2016, ഏപ്രിൽ 10, ഞായറാഴ്‌ച

ഗുരുത്വം

എന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തത് നാല് വയസ്സിലാണ്. ചേർത്തത് എന്ന് തികച്ചും പറയാൻ പറ്റില്ല. കൊണ്ട് ഇരുത്തി- അതാണ്‌ കറക്റ്റ്. നെഴ്സറിയിൽ പോകാൻ എനിക്ക് വല്യ താല്പ്പര്യം ഒന്നുമില്ലായിരുന്നു. മാത്രമല്ല വീട്ടിൽ നിന്ന് അവിടെ വരെയുള്ള ദൂരം നടക്കുന്നത് ഒരു കുറച്ചിലായി എനിക്ക് തോന്നിയത് കൊണ്ട് ഞാൻ അമ്മാമ്മച്ചിയുടെ ഒക്കത്ത് നിന്ന് താഴെ ഇറങ്ങിയതേ ഇല്ല. ഉച്ചയ്ക്ക് ചോറിന്റെ കൂടെ തന്നു വിടുന്ന കുഞ്ഞിപാത്രത്തിലെ പരിപ്പ് കറിയും വൈകുന്നേരത്തെ ഉപ്പുമാവും ഒരു ആകർഷണം ആയിരുന്നെങ്കിലും എനിക്കെന്തോ മൊത്തത്തിൽ ആ സെറ്റ് അപ്പ്‌  അത്ര ബോധിച്ചില്ല. അന്നക്കുട്ടി ടീച്ചർ നേഴ്സറിയുടെ പിൻവാതിൽ എപ്പോ തുറന്നാലും ഞാൻ അതിലൂടെ പാഞ്ഞ് പുറത്തു ചാടി റോഡിലൂടെ ഓടാൻ തുടങ്ങി. എനിക്കും ടീച്ചറിനും ആയമാർക്കും ഒരു വ്യായാമം. അതായിരുന്നിരിക്കണം എന്റെ ലക്ഷ്യം.
എന്തായാലും നേഴ്സറിയിൽ പോക്ക് എന്റെയും അമ്മാമ്മച്ചിയുടെയും ആരോഗ്യം കണക്കിലെടുത്ത് വേഗത്തിൽ നിർത്തലാക്കി. പക്ഷേ അമ്മ തളർന്നില്ല.

'റ' എന്നെഴുതാൻ പഠിച്ചപ്പോൾ തന്നെ എന്റെ വിദ്യാഭ്യാസം പൂർത്തിയായി എന്ന് വിശ്വസിച്ചിരുന്ന എന്റെ വിശ്വാസം തകർക്കാൻ അമ്മ കാശ് കൊടുത്ത് ആളെ ഇറക്കി. അതായിരുന്നു മൃദുല ചേച്ചി. പേര് പോലെ തന്നെ മൃദുല. ചേച്ചി ദിവസവും വീട്ടിലെത്തി ക്ഷമയോടെ എന്നെ അക്ഷര മാലയും അക്കങ്ങളും പഠിപ്പിച്ചു. പഠിത്തം വീട്ടിൽ തന്നെ ആയതോണ്ടും ഇടയ്ക്കിടെ മുള്ളാനും വെള്ളം കുടിക്കാനും ബിസ്ക്കറ്റ് തിന്നാനും പോകാംന്നു ഉള്ളത് കൊണ്ടും  ഞാൻ വല്യ കടും പിടുത്തത്തിനു പോയില്ല. അതുകൊണ്ട് തന്നെ ചേച്ചിടെ ജോലി പെട്ടന്ന് തീർന്നു.സകലരെയും അത്ഭുദപ്പെടുത്തിക്കൊണ്ട് ഞാൻ തികഞ്ഞ അക്ഷരാഭ്യാസം നേടി, അതും നാല് വയസ്സിൽ.

നാട്ടിൽ ഒരേ ഒരു സ്കൂളാണുള്ളത് - അതും സർക്കാർ സ്കൂൾ. ഞാൻ അവിടെ തന്നെ പഠിക്കണം എന്ന് അച്ഛന് നിർബന്ധം ഉള്ളത് കൊണ്ട് മറ്റൊന്നിനെ കുറിച്ച് ചിന്തിയ്ക്കേണ്ടി പോലും വന്നിട്ടില്ല. സ്കൂളിന്റെ മതിലിനോട് ചേർന്നാണ് വീട്. ഉച്ച ഊണ് കഴിഞ്ഞാൽ പിള്ളേര് വെള്ളം കുടിക്കാൻ അര മതില് ചാടി ഞങ്ങളുടെ വീട്ടുമുറ്റത്ത്‌ എത്തും. സ്കൂളിലെ മൂത്രപ്പുര പറ്റാത്തത് കൊണ്ട് ടീച്ചർമാരിൽ ചിലരും ഇടവേളകളിൽ വീടിനെ ആശ്രയിച്ചു. അവര് അമ്മയോട് സൊറ പറഞ്ഞിരുന്ന കൂട്ടത്തിൽ എന്നെ നോക്കി "മോളൂട്ടി സ്കൂളിൽ വരുന്നില്ലേ" ന്നു കുശലം ചോദിക്കും. അങ്ങനെ പലവട്ടം ചോദിച്ചപ്പോൾ സ്കൂളിൽ ഒന്ന് പോയാൽ കൊള്ളംന്ന് എനിക്കും തോന്നി. അക്ഷരാഭ്യാസിയായ എന്നെ ഇനിയും വീട്ടിലിരുത്തിയാൽ അതാ വാടക വീടിന്റെ ഭിത്തികൾക്ക് ദോഷം ചെയ്യും എന്നുള്ളത് കൊണ്ട് എന്നെ വെറുതെ സ്കൂളിൽ കൊണ്ടിരുത്തി നോക്കാമെന്ന് വീട്ടുകാര് തീരുമാനിച്ചു.

ടീച്ചർമാരൊക്കെ എനിക്ക് സ്വന്തം വീട്ടിലെ ആളുകളെ പോലെ ആയത് കൊണ്ട് സ്കൂളിൽ പോകാൻ എനിക്ക് വല്യ മടിയൊന്നും തോന്നിയില്ല. അങ്ങനെ ശാന്തമ്മ ടീച്ചർ ക്ലാസ്സ്‌ ടീച്ചർ ആയുള്ള  ഒന്നാം ക്ലാസ്സ്‌- എ യിലിരുന്ന് ഞാനും ഹാജർ പറഞ്ഞു. ടീച്ചർ ബോർഡിൽ എഴുതുന്ന അക്ഷരങ്ങൾ അര മണിക്കൂർ മുന്നേ എഴുതി ഞാൻ മൃദുല ചേച്ചിയ്ക്ക് അഭിമാനമായി. ക കാ കി കീ കു കൂ കൃ കെ കേ ന്ന് നീട്ടി പാടിയും, സ്ലേറ്റിൽ കല്ല്‌ പെൻസിൽ കൊണ്ട് തറ പറ എഴുതിയും, അത് മഷിപ്പച്ച കൊണ്ടും ഇടയ്ക്ക് തുപ്പല് കൊണ്ടും മായ്ച്ചും, ആരും കാണാതെ ആ സ്ലേറ്റ് മണത്തു നോക്കി മൂക്ക് ചുളിച്ചും, അമ്മയെക്കൊണ്ട് സ്ലേറ്റിന്റെ വശങ്ങളിൽ പേന വച്ച് എന്റെ പേരെഴുതിച്ചും, അത് താഴെയിട്ട് പൊട്ടിച്ചും, കല്ല്‌ പെൻസിൽ ഓടിച്ചും, സരസുവമ്മയുടെ കഞ്ഞിപ്പുരയിൽ ഇടയ്ക്കിടെ എത്തി നോക്കിയും, മഴ നനഞ്ഞും, സ്കൂൾ മുറ്റത്തെ മണ്ണിൽ കുഴിയാനയെ തപ്പിയും ഞാൻ  ജീവിതത്തിന്റെ ബാല പാഠങ്ങൾ ആസ്വദിച്ചു തുടങ്ങി.
ഇടയ്ക്കിടെ ഒന്നാം ക്ലാസ്സ്‌ ബി യിലെ ജോൺ സാർ, ക്ലാസുകൾ വേർ തിരിക്കുന്ന മറ എടുത്തു മാറ്റി രണ്ടു ക്ലാസും ഒരുമിച്ചു ചേർത്ത് കണക്കും സയൻസും പഠിപ്പിച്ചു. വർഷാവസാനം നടത്തിയ കെട്ടെഴുത്തിനും ചോദ്യ പരീക്ഷയ്ക്കും ഞാൻ അൻപതിൽ അൻപതു മാർക്കും വാങ്ങി, ആ സ്ലേറ്റ്‌ പുല്ലിനേം പൂവിനേം വരെ കാണിച്ച് മായ്ക്കാതെ കുറേ നാൾ കൊണ്ട് നടന്നു. പിന്നെ വല്യവധി വന്നു, സ്കൂൾ പൂട്ടി. സ്കൂളിന്റെ മുറ്റത്ത്‌ ആടും പശുക്കളും മേഞ്ഞു നടക്കുന്നത് ഞാൻ വീട്ടു മുറ്റത്ത്‌ നിന്ന് കണ്ടു. അങ്ങനെ ഒരു കൊല്ലം ഓടി പോയി.

ഇനി രണ്ടാം ക്ലാസ്സ്‌ ആണല്ലോ. അച്ഛൻ അവധിയ്ക്ക് വന്ന സമയമാണ്.അച്ഛൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന പൂക്കുട കറക്കി, പുത്തൻ ബാഗ് പകുതി നനച്ച് അച്ഛന്റെ  കൈയിൽ തൂങ്ങി ഞാൻ സ്കൂളിൽ എത്തി. രജിസ്റ്ററിൽ കുട്ടികളുടെ പേര് എഴുതിയെടുക്കാൻ വരാന്തയിൽ മേശയിട്ട് ഇരുന്നത് ജോൺ സാറായിരുന്നു. അച്ഛൻ അവിടെ നിന്നു. ഞാൻ എന്റെ ക്ലാസ്സിലേയ്ക്ക് ഓടി. കൂട്ടുകാരെല്ലാം വന്നിട്ടുണ്ട്. അൽപ്പം കഴിഞ്ഞപ്പോൾ ശാന്തമ്മ ടീച്ചറും ജോൺ സാറും ഒരുമിച്ചു വന്നു എന്നിട്ട് രണ്ടാം ക്ലാസ്സിലേയ്ക്ക് ജയിച്ച കുട്ടികളുടെ പേര് വിളിക്കാൻ തുടങ്ങി. ആൺ കുട്ടികളുടെ മുഴുവൻ പേര് വായിച്ചു. അവരെല്ലാം വരി വരിയായി മറയുടെ ഇടയിലൂടെ രാജമ്മ ടീച്ചറിന്റെ രണ്ടാം ക്ലാസ്സ്‌ എ യിലേയ്ക്കു പോയി. ഇനി അടുത്തത് ഞാൻ ആണ്. ഞാൻ സ്ലേറ്റ് എടുത്തു തയ്യാറായി നിന്നു. എന്റെ പേര് പെൺകുട്ടികളിൽ ആദ്യമോ രണ്ടാമതോ ആണ്. എന്നിട്ടും അത് മാത്രം വിളിക്കാതെ ബാക്കി എല്ലാവരെയും വിളിച്ചു. അവരെല്ലാം രണ്ടാം ക്ലാസ്സിലേയ്ക്ക് പോയ്‌ക്കൊണ്ടിരുന്നു.

അവസാനത്തെ പേര് വിളിക്കുന്നത്‌ വരെ ഞാൻ കാത്തിരുന്നു. ഇല്ല...എന്റെ പേര് മാത്രം ഇല്ല. "എന്നെ വിളിച്ചില്ലാ"...ഞാൻ വിളിച്ചു പറഞ്ഞു. പുറത്തു പെയ്യുന്ന മഴയും പുതിയ രണ്ടാം ക്ലാസ്സുകാരുടെ കലപിലയും ചേർന്ന് എന്റെ ശബ്ദം വിഴുങ്ങിക്കളഞ്ഞു. അടുത്ത ക്ലാസ്സിലേയ്ക്ക് നടക്കുന്ന തിടുക്കത്തിനിടയിലും റസിയ വേഗത്തിൽ എന്റെ അടുത്ത് വന്നു. എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുന്ന എന്റെ ചെവിയിൽ അവളാ മഹാ രഹസ്യം പറഞ്ഞു "അതേ, നീ തോറ്റു പോയി". കണ്ണ് മിഴിച്ച് നിന്ന എന്നെ അവൾ സമാധാനിപ്പിക്കുകയും ചെയ്തു "സാരല്ല, അടുത്ത കൊല്ലം ജയിക്കൂട്ടോ".  രണ്ടാം ക്ലാസ്സിന്റെ വാതില് വരെ എത്തിയ റെജിമോൾ തിരികെ ഓടി വന്ന് "അയ്യോ,കൊച്ച് തോറ്റു പോയോ" ന്നു ചോദിയ്ക്കുക കൂടി ചെയ്തപ്പോൾ എന്റെ സർവ നിയന്ത്രണവും വിട്ടു. ഞാൻ വലിയ വായിൽ നിലവിളിച്ചു തുടങ്ങി. രംഗം പന്തിയല്ലാന്നു കണ്ടപ്പോ എന്നെ വിധിയ്ക്ക് വിട്ടു കൊടുത്തു കൂട്ടുകാരികൾ സ്ഥലം കാലിയാക്കി. ശാന്തമ്മ ടീച്ചർ അവസാനം പോയവരുടെ കൂടെ രണ്ടാം ക്ലാസ്സിലേയ്ക്ക് നടന്നു പോകുന്പോഴേയ്ക്കും കണ്ണീരു കൊണ്ട് എനിക്ക് ഒന്നും കാണാൻ പറ്റാതെയായിരുന്നു.
അമ്മാമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ തോറ്റു തൊപ്പിയിട്ട്, കരഞ്ഞു കൂവി, ആരും കൂട്ടില്ലാതെ , എന്ത് ചെയ്യണമെന്ന് അറിയാതെ ആ ക്ലാസ്സ്‌ മുറിയിൽ നിന്നു. അപ്പോഴാണ്‌ രണ്ടു മെലിഞ്ഞ കൈകൾ എന്നെ മുകളിലേയ്ക്ക് എടുത്തുയർത്തിയത്‌. കണ്ണ് തിരുമ്മി നോക്കുന്പോൾ ജോൺ സാറാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശബ്ദത്തിൽ സംസാരിച്ചിരുന്ന, കുഞ്ഞു വടി കാണിച്ചു പേടിപ്പിച്ച് പലവട്ടം മഴയത്ത് നിന്ന് ക്ലാസ്സിൽ കയറ്റിയിട്ടുള്ള ജോൺ സാർ. ആദ്യമായാണ് സാർ എന്നെ എടുക്കുന്നത്. സാർ പതിയെ ചോദിച്ചു. "മോളെന്തിനാ കരയുന്നത്?" ഞാൻ ഏങ്ങലടിച്ചു കൊണ്ട് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു "ഞാൻ മാത്രം തോറ്റു പോയി"
സാറ് ചിരിച്ചു കൊണ്ട് പറഞ്ഞു ''അയ്യേ, അതിനാണോ കരയുന്നേ? ജോൺ സാറും തോറ്റു പോയല്ലോ...സാറ് ഇക്കൊല്ലോം ഒന്നിൽ തന്നാ"
"ങേ?"ഞാൻ കണ്ണ് മിഴിച്ചു.
"ശരിക്കും ?"
"ശരിക്കും, നമ്മക്ക് ഒന്നിച്ച് ഒന്നൂടെ പഠിക്കാം"

എനിക്ക് പ്രായം തികയാത്തത് കൊണ്ടാണ് രണ്ടിലേയ്ക്ക് പോകാൻ പറ്റാത്തതെന്നും സ്കൂൾ രജിസ്റ്ററിൽ എന്റെ പേരില്ലായിരുന്നു എന്നുമൊക്കെ അന്ന് സാറ് പറഞ്ഞിരുന്നെങ്കിൽ അഞ്ചു വയസ്സിന്റെ ബുദ്ധിയ്ക്ക് അത് ചിലപ്പോൾ മനസ്സിലാകണം എന്നില്ല. പക്ഷെ സാറും കൂടെ തോറ്റു എന്നതും സാറും രണ്ടാം ക്ലാസിലേയ്ക്ക് പോകുന്നില്ലാ എന്നതും എനിക്ക് പെട്ടന്ന് മനസ്സിലാകുന്ന, എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ തന്നെയായിരുന്നു. എന്റെ കരച്ചിൽ നിന്നു. അപ്പൊ തോൽക്കുന്നത് ഒരു കുറച്ചിലല്ല, ഇനി ആണേൽ തന്നെ സാർ ഉണ്ടല്ലോ കൂടെ. മാത്രവുമല്ല ജയിച്ചൂന്നു പറഞ്ഞു തുള്ളിച്ചാടി പോയ റസിയേം റജിമോളേം ഒന്നുമല്ലല്ലോ സാർ എടുത്തത്‌...എന്നെ അല്ലേ.... സാറ് സാറിന്റെ തൂവാല കൊണ്ട് എന്റെ കണ്ണുകൾ തുടയ്ക്കുക കൂടി ചെയ്തപ്പോൾ എന്റെ സങ്കടങ്ങൾ കാറ്റിൽ പറന്നു. അല്പ്പം മുന്പു എന്നെ സ്കൂളിൽ വിട്ടു പോയ എന്റെ അച്ഛന്റെ അതേ മണമാണ് ജോൺ സാറിനെന്ന് എനിക്ക് തോന്നി. സാറിന്റെ തോളിലൂടെ കൈ ചുറ്റി ഞാൻ ഇരിപ്പ് വീണ്ടും ഉറപ്പിച്ചു. അങ്ങനെ ഞാനും എന്റെ ജോൺ സാറും ശാന്തമ്മ ടീച്ചറും കൂടി ഒന്നാം ക്ലാസ്സിൽ ഒന്നൂടെ പഠിച്ചു. അടുത്ത കൊല്ലം ഞാൻ ജയിച്ചെങ്കിലും ജോൺ സാർ പിന്നെയും എത്രയോ കൊല്ലം തോറ്റു.

പത്താം ക്ലാസ്സിൽ എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകും മുന്പ് ജോൺ സാറിനോടും ശാന്തമ്മ ടീച്ചറിനോടും അനുഗ്രഹം വാങ്ങിയിരുന്നു. കണ്ണും മനസ്സും നിറഞ്ഞു തന്നെ അവർ അനുഗ്രഹിച്ചു.
ജോൺ സാറ് വർഷങ്ങളോളം പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികളോട് പറഞ്ഞ പതിനായിരം വാചകങ്ങളിൽ ഒന്ന് മാത്രമായിരിക്കും അന്ന്  എന്നോട് പറഞ്ഞത്. പക്ഷെ ജീവിതത്തിൽ ആദ്യമായി തോൽവി കണ്ട് അന്ധാളിച്ചു നിന്ന ഒരു ഒന്നാം ക്ലാസ്സുകാരിയ്ക്ക് അത് പകർന്ന ആത്മ വിശ്വാസമാണ് വർഷങ്ങൾക്കിപ്പുറത്തിരുന്നും ഇത് എന്നെക്കൊണ്ട് എഴുതിക്കുന്നത്.
തോൽവി എന്ന വാക്ക് അല്ലെങ്കിൽ അവസ്ഥ നമ്മുടെ ചിന്തകളുടെ വ്യത്യാസം കൊണ്ട് വിജയമാകുന്നത്‌ ജീവിതം പിന്നെയും പലതവണ കാണിച്ചു തന്നു. അന്നൊക്കെ കരുത്ത് തന്നത് ഇങ്ങനെ തോറ്റും ജയിച്ചും സ്നേഹിച്ചും ശാസിച്ചും കൂടെ നിന്ന, അച്ഛനും അമ്മയും ദൈവവും ആകാൻ കഴിയുന്ന ഒരുപാട് അദ്ധ്യാപർ പകർന്നു തന്ന ഗുരുത്വം എന്ന മൂന്നക്ഷരം തന്നെയാണ്.


2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

ഭൂതം

വേനലൊഴിവ്
വിറകുപുര
വരണ്ട തോട്
ഉണങ്ങിയിട്ടും ദ്രവിച്ചിട്ടും മറക്കാത്ത ചിലത്....

കുളത്തിന്റെ ആഴം
ഒതുക്കു കല്ല്‌
പുല്ലു കിളിര്ക്കാത്ത നടവഴി
കശുവണ്ടിക്കറ
വെളുത്ത പെറ്റിക്കോട്ട്
വെള്ളാരം കല്ലുകൊണ്ടൊരംബലം
വിറ്റൊഴിഞ്ഞിട്ടും വിട്ടു പോകാത്ത ചിലത് !!