2019, മാർച്ച് 12, ചൊവ്വാഴ്ച

വല്യമ്മാമ്മച്ചി...

എന്റെ ഓർമ്മയിലെ ആദ്യത്തെ വിരുന്നുകാരിയാണ് വല്യമ്മാമ്മച്ചി. അമ്മാമ്മച്ചിയുടെ ചേച്ചി ആയതു കൊണ്ടാണ് വല്യമ്മാമ്മച്ചി ആയത്. അമ്മയാണെങ്കിൽ വല്യമ്മാമ്മച്ചിയെ മറ്റേമ്മ എന്നാണ് വിളിക്കാറ്. ഞാൻ കാണുന്ന കാലം മുതൽ നേർത്ത കരയുള്ള സെറ്റ് മുണ്ടാണ് വേഷം. വീട്ടിലെത്തിയാൽ പിന്നെ കൈലിയും ബ്ലൗസും ചിലപ്പോൾ ഒരു വെള്ള തോർത്തും. ഇരു നിറത്തിൽ അൽപ്പം തടിച്ചുരുണ്ട് വായിൽ ഒരൊറ്റ പല്ലുമില്ലാതെ എപ്പോഴും ഉമ്മ വയ്ക്കാൻ തോന്നിപ്പിക്കുന്ന അമ്മാമ്മച്ചിയുടെ ശരീരത്തിന്റെ നേരെ വിപരീതമായിരുന്നു വല്യമ്മാമ്മച്ചിയുടേത്. കറുത്ത് മെലിഞ്ഞ് സാമാന്യം ഉയരമുള്ള വല്യമ്മാമ്മച്ചി പരുക്കനാണെന്ന് ഒറ്റ നോട്ടം കൊണ്ടറിയാം!! ഇടത്തെ തോളിന് മുകളിൽ വച്ച് കെട്ടിയ ചുവന്ന മുണ്ടായിരുന്നു വേഷമെങ്കിൽ വല്യമ്മാമ്മച്ചിയ്ക്ക് ഡാകിനി അമ്മൂമ്മയുടെ അതേ രൂപമായേനെ എന്നെനിക്ക്  പലവട്ടം തോന്നിയിട്ടുണ്ട്. പക്ഷേ അതൊരു പുറം കാഴ്ച്ച മാത്രമായിരുന്നു...

എരുമേലിയിലാണ് വല്യമ്മാമ്മച്ചിയുടെ വീട്. ഒറ്റയ്ക്കാണ് താമസം. ഭർത്താവ് പണ്ടേ മരിച്ചു പോയി. രണ്ടു മക്കൾ ഉണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. എന്റെ അമ്മയേക്കാൾ അൽപ്പം മുതിർന്നവർ. മുപ്പതു കടക്കും മുൻപേ വന്ന അജ്ഞാത രോഗം കൊണ്ട് മകനാണ് ആദ്യം മരിച്ചത്. ശവദാഹം കഴിഞ്ഞ് തിരികെ വീടെത്തിയപ്പോഴേയ്ക്കും മകളും അതെ രോഗ ലക്ഷണം കാണിച്ചു തുടങ്ങിയിരുന്നു. കൃത്യം ഒരു വർഷത്തെ ഇടവേളയിൽ രണ്ടു മക്കളും അമ്മയെ വിട്ട് പരലോക വാസത്തിന് പോയി. അതിനു ശേഷം വല്യമ്മാമ്മച്ചി കരഞ്ഞിട്ടില്ലത്രെ. ഭർത്താവിനെയും രണ്ടു മക്കളെയും അടക്കിയ അതെ പറന്പിൽ ഓലമേഞ്ഞ കുഞ്ഞു വീട്ടിൽ വർഷങ്ങളോളം അവർ ഒറ്റയ്ക്ക് താമസിച്ചു. ആടിനെയും പശുവിനെയും കോഴികളെയും പൂച്ചയേയും വളർത്തി. പറന്പിൽ കപ്പയും ചേനയും ചേന്പും കാച്ചിലും നട്ടു. മക്കളുറങ്ങിയ മണ്ണ് അമ്മയ്ക്ക് വേണ്ടി കാപ്പിയും കൊക്കോയും കുരുമുളകും കണ്ണ് കുളിർക്കെ വിളയിച്ചു.

തന്നെ തോൽപ്പിക്കാനൊരുങ്ങിയ ദൈവത്തോട് ആദ്യം സമരത്തിലായിരുന്നെങ്കിലും പിന്നെ പിന്നെ അവർ സമരസപ്പെട്ടു. ജീവിതമെന്നാൽ വല്യമ്മാമ്മച്ചിയ്ക്ക് കൃഷിയും പ്രാർത്ഥനയും മാത്രമായി. പറന്പിൽ നിന്ന് കിട്ടുന്ന വിളകളുമായി ഇടയ്ക്കെല്ലാം ബന്ധു ജന സന്ദർശനത്തിനെത്തും. അതിൽ ഏറ്റവും കൂടുതൽ നാൾ നിൽക്കുന്നത് ഞങ്ങളോടൊപ്പമാവും.

വല്യമ്മാമ്മച്ചി വരുന്ന വിവരത്തിനു നേരത്തെ അമ്മയ്ക്ക്  കത്തെഴുതിയിട്ടുണ്ടാവും. നീല ഇലന്റിൽ പഴയ നാലാം ക്ലാസുകാരിയുടെ അക്ഷരങ്ങൾ വടിവൊത്ത് നിരന്നു കിടക്കും. വല്യമ്മാമ്മച്ചി വരുന്ന ദിവസം സ്കൂള് വിട്ടാൽ വീട്ടിലേയ്ക് ഒരോട്ടമാണ്. മൂന്നു മണിയോടെ തന്നെ വല്യമ്മാമ്മച്ചി എത്തിയിട്ടുണ്ടാവും. കവലയിൽ ബസ് ഇറങ്ങി വലിയ ചാക്കു കെട്ടുകളും ചുമന്നാവും വരവ്. നീട്ടി വലിച്ചൊരു നടത്തമാണ്. വായിലെ മുറുക്കാൻ തുപ്പാൻ മാത്രമേ ഇടയ്ക്കൊന്ന് നിൽക്കൂ... ഞങ്ങൾ സ്കൂള് വിട്ട് എത്തുന്പോഴേയ്ക്കും ചാക്കുകൾ അഴിഞ്ഞ് അടുക്കളയിൽ നിരന്നിട്ടുണ്ടാകും. അതിൽ കാപ്പിക്കുരുവും കുരുമുളകും കുടംപുളിയും പച്ച മഞ്ഞളും കാന്താരി മുളകും വരെ കാണും...' ഇതൊക്കെ ഇവിടേം ഉള്ളതല്ലേ...ഇച്ചേയി ഇതെന്നാത്തിനാ ചുമന്നോണ്ട് വരുന്നേ'ന്ന് ചോദിക്കും അമ്മാമ്മച്ചി... 'ഓഹ് ഇവിടെല്ലാരും ഉള്ളതല്ലേടി ഇരിക്കട്ടെ' ന്ന് പറഞ്ഞ് അടുത്ത മുറുക്കാനുള്ള വട്ടം കൂട്ടും വല്യമ്മാമ്മച്ചി. ഒരിക്കലും മുടങ്ങാതെ വല്യമ്മാമ്മച്ചി ഞങ്ങൾക്ക് കൊണ്ട് വരാറുള്ളൊരു  പലഹാരം എള്ളുണ്ടയാണ്. കടപ്പലഹാരം പോലെയല്ല...ഇത് പിള്ളേരുടെ ശരീരത്തിന് ദോഷമില്ലാത്തതാന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുകയും ചെയ്യും. പിന്നെ കാലമനുസരിച്ച് മാന്പഴവും കൈതച്ചക്കയും കൊക്കോക്കായും റംബൂട്ടാനും ശീമ നെല്ലിക്കയും ഒക്കെ ഉണ്ടാവും... മറ്റെന്തൊക്കെ തന്നാലും പക്ഷേ വല്യമ്മാമ്മച്ചിയെന്ന വാക്കിനു തന്നെ എള്ളുണ്ടയുടെ മണമാണ്.

വല്യമ്മാമ്മച്ചി വന്നാൽ പിന്നെ വിളക്കു മുറി വല്യമ്മാമ്മച്ചിയുടെയാണ്. അവിടെ തന്നെയാണ്  കിടപ്പും. ആ ദിവസങ്ങളിലെ സന്ധ്യാ നാമത്തിനും ഇത്തിരി മാറ്റങ്ങൾ ഉണ്ടാവും. ഇതെങ്ങനേലും ചൊല്ലി തീർത്തിട്ട് എഴുന്നേറ്റു പോകാമെന്നു വിചാരിച്ചാലൊട്ടു തീരത്തുമില്ല. ഒക്കെ ചൊല്ലി  കഴിഞ്ഞാലും വിളക്കണയ്ക്കാതെ അവിടിരുന്ന് എന്തൊക്കെയോ വായിച്ച് കൂട്ടും. വിളക്ക് കെടുത്താതെ വിശന്നു ചത്താലും ഭക്ഷണം കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് വായന തീരുന്നതും നോക്കി ഞാനും അനിയനും ഉമ്മറത്ത് കറങ്ങി നടക്കുന്നുണ്ടാവും. വല്യമ്മാമ്മച്ചി ഇറച്ചിയും മീനും മുട്ടയും ഒന്നും തൊടില്ല. ചെറുപ്പത്തിൽ കഴിച്ചിരുന്നെന്നും ഏകാന്ത വാസം തുടങ്ങിയപ്പോൾ ഉപേക്ഷിച്ചതാണെന്നും അമ്മാമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു പക്ഷേ ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട വെജിറ്റേറിയൻ വല്യമ്മമ്മച്ചി ആയിരുന്നിരിക്കും...

വല്യമ്മാമ്മച്ചി വിരുന്നു വന്നാൽ വീടിനാകെ ഒരു ഉണർവാണ്. അമ്മാമ്മച്ചിയ്ക്കും. അവര് രണ്ടു പേരും കൂടെ പഴങ്കഥകളുടെ കുട്ടിച്ചാക്ക് തുറക്കും. ഞാനതിൽ നിന്ന് കിട്ടുന്ന പൊട്ടും പൊടിയും പെറുക്കാൻ അടുക്കളയിലെ കുരണ്ടിയിലും ചിരവപ്പുറത്തും പാതകത്തിണ്ണയിലും സ്ഥാനം പിടിക്കും. വർഷാ വര്ഷം വീട്ടിലേയ്ക്ക് വേണ്ട ചൂല് കെട്ടിത്തരുന്നതും വല്യമ്മാമ്മച്ചിയാണ്. ഓല ചീന്തി ഈർക്കിലുകൾ അടുക്കി, സൂക്ഷ്മതയോടെ പ്ലാസ്റ്റിക് വള്ളിയിട്ട്  മെടഞ്ഞെടുക്കുന്ന നീളൻ ചൂൽ വീടിനകം തൂക്കാനുള്ളതാണ്. അതിൽ ഓലയുടെ തുഞ്ചറ്റം കൂടി ചേർത്ത് മെടഞ്ഞിട്ടുണ്ടാവും. അടുത്തത് മുറ്റം തൂക്കാനുള്ള കുറ്റിചൂലാണ്. അതിന്റെ പിടി വീതി കുറഞ്ഞ കയറു കൊണ്ടാവും കെട്ടുക. ചൂലിനെ കുറ്റിചൂലാക്കാൻ അതിന്റെ മെലിഞ്ഞ് നീണ്ട അഗ്രം വാക്കത്തി കൊണ്ട് അരകൽ തറയിൽ വച്ച് ഒറ്റ വെട്ടാണ്. മുറിഞ്ഞു വീണ തുഞ്ചറ്റം മാത്രമെടുത്ത് കൈപ്പിടിയിലൊതുങ്ങുന്ന ഒരു കുഞ്ഞി ചൂലുമുണ്ടാക്കും. പാതകത്തിൽ വീഴുന്ന പൊടി തട്ടി അടുപ്പിലിടാനാണ് അതുപയോഗിക്കുക. വിറകു പുര മേയാനുള്ള ഓല മെടയാനും വല്യമ്മാമ്മച്ചി സഹായിക്കാറുണ്ട്. തേങ്ങയിടുന്ന കൂടെ പതിവായി വെട്ടിയിടുന്ന ഓല നെടുകെ കീറി തോട്ടിൽ ആഴവും ഒഴുക്കും കുറഞ്ഞ ഭാഗത്ത് കുതിരാനിടും. താണു കിടക്കാൻ വലിയ ഉരുളൻ കല്ലുകളും അതിന്റെ മേൽ കയറ്റി വച്ചിട്ടുണ്ടാകും. അതവിടെ ദിവസങ്ങളോളം കിടക്കും.  തോട്ടിൽ കിടന്ന് കുതിർന്ന ഓല എടുക്കാൻ ചെല്ലുന്പോൾ മിക്കവാറും വരവേൽക്കുന്നത് ഓലക്കിടക്കയിൽ സ്ഥാനം ഉറപ്പിച്ച നീലക്കോലികളായിരിക്കും. അവന്മാരെ കെല്ലെടുത്തെറിഞ്ഞ് ഓടിച്ച്, നന്നായി കുതിർന്ന ഓല വലിച്ച് മുറ്റത്തു കൊണ്ടു വന്നിട്ട് മെടഞ്ഞെടുക്കാൻ അമ്മാമ്മച്ചിയ്ക് നല്ല വശമാണ്. വല്യമ്മാമ്മച്ചി വന്നാൽ ആ ജോലി വല്യമ്മാമ്മച്ചി ഏറ്റെടുക്കും. എട്ടാം ക്ലാസ്സിലൊക്കെ ആയപ്പോഴേയ്ക്കും നല്ല പോലെ ഓല മെടയാൻ എന്നെയും പഠിപ്പിച്ചിരുന്നു.   'നിങ്ങടെ കാലത്ത് ഇതൊന്നും ആവശ്യം വരൂല്ല, ന്നാലും ഒരു പണി അറിഞ്ഞിരുന്നോണ്ട് കുറ്റവില്ലല്ലോ, അവൾക്ക് അറിയത്തില്ലന്ന് പറഞ്ഞ് നിന്നെ ആരും ഒന്നിനും മാറ്റി നിർത്തരുത്'. വഴുക്കലും പുഴുക്കളുമുള്ള ഓല കൈകൊണ്ട് തൊടാനറച്ച് മാറി മാറി നിൽക്കുന്ന എന്നെ പിടിച്ചിരുത്തി അമ്മാമ്മച്ചി പതിവ് ന്യായം പറയും. വല്യമ്മാമ്മച്ചി മുറുക്കാൻ നീട്ടി തുപ്പി തലയാട്ടി അനുജത്തിയെ ശരി വയ്ക്കും.

ഏറ്റവുമധികം realistic കഥകൾ ഞാൻ കേട്ടിട്ടുള്ളതും വല്യമ്മമ്മച്ചിയുടെ അടുത്ത് നിന്നാണ്. അമ്മാമ്മച്ചിയ്ക് വിട്ടുമാറാത്ത ചുമ കാരണം പണ്ടത്തെ പോലെ കഥ പറയാനൊന്നും വയ്യ. അമ്മയാണേൽ എപ്പോ ചോദിച്ചാലും പറയും 'പണ്ട് പണ്ട് ദശരഥൻ എന്നൊരു രാജാവുണ്ടായിരുന്നൂ' ന്ന്. വല്യമ്മാമ്മച്ചി ആണേൽ കീരിയും പാന്പും തമ്മിലുണ്ടായ യുദ്ധം  നേരിട്ട് കണ്ട കഥ പറയും, പറന്പിൽ നിന്ന് കിട്ടിയ അണ്ണാൻകുഞ്ഞിനെ അതിന്റെ തള്ള അന്വേഷിച്ച് വന്ന കഥ പറയും, പാന്പിനെ പിടിച്ച് കട്ടിലിനടിയിൽ കൊണ്ട് വച്ച ലില്ലി പൂച്ചയുടെ കഥ പറയും...അങ്ങനെ മുറ്റവും പറന്പും പക്ഷികളും മൃഗങ്ങളും ഒക്കെ ചേർന്നൊരു വല്യ തറവാടിന്റെ കഥ കെട്ടുറങ്ങാൻ വല്യമ്മാമ്മച്ചി തന്നെ വിരുന്നു വരണം.

വല്യമ്മാമ്മച്ചിയ്ക് ചില അത്ഭുദ സിദ്ധികളൊക്കെ ഉണ്ടായിരുന്നു. 'കൊച്ചിനെ ഒന്ന് സൂക്ഷിച്ചോടീ...അവനൊന്ന് പേടിപ്പിക്കും' എന്ന് അനിയനെക്കുറിച്ച് വല്യമ്മാമ്മച്ചി പറഞ്ഞ് ഒരാഴ്ച തികയും മുന്പേയാണ് അവനെ കാണാതെ പോകുന്നത്....

ഞാൻ അഞ്ചിലും അവൻ ഒന്നിലും പഠിക്കുന്ന സമയം. സ്കൂള് വിട്ടാൽ ക്ലാസ്സിന്റെ വാതുക്കൽ തന്നെ നിൽക്കണമെന്നും ചേച്ചി വന്നിട്ടേ വീട്ടിലേയ്ക് പോരാവൂ എന്നും ചെറുക്കനെ ചട്ടം കെട്ടിയിരുന്നതാണ്. അവൻ പക്ഷേ ഇടയ്ക്കിടെ നേരെ അമ്മയുടെ ഫാർമസിയിലേയ്ക് വച്ച് പിടിക്കും. സ്കൂളിനോട് ചേർന്നാണ് അമ്മയുടെ ആയുവേദ ഫാർമസി. ക്ലാസിലിരുന്ന് ബോറടിക്കുന്പോൾ ഇടയ്ക്കിടെ അവനൊരു അപ്പി ഭീഷണിയങ്ങ്  മുഴക്കും. യു പി ക്ലാസ്സിലുള്ള ചേച്ചി വരും വരെ ഒന്നാം ക്ലാസ്സുകാരന് സഹനശക്തിയുണ്ടാകുമോന്ന് സംശയമുള്ള ടീച്ചർ അപ്പൊ തന്നെ അവനെ അമ്മയുടെ അടുത്തേയ്ക്ക് ഓടിക്കും. അങ്ങനെ അപ്പി ഭീഷണി മുഴക്കി അമ്മയുടെ അടുത്ത് ചെല്ലുന്നതും ചുമ്മാതൊന്നുമല്ല. അവിടെച്ചെന്നാൽ അമ്മയെക്കൊണ്ട് കുഞ്ഞങ്കൊച്ച് മാമന്റെ ചായക്കടേന്ന് സുഖിയനോ ബോണ്ടായോ മേടിപ്പിക്കലോ... അവന്റെ സദുദ്ദേശം അറിയാവുന്നത് കൊണ്ട് ആ വഴിയ്ക്ക് ചെല്ലെണ്ടാന്നും സ്കൂള് വിട്ടാൽ നേരെ വീട്ടിൽ പൊയ്ക്കോണംന്നും പറഞ്ഞിട്ടുള്ളതാണ്. അന്ന് ഞാൻ പക്ഷേ എൽ പി സ്കൂൾ കെട്ടിടത്തിന്റെ മുന്നിലെത്തിയപ്പോൾ ചെറുക്കന്റെ പൊടി പോലുമില്ല.

അമ്മയുടെ അടുത്തുണ്ടാവുമെന്ന ധാരണയിൽ ഞാൻ കൂട്ടുകാരുടെ കൂടെ വീട്ടിലേയ്ക് നടന്നു. പക്ഷെ വഴിയിൽ വച്ച് എന്നെ കണ്ട സുഗതൻ ചേട്ടൻ ചോദിച്ചു 'ചേച്ചി എന്താ താമസിച്ചേ....അനിയൻ മുന്നേ പോയിട്ടുണ്ടല്ലോ' !!
ഓഹ്...ഒറ്റയ്ക്ക് പോകാൻ മാത്രമൊക്കെ വളർന്നോ...ശരിയാക്കിത്തരാം.. എന്റെയുള്ളിലെ ചേച്ചി അമർഷം കൊണ്ടു. പക്ഷെ ഞാൻ ചെല്ലുന്പോൾ വീട് പൂട്ടിയിരിക്കുന്നു. അമ്മാമ്മച്ചി താഴെ തോട്ടിൽ തുണി അലക്കുന്നുണ്ട്. വീട്ടിൽ നിന്നാൽ കാണാം. എന്റെ വിളി കേട്ടപ്പോഴേ താക്കോല് അടുക്കള വരാന്തേലെ ഉരലിന്റെ അകത്തുണ്ടെന്ന് അമ്മാമ്മച്ചി വിളിച്ച് പറഞ്ഞു.
'കൊച്ചിങ്ങോട്ട് വന്നോ'? ഞാൻ വിളിച്ച് ചോദിച്ചു.
'ഇല്ല മോളെ...നിന്റെ കൂടല്ലേ വന്നെ?'
'ഇങ്ങോട്ട് പോന്നിട്ടുണ്ടെന്ന് പറഞ്ഞൂല്ലോ'
'അയ്യോ...മോളോടി ചെന്ന് അമ്മേടടുത്ത് ഒന്ന് നോക്ക്' അമ്മാമ്മച്ചി ആധി പിടിച്ചു.

ഞാൻ പിന്നെയൊരു പാച്ചിലാരുന്നു...വഴിയിൽ കണ്ണെത്തുന്നിടത്തെല്ലാം നോക്കുന്നുണ്ട്...ഇല്ല...ഒരാളുമില്ല വഴിയിൽ...സ്കൂള് വിട്ട് കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരുന്നു.

ഞാൻ അമ്മയുടെ അടുത്തെത്തി...ഇല്ല...അവൻ അങ്ങോട്ടും ചെന്നിട്ടില്ല!!

അമ്മ ഫാർമസിയുടെ ഷട്ടർ പോലും താഴ്‌ത്താൻ നിൽക്കാതെ ഇറങ്ങിയോടി. ഞാൻ പിന്നാലെയും. തോട് കടന്ന് വേണം വീട്ടിലെത്താൻ. ഞങ്ങൾ വീട് വാങ്ങുന്ന സമയത്ത് തെങ്ങിൻ തടി കൊണ്ടുള്ള പാലമായിരുന്നു. അടുത്ത കാലത്താണ് സിമന്റ് പാലമാക്കിയത്. എന്നാലും കൈവരി പോലുമില്ലാത്ത പാലമാണ്. വലിയ മഴക്കാലമല്ലെങ്കിലും തോട്ടിൽ നല്ല ഒഴുക്കുണ്ട്. അമ്മ നിലവിളിയുടെ വക്കിലാണ്... ഞാൻ അതിനും എത്രയോ മുൻപേ ഉച്ചത്തിൽ കരഞ്ഞു തുടങ്ങിയിരുന്നു... വഴിയിൽ കണ്ടവർ കണ്ടവർ തിരയാൻ കൂടി...സോമയുടെ ഇളയ കുഞ്ഞിനെ കാണാനില്ലെന്ന വാർത്തയറിഞ്ഞ് നാട് പതിയെ ഇളകി തുടങ്ങി...!! പിള്ളേരെ പിടുത്തക്കാരോക്കെ ഇറങ്ങുന്ന കാലമാണെന്നും ചെറുകോടി എന്ന ഭ്രാന്തി തള്ള പിള്ളേരെ ഉപദ്രവിക്കാറുണ്ടെന്നും തോട്ടിലൊന്ന് നോക്കാമെന്നുമൊക്കെ പല വിധ അഭിപ്രായങ്ങൾ പലദിക്കിൽ നിന്നും വരുന്നുണ്ട്. അമ്മ ഭ്രാന്തെടുത്ത് ഓടുകയാണ്, പിന്നാലെ ഞാനും.

അപ്പോഴുണ്ട് പാടത്തേയ്ക് വെള്ളം തിരിച്ച് വിടുന്ന കൈയ്യാണിയിൽ ഒരനക്കം...കയ്യാണിയ്ക് കുറുകെയുള്ള കുഞ്ഞു പാലത്തിനടിയിൽ ഒരു വെള്ള നിറം...അതേ...സ്കൂൾ യൂണിഫോം തന്നെയാണ്. അമ്മയാണ് ആദ്യം കണ്ടത്... 'മോനേ'ന്നുള്ള നീട്ടി വിളി കേട്ട് ആശാൻ പതിയെ ഇറങ്ങി വരികയാണ്... ഒറ്റയ്ക്കല്ല, കൂടെ ഒരുത്തനുമുണ്ട് ... കൂട്ടുകാരന്റെ യൂണിഫോം ഷർട്ട് ഊരി അതുകൊണ്ട് കയ്യാണിയിൽ നിന്ന് മീൻ പിടിച്ച് ചോറ്റു പാത്രത്തിൽ ഇടുകയായിരുന്നു സംഘത്തിന്റെ ലക്‌ഷ്യം. അമ്മ അവനെ തൂക്കിയെടുത്തതേ ഓർമ്മയുള്ളൂ. പിന്നെ തുടയിൽ അടി വീഴുന്ന ശബ്ദവും അതിനെ തോൽപ്പിക്കാൻ വാ കീറിയുള്ള അവന്റെ നിലവിളിയും...'അച്ഛാ ഓടി വരണേ...എന്നെ തല്ലി കൊല്ലുന്നേ...' അല്ലേലും അവൻ അങ്ങനാ...അടി വീണാൽ ഗൾഫിലിരിക്കുന്ന അച്ഛനെ വിളിച്ചേ കരയൂ. അവന്റെ കൈയിലിരിപ്പ് കൊണ്ട് ആഴ്ചയിൽ മൂന്ന് തവണ എങ്കിലും വിളിക്കേണ്ടിയും വരും...എന്തായാലും അവന്റെ തിരോധനത്തെക്കുറിച്ച് മുൻകൂട്ടി സൂചന തന്ന വല്യമ്മാമ്മച്ചിയ്ക് എന്റെ കണ്ണിൽ ഒരു ദിവ്യ പരിവേഷം വന്നത് പെട്ടന്നാണ്. ലുട്ടാപ്പിയുടെ കുന്തത്തിൽ നിന്നിറങ്ങിയ ഡാകിനിയമ്മൂമ്മ മായാവിയുടെ തോളിൽ ഇരുപ്പുറപ്പിക്കും പോലെ...!! അവരുടെ മുഖത്തെ ചൂഴ്ന്ന് നിന്ന സങ്കടത്തിന്റെ കറുപ്പു വട്ടം മെല്ലെ മെല്ലെ വെളിച്ചത്തിന് വഴിമാറും പോലെ...!!

വല്യമ്മാമ്മച്ചി മറ്റൊരത്ഭുദം കൂടി കാണിച്ചിട്ടുണ്ട്...

എനിക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ഒരു തലവേദന വന്നു. കണക്കു പഠിപ്പിക്കുന്ന സാബിറ ടീച്ചർ ഒന്നും ഒന്നും രണ്ടെന്ന് പറഞ്ഞപ്പോൾ ആയിരുന്നു അതിന്റെ തുടക്കം. എന്റെ മുഖത്തെ വാട്ടം കണ്ട്, എപ്പോഴും തെന്നിയിറങ്ങുന്ന സാരിത്തലപ്പ് ഒന്നൂടെ വലിച്ച് തലയിലേക്കിട്ട് ടീച്ചർ കാര്യമന്വേഷിച്ചു. 'തലവേദനയാ...' ഞാൻ ഉറക്കെ പ്രഖ്യാപിച്ചു. ഉച്ച കഴിയുന്പോൾ തുടങ്ങുന്ന തല വേദന പിന്നെയൊരു പതിവായി. ഡോക്ടർമാരെ മാറി മാറി കാണിച്ചു. ഒരു രക്ഷയുമില്ല. പഠിക്കാനുള്ള മടിയാണോ എന്നറിയാൻ അമ്മ പല വിധ ശ്രമങ്ങളും നടത്തിനോക്കി. അതിലൊന്നും ഞാൻ വീണില്ലെന്ന് മാത്രമല്ല, എനിക്ക് തലവേദനയാണെന്ന വാദത്തിൽ ഞാൻ ഉറച്ചു നിന്നു. അങ്ങനെ ടൗണിലെ ഐ സ്പെഷ്യലിസ്റ്റ് പറഞ്ഞിട്ടാണ് അമ്മ എന്നെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടു പോയത്. അവിടുത്തെ ന്യൂറോളജിസ്റ്റിന്റെ നിർദ്ദേശം അനുസരിച്ച്  അവരെന്റെ ബ്രെയിൻ ഗ്രാഫെടുത്തു. ഒരു മുറിയിൽ ഒറ്റയ്ക്കു കിടത്തി, തലയിലെല്ലാം പശ വച്ച് വയറുകൾ ഒട്ടിച്ച്... അങ്ങനെ എന്തൊക്കെയോ എനിക്ക് ഓർമ്മയുണ്ട്. റിപ്പോർട്ടുമായി ഡോക്ടറിന്റെ മുറിയിൽ പോയ അമ്മ പക്ഷെ കരഞ്ഞു കൊണ്ടാണ് ഇറങ്ങി വന്നത്. എന്റെ കൂടെ മുറിയ്ക് പുറത്തുണ്ടായിരുന്ന ലീലാമ്മച്ചിയോട് മാത്രം എന്തോ രഹസ്യമായി പറഞ്ഞ് അമ്മ എന്നെ ചേർത്ത് പിടിച്ച് ആശുപത്രിയ്ക്ക് പുറത്തെ ബസ് സ്റ്റോപ്പിലേയ്ക് നടന്നു... എനിക്കൊന്നും മനസ്സിലായില്ല !! അല്ലെങ്കിൽ മനസ്സിലാവാത്തത് എനിക്ക് മാത്രമായിരുന്നു.

ആ രാത്രി വീട്ടിലെ ഫോൺ ആകെ തിരക്കിലായിരുന്നു. അച്ഛൻ വിളിക്കുന്നു, അച്ചായി വിളിക്കുന്നു,  ലീലാമ്മച്ചി വിളിക്കുന്നു, അപ്പച്ചി വിളിക്കുന്നു... യാത്ര ചെയ്ത ക്ഷീണം കൊണ്ട് ഞാനന്ന് നേരത്തെ ഉറങ്ങി. ഉറക്കത്തിൽ ആരൊക്കെയോ സംസാരിച്ചു. എന്തൊക്കെയോ സ്വപ്നം കണ്ടു... അമ്മ കരയുന്നു, അമ്മാമ്മച്ചി കരയുന്നു, എന്റെ തലയിൽ പശയുള്ള വയറുകൾ ഒട്ടുന്നു....എനിക്കെന്തോ മാരക രോഗമുണ്ടെന്ന് ഉറപ്പായിരിക്കുന്നു... ഇനി ഞാനെങ്ങാൻ മരിച്ചു പോകുമോ??

തൊട്ടടുത്ത ദിവസം ഞാനും അമ്മയും കൂടി ഒരു ദൂരയാത്ര പോയി. മോളി അപ്പച്ചിയുടെ അടുത്തേയ്ക്ക്...അച്ഛന്റെ കുഞ്ഞമ്മയുടെ മകളാണ് മോളിയപ്പച്ചി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്ന് നേഴ്സ് ആയിരുന്നു അപ്പച്ചി. ഈ അടുത്ത കാലത്താണ് നഴ്സിംഗ് സൂപ്രണ്ട് ആയി വിരമിച്ചത്. തിരുവനന്തപുരത്തെത്തി അപ്പച്ചിയെയും കൂട്ടി മെഡിക്കൽ കോളേജിലെ ന്യൂറോ വിദഗ്ധൻ ഡോക്ടർ ഷാജി പ്രഭാകറിന്റെ വീട്ടിലേയ്ക്ക്. എന്റെ തലയിൽ നിന്ന് ഒപ്പിയെടുത്ത തിരമാലകൾ വരയ്ക്കപ്പെട്ട ബ്രെയിൻ ഗ്രാഫും ഉണ്ട്. ഡോക്ടർ എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചു, ഏതു ക്ലാസ്സിലാ പഠിക്കുന്നതെന്ന് ചോദിച്ചു, ഡാൻസ് ഇഷ്ടമാണോന്ന് ചോദിച്ചു... പിന്നെ തിരമാലകളിൽ കുറേ നേരം നോക്കിയിരുന്നിട്ട് ചിരിച്ചു. 'മോൾക്ക് ഒരു കുഴപ്പോമില്ല, അവൾക് മൈഗ്രേയ്ൻ ആണ്, കൊടിഞ്ഞി എന്ന് മലയാളത്തിൽ പറയും...പഠിത്തം മാത്രമാക്കണ്ട...വല്ല പാട്ടോ ഡാൻസോ ഒക്കെ പഠിപ്പിക്കാൻ വിട്ടോളൂ...അവള് നല്ലപോലെ എൻജോയ് ചെയ്ത് നടന്നോട്ടെ, മോൾക്ക് അസുഖമുണ്ടെന്ന് പറഞ്ഞവനെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്, എന്റെ സ്റ്റുഡന്റ് ആയിരുന്നു. ഇതാണോ അവൻ പഠിച്ചിട്ട് പോയതെന്ന് അന്വേഷിക്കണോല്ലോ...' പത്തു രൂപയിൽ ഒതുങ്ങുന്ന ഗുളികയും തന്നു അദ്ദേഹം ഞങ്ങളെ യാത്രയാക്കി...അമ്മയുടെ മുഖത്തെ കാറൊഴിഞ്ഞു. പിന്നെയാണറിഞ്ഞത് എനിക്ക് എപ്പിലപ്‌സി അഥവാ ചുഴലി ദീനമാണെന്നാണ് കോലഞ്ചേരിയിലെ ഡോക്ടർ പറഞ്ഞതെന്ന്. അയാൾ മരുന്നുകൾ തരുകയും ചെയ്തിരുന്നു. ഒരിക്കലും തല ചുറ്റി പോലും വീണിട്ടില്ലാത്ത കുട്ടിയ്ക് ചുഴലിയ്ക് മരുന്നു കൊടുക്കാൻ എന്തുകൊണ്ടോ അമ്മയിലെ പഴയ നേഴ്സ് സമ്മതിച്ചില്ലത്രെ. അങ്ങനെയാണ് അച്ഛനെ വിളിച്ച് പറഞ്ഞതും അപ്പച്ചിയുടെ അടുത്തേയ്ക്ക് വേഗം എത്തിയതും.  ഒരു പക്ഷെ ആ മരുന്ന് കഴിച്ചിരുന്നെങ്കിൽ സംഭവിക്കുന്നത് മറ്റൊന്നായേനേ...!!

എന്തായാലും കൊടിഞ്ഞി മാറ്റാനും ഒടുവിൽ വല്യമ്മാമ്മച്ചി തന്നെ വേണ്ടി വന്നു. അത്തവണ വല്യമ്മാമ്മച്ചി വിരുന്ന് വന്നത് കൈയിലൊരു ഒറ്റമൂലിയും കൊണ്ടാണ്. പിറ്റേന്ന് അതിരാവിലെ കുളിച്ച് വിളക്കു വച്ച് പ്രാർത്ഥിച്ചിട്ട് വല്യമ്മമ്മച്ചി എന്നെ അടുത്ത് വിളിച്ചു. എന്നിട്ട് നെറുകയിൽ എന്തോ ഒരില പിഴിഞ്ഞ് നീരിറ്റിച്ചു. അൽപ്പം നീര് നെറ്റിയിലും പുരട്ടി. അത്ര മാത്രം... തലവേദന പോയ വഴി അറിഞ്ഞില്ല. വല്യമ്മാമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ അത് എരുമേലിയും പന്പയും കടന്നങ്ങു ശബരി മലയ്ക്ക് പൊയ്ക്കളഞ്ഞു. പക്ഷെ ആ ഒറ്റമൂലി എന്തായിരുന്നെന്ന് മാത്രം ആരോടും പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഫലം പോകും ന്നാ...

വർഷങ്ങളുടെ ഏകാന്ത ജീവിതം വല്യമ്മാമ്മച്ചിയെ കല്ല് പോലെ ഉറപ്പുള്ളൊരു സ്ത്രീ ആക്കിയിരുന്നു. ഒന്നിനോടും പ്രത്യേകിച്ചൊരു മമതയില്ല. വലിയ സങ്കടമോ സന്തോഷമോ ഇല്ല. വലിയ ഇഷ്ടാനിഷ്ടങ്ങളില്ല. ആരോടും കൈനീട്ടാതെ, ആരെയും കൂസാതെ തന്നിലേയ്ക് തന്നെ ഒതുങ്ങി അവർ കാലം കഴിച്ചു. അവർ എട്ടു സഹോദരങ്ങളായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും മക്കളുടെയും പിന്നെ ഏഴു കൂടപ്പിറപ്പുകളുടെയും മരണം അവരുടെ കണ്മുന്നിലൂടെയാണ് കടന്നു പോയത്. കണ്ണ് നിറഞ്ഞു കണ്ടത് അമ്മാമ്മച്ചി മരിച്ചപ്പോൾ മാത്രമാണ്... 'ചാവെല്ലാം കാണാൻ എന്നെ മാത്രം ഇങ്ങനെ ഇരുത്തുന്നുന്നല്ലോ നാരായണാ'  എന്ന് മാത്രം ചിലപ്പോൾ പിറുപിറുക്കും.

വല്യമ്മാമ്മച്ചി തൊണ്ണൂറു കടന്നിട്ട് കാലം കുറേയെന്നാണ് അറിവ്. ഒരൽപം ഓർമ്മക്കുറവുണ്ട്. ചെവിയും കുറച്ച് പിന്നോട്ടാണ്.  മണ്ണിലേയ്ക് മാത്രം കുനിഞ്ഞ് ജീവിച്ചത്  കൊണ്ടാവണം കാലം അവരുടെ മുതുകിലൊരു വളവു കൊടുത്ത് മണ്ണിന് അഭിമുഖമാക്കിയത്. ഇപ്പൊ വല്യമ്മാമ്മച്ചി ഒരു വലിയ 'റ' പോലെയാണ് നടപ്പ്. എല്ലാ സഹോദരങ്ങളുടെ മക്കൾക്കും ചെറിയൊരു ഓഹരി വീതിച്ചു നൽകി,  വീടിരുന്ന സ്ഥലവും പറന്പും മൂത്ത ചേച്ചിയുടെ മകന് കൊടുത്തു. ഇപ്പോൾ അവരുടെ ഒപ്പമാണ് താമസം. ഇപ്പോൾ എവിടേയ്ക്കും വിരുന്നു പോകാറില്ല. എണ്ണയും കുഴന്പും പലഹാരങ്ങളുമൊക്കെയായി അമ്മ മാസത്തിലൊരിക്കൽ അങ്ങോട്ട് ചെല്ലാറുണ്ട്. മോളുണ്ടായപ്പോൾ അവളെ വല്യമ്മാമ്മച്ചിയെ കാണിക്കാൻ ഞാനും അമ്മയും കൂടി പോയിരുന്നു. കുഞ്ഞിനെ മടിയിൽ ഇരുത്തി നാലാം തലമുറ കണ്ട സന്തോഷത്തിൽ രണ്ടു പല്ലുകൾ മാത്രം അവശേഷിക്കുന്ന മോണ കാട്ടി ചിരിച്ചു.
പിന്നെ ഒരാഴ്ച കഴിഞ്ഞ് അമ്മ വിശേഷം തിരക്കാൻ വിളിച്ചപ്പോൾ 'നമ്മടെ ചിന്നുമോൾടെ കല്യാണം വല്ലോം ആയോടി?' എന്ന് അമ്മയോട് ചോദിച്ചെന്ന്...
'മറ്റേമ്മ മറന്നോ...അവളുടെ കുഞ്ഞിനെ കാണിക്കാൻ അല്ലേ ഞങ്ങള് കഴിഞ്ഞ ദിവസം വന്നതെ'ന്ന് ചോദിച്ച അമ്മയോട്... 'നീ എന്നോട് കള്ളം പറയുവാ...അവളുടെ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലല്ലോ' എന്നായി... കല്യാണം കൂടി ദക്ഷിണയും വാങ്ങി പോയ ആളാണ് കല്യാണം പറയാത്തതിൽ പിണങ്ങുന്നത്. വാർദ്ധക്യത്തിന്റെ പടു വികൃതികൾ !!

ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യ ജന്മം മുഴുവൻ ഉമിയിട്ട് നീറ്റികളഞ്ഞ ദൈവത്തോട് നമുക്ക് പോലും ദേഷ്യം തോന്നും, വല്യമ്മാമ്മച്ചിയെ കണ്ടാൽ. ആരോടും പരാതിയില്ലാതെ, ആകെയുള്ള രണ്ടു പല്ലു കൊണ്ട് മുറുക്കാൻ ചവച്ച്, നിർത്താതെ നാമം ജപിച്ച്, ഉള്ള കഞ്ഞി കുടിച്ച്, മരിച്ച ഓർമ്മകളുടെ ഭാരം പോലുമില്ലാതെ, എന്തിനെന്നറിയാതെ  കാലം കഴിക്കുന്ന ഒരു പാവം ഡാകിനിയമ്മൂമ്മ ഇന്നും ഈ വലിയ ലോകത്തിന്റെ ഒരു കുഞ്ഞിക്കോണിൽ ജീവിച്ചിരിപ്പുണ്ട്... കണ്ണിൽ വീണ കരടിന് പോലും തന്പുരാനെ പഴിക്കുന്ന, ഉണ്ടിട്ടും കണ്ടിട്ടും നിറയാത്ത, എന്റെ എന്റെ എന്ന് നാമം ജപിക്കുന്ന നമ്മളെല്ലാമുള്ള ഈ വലിയ ലോകത്ത് !!