടു പാടുകയോ ചെയ്യണമായിരുന്നു.

പകലു പോലും വീട്ടിലെ ഒരു മുറിയിൽ നിന്ന് ആളിലാത്ത അടുത്ത മുറിയിൽ പോകാൻ പറഞ്ഞാൽ എന്റെ പേടി സമ്മതിക്കില്ല. കതകിനു പിന്നിൽ ഏതോ ഭീകര രൂപി മറഞ്ഞു നിൽപ്പുണ്ടെന്നൊരു തോന്നലാണ്. കട്ടിലിൽ നിന്ന് താഴെ ഇറങ്ങുന്പോഴും ഇതേ പേടിയാണ്, കട്ടിലിന്റെ അടിയിൽ നിന്ന് ഒരു കൈ നീണ്ടു വന്ന് എന്റെ കാലിൽ പിടിക്കുമെന്ന് ഞാൻ വെറുതെ അങ്ങ് വിചാരിക്കും. പകൽ സമയത്തെ പേടി രാത്രി ആകുന്പോൾ കടുക്കുംന്ന് പറയേണ്ട കാര്യം ഇല്ലല്ലോ !!

ലോഡ് ഷെഡിങ്ങിന്റെ സമയത്ത് അയൽപക്കക്കാർ കൊച്ചുവർത്താനം പറഞ്ഞു മുറ്റത്ത്‌ വട്ടം കൂടുമ്പോൾ ആരെങ്കിലും പറയും ഒരു പ്രേത കഥ. കേൾക്കരുതെന്ന് എത്ര വിചാരിച്ചാലും കൗതുകം കൊണ്ട് ശ്വാസമടക്കി വീണ്ടും കേട്ടു പോകുന്ന കഥകൾ. അങ്ങനെ ചന്ദ്രൻ ചേട്ടൻ പറഞ്ഞൊരു കഥയിൽ വഴിപോക്കനോട് ബീഡി ചോദിക്കാൻ വന്ന ഒരു അജ്ഞാതൻ ഉണ്ടായിരുന്നു. താഴെ വീണ തീപ്പെട്ടി എടുക്കാൻ കുനിഞ്ഞ വഴിപോക്കൻ നോക്കുമ്പോൾ അഞ്ജാതന്റെ കാലുകളുടെ സ്ഥാനത്ത് പോത്തിന്റെ കാലുകളായിരുന്നൂന്ന്. ആ പോത്തുംകാലൻ ചില്ലറയൊന്നുമല്ല എൻറെ ഉറക്കം കെടുത്തിയത്.

 നാട്ടിൽ എവിടെയെങ്കിലും ആരെങ്കിലും മരിച്ചാൽ പിന്നെ പറയുകേം വേണ്ട. എൻറെ  സ്വപ്നത്തിൽ മിനിമം രണ്ടു പ്രാവശ്യം എങ്കിലും വന്നൊന്ന് പേടിപ്പിക്കാതെ ആ നാട്ടിലെ ഒരാത്മാവും സ്വർഗ്ഗത്തിലോട്ട് പോയിട്ടില്ല. ഇനി ശരിക്കുള്ള മരണമൊന്നും ഇല്ലെങ്കിൽ പോലും വീട്ടിൽ ഉള്ളവരോ കൂട്ടുകാരോ ടീച്ചർമാരോ അയൽക്കാരോ ഒക്കെ എന്റെ സ്വപ്നങ്ങളിൽ പലവട്ടം മരിക്കും. ചിലപ്പോൾ ഞാൻ തന്നെ മരിച്ചു പോവുകയും മറ്റു ചിലപ്പോൾ ജീവനോടെ എന്നെ കുഴിച്ചിടാൻ കൊണ്ട് പോവുകയും ചെയ്യും. സ്വപ്നത്തിൽ ഭീകര സർപ്പങ്ങളും അന്യഗ്രഹ ജീവികളും വരെ അർമാദിച്ചു നടക്കും. പാതി രാത്രി ഞെട്ടി എഴുന്നേറ്റ് കണ്ടതൊക്കെ സ്വപ്നമാണെന്ന് ഓർത്തു സമാധാനിക്കുമെങ്കിലും കണ്ടതിന്റെ ഹാങ്ങ്‌ ഓവറിൽ അന്നത്തെ ബാക്കി ഉറക്കം ഒരു വഴിയ്ക്കാകും.

അമ്മാമ്മച്ചിയുടെ കൂടെയാണ് രാത്രി കിടപ്പ്.  മുറിയിലെ അഴയിൽ കിടക്കുന്ന തുണിയൊക്കെ രാത്രി ഓരോ ഭീകര രൂപങ്ങളായി മാറും. ജനൽ ചില്ലിനു വെളിയിലൂടെ കാണുന്ന നിഴൽ രൂപങ്ങൾ വേറെ.
ചില രാത്രികളിൽ അമ്മാമ്മച്ചി മരിച്ചു പോയൊന്നു വരെ എനിക്ക് സംശയം തോന്നും. അമ്മാമ്മച്ചി ശ്വാസം വലിക്കുന്നുണ്ടോന്നറിയാൻ ഞാൻ ശ്വാസം പിടിച്ച് സൂക്ഷ്മ പരിശോധന നടത്തും. എന്നിട്ടും സംശയം മാറിയില്ലെങ്കിൽ വെള്ളം വേണമെന്നോ മൂത്രമൊഴിക്കാൻ പോണംന്നോ പറഞ്ഞ് അമ്മാമ്മച്ചിയെ കുലുക്കി ഉണർത്തും. ഇതൊന്നും ഇന്നു വരെ ഒരാളോട് പോലും പറയാത്ത രഹസ്യങ്ങളാണ് ട്ടോ...

.കളിയാക്കിയിട്ടും വഴക്ക് പറഞ്ഞിട്ടും ഉപദേശിച്ചിട്ടും  എന്റെ പേടിയ്ക്ക് വല്യ മാറ്റം ഒന്നും കാണാത്തതു കൊണ്ട് അടുത്ത നടപടി എന്ന മട്ടിൽ ജപിച്ച ചരടുകളും ഏലസ്സുകളും എന്റെ ദേഹത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. പേടി മാറുന്നത് പോലെ ഒക്കെ എനിക്ക് ആദ്യം തോന്നിയെങ്കിലും അതൊരു തോന്നൽ മാത്രം ആയിരുന്നൂന്ന് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചു.

അധികം ആർക്കും അറിയാത്ത എന്റെ മറ്റൊരു പ്രധാന പ്രശ്നം പത്രത്തോടുള്ള പേടിയായിരുന്നു. ശരിക്ക് പറഞ്ഞാൽ പത്രമല്ല, അതിലെ ചരമ കോളം ആയിരുന്നു എന്റെ പ്രശ്നം. അത് കൊണ്ട് തന്നെ കഴിവതും പത്രം കൈ കൊണ്ട് തൊടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷേ, ചില ദിവസങ്ങളിൽ  രാവിലെ അമ്മാമ്മച്ചിയ്ക്ക് പത്ര വാർത്ത അറിഞ്ഞേ പറ്റൂ...ഞാൻ തന്നെ വായിച്ച് കേൾപ്പിക്കുകേം വേണം. എന്നെ സ്കൂളിൽ വിടുന്നത് കൊണ്ട് വയസ്സു കാലത്ത് ഇങ്ങനൊരു ഉപകാരം എങ്കിലും വേണ്ടേന്നൊക്കെ ഇമോഷനൽ ആയിട്ട് പറയുന്പോൾ പിന്നെ ഞാൻ രണ്ടും കല്പ്പിച്ചു പത്രമെടുക്കും. എന്നിട്ട് ആ ചരമ കോളം വരുന്ന പേജ് കുടഞ്ഞു താഴെയിടും. പിന്നെ പ്രശ്നമില്ലല്ലോ... കണ്ണൻ ചേട്ടന്റെ ബേക്കറിയിൽ നിന്നോ കുഞ്ഞങ്കൊച്ച് മാമന്റെ ചായകടയിൽ നിന്നോ വാങ്ങിയിരുന്ന നാല് മണി പലഹാരങ്ങൾ പോലും ചരമക്കോളമുള്ള പത്ര താളിട്ടു പൊതിഞ്ഞാണ് കിട്ടുന്നതെങ്കിൽ ഞാൻ വേണ്ടാന്ന് വയ്ക്കാറുണ്ട്.  അങ്ങനെ പുറത്തു പറയാൻ പറ്റുന്നതും പറ്റാത്തതുമായ ഒരു നൂറു പേടികളുമായി ഞാനിങ്ങനെ ദിവസങ്ങൾ കഴിച്ചു കൂട്ടി. രാത്രി ഉറങ്ങും മുന്പ് 108 വട്ടം നമ:ശിവായ ചൊല്ലിയും പേടി തോന്നുന്പോഴൊക്കെ കഴുത്തിലെ ഏലസ്സിൽ മുറുകെ പിടിച്ചും ഞാൻ സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് അഞ്ചാം ക്ലാസ്സിലെ സയൻസിന്റെ പുസ്തകം എന്റെ ജീവിതത്തിൽ വില്ലനായി രംഗ പ്രവേശം ചെയുന്നത്. പുതിയ അധ്യയന വർഷം തുടങ്ങി പുസ്തകങ്ങൾ കൈയിൽ കിട്ടിയാൽ ഉടനെ അത് മുഴുവൻ മറിച്ചു നോക്കി പടം കാണുക എന്നത് എല്ലാരേം പോലെ എന്റെം പ്രധാന പരുപടികളിൽ ഒന്നായിരുന്നു. മലയാളം പുസ്തകത്തിലെ കഥകൾ മുഴുവനും വായിച്ചു തീർക്കുകയും ചെയ്യും. അങ്ങനെ മറിച്ചു നോക്കിയ കൂട്ടത്തിലാണ് വെള്ളിടി വെട്ടിയ പോലെ ആ കാഴ്ച ഞാൻ കാണുന്നത്. സയൻസ് പുസ്തകത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ പാഠ മാണ് -അസ്ഥികൾ - എന്നിട്ട് കറുത്ത ബാക്ക് ഗ്രൌണ്ടിൽ ഒരു അസ്ഥികൂടത്തിന്റെ പടവും. എന്റെ കൈയും കാലും വിറച്ചു തളർന്നു. അപ്പോഴേ പുസ്തകം എല്ലാം കൂടെ മടക്കി ഞാൻ ഒരു മൂലയിൽ വച്ചു. ആ ഭാഗത്തേയ്ക്ക് നോക്കാൻ പോലും ധൈര്യമില്ലാതെ ഞാൻ വീടിന്റെ ഉമ്മറത്ത്‌ വന്നിരുപ്പായി. തലയോട്ടിയുടെ പടമുള്ളത്‌ കൊണ്ട് ട്രാൻസ്ഫോമറിന്റെ അടുത്തൂടെ പോലും പോകാത്ത ഞാൻ എങ്ങനെ ഈ പുസ്തകോം കൊണ്ട് ദിവസവും സ്കൂളിൽ പോകും?

വൈകുന്നേരം അമ്മ ഫാർമസി അടച്ചു വീടിലെത്തിയിട്ട് വേണം പുതിയ പുസ്തകങ്ങൾ  പൊതിയാൻ. അതിനു വേണ്ടി ബ്രൌൺ പേപ്പറും മഴക്കാലത്ത്‌ റബ്ബർ മരങ്ങൾക്ക് ഉടുപ്പിടുന്ന പ്ലാസ്റ്റിക്കും സ്റ്റാപ്പ്ലറും ബാലരമ വാങ്ങിയപ്പോൾ കിട്ടിയ നെയിം സ്ളിപ്പുകളും കത്രികയും ഒക്കെയായി കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇങ്ങനൊരു അത്യാഹിതം സംഭവിച്ചത്. എന്തായാലും രാത്രി അമ്മയുടെ നേതൃത്വത്തിൽ പുസ്തകം പൊതിയൽ തുടങ്ങി. എനിക്ക് വല്യ ആവേശമൊന്നും തോന്നിയില്ല. അമ്മ തന്നെ എല്ലാം ചെയ്തു. ഞാൻ വെറുതെ മിഴിച്ചു നോക്കി ഇരുന്നു. പുസ്തക പ്രശ്നത്തിന് ഞാൻ ആലോചിച്ചിട്ട് വല്യ പരിഹാരം ഒന്നും തോന്നുന്നുമില്ല. ആ പേജ് കീറിക്കളയാംന്നു വച്ചാൽ, അമ്മയോ സാറോ കണ്ടു പിടിക്കും. അല്ലേലും പുസ്തകം സരസ്വതിയാണ്, കീറിയാൽ ദോഷം കിട്ടും. അങ്ങനെ പലതും ചിന്തിച്ച കൂട്ടത്തിൽ എനിക്ക് ഒരു IDEA തോന്നി. തല്ക്കാലം അസ്ഥികൂടം വരുന്ന പേജുകൾ കൂട്ടി ഒട്ടിച്ച് വയ്ക്കാം. ക്ലാസ്സിൽ ആ പാഠം പഠിപ്പിക്കുമ്പോൾ പുസ്തകം കൊണ്ട് വരാൻ മറന്നൂന്ന് പറയാം. ബാക്കി വരുന്നിടത്ത് വച്ച് കാണാം.

അങ്ങനെ തൽക്കാലം പ്രശ്നത്തിന് പരിഹാരമായി. എങ്കിലും ഫിലിപ്പ് സാറ് അസ്ഥികളുടെ പാഠം പഠിപ്പിക്കുമ്പോൾ ക്ലാസ്സിലെ ഡെസ്ക്കുകൾ മുഴുവൻ അസ്ഥികൂടം നിറഞ്ഞിരുന്നു. 'നിനക്ക് പേടിയാവണില്ലേ' ന്നു അപ്പൂനോട് പതുക്കെ ഒന്ന് കുശലം ചോദിച്ചപ്പോൾ 'പടത്തിനു  ജീവനില്ലല്ലോടി  പൊട്ടി' ന്ന് പറഞ്ഞ് അവളത് പുശ്ചിച്ചു തള്ളിക്കളഞ്ഞു. ജീവനില്ലാത്തതിനെയാണ് എനിക്ക് ഏറ്റവും പേടിയെന്ന സത്യം അഭിമാനമോർത്തു ഞാൻ പറയാനും പോയില്ല. അവൾ അല്ലേലും നേഴ്സ് ആകാൻ വേണ്ടി ജനിച്ചതായിരുന്നല്ലോ...!!

എന്തായാലും പുസ്തകം മറന്നും പേടിച്ചു ചുമന്നും ഒക്കെ ഓണപ്പരീഷ വരെ ഞാൻ കാര്യങ്ങൾ കൊണ്ടെത്തിച്ചു. സയൻസ് പരീക്ഷയുടെ തലേ ദിവസം വയ്കുന്നേരം അമ്മയ്ക്ക് ഒരു തോന്നൽ. എൻറെ വിദ്യാഭ്യാസ നിലവാരം ഒന്നളക്കണം  എന്ന്. ഇടയ്ക്കിടയ്ക്ക് ഉള്ളതാണ്. അങ്ങനെ അമ്മ ഒരു വി- ഗൈഡും എടുത്ത് എൻറെ മുന്നിൽ ഇരുന്നു. ഒന്നും രണ്ടും മൂന്നും നാലും പാഠങ്ങളിലെ ചോദ്യങ്ങൾക്കൊക്കെ ഞാൻ മണി മണി പോലെ ഉത്തരം പറഞ്ഞു.പക്ഷേ  അഞ്ചാമത്തെ പാഠം വന്നപ്പോൾ മുതൽ ഒരു തപ്പൽ. ക്ലാസ്സിൽ കേട്ട എന്തോ ചിലത് ഓർമ്മയുണ്ടെന്നല്ലാതെ എനിക്ക് ഒരു വസ്തു അറിയില്ലാന്നു ഉറപ്പായപ്പോൾ അമ്മ ഉത്തരവിട്ടു "നീയാ പുസ്തകം എടുത്തോണ്ട് വന്നേ, ആ പാഠം ഒന്നൂടെ വായിച്ചിട്ട് പോയാ മതി".

"ഞാൻ വായിച്ചോളാമ്മേ''

"നീ ഇത്രേം ദിവസം വായിച്ചതിന്റെ അറിയാനുണ്ട്, എടുത്തോണ്ട് വാടി" അമ്മ കണ്ണുരുട്ടി.

പിടി വീഴുമെന്നു ഉറപ്പായപ്പോൾ ഞാൻ ഓടി അകത്തു പോയി പുസ്തകമെടുത്തു. പശ കൊണ്ട് ഒട്ടിയിരുന്ന പേജുകളെ എങ്ങനെയൊക്കെയോ വിടർത്തിയെടുത്തു. വിട്ടുപോരാൻ കൂട്ടാക്കാതിരുന്ന അരികുകളെയും മൂലകളെയും എൻറെ വെപ്രാളം കീറിയകത്തി. പുസ്തകം ഹാജരാക്കപ്പെട്ടു.
പൊതുവെ നന്നായി പഠിക്കുന്ന, പുസ്തകം വൃത്തിയായി സൂക്ഷിക്കുന്ന എന്റെ പുസ്തകത്തിന്റെ ദയനീയ അവസ്ഥ കണ്ടപ്പോൾ തന്നെ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നു അമ്മയ്ക്ക് ബോധ്യപ്പെട്ടു. പിന്നെ വിചാരണയായി. ഒടുവിൽ അഭിമാനം ഉപേക്ഷിച്ച് വിങ്ങി പൊട്ടി ഞാനാ സത്യം തുറന്നു പറഞ്ഞു.
"എനിക്ക് അസ്ഥികൂടത്തിനെ പേടിയായിട്ടാ മ്മേ"
അമ്മ എന്നെ ആദ്യമായി കാണും പോലെ അമ്പരന്ന് നോക്കി, പിന്നെ കുറേ ചിരിച്ചു. ഒടുവിൽ ചേർത്ത് നിരത്തി സമാധാനിപ്പിച്ചു.  "എന്റെ മോളെ, അമ്മ  ഈ പ്രായം വരെ ഒരു പ്രേതത്തിനേം ഭൂതത്തിനേം കണ്ടിട്ടില്ല, ഈ  ഭൂമിയില് ജീവിച്ചിരിക്കുന്ന മനുഷ്യന്മാരെ അല്ലാതെ നമ്മള്  ആരേം പേടിക്കണ്ട".!! അരൂപികളെ ഭയപ്പെട്ടിരുന്ന അഞ്ചാം ക്ലാസുകാരിയ്ക്ക് മനസ്സിലാക്കാൻ പറ്റാത്തതായിരുന്നു അമ്മ അന്ന് പറഞ്ഞ സത്യം.

പക്ഷെ പിന്നീട് അങ്ങോട്ട്‌ പ്രായവും അനുഭവങ്ങളും അത് തന്നെ ആവർത്തിച്ചു പറഞ്ഞു...
കഴുത്തിന്‌ താഴേയ്ക്ക് നീളുന്ന കഴുകൻ കണ്ണുകൾ, ആൾതിരക്കിൽ ശരീരം തേടിയെത്തുന്ന നാറിയ വിരലുകൾ,കുളിക്കടവിലെ കൈതയ്ക്ക് പിന്നിൽ പതുങ്ങുന്ന നാടൻ ഞരമ്പ്‌ രോഗികൾ, ഇടവഴിയിൽ പ്രദർശന വസ്തുവുമായെത്തുന്ന മനോരോഗികൾ, ഉടലളവു പച്ചയ്ക്ക് ചോദിച്ചെത്തുന്ന അജ്ഞാത ഫോൺ കോളുകൾ, വാത്സല്യം കൊണ്ട് ഞെക്കി ശ്വാസം മുട്ടിക്കുന്ന കിഴട്ടു കിളവന്മാർ....ഇവരൊക്കെ പഠിപ്പിച്ചത് സങ്കല്പ്പ കഥകളിൽ മാത്രം ചോരയൂറ്റുന്ന അരൂപികൾ എത്രയോ സാധുക്കളാണെന്നാണ്.!!
*****************************************************************************

അഞ്ചു മാസം ഗർഭിണിയായിരിക്കെ സ്കാൻ ചെയ്ത നൈജീരിയൻ  ഡോക്ടർ, എൻറെ തോളിൽ തട്ടി പറഞ്ഞു " മമ്മ, യു ആർ ലക്കി, ഇറ്റ്സ് എ ഗേൾ"!! ഭാഗ്യവതിയായ അമ്മ !!

ഒരു പെൺകുട്ടിയുടെ അമ്മയ്ക്ക് മാത്രം അറിയുന്ന പേടികളിൽ ചിലത് അസ്ഥിയിൽ അടിഞ്ഞതുകൊണ്ടാവണം, മകൾ വാക്കുകൾ കൂട്ടി പറയാൻ തുടങ്ങിയപ്പോൾ തന്നെ അവളെ ഞാൻ പറയാൻ പഠിപ്പിച്ചത് "ഡോണ്ട് ടച്ച്‌" എന്നാണ്. ഇഷ്ടമില്ലാത്തവരോ അപരിചിതരോ തൊടുന്പോൾ കണ്ണിൽ നോക്കി വിരൽ ചൂണ്ടി "ഡോണ്ട് ടച്ച്‌"എന്ന് വ്യക്തമായി അവൾ പറയുമ്പോൾ പാവമല്ലാത്ത, പാവയല്ലാത്ത ഒരു പെണ്ണിനെ വാർത്തെടുക്കാൻ വേണ്ട അടുത്ത പാഠം തിരകുകയാണ് ഞാൻ. ദൈവമാണ് കൂട്ട്,  സാക്ഷിയും  !!











2016 ഏപ്രിൽ 10, ഞായറാഴ്‌ച

ഗുരുത്വം

എന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തത് നാല് വയസ്സിലാണ്. ചേർത്തത് എന്ന് തികച്ചും പറയാൻ പറ്റില്ല. കൊണ്ട് ഇരുത്തി- അതാണ്‌ കറക്റ്റ്. നെഴ്സറിയിൽ പോകാൻ എനിക്ക് വല്യ താല്പ്പര്യം ഒന്നുമില്ലായിരുന്നു. മാത്രമല്ല വീട്ടിൽ നിന്ന് അവിടെ വരെയുള്ള ദൂരം നടക്കുന്നത് ഒരു കുറച്ചിലായി എനിക്ക് തോന്നിയത് കൊണ്ട് ഞാൻ അമ്മാമ്മച്ചിയുടെ ഒക്കത്ത് നിന്ന് താഴെ ഇറങ്ങിയതേ ഇല്ല. ഉച്ചയ്ക്ക് ചോറിന്റെ കൂടെ തന്നു വിടുന്ന കുഞ്ഞിപാത്രത്തിലെ പരിപ്പ് കറിയും വൈകുന്നേരത്തെ ഉപ്പുമാവും ഒരു ആകർഷണം ആയിരുന്നെങ്കിലും എനിക്കെന്തോ മൊത്തത്തിൽ ആ സെറ്റ് അപ്പ്‌  അത്ര ബോധിച്ചില്ല. അന്നക്കുട്ടി ടീച്ചർ നേഴ്സറിയുടെ പിൻവാതിൽ എപ്പോ തുറന്നാലും ഞാൻ അതിലൂടെ പാഞ്ഞ് പുറത്തു ചാടി റോഡിലൂടെ ഓടാൻ തുടങ്ങി. എനിക്കും ടീച്ചറിനും ആയമാർക്കും ഒരു വ്യായാമം. അതായിരുന്നിരിക്കണം എന്റെ ലക്ഷ്യം.
എന്തായാലും നേഴ്സറിയിൽ പോക്ക് എന്റെയും അമ്മാമ്മച്ചിയുടെയും ആരോഗ്യം കണക്കിലെടുത്ത് വേഗത്തിൽ നിർത്തലാക്കി. പക്ഷേ അമ്മ തളർന്നില്ല.

'റ' എന്നെഴുതാൻ പഠിച്ചപ്പോൾ തന്നെ എന്റെ വിദ്യാഭ്യാസം പൂർത്തിയായി എന്ന് വിശ്വസിച്ചിരുന്ന എന്റെ വിശ്വാസം തകർക്കാൻ അമ്മ കാശ് കൊടുത്ത് ആളെ ഇറക്കി. അതായിരുന്നു മൃദുല ചേച്ചി. പേര് പോലെ തന്നെ മൃദുല. ചേച്ചി ദിവസവും വീട്ടിലെത്തി ക്ഷമയോടെ എന്നെ അക്ഷര മാലയും അക്കങ്ങളും പഠിപ്പിച്ചു. പഠിത്തം വീട്ടിൽ തന്നെ ആയതോണ്ടും ഇടയ്ക്കിടെ മുള്ളാനും വെള്ളം കുടിക്കാനും ബിസ്ക്കറ്റ് തിന്നാനും പോകാംന്നു ഉള്ളത് കൊണ്ടും  ഞാൻ വല്യ കടും പിടുത്തത്തിനു പോയില്ല. അതുകൊണ്ട് തന്നെ ചേച്ചിടെ ജോലി പെട്ടന്ന് തീർന്നു.സകലരെയും അത്ഭുദപ്പെടുത്തിക്കൊണ്ട് ഞാൻ തികഞ്ഞ അക്ഷരാഭ്യാസം നേടി, അതും നാല് വയസ്സിൽ.

നാട്ടിൽ ഒരേ ഒരു സ്കൂളാണുള്ളത് - അതും സർക്കാർ സ്കൂൾ. ഞാൻ അവിടെ തന്നെ പഠിക്കണം എന്ന് അച്ഛന് നിർബന്ധം ഉള്ളത് കൊണ്ട് മറ്റൊന്നിനെ കുറിച്ച് ചിന്തിയ്ക്കേണ്ടി പോലും വന്നിട്ടില്ല. സ്കൂളിന്റെ മതിലിനോട് ചേർന്നാണ് വീട്. ഉച്ച ഊണ് കഴിഞ്ഞാൽ പിള്ളേര് വെള്ളം കുടിക്കാൻ അര മതില് ചാടി ഞങ്ങളുടെ വീട്ടുമുറ്റത്ത്‌ എത്തും. സ്കൂളിലെ മൂത്രപ്പുര പറ്റാത്തത് കൊണ്ട് ടീച്ചർമാരിൽ ചിലരും ഇടവേളകളിൽ വീടിനെ ആശ്രയിച്ചു. അവര് അമ്മയോട് സൊറ പറഞ്ഞിരുന്ന കൂട്ടത്തിൽ എന്നെ നോക്കി "മോളൂട്ടി സ്കൂളിൽ വരുന്നില്ലേ" ന്നു കുശലം ചോദിക്കും. അങ്ങനെ പലവട്ടം ചോദിച്ചപ്പോൾ സ്കൂളിൽ ഒന്ന് പോയാൽ കൊള്ളംന്ന് എനിക്കും തോന്നി. അക്ഷരാഭ്യാസിയായ എന്നെ ഇനിയും വീട്ടിലിരുത്തിയാൽ അതാ വാടക വീടിന്റെ ഭിത്തികൾക്ക് ദോഷം ചെയ്യും എന്നുള്ളത് കൊണ്ട് എന്നെ വെറുതെ സ്കൂളിൽ കൊണ്ടിരുത്തി നോക്കാമെന്ന് വീട്ടുകാര് തീരുമാനിച്ചു.

ടീച്ചർമാരൊക്കെ എനിക്ക് സ്വന്തം വീട്ടിലെ ആളുകളെ പോലെ ആയത് കൊണ്ട് സ്കൂളിൽ പോകാൻ എനിക്ക് വല്യ മടിയൊന്നും തോന്നിയില്ല. അങ്ങനെ ശാന്തമ്മ ടീച്ചർ ക്ലാസ്സ്‌ ടീച്ചർ ആയുള്ള  ഒന്നാം ക്ലാസ്സ്‌- എ യിലിരുന്ന് ഞാനും ഹാജർ പറഞ്ഞു. ടീച്ചർ ബോർഡിൽ എഴുതുന്ന അക്ഷരങ്ങൾ അര മണിക്കൂർ മുന്നേ എഴുതി ഞാൻ മൃദുല ചേച്ചിയ്ക്ക് അഭിമാനമായി. ക കാ കി കീ കു കൂ കൃ കെ കേ ന്ന് നീട്ടി പാടിയും, സ്ലേറ്റിൽ കല്ല്‌ പെൻസിൽ കൊണ്ട് തറ പറ എഴുതിയും, അത് മഷിപ്പച്ച കൊണ്ടും ഇടയ്ക്ക് തുപ്പല് കൊണ്ടും മായ്ച്ചും, ആരും കാണാതെ ആ സ്ലേറ്റ് മണത്തു നോക്കി മൂക്ക് ചുളിച്ചും, അമ്മയെക്കൊണ്ട് സ്ലേറ്റിന്റെ വശങ്ങളിൽ പേന വച്ച് എന്റെ പേരെഴുതിച്ചും, അത് താഴെയിട്ട് പൊട്ടിച്ചും, കല്ല്‌ പെൻസിൽ ഓടിച്ചും, സരസുവമ്മയുടെ കഞ്ഞിപ്പുരയിൽ ഇടയ്ക്കിടെ എത്തി നോക്കിയും, മഴ നനഞ്ഞും, സ്കൂൾ മുറ്റത്തെ മണ്ണിൽ കുഴിയാനയെ തപ്പിയും ഞാൻ  ജീവിതത്തിന്റെ ബാല പാഠങ്ങൾ ആസ്വദിച്ചു തുടങ്ങി.
ഇടയ്ക്കിടെ ഒന്നാം ക്ലാസ്സ്‌ ബി യിലെ ജോൺ സാർ, ക്ലാസുകൾ വേർ തിരിക്കുന്ന മറ എടുത്തു മാറ്റി രണ്ടു ക്ലാസും ഒരുമിച്ചു ചേർത്ത് കണക്കും സയൻസും പഠിപ്പിച്ചു. വർഷാവസാനം നടത്തിയ കെട്ടെഴുത്തിനും ചോദ്യ പരീക്ഷയ്ക്കും ഞാൻ അൻപതിൽ അൻപതു മാർക്കും വാങ്ങി, ആ സ്ലേറ്റ്‌ പുല്ലിനേം പൂവിനേം വരെ കാണിച്ച് മായ്ക്കാതെ കുറേ നാൾ കൊണ്ട് നടന്നു. പിന്നെ വല്യവധി വന്നു, സ്കൂൾ പൂട്ടി. സ്കൂളിന്റെ മുറ്റത്ത്‌ ആടും പശുക്കളും മേഞ്ഞു നടക്കുന്നത് ഞാൻ വീട്ടു മുറ്റത്ത്‌ നിന്ന് കണ്ടു. അങ്ങനെ ഒരു കൊല്ലം ഓടി പോയി.

ഇനി രണ്ടാം ക്ലാസ്സ്‌ ആണല്ലോ. അച്ഛൻ അവധിയ്ക്ക് വന്ന സമയമാണ്.അച്ഛൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന പൂക്കുട കറക്കി, പുത്തൻ ബാഗ് പകുതി നനച്ച് അച്ഛന്റെ  കൈയിൽ തൂങ്ങി ഞാൻ സ്കൂളിൽ എത്തി. രജിസ്റ്ററിൽ കുട്ടികളുടെ പേര് എഴുതിയെടുക്കാൻ വരാന്തയിൽ മേശയിട്ട് ഇരുന്നത് ജോൺ സാറായിരുന്നു. അച്ഛൻ അവിടെ നിന്നു. ഞാൻ എന്റെ ക്ലാസ്സിലേയ്ക്ക് ഓടി. കൂട്ടുകാരെല്ലാം വന്നിട്ടുണ്ട്. അൽപ്പം കഴിഞ്ഞപ്പോൾ ശാന്തമ്മ ടീച്ചറും ജോൺ സാറും ഒരുമിച്ചു വന്നു എന്നിട്ട് രണ്ടാം ക്ലാസ്സിലേയ്ക്ക് ജയിച്ച കുട്ടികളുടെ പേര് വിളിക്കാൻ തുടങ്ങി. ആൺ കുട്ടികളുടെ മുഴുവൻ പേര് വായിച്ചു. അവരെല്ലാം വരി വരിയായി മറയുടെ ഇടയിലൂടെ രാജമ്മ ടീച്ചറിന്റെ രണ്ടാം ക്ലാസ്സ്‌ എ യിലേയ്ക്കു പോയി. ഇനി അടുത്തത് ഞാൻ ആണ്. ഞാൻ സ്ലേറ്റ് എടുത്തു തയ്യാറായി നിന്നു. എന്റെ പേര് പെൺകുട്ടികളിൽ ആദ്യമോ രണ്ടാമതോ ആണ്. എന്നിട്ടും അത് മാത്രം വിളിക്കാതെ ബാക്കി എല്ലാവരെയും വിളിച്ചു. അവരെല്ലാം രണ്ടാം ക്ലാസ്സിലേയ്ക്ക് പോയ്‌ക്കൊണ്ടിരുന്നു.

അവസാനത്തെ പേര് വിളിക്കുന്നത്‌ വരെ ഞാൻ കാത്തിരുന്നു. ഇല്ല...എന്റെ പേര് മാത്രം ഇല്ല. "എന്നെ വിളിച്ചില്ലാ"...ഞാൻ വിളിച്ചു പറഞ്ഞു. പുറത്തു പെയ്യുന്ന മഴയും പുതിയ രണ്ടാം ക്ലാസ്സുകാരുടെ കലപിലയും ചേർന്ന് എന്റെ ശബ്ദം വിഴുങ്ങിക്കളഞ്ഞു. അടുത്ത ക്ലാസ്സിലേയ്ക്ക് നടക്കുന്ന തിടുക്കത്തിനിടയിലും റസിയ വേഗത്തിൽ എന്റെ അടുത്ത് വന്നു. എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുന്ന എന്റെ ചെവിയിൽ അവളാ മഹാ രഹസ്യം പറഞ്ഞു "അതേ, നീ തോറ്റു പോയി". കണ്ണ് മിഴിച്ച് നിന്ന എന്നെ അവൾ സമാധാനിപ്പിക്കുകയും ചെയ്തു "സാരല്ല, അടുത്ത കൊല്ലം ജയിക്കൂട്ടോ".  രണ്ടാം ക്ലാസ്സിന്റെ വാതില് വരെ എത്തിയ റെജിമോൾ തിരികെ ഓടി വന്ന് "അയ്യോ,കൊച്ച് തോറ്റു പോയോ" ന്നു ചോദിയ്ക്കുക കൂടി ചെയ്തപ്പോൾ എന്റെ സർവ നിയന്ത്രണവും വിട്ടു. ഞാൻ വലിയ വായിൽ നിലവിളിച്ചു തുടങ്ങി. രംഗം പന്തിയല്ലാന്നു കണ്ടപ്പോ എന്നെ വിധിയ്ക്ക് വിട്ടു കൊടുത്തു കൂട്ടുകാരികൾ സ്ഥലം കാലിയാക്കി. ശാന്തമ്മ ടീച്ചർ അവസാനം പോയവരുടെ കൂടെ രണ്ടാം ക്ലാസ്സിലേയ്ക്ക് നടന്നു പോകുന്പോഴേയ്ക്കും കണ്ണീരു കൊണ്ട് എനിക്ക് ഒന്നും കാണാൻ പറ്റാതെയായിരുന്നു.
അമ്മാമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ തോറ്റു തൊപ്പിയിട്ട്, കരഞ്ഞു കൂവി, ആരും കൂട്ടില്ലാതെ , എന്ത് ചെയ്യണമെന്ന് അറിയാതെ ആ ക്ലാസ്സ്‌ മുറിയിൽ നിന്നു. അപ്പോഴാണ്‌ രണ്ടു മെലിഞ്ഞ കൈകൾ എന്നെ മുകളിലേയ്ക്ക് എടുത്തുയർത്തിയത്‌. കണ്ണ് തിരുമ്മി നോക്കുന്പോൾ ജോൺ സാറാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശബ്ദത്തിൽ സംസാരിച്ചിരുന്ന, കുഞ്ഞു വടി കാണിച്ചു പേടിപ്പിച്ച് പലവട്ടം മഴയത്ത് നിന്ന് ക്ലാസ്സിൽ കയറ്റിയിട്ടുള്ള ജോൺ സാർ. ആദ്യമായാണ് സാർ എന്നെ എടുക്കുന്നത്. സാർ പതിയെ ചോദിച്ചു. "മോളെന്തിനാ കരയുന്നത്?" ഞാൻ ഏങ്ങലടിച്ചു കൊണ്ട് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു "ഞാൻ മാത്രം തോറ്റു പോയി"
സാറ് ചിരിച്ചു കൊണ്ട് പറഞ്ഞു ''അയ്യേ, അതിനാണോ കരയുന്നേ? ജോൺ സാറും തോറ്റു പോയല്ലോ...സാറ് ഇക്കൊല്ലോം ഒന്നിൽ തന്നാ"
"ങേ?"ഞാൻ കണ്ണ് മിഴിച്ചു.
"ശരിക്കും ?"
"ശരിക്കും, നമ്മക്ക് ഒന്നിച്ച് ഒന്നൂടെ പഠിക്കാം"

എനിക്ക് പ്രായം തികയാത്തത് കൊണ്ടാണ് രണ്ടിലേയ്ക്ക് പോകാൻ പറ്റാത്തതെന്നും സ്കൂൾ രജിസ്റ്ററിൽ എന്റെ പേരില്ലായിരുന്നു എന്നുമൊക്കെ അന്ന് സാറ് പറഞ്ഞിരുന്നെങ്കിൽ അഞ്ചു വയസ്സിന്റെ ബുദ്ധിയ്ക്ക് അത് ചിലപ്പോൾ മനസ്സിലാകണം എന്നില്ല. പക്ഷെ സാറും കൂടെ തോറ്റു എന്നതും സാറും രണ്ടാം ക്ലാസിലേയ്ക്ക് പോകുന്നില്ലാ എന്നതും എനിക്ക് പെട്ടന്ന് മനസ്സിലാകുന്ന, എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ തന്നെയായിരുന്നു. എന്റെ കരച്ചിൽ നിന്നു. അപ്പൊ തോൽക്കുന്നത് ഒരു കുറച്ചിലല്ല, ഇനി ആണേൽ തന്നെ സാർ ഉണ്ടല്ലോ കൂടെ. മാത്രവുമല്ല ജയിച്ചൂന്നു പറഞ്ഞു തുള്ളിച്ചാടി പോയ റസിയേം റജിമോളേം ഒന്നുമല്ലല്ലോ സാർ എടുത്തത്‌...എന്നെ അല്ലേ.... സാറ് സാറിന്റെ തൂവാല കൊണ്ട് എന്റെ കണ്ണുകൾ തുടയ്ക്കുക കൂടി ചെയ്തപ്പോൾ എന്റെ സങ്കടങ്ങൾ കാറ്റിൽ പറന്നു. അല്പ്പം മുന്പു എന്നെ സ്കൂളിൽ വിട്ടു പോയ എന്റെ അച്ഛന്റെ അതേ മണമാണ് ജോൺ സാറിനെന്ന് എനിക്ക് തോന്നി. സാറിന്റെ തോളിലൂടെ കൈ ചുറ്റി ഞാൻ ഇരിപ്പ് വീണ്ടും ഉറപ്പിച്ചു. അങ്ങനെ ഞാനും എന്റെ ജോൺ സാറും ശാന്തമ്മ ടീച്ചറും കൂടി ഒന്നാം ക്ലാസ്സിൽ ഒന്നൂടെ പഠിച്ചു. അടുത്ത കൊല്ലം ഞാൻ ജയിച്ചെങ്കിലും ജോൺ സാർ പിന്നെയും എത്രയോ കൊല്ലം തോറ്റു.

പത്താം ക്ലാസ്സിൽ എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകും മുന്പ് ജോൺ സാറിനോടും ശാന്തമ്മ ടീച്ചറിനോടും അനുഗ്രഹം വാങ്ങിയിരുന്നു. കണ്ണും മനസ്സും നിറഞ്ഞു തന്നെ അവർ അനുഗ്രഹിച്ചു.
ജോൺ സാറ് വർഷങ്ങളോളം പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികളോട് പറഞ്ഞ പതിനായിരം വാചകങ്ങളിൽ ഒന്ന് മാത്രമായിരിക്കും അന്ന്  എന്നോട് പറഞ്ഞത്. പക്ഷെ ജീവിതത്തിൽ ആദ്യമായി തോൽവി കണ്ട് അന്ധാളിച്ചു നിന്ന ഒരു ഒന്നാം ക്ലാസ്സുകാരിയ്ക്ക് അത് പകർന്ന ആത്മ വിശ്വാസമാണ് വർഷങ്ങൾക്കിപ്പുറത്തിരുന്നും ഇത് എന്നെക്കൊണ്ട് എഴുതിക്കുന്നത്.
തോൽവി എന്ന വാക്ക് അല്ലെങ്കിൽ അവസ്ഥ നമ്മുടെ ചിന്തകളുടെ വ്യത്യാസം കൊണ്ട് വിജയമാകുന്നത്‌ ജീവിതം പിന്നെയും പലതവണ കാണിച്ചു തന്നു. അന്നൊക്കെ കരുത്ത് തന്നത് ഇങ്ങനെ തോറ്റും ജയിച്ചും സ്നേഹിച്ചും ശാസിച്ചും കൂടെ നിന്ന, അച്ഛനും അമ്മയും ദൈവവും ആകാൻ കഴിയുന്ന ഒരുപാട് അദ്ധ്യാപർ പകർന്നു തന്ന ഗുരുത്വം എന്ന മൂന്നക്ഷരം തന്നെയാണ്.






2016 ഏപ്രിൽ 4, തിങ്കളാഴ്‌ച

ഭൂതം

വേനലൊഴിവ്
വിറകുപുര
വരണ്ട തോട്
ഉണങ്ങിയിട്ടും ദ്രവിച്ചിട്ടും മറക്കാത്ത ചിലത്....

കുളത്തിന്റെ ആഴം
ഒതുക്കു കല്ല്‌
പുല്ലു കിളിര്ക്കാത്ത നടവഴി
കശുവണ്ടിക്കറ
വെളുത്ത പെറ്റിക്കോട്ട്
വെള്ളാരം കല്ലുകൊണ്ടൊരംബലം
വിറ്റൊഴിഞ്ഞിട്ടും വിട്ടു പോകാത്ത ചിലത് !!