2016, മാർച്ച് 23, ബുധനാഴ്‌ച

ഗരുഡൻ തൂക്കം


എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഞങ്ങൾ സ്വന്തമായൊരു വീടും പറന്പും വാങ്ങുന്നത്.
അതുവരെ ജോൺ സാറിന്റെ വാടക കെട്ടിടവും പച്ച പെയിന്റടിച്ച അതിന്റെ വാതിലുകളും ജനലുകളും മുട്ടിലിഴയാൻ തുടങ്ങിയ അനിയൻ വിരലു കൊണ്ട് കുത്തിയിളക്കി തിന്നാൻ തുടങ്ങിയിരുന്ന ഭിത്തികളും എല്ലാം എനിക്ക് സ്വന്തം തന്നെയായിരുന്നു. ഭിത്തികളിലെ ചിത്ര രചന തടയാൻ അമ്മ 'വല്ലോരുടേം വീടാ, നശിപ്പിക്കരുതെന്ന്' നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് സ്വന്തമായി  വീട് വാങ്ങുന്നു എന്ന വാർത്ത എനിക്ക് ഇഷ്ടം പോലെ വരിക്കാവുന്ന ഭിത്തി വാങ്ങൽ മാത്രമായിരുന്നു. 

പുതിയതായി വാങ്ങാനുറപ്പിച്ച പറന്പിൽ കുളമൊരെണ്ണം ഉണ്ടെങ്കിലും ഇന്ന് വരെ വെള്ളം കണ്ടതല്ലാന്ന് ബ്രോക്കർ നേരത്തെ പറഞ്ഞിരുന്നതാണ്. കിട്ടാനുള്ള സാദ്ധ്യതയും ഇല്ല.വാടക വീടൊഴിഞ്ഞ് സ്വന്തമായൊരു വീട്ടിലേയ്ക്ക് മാറണമെന്ന ആഗ്രഹത്തിനും ആവശ്യത്തിനും മുന്നിൽ വെള്ളമല്ല, വായു ഇല്ലാന്ന് പറഞ്ഞാൽ പോലും അന്ന് അതൊരു പ്രശ്നമാവില്ലായിരുന്നു. മാത്രമല്ല തൊട്ടടുത്ത പറന്പുകളിൽ ഒക്കെ വെള്ളമുണ്ട്. കവി പറഞ്ഞത് പോലെ നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം തന്നെയായിരുന്നത് കൊണ്ട് കുടിവെള്ളം മുട്ടാൻ വഴിയില്ല. അയൽക്കാർ പലരും വെള്ളം തരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അച്ഛൻ അന്ന് ഗൾഫിലാണ്. കത്തുകളിലൂടെയും ട്രങ്ക് കോളുകളിലൂടെയും സംസാരിച്ച് സംസാരിച്ച്‌ അച്ഛനും അമ്മയും ഒടുവിൽ അത് തീരുമാനിച്ചു...എന്തു വില കൊടുത്തും സ്വന്തമായൊരു വീട്.  അച്ഛന്റെ മരുഭൂമിയിലെ വിയർപ്പും  അമ്മയുടെ സ്വർണവും വട്ടമെത്തും മുന്നേ പിടിച്ച ചിട്ടികളും  ഒരിത്തിരി കടവും ചേർന്നപ്പോൾ അതങ്ങ് കരാറായി. ഞാനും അമ്മാമ്മച്ചിയും കൂടി മുറ്റത്തൊരു  തുളസി തൈ നട്ട്, അമ്മ പാല് കാച്ചി, അയൽക്കാർക്ക് ഇഡ്ഡലിയും സാന്പാറും വിളന്പി ഞങ്ങൾ 'സ്വന്തം' വീടിന്റെ അവകാശം ഉറപ്പിച്ചു. അമ്മയെ നഴ്സിംഗ് സ്കൂളിൽ പഠിപ്പിച്ച ഡോക്ടർ മാമൻ സമ്മാനമായി തന്ന ചുവന്ന നിറമുള്ള ക്ലോക്ക് മുൻ വശത്തെ മുറിയിൽ തൂങ്ങി പുതിയ വീട്ടിലെ സമയവും തീയതിയും കാണിച്ചു തുടങ്ങി. വട്ടത്തിലുള്ള കുഞ്ഞു ഷോ കേസിൽ വെള്ള നിറത്തിലൊരു കൃഷ്ണനിരുന്ന് പതിവായി ചിരിച്ചു തുടങ്ങി. വീടൊരു വീടായി... !!

ആദ്യമാദ്യം കുടിവെള്ളം അയലത്തെ വീട്ടിൽ നിന്ന് നിർലോഭം ഒഴുകിയെത്തിയെങ്കിലും പതിയെ പതിയെ ചില അസ്വാരസ്യങ്ങൾ തല പൊക്കി. അടുത്ത വഴി അന്വേഷിക്കാമെന്ന് വച്ചപ്പോൾ  അന്നത്തെ എന്റെ ബുദ്ധിയ്ക്ക് മനസ്സിലാകാത്ത പലതും അതിനും  തടസ്സമായി.
ഒരു സന്ധ്യക്ക് ഭിത്തിലിരിക്കുന്ന പല്ലി ഈയാംപാറ്റയെ പിടിക്കുന്നതും നോക്കിയിരുന്ന് നാമം ജപിച്ചെന്നു വരുത്തി എഴുനേറ്റപ്പോഴാണ് അടുക്കളപ്പുറത്ത് ഒരു കാലനക്കം കേട്ടത്.

ഗൾഫുകാരന്റെ ഭാര്യയല്ലേ, ഭർത്താവ് അങ്ങ് ദൂരെയല്ലേ, ചെറിയ പിള്ളേരും വയസ്സായ അമ്മയും അല്ലേ കൂടെയുള്ളൂ, ഇനി വല്ല സഹായവും വേണ്ടി വന്നാലോന്ന് കരുതിയ ഏതോ മഹാമനസ്ക്കാൻ ആയിരുന്നത്രേ. അമ്മ ആവുന്നത്ര ധൈര്യം സംഭരിച്ച് പുറത്ത് കേൾക്കാൻ മാത്രം ഉച്ചത്തിൽ പറഞ്ഞു.

"മോളെ, ആ തോക്ക് ഇങ്ങെടുക്കടീ''

ഏത് തോക്കെന്നു കണ്ണ് മിഴിച്ച എന്റെ ശബ്ദം പുറത്തു വരും മുന്നേ അമ്മ വായ പൊത്തി. ഓടിയകന്ന കാലൊച്ച ശ്രദ്ധിച്ച്  'നായിന്റെ മോൻ' എന്ന് പിറുപിറുത്ത് അമ്മാമ്മച്ചി വാതിൽ കൊളുത്തുകളുടെ ബലം ഉറപ്പു വരുത്തി. വീട്ടിൽ ആണൊരുത്തൻ ഉള്ളതാണേൽ അപ്പോളും നിക്കറിൽ മുള്ളുന്ന പ്രായത്തിൽ ആണ്. ആദ്യത്തെ ഞെട്ടലും  അന്പരപ്പും  മാറിയപ്പോൾ അമ്മ അലമാര തുറന്ന് തുണികൾക്കിടയിൽ നിന്ന് ഒരു കളിത്തോക്ക്‌ പുറത്തെടുത്തു കാണിച്ചു. നല്ല ഭാരം, ഇരുന്പിന്റെ പേടിപ്പിക്കുന്ന തണുപ്പ്. ഒറിജിനൽ അല്ലാന്ന് ആരും പറയില്ല. നാട്ടിൻപുറത്തെ നന്മയുടെ മറുവശവും അറിയാവുന്നത് കൊണ്ട് അമ്മയ്ക്ക് ഒരു ധൈര്യത്തിന് അച്ഛൻ കൊണ്ട് വന്നു കൊടുത്തതാണ്. എന്തായാലും ഞങ്ങടെ വീട്ടിൽ തോക്കുണ്ടെന്ന രഹസ്യത്തിന് ഞാൻ കൂട്ടുകാർ വഴി അയൽപക്കതൊക്കെ നല്ല പരസ്യം കൊടുക്കുകയും ചെയ്തു. (കളിത്തോക്ക്‌ കൂട്ടുകാരെ കാണിക്കാൻ സ്കൂൾ ബാഗിൽ ഒളിപ്പിച്ച് കൊണ്ട് പോയ വകയിൽ അനിയന് ജബ്ബാർ സാറിന്റെ ചൂരൽ കഷായം കിട്ടിയത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്). പിന്നെ കുറച്ച് മുതിർന്നപ്പോൾ പലപ്പോഴും ആ സംഭവം പറഞ്ഞ് ഞാൻ അമ്മയെ കളിയാക്കിയിട്ടുണ്ട്. 'തോക്കെടുക്കടീ ന്നൊക്കെ പറയാൻ അമ്മയാര് ഫൂലാൻ ദേവിയോ,വല്ല കത്തിയെന്നോ അരിവാളെന്നോ പറഞ്ഞാ പോരാരുന്നോ' എന്നൊക്കെ ചോദിച്ച്... പക്ഷേ അമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാവുന്ന പ്രായമായപ്പോൾ അന്നത്തെ അമ്മയുടെ ധൈര്യമോർത്തു അത്ഭുദമാണ് തോന്നാറ്.

എന്തായാലും അയൽക്കാരന്റെ വീട്ടിലെ വെള്ളം വേണ്ടാന്ന് വച്ചപ്പോൾ മുതൽ അടുത്തത് എന്തെന്ന ചിന്തയായി.

രണ്ടു വട്ടം കുഴിച്ച് വെള്ളം കാണാതെ എഴുതി തള്ളിയ പൊട്ടക്കുളമല്ലാതെ പ്രതീക്ഷയ്ക്ക് പോലും ഒന്നുമില്ല. സ്ഥാനം നോക്കുന്നവരും കിണറു പണിക്കാരും വെള്ളം കിട്ടില്ലാന്നു തറപ്പിച്ച് പറഞ്ഞപ്പോൾ അമ്മാമ്മച്ചി മാത്രം പറഞ്ഞു 'ഒടേ തന്പുരാൻ നിരുവിച്ചാ നടക്കാത്തത് വല്ലോമൊണ്ടോ'ന്ന്
ആ വാക്കിന്റെ ബലത്തിലാവണം അമ്മ കൊല്ലപ്പുഴ കാവിലെ ഭഗവതിയ്ക്ക് ഒരു ഗരുഡൻ തൂക്കം നേർന്നത്...
അങ്ങനെ രണ്ടും കൽപ്പിച്ച് കുളം വീണ്ടും കുഴിക്കാൻ തീരുമാനമായി. കുളത്തിന്റെ അടിത്തട്ട് മുഴുവൻ പാറയാണ്‌. വെടിക്കാരെ കൊണ്ട് വന്ന് തമരിറക്കി പാറ പൊട്ടിച്ചു. ഒന്ന്...രണ്ട്...ഞങ്ങൾ വീട്ടിൽ ഇരുന്ന് എണ്ണി. മൂന്ന് എണ്നും  മുന്നേ ഭഗവതി കണ്ണ് തുറന്നു. കുളക്കരയിൽ നിന്ന് രവിച്ചേട്ടന്റെ ശബ്ദം ഉയർന്നു പൊന്തി...'വെള്ളം കണ്ടേ....' കുളത്തിന്റെ മൂന്നു വശത്ത് നിന്നായി ശക്തമായ നീരുറവ. പിറ്റേന്ന് നേരം പുലരും മുന്നേ കുളം പകുതിക്കു മേൽ നിറഞ്ഞിരുന്നു. അമ്മയുടെ കണ്ണും മനസ്സും ഒപ്പം നിറഞ്ഞിരിക്കണം.

അടുത്ത മീനത്തിൽ കാവിലെ പൂരത്തിന് കൊടിയേറി. നാട് മുഴുവൻ മീനച്ചൂടിൽ ഉരുകുന്പോഴും കുളം വറ്റാതെ തെളിഞ്ഞു കിടന്നു. ഗപ്പിയും വരാലും നീർക്കോലിയും കുഞ്ഞിതവളകളും അതിൽ വേനലറിയാതെ തിമിർത്തു ജീവിച്ചു. അങ്ങനെ ഞങ്ങളുടെ വീട്ടിലും ആദ്യമായി ഒരു ഗരുഡൻ തൂക്കത്തിന് കളമൊരുങ്ങി.

വൈകുന്നേരത്തോടെ മേളക്കാർ വീട്ടിലെത്തി. അവലും മലരും ശർക്കരയും കദളിപ്പഴവും ചന്ദനതിരികളും നല്ലെണ്ണയും പുതിയ പുൽപ്പായകളും അയൽപക്കത്ത്‌ നിന്ന് കടമെടുത്ത വിളക്കുകളും കിണ്ടിയും നിരത്തിയിരുന്ന വിളക്ക്മുറി അവർ കൈയേറി. വീടിന്റെ മണം പോലും മാറി...ഏറ്റവും ഒടുവിലാണ് ഗരുഡൻ എത്തിയത്. നാട്ടിലെ സ്ഥിരം ഗരുഡൻ - പ്രസന്നൻ ചേട്ടൻ. കൂടെ അനി ചേട്ടനും ഉണ്ട്. അനി ചേട്ടനാണ് മേളത്തിന്റെ അമരക്കാരൻ. പണ്ട് കൂട്ടുകാർ തമ്മിലുണ്ടായ ഏതോ ഘോരയുദ്ധത്തിന്റെ ഒടുവിൽ അനിച്ചേട്ടന്റെ മൂക്കിന്റെ പാതി ആരോ കടിച്ചെടുത്തു. അനി ചേട്ടനെ കാണുന്പോഴൊക്കെ എനിക്ക് സങ്കടവും കൌതുകവും ചിരിയും ഒരുമിച്ച് വന്നിരുന്നു. അനിയനുമായുള്ള കൈയാങ്കളികൾക്ക് ഇടയിൽ അവൻ എന്റെ മൂക്ക് കടിച്ചെടുക്കുന്നത് ഞാൻ വെറുതെ സങ്കൽപ്പിച്ചു...

സന്ധ്യ മയങ്ങിയപ്പോഴേ മേളം തുടങ്ങി. ഗരുഡൻ മുഖത്ത് ചായം പൂശി വേഷം മാറി വന്നു. പിന്നെ ഇലയിട്ട് ഗരുഡനും മേളക്കാരും അയൽക്കാരും എല്ലാം അത്താഴമുണ്ടു. വീണ്ടും മേളം മുറുകി. അതുവരെ സരസുവമ്മയുടെ മകൻ മാത്രമായിരുന്ന പ്രസന്നൻ ചേട്ടൻ പെട്ടന്ന് ചിറക് വച്ച് വലിയ കൊക്കുകൾ മുഖത്തുറപ്പിച്ച് ഭഗവതിയ്ക്ക് വേണ്ടി ഗരുഡനായി. പിന്നെ പതിയെ മുറ്റത്ത്‌ പറന്ന് തുടങ്ങി. ചിറകു വച്ച സ്ഥിതിയ്ക്ക് ശരിക്കും പറക്കുമെന്ന് വിചാരിച്ചിരുന്ന ഞങ്ങൾ കുട്ടികളെ നിരാശപ്പെടുത്തി ഗരുഡൻ വലിയ ചിറക് വിടർത്തി മുറ്റം നിറഞ്ഞോടി. ചുറ്റും നിന്ന കാണികളിൽ ചിലർ കൈകളിൽ വെള്ളി നാണയം വച്ച് ഗരുഡനു നേരെ നീട്ടി. ഗരുഡൻ അത് കൊത്തിയെടുത്ത് സ്ടൂളിൽ വച്ച സ്റ്റീൽ പ്ലേറ്റിൽ കൊണ്ട് ഇട്ടു. ആരോ എന്റെ കൈയിലും ഒരു ഒറ്റ രൂപാതുട്ട് വച്ച് തന്നു. ഞാൻ ഒരു വിറയലോടെ കൈ മുന്നോട്ട് നീട്ടി.

മുറ്റത്തിന്റെ അങ്ങേ കോണിൽ നിന്ന് ഗരുഡൻ എന്റെ നേരേ പറന്നടുത്തു. പിന്നെ എന്നെ വട്ടം ചുറ്റി പറന്നു. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി. അഭിമാനക്ഷതമോർത്തു മാത്രമാവണം ഞാൻ കൈ പിൻവലിക്കാതിരുന്നത്. ഗരുഡൻ എന്റെ കണ്ണിൽ നോക്കി. ഗരുഡന്റെ കണ്ണുകളിൽ അപ്പോൾ എനിക്ക് അറിയാത്തൊരു പെൺകുട്ടി ചുവന്ന പട്ടുപാവാടയുടുത്ത് കൈയിൽ വെള്ളിനാണയവുമായി നിന്നിരുന്നു. തൊട്ടടുത്ത നിമിഷത്തിൽ കൂർത്ത കൊക്കുകൾ കൊണ്ട് നാണയം കൊത്തിയെടുത്ത് ഗരുഡൻ പറന്നു മാറി. എന്റെ ഉള്ളം കൈ പുകഞ്ഞ് നീറി. മുറ്റത്തേയ്ക്ക് ആരോ നീട്ടിയെറിഞ്ഞ ഓല പാന്പിനെ ഗരുഡൻ അപ്പോൾ കാള സർപ്പത്തെയെന്ന വണ്ണം കൊത്തി വലിക്കുകയായിരുന്നു. ചെണ്ടയുടെ ശബ്ദം ചെവികളെ അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

പിന്നെ രാത്രി എപ്പോഴോ അന്പലത്തിൽ പോയിയെന്നും അവിടെ മറ്റു പലയിടത്ത് നിന്നും വന്ന ഗരുഡൻമാർ ഉണ്ടായിരുന്നെന്നും അന്പല മുറ്റത്തെ തൂക്ക തട്ടിൽ കയറി നിന്ന് അവർ ദേഹത്ത് മുറിവുണ്ടാക്കി ദേവിക്ക്‌ ഒരു തുള്ളി രക്തം നിവേദിച്ചെന്നും തിരുമേനി കൊടുത്ത പൂജിച്ച ഭസ്മം തടവിയാൽ ആ മുറിപ്പാട് പോലും പിറ്റേന്ന് ഉണ്ടാവില്ലെന്നും ആരൊക്കെയോ പറഞ്ഞു കേട്ടു. എനിക്ക് ഓർമ്മയില്ലാത്തതാവും. അല്ലെങ്കിൽ ഓർമ്മകളെ അന്ന് രാത്രി കണ്ട സ്വപ്‌നങ്ങൾ മൂടി കളഞ്ഞതാവും.

ഗരുഡൻ പിന്നെയും എത്രയോ സ്വപ്നങ്ങളിൽ പറന്നിറങ്ങിയിരിക്കുന്നു. തീ പന്തത്തിലേയ്ക്ക് തെള്ളിപ്പൊടി വാരി എറിഞ്ഞ്, എന്റെ കൈ വെള്ളയിൽ ഉറച്ചു പോയ വെള്ളി നാണയം കൊത്തി വലിച്ച്, കൈകളിൽ ചോര പൊടിച്ച്, അത് ഭദ്രകാളിയ്ക്ക്  നേദിച്ച്... !! എന്റെ ഉള്ളിൽ  ഭയത്തിന്റെയോ അഹങ്കാരത്തിന്റെയോ പത്തികൾ തല പൊക്കിയപ്പോഴെല്ലാം അത് കൊത്തിയെറിഞ്ഞ് പറന്ന ഗരുഡൻ...സ്നേഹത്തിന്റെ വറ്റാത്ത നീരുറവകൾക്ക് മീതേ വലിയ ചിറകു വിരിച്ച് കാവലായ ഗരുഡൻ.

"എനിക്ക് വലുതാകുന്പോ ഗരുഡനാകാൻ പറ്റുവോ മ്മേ"

"ആണുങ്ങൾ അല്ലേടീ ഗരുഡനാവുന്നേ"..... അമ്മ ചിരിച്ചു.

വർഷം എത്ര കഴിഞ്ഞിരിക്കുന്നു.... അമ്മ നാട്ടിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞു, കൊല്ലപ്പുഴ കാവിൽ പോയിരുന്നൂന്ന്. അവിടെ പൂരം ആണെന്നും ഇന്ന് തൂക്കമുണ്ടെന്നും. ഗരുഡന്റെ കണ്ണിൽ ഭയന്ന് ചൂളി നിന്നൊരു ആറു വയസ്സുകാരി അപ്പോൾ പറയാനറിയാത്ത എഴുതാനറിയാത്ത ഓർമ്മകളുടെ തിരതള്ളലിൽ കണ്ണ് നിറച്ചു. പിന്നെ ഓർമ്മകൾക്ക് നല്ലെണ്ണത്തിരികളുടെ ഗന്ധം പടരുന്നത് അറിഞ്ഞ് പതിയെ കണ്ണുകൾ പൂട്ടി.