2014, നവംബർ 22, ശനിയാഴ്‌ച

വെറുതെ


ഒരു കവിത ...
നിന്‍റെ മഴ തോര്‍ന്ന കണ്ണിന്‍റെ അങ്ങേ കോണില്‍  നിന്ന് 
ഊറ്റി എടുത്തു ഞാന്‍ -
ഹൃദയത്തില്‍ കോറിയിട്ട ഒരു കവിത 
വൃത്തം ഇല്ലാതെ 
അലങ്കാരം ഇല്ലാതെ 
എനിക്കും നിനക്കും മാത്രം അറിയുന്ന ഭാഷയിലെ 
അവസാന വാക്കും ചേര്‍ത്ത്
ഉരുക്കി എഴുതിയ കവിത...
കാത്തിരുപ്പിന്റെ  അര്‍ദ്ധ വിരാമങ്ങള്‍ക്ക് ഇടയില്‍ 
നീ എന്നോടും ഞാന്‍ നിന്നോടും പറയാതെ പോയ വാക്കുകള്‍ 
ചേര്‍ത്ത് വച്ച് മുഴുവനാക്കിയ ഒരു കവിത...

ചില സ്വപ്ന സഞ്ചാരങ്ങള്‍

കൃഷ്ണന്‍ ഇവിടെ വരാമെന്നാണ് പറഞ്ഞിരുന്നത്...
കാറ്റ് ഇലകള്‍ അനക്കാത്ത ഒരു വൈകുന്നേരം..
ഈ മരച്ചുവട്ടില്‍...
വീണിട്ടും വാടാത്ത ഇലകളില്‍ ഇരുന്നാണ് എന്നോട് സംസാരിച്ചത്
കൃഷ്ണന്‍ വന്നത് ഓടക്കുഴല്‍ എടുക്കാന്‍ മറന്നിട്ടാണ്
രാധയെവിടെ എന്ന ചോദ്യത്തിന് മറുപടി പറയാതെ ചിരിച്ചതില്‍
കള്ളമോ കുസൃതിയോ ഞാന്‍ കണ്ടില്ല

കൃഷ്ണന്‍ പിന്നെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി
ഞാന്‍ കേട്ടതേയില്ല
ഇന്നലെ കാലില്‍ തൊട്ടാവാടി തറഞ്ഞ വേദനയില്‍ ഞാന്‍ അപ്പോള്‍
കരയുകയായിരുന്നു....

കുട

"മീനച്ചൂടിന്റെ നെറുകില്‍ നിന്നുകൊണ്ട് സൂര്യന്‍ വിളിച്ചു പറഞ്ഞു 
നാളെ മഴയാണെന്ന്...
മഴ പലവട്ടം  ചതിച്ച പാടത്തിന്റെ വരമ്പില്‍ നിന്നപ്പോള്‍ വിശ്വാസം വന്നില്ല
എങ്കിലും വെറുതെ കുട എടുത്തു... 

ഇനി നാളെ വെയില്‍ മാത്രം ആണെങ്കിലും 
കറുത്ത ശീലക്കുട ഉപകരിച്ചേക്കും..."

വെളുത്ത കടല്‍

 പ്രണയം  ഉപ്പുവെള്ളം ആയിരുന്നു
 കുടിക്കും തോറും ദാഹം കൂട്ടുന്ന 
 കടലിന്റെ  നിറമുള്ള ഉപ്പുവെള്ളം.
കടല്ക്കരയിലിരുന്ന പെണ്ണിന്റെ 
മുറിവുകളില്‍ നീറ്റല്‍ പടര്‍ത്തി 
മരുന്നായി മാറിയ ഉപ്പുവെള്ളം !!

പിന്നെ പ്രണയം കടലായി...!
കുടിച്ചു വറ്റിക്കാന്‍ ആവാത്തത്ര
നിറഞ്ഞ, പരന്ന കടല്‍.
കടല്‍ക്കരയിലെ കാമുകനെ
ഒരു വേലിയേറ്റത്തില്‍ നനച്ച്
അവനു ഉപ്പിന്റെ രുചിയും മണവും കൊടുത്തിട്ട്
വെറും ഒരു തിരയായി
പതുങ്ങിക്കിടന്ന കടല്‍...

മുറിവുണങ്ങിയ പെണ്ണും കടലറിഞ്ഞ ആണും
തനിച്ചായപ്പോഴൊക്കെ കടല്‍ ചുവന്നു
പിന്നെ പതിയെ തെളിഞ്ഞ്‌ ചിരിച്ചു
തെളിഞ്ഞ കടലില്‍ പിന്നെ അവര്‍ യുഗങ്ങളോളം
ഒഴുകി നടന്നത്രേ !!

ഇത് വരെ പറയാത്തത്...

ഉച്ചവെയിലിനോടാണ്  പ്രണയം
പതിനാല് കടന്ന കാലം മുതല്‍
എങ്ങും തട്ടാതെ തടയാതെ തൂവിപോകാതെ
നേരെ വീഴുന്ന വെയിലിനോട്...
ഉച്ചിയിലെ വെളിച്ചെണ്ണ മെഴുക്കില്‍ കുതിര്‍ന്ന്
പിന്നെ പതിയെ പതിയെ താഴ്ന്നിറങ്ങി
എന്നെയും പ്രണയിച്ച വെയിലിനോട്....
ഉച്ചയൂണിനുള്ള മണിയടിയ്ക്കായി  കാത്തിരിക്കുമ്പോള്‍
ജനല്‍ പുറത്തു നിന്ന് തിടുക്കം കൂട്ടുന്ന വെയില്‍.
വല്യ പ്ലാവിന്‍റെ  തണലിനോട് തോറ്റു
മാളിക സ്കൂളിന്റെ പടിയില്‍ചെന്നു
കാത്തുനില്‍ക്കുന്ന വെയില്‍.
വയല്‍ കടന്നു തോട്ടിറമ്പില്‍ എത്തുംവരെ ഒപ്പം നടക്കുന്ന വെയില്‍.

വെയിലിനെ പ്രണയിച്ചു പ്രണയിച്ചു ഒടുവില്‍ വെയിലിന്റെ നാട്ടിലെത്തിയപ്പോള്‍
മഴകണ്ട് മതിയവാത്തവര്‍  വെയിലിനെ നോക്കി മുറവിളി കൂട്ടുന്നുണ്ടായിരുന്നു...
ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞിരുന്നു ഞാന്‍ അപ്പോളും  പറഞ്ഞു
എനിക്ക് ഇഷ്ടമാണെന്ന്...
പതിനാല് കടന്ന കാലം മുതലുള്ള അതേ ഇഷ്ടം !!

സ്വപ്നത്തിന്റെ മണം

അറുത്തിട്ട തേക്കിന്റെ  മണമായിരുന്നു മുറിയ്ക്ക് 
നെല്ലിന്റെ നിറവും 
കട്ടിലോ കസേരയോ മേശയോ ഇല്ലാതിരുന്നിട്ടും 
മുറിയ്ക്ക് തേക്കിന്റെ മണമായിരുന്നു 
തറയില്‍ മരത്തിന്‍റെ ചോര വീണ വഴുക്കലും... 
ഭിത്തിയോ  വാതിലോ ഇല്ലാതിരുന്നിട്ടും 
മുറി എന്നെ പൊതിഞ്ഞു നിന്നു 
നെല്ലിന്റെ നിറത്തില്‍......
മുറിയ്ക് പുറത്തു മണമില്ലാത്ത, നിറമില്ലാത്ത ലോകം 
മുറിയെ പൊതിഞ്ഞു നിന്നു 
കണ്ണ് തുറക്കുമ്പോഴും മുറിയ്ക്കുള്ളില്‍ 
അറുത്തിട്ട തേക്കിന്റെ മണമായിരുന്നു 
അതോ തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചിയുടെയോ... 
എന്തായാലും ഒരു ഞായറാഴ്ച്ച  തുടങ്ങിയത് 
അങ്ങനെ ആയിരുന്നു 

വിധി

അത്താഴക്കലം  എറിഞ്ഞുടച്ചിട്ട്
വിശപ്പിന്‍റെ കണ്ണില്‍ നോക്കി പറഞ്ഞു
വിധിയാണെന്ന്...

നീല ഞരമ്പിലെ രക്തം ചാല് കീറി 
ഒഴുക്കിയിട്ട് ജീവനോട് പറഞ്ഞു 
വിധിയാണെന്ന്...

അന്നാണ് ആദ്യമായി കവടികള്‍  ജയിച്ചതും 
ഞാന്‍ തോറ്റതും....!!!

തുന്നലുകള്‍

പഴയ ഉടുപ്പുകള്‍ അടുക്കി വച്ചിരുന്ന ഒരു പെട്ടി ഉണ്ടായിരുന്നു വീട്ടില്‍....., ഉടുപ്പുകളുടെ തുന്നലുകളെ കടന്നു ഞാന്‍ വളര്‍ന്നപ്പോള്‍ പിന്‍തള്ളപെട്ടവ. തുന്നലുകള്‍ വിടുവിച്ച് എനിക്കൊപ്പം വളരാന്‍ ശ്രമിച്ചവയാണ് ഏറ്റവും അടിയില്‍...:; തുന്നലുകള്‍ അയച്ചു തന്നിട്ടും ഒപ്പമെത്താന്‍ പറ്റാത്തവ അതിനു മുകളിലും. അങ്ങനെ  കീറിയതും മുഷിഞ്ഞതും പഴകിയതും ചെറുതായതും (?) ഒരുമിച്ച് ഒരു പെട്ടിയില്‍.. !! 
ഞായറാഴ്ചകളിലെ പതിവ് വൃത്തിയാക്കലില്‍ പെട്ടി പലവട്ടം തുറക്കപെട്ടു. അങ്ങനെ അപ്രത്യക്ഷമായ കുപ്പായങ്ങള്‍ പിന്നെ പാതകത്തിലെ കരി പുരണ്ടും തറയില്‍ തുളുമ്പി വീണ ചായയില്‍ കുതിര്‍ന്നും അവിടിവിടെ കാണാറുണ്ടായിരുന്നു.ചിലത് പുതുതായി വീട്ടിലേയ്ക്ക് കൊണ്ടുവന്നിരുന്ന നായ്കുട്ടികള്‍ക്കും മുയല്കുഞ്ഞുങ്ങള്‍ക്കും കിടക്കയായി.

കുപ്പായത്തിന്റെ തുന്നലുകളെ കടന്നു ഞാന്‍ വീണ്ടും വളര്‍ന്നത്‌ കൊണ്ട് പെട്ടി വീണ്ടും നിറഞ്ഞു , ഞായറാഴ്ചകള്‍ വരുന്നതുകൊണ്ട് വീണ്ടും ഒഴിഞ്ഞു.
ഓരോ ഉടുപ്പുകളും അപ്രത്യക്ഷമാവുമ്പോള്‍ അവയെ തള്ളിപ്പറഞ്ഞു വളര്‍ന്ന ശരീരത്തേക്കാള്‍ മനസ്സിനാണു വേദനിച്ചതെന്നു തോന്നുന്നു. പഴയ ചില തുന്നലുകള്‍ക്കിടയില്‍ കുരുങ്ങി കിടന്നു പിടയുന്ന നിറം മങ്ങിയ മനസ്സിന് മാത്രം....

ഒരു ചിലന്തിയുടെ ഓര്‍മ്മയ്ക്‌...

MBA രണ്ടാം സെമെസ്റെര്‍ എക്സാം നടക്കുമ്പോഴാണ് എന്നെ ചിലന്തി കടിച്ചത്. കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ തോന്നുമെങ്കിലും സംഗതി ഭീകരമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ environmental management ന്റെ എക്സാം നടക്കുന്നതിനു ഒരാഴ്ച മുന്‍പ്, എന്‍റെ കോളേജ് ഹോസ്റ്റലില്‍ വച്ച്.
Environment മാനേജ് ചെയ്യുന്നത് വിചാരിച്ചത്ര എളുപ്പമല്ലെന്ന് മനസ്സിലായപ്പോള്‍ പുസ്തകവും കൊണ്ടൊന്നു ചരിഞ്ഞതാണ്. പാതി ഉറക്കത്തില്‍ കൈയില്‍ എന്തോ വീണത്‌ പോലെ തോന്നി ചാടി എഴുന്നേറ്റു കൈകുടഞ്ഞു. ഒരു കുഞ്ഞു ചിലന്തി വലത്തേ കൈത്തണ്ടയില്‍ നിന്ന് തെറിച്ചു കട്ടിലില്‍ വീണു.  കണ്ടിട്ട് വല്യ കുഴപ്പക്കാരന്‍ ഒന്നുമല്ല. നല്ല കണ്ടുപരിചയവും ഉണ്ട്. എങ്ങനെയോ മുകളില്‍ നിന്ന് പിടിവിട്ടു വീണതാണ്. അതിന്റെ തെളിവായി പാതി വലയും ഉണ്ട് കൈയില്‍. ഇവരൊക്കെയും ഭൂമിയുടെ അവകാശികള്‍ ആണെന്ന് പ്രഖ്യാപിച്ച ബഷീറിനെ മനസ്സില്‍ വിചാരിച് ബെഡ് ഷീറ്റ്‌ എടുത്തു തട്ടി കുടഞ്ഞു. ചൂലോ ചെരുപ്പോ കാണാത്ത അത്ഭുതത്തില്‍ ഒരു നിമിഷം തറയില്‍ നിന്നിട്ട് ചിലന്തി അതിന്റെ വഴിക്ക് പോയി. 

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ദേഹത്ത് ചൂടുകുരു പോലെ എന്തോ ഒന്ന് കണ്ടു തുടങ്ങിയത്. മുഖത്തേയ്ക്കു കൂടി പടര്‍ന്നപ്പോള്‍ കൂട്ടുകാര്‍ ഉറപ്പിച്ചു... ഇതാണ് ചിക്കന്‍ പോക്സ്. പക്ഷെ അതെങ്ങനെ ശരിയാകും? അത് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കും അനിയനും ഒരുമിച്ചു വന്നു പോയതല്ലേ...??
ഇനി വരാന്‍ തീരെ വഴിയില്ല. ഒരു മുഖക്കുരു പോലും വരില്ല എന്ന് സ്വകാര്യമായ് അഹങ്കരിച്ചിരുന്ന മുഖത്ത് ഒരു നൂറെണ്ണം ഒരുമിച്ച് വന്നത് പോലെ ഉണ്ട്.വീട്ടില്‍ വിളിച്ചു കാര്യം പറഞ്ഞ ഉടനെ അമ്മ ചോദിച്ചു "ഇനി വല്ല ചിലന്തിയും കടിച്ചതാരിക്കുമോ??"

ഉള്ളില്‍ ഒരു ഫ്ലാഷ് ബാക്ക്... ഹേയ്...അത്രയും കുഞ്ഞു ചിലന്തി ഒന്ന് ദേഹത്ത് വീണാല്‍ ഇത്രയും വരുമോ? പക്ഷെ കൈത്തണ്ട നല്ലത് പോലെ ഒന്ന് നോക്കിയപ്പോള്‍ നൂറായിരം തരുതരുപ്പുകള്‍ക്കിടയില്‍ 2 ചുവന്ന കുത്തുകള്‍. 

 അങ്ങനെ ചിലന്തി കടിച്ച് spider girl  ആയി നില്‍ക്കുന്ന എന്നെ കാണാന്‍ പല മുറിയില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ വീട്ടില്‍ നിന്ന് വണ്ടിയുമെത്തി.
നേരെ വിഷഹാരിയുടെ അടുത്തേയ്ക്ക്... (ഈയിടെ സാള്‍ട്ട് & പെപ്പെര്‍ സിനിമയില്‍ ആദിവാസി മൂപ്പനെ കണ്ടപ്പോ എനിക്ക് ഈ വിഷഹാരിയെ ഓര്‍മ വന്നു. ) എന്ത് പറ്റി എന്നൊന്ന് ചോദിച്ചത് പോലുമില്ല. എന്നെ അടിമുടി ഒന്നുനോക്കി നേരേ അകത്തുപോയി. എന്നിട്ട് പഴയൊരു പത്രകടലസില്‍ എന്തൊക്കെയോ പൊതിഞ്ഞു കൊണ്ടുവന്നു 

       "സംഗതി ചിലന്തിയാ... ഇറച്ചിയോ മീനോ മറ്റോ കഴിച്ചിട്ടുണ്ട്. അതാ ഇത്രയും കൂടിയത്..."

ആര്? ഞാനോ അതോ ചിലന്തിയോ എന്ന് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും സാഹചര്യവും എന്‍റെ അവസ്ഥയും ശരിയല്ലാത്തത്  കൊണ്ട് ഞാന്‍ മൂളികേട്ടു. കാര്യം ശരിയാണ്. എന്നും പുല്ലു പുഷ്പാദികള്‍ മാത്രം തരുന്ന ഹോസ്റ്റലില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചിക്കന്‍ ബിരിയാണി തന്നിരുന്നു. അപ്പോള്‍ ചിലന്തിയും ചിക്കനും കൂടിയാണ് എന്നെ ഈ പരുവത്തില്‍ ആക്കിയത്.

ഇറച്ചി, മീന്‍, മുട്ട, ദോശ , ഇഡ്ഡലി, പപ്പടം, പുളിയിട്ടത്, എരുവിട്ടത്  ....അങ്ങനെ ഈ ലോകത്ത് മനുഷ്യന് കഴിക്കാന്‍ കൊള്ളാവുന്ന സകലത്തിന്റെയും പേര് ഒറ്റശ്വാസത്തില്‍ പറഞ്ഞിട്ട്, ഇതൊന്നും തൊട്ടുപോകരുത്‌ എന്ന് കൂടി പറഞ്ഞു വൈദ്യര്‍. ഒന്നും രണ്ടുമല്ല, പതിനഞ്ചു ദിവസത്തേയ്ക്ക്. എന്ന് വച്ച് വിശക്കുന്നു എന്ന് പറയാനും വകുപ്പില്ല, അതിനും കൂടി ഉള്ളതാണ് കഷായം വയ്ക്കാന്‍ പൊതിഞ്ഞു തന്നത്. ദേഹത്തെ അസ്വസ്ഥത കുറയാന്‍ ഒരു ഭസ്മവും. ഇനിയിപ്പോ ഭസ്മം പൂശിയാലും ഇല്ലെങ്കിലും environment management ഗോപി ആകുമെന്ന കാര്യത്തില്‍ തീരുമാനമായി. ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ മാനേജ് ചെയ്യാന്‍ വേറെ പല ബിസ്സിനെസ്സും ഉള്ളതു കൊണ്ട് തലേ ദിവസത്തെ അടിയന്തിര പഠനത്തിലാണ് പിടിച്ചു നിന്നിരുന്നത്. 


വീട്ടിലെത്തിയിട്ട് ആദ്യം ഓടിയത് കണ്ണാടിയുടെ മുന്നിലേയ്ക്കാണ്. എനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത രൂപം കണ്ടപ്പോ ഉറക്കെ നിലവിളിക്കാന്‍ തോന്നി.കഷായത്തിന്റെ കയ്പ്പും പരീക്ഷയുടെ ചൂടും ചിലന്തിയെ കൊല്ലാതെ വിട്ട കുറ്റബോധവും കൊണ്ട് കട്ടിലില്‍ ചുരുണ്ട് കിടന്നപ്പോള്‍ ചേട്ടന്‍റെ വക ഒരു ചോദ്യം " അടുത്ത കര്‍ക്കിടകം തികയ്ക്കുമോടി? " അസമയത്ത് തമാശ പറയുന്നത് പണ്ടേ  ചേട്ടന്‍റെ ശീലമായതു  കൊണ്ട് എനിക്ക് വല്യ ചിരിയൊന്നും വന്നില്ല. മാത്രമല്ല, ഇനി എങ്ങാനും ഞാന്‍ മരിച്ചു പോയാലോ എന്നൊരു തോന്നലും കൂടിയായി. 

അപ്പോള്‍ മരിച്ചു പോകുന്നതിനെക്കാള്‍ വിഷമം ആ രൂപത്തില്‍ മരിക്കുന്നതിലായിരുന്നു. ഛെ !! ചിലന്തി  കടിച്ചു മരിച്ചു എന്നൊക്കെ പറയേണ്ടി വന്നാല്‍ ഉണ്ടാവുന്ന നാണക്കേട് ഓര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും നിലവിളിക്കാന്‍ തോന്നി. എന്തായാലും പിറ്റേന്ന് പോയി പരീക്ഷ എഴുതി. വിശേഷം തിരക്കാന്‍ വന്ന കൂട്ടുകാരെല്ലാം സ്നേഹത്തോടെ ചോദിച്ചു "നിന്നെ കടിച്ചിട്ട് ആ ചിലന്തിയ്ക് വല്ലോം പറ്റിയോ?? " നല്ല വകതിരിവുള്ള കൂട്ടുകാര്‍. മരിച്ചു പോകും എന്നൊരു പേടി ഉള്ളില്‍ കിടന്നത് കൊണ്ട് ഞാന്‍ ആരോടും തര്‍ക്കുത്തരം പറയാന്‍ നിന്നില്ല. 

 ഇപ്പോള്‍ വിഷം ഇറങ്ങിയാലും അടുത്ത കൊല്ലം ഇതേ സമയം വീണ്ടും വരുമെന്നൊക്കെ ചിലര് പറയുന്നതും കേട്ടു. നല്ല കൃത്യനിഷ്ഠയുള്ള ചിലന്തി. വിഷഹാരി പറഞ്ഞതനുസരിച്ച് ഇനിയും രണ്ടു ആഴ്ചയെടുക്കും ഞാന്‍ spider പോയി വെറും ഗേള്‍ ആവാന്‍. (ഇതിനിടയില്‍ പലതവണ രഹസ്യമായി ഞാന്‍ ഭിത്തിയിലെയ്ക്കൊക്കെ കൈചൂണ്ടി നോക്കിയിരുന്നു, ഒന്നും സംഭവിച്ചില്ല)
അങ്ങനെ ഇരുന്നപ്പോളാണ് കൂടുകാരിയുടെ അമ്മ ചിലന്തി അമ്പലത്തില്‍ പോകാന്‍ പറഞ്ഞത്.


പത്തനംതിട്ട ജില്ലയിലാണ് 'ചിലന്തി അമ്പലം'.ചിലന്തി വിഷം ഇറക്കുന്നതില്‍ പേരുകേട്ട അമ്പലം. ദേവി  ആണ് പ്രതിഷ്ഠ എങ്കിലും അമ്പലം അറിയപ്പെടുന്നത് ചിലന്തി അമ്പലം എന്നാണ്. പോയി കണ്ടില്ലെങ്കില്‍ ഞാനും വിശ്വസിക്കില്ലയിരുന്നു. (വേണമെങ്കില്‍ ഒന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തോളു) വെളുപ്പിനെ കുളിച്ചു വെള്ളം പോലും ഇറക്കാതെ വെറും വയറ്റില്‍ ചെല്ലണം. പൂജ കഴിഞ്ഞു തീര്‍ഥവും നേദിച്ച പഴവും അതിന്‍റെ മേല്‍ കുറെ ഭസ്മവും പ്രസാദമായി തരും.  അതുതന്നെയാണ് മരുന്നും. സംഗതി എന്തായാലും വെറും മൂന്നു ദിവസം കൊണ്ട് ഞാന്‍ പഴയ ഞാന്‍ ആയി. വര്‍ഷാവര്‍ഷം ഒരു ഓര്മ പുതുക്കല്‍ ഉണ്ടാകുമെന്ന് പലരും പറഞ്ഞെങ്കിലും ഇതുവരെ അതും ഉണ്ടായില്ല....അതിലും രസം second semester റിസള്‍ട്ട്‌ വന്നപ്പോ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ environmental  management ന്.


സത്യം പറഞ്ഞാല്‍ ആ പഴയ ചിലന്തിയെ ഇന്ന് ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. പനി പിടിച്ചു ഈ അറബി നാട്ടിലെ ഫ്ലാറ്റില്‍  തനിച്ചു ഇരിക്കുമ്പോഴാണ് ജീവനില്ലാത്ത ചുമരുകള്‍ കണ്ടത്. ഒരു ഉറുമ്പോ പല്ലിയോ പാറ്റയോ ചിലന്തിയോ ഒന്നുമില്ലാത്ത ചുമരുകള്‍...(ഇതിനെ വല്ലതും കണ്ടിരുന്നെങ്കില്‍ 6  മാസത്തെ ഗ്യാരണ്ടി പറഞ്ഞു pest control ചെയ്തു 120 ദിര്‍ഹം വാങ്ങി പോയവനെ എന്‍റെ roomate നമ്മുടെ  രാഷ്ട ഭാഷയില്‍  ചീത്ത വിളിച്ചേനെ) .
തനിച്ച്‌ ഇരിക്കുമ്പോഴൊക്കെ ഈ മുറിയില്‍ എന്തിന്റേയോ ഒരു കുറവുള്ളത് പോലെ തോന്നിയിരുന്നു. കാരണം മനസ്സിലായത് ഇന്നാണ്. എന്റെ പനിയുള്ള ശ്വാസവും ഇടയ്ക്കിടയ്ക് തിരക്ക് കൂട്ടുന്ന നെഞ്ചിടിപ്പും ഒഴിച്ചാല്‍ ഈ മുറിയില്‍ ജീവനില്ല.

കുളിമുറിയുടെ തണുത്ത കോണില്‍ ഒളിച്ചിരിക്കുന്ന കുഞ്ഞി തവള ഇല്ല, ഒരു മുട്ടയ്ക്കുള്ളില്‍ ഒരായിരം ജീവന്‍ നെഞ്ചില്‍  അടക്കിവച്ച അഹങ്കാരത്തില്‍ താഴേയ്ക്ക് തുറിച്ചു നോക്കി ഇരിക്കുന്ന എട്ടുകാലി ഇല്ല, ആവശ്യത്തിനും അനാവശ്യത്തിനും പറയുന്നതൊക്കെ  ഏറ്റു പിടിക്കാന്‍ പല്ലികളില്ല, വാഴയിലയുടെ അടിയില്‍ നിന്നും പറന്നു രാത്രി സന്ദര്‍ശനത്തിനു മുറിയില്‍ എത്തുന്ന മിന്നാമിനുങ്ങുകള്‍ ഇല്ല. പണവും കൊണ്ട് കയറി ഇറങ്ങുന്ന കാക്കത്തൊള്ളായിരം ഉറുമ്പുകള്‍ ഇല്ല...ഇവിടെ ജീവനേ ഇല്ല... !!!


പ്രിയപ്പെട്ട ചിലന്തി, നിന്നെ ഇന്ന് കണ്ടിരുന്നെങ്കില്‍ സത്യമായും ഞാന്‍ നിനക്ക്  മാപ്പ് തന്നേനെ... കാരണം ഇവിടെ ഞാന്‍ തനിച്ചാണ്, മറ്റൊരു  ജീവന്റെ വില ആരെക്കാളും  നന്നായി മനസ്സിലാകും വിധം തനിച്ച്‌....!!!

പൂർണ്ണ വിരാമം

ചുരുക്കെഴുത്തിനോടായിരുന്നു പ്രിയം... 
പകുതി പിശുക്കി പറഞ്ഞും 
മറുപകുതി ഊഹിക്കാൻ വിട്ടും 
ചുരുക്കെഴുത്ത് വളർന്നു

ചുരുക്കെഴുത്തിനോടുള്ള  പ്രിയം
കൂടിയത് കൊണ്ട് 
ആത്മഹത്യാ കുറിപ്പും 
ഒരു വെറും 'കുത്തി' ൽ ഒതുങ്ങി...
പൂർണ്ണ വിരാമം.

2014, നവംബർ 20, വ്യാഴാഴ്‌ച

മഴ


മുറ്റത്തെല്ലാം ഓടി നടന്ന് പതം പറഞ്ഞു
ഉമ്മറത്തും കയറി വന്നു
വാതില്‌ കടക്കാൻ ധൈര്യമില്ലാതെ
തിരിഞ്ഞോടി ഒരു അനിയത്തി മഴ 

2014, നവംബർ 16, ഞായറാഴ്‌ച

കാറ്റ്...


വൃശ്ചികത്തിന്റെ പകലോർമ്മകളിൽ ഒരു തണുപ്പൻ കാറ്റ് മൂളി നടക്കുന്നു. റബ്ബർ മരങ്ങൾക്കിടയിലൂടെ, മണ്‍ വഴി പിന്നിട്ട് റ്റൂഷൻ ക്ലാസിന്റെ പടിക്കെട്ട് വരെ പിന്നാലെ കൂടുന്ന കാറ്റ്.

സന്ധ്യകളിൽ തോട്ടിൽ മുങ്ങി വിറയൽ മാറാതെ വീട്ടിലേയ്ക്ക് ഓടുമ്പോഴും മണ്ഡലകാലത്തെ ദീപാരാധന തൊഴാൻ  അമ്പല മുറ്റത്ത്‌ നിൽക്കുമ്പോഴും തൊട്ടും തൊടാതെയും ചുറ്റി നടക്കുന്ന കാറ്റ്. ചുറ്റ് വിളക്കിലെ ലക്ഷം തിരികളെ തൊട്ടു നോക്കാൻ മടിച്ചു നിൽക്കുന്ന കാറ്റ്


ഇരുട്ട് കനക്കും മുന്നേ കല്ല്‌ പാകിയ ഇടവഴി ഓടിയിറങ്ങുമ്പോൾ കരിയില ഇളക്കി വെറുതെ ഭയപ്പെടുത്തിയ കാറ്റ്. വിദൂരതയിൽ നിന്നെങ്ങോ ഒരു ശരണം വിളി കൊണ്ട് വന്നു വീടെത്തുവാനുള്ള ധൈര്യവും തന്നു, അതേ കാറ്റ്...

ആ കാറ്റിൽ തണുപ്പും, ഭയവും, ഭക്തിയും കുസൃതിയും പ്രണയവും ഉണ്ടായിരുന്നു. ധാന്വന്തരം  കുഴംബിന്റെ മണമുള്ള, എന്റെ മുത്തശ്ശിയും...2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ബലി

നുകത്തിന്റെ അറ്റത്ത്‌ നിന്ന് കുതറിയോടിയ കാള ദൈവത്തോട് പറഞ്ഞു ഇനി ഞാൻ ബലിയാകാം. ദൈവം സമ്മതിച്ചു. പാടത്തിന്റെ ചെളിയും ചുവയും ഒഴുക്കിൽ കളഞ്ഞ് കാള ബലിതറയിൽ വന്നു. പുരോഹിതൻ ദൈവത്തോട് സ്വകാര്യം പറഞ്ഞു. കാള കാത്തുനിന്നു. ഒടുവിൽ  ബലിതറ ചുവന്നു. നുകത്തിന്റെ ഭാരം ഇല്ലാത്ത യാത്രയിൽ പുരോഹിതൻ ദൈവത്തോട് പറഞ്ഞ സ്വകാര്യo  കാളയും അറിഞ്ഞു. ഇത് ബലി തറ  ഉടയ്ക്കും മുൻപുള്ള  അവസാനത്തെ ബലിയാണ്..നുകത്തിൽ നിന്ന് ഓടിയെത്തുന്ന അവസാനത്തെ മൃഗവും.

മേശ

 മേശ വലിപ്പിന് പാരസിറ്റമോൾ ഗുളികയുടെ മണമായിരുന്നു. (അല്ലെങ്കിലും എന്റെ ഓര്മകളുടെ എല്ലാം തുടക്കം ഏതെങ്കിലുമൊക്കെ ഗന്ധങ്ങളിൽ നിന്ന് തന്നെ ആണ്) അതിന്റെ ഉള്ളിൽ പലചരക്കിന്റെയും  ചിട്ടികളുടെയും കണക്കെഴുതിയ  അമ്മയുടെ പഴയ  ബുക്കുകൾ, ഇല്ലന്ടുകളിലും കാർഡുകളിലുമായി ചില കത്തുകൾ, അച്ഛൻ കൊണ്ടുവന്ന ലെറ്റർ പാഡിന്റെ അവശേഷിപ്പുകൾ, റബ്ബർ ബാൻഡുകൾ, സേഫ്റ്റി പിന്നുകൾ, കത്രിക, സൂചിയും നൂലും,ക്യാപ് കളഞ്ഞു പോയ പേനകൾ, തീരാറായ അമൃതാഞ്ജൻ കുപ്പി, പഴയ നാണയങ്ങൾ  തുടങ്ങി ഒരായിരം വസ്തുക്കൾ അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്നു. കളഞ്ഞു പോകുന്നത്  അടുക്കളയിലെ മീൻ ചട്ടി ആണെങ്കിലും അന്വേഷണം ഈ മേശ വലിപ്പിലും എത്തും ... എല്ലാം ഇതിലുണ്ട് എന്ന് തോന്നിപ്പിച്ച് മേശ നല്ല കനത്തിൽ കിടന്നു. വീടുകൾ പലതു മാറിയിട്ടും  സ്ഥാനം പലതു മാറിയിട്ടും വിരിപ്പുകൾ മാറിയിട്ടും ഉള്ളടക്കങ്ങൾക്ക് മാറ്റമില്ലാതെ മേശ വീടിന്റെ
ഹൃദയം കാത്തു കിടന്നു

പഠിത്തവും പകൽക്കിനാവും  കുഴഞ്ഞു മറിഞ്ഞ പ്രായത്തിൽ മേശയിൽ കോമ്പസ്സ് കൊണ്ട് ഒരു പേര് എഴുതിപ്പോയി. പിന്നെ തെളിവ് നശിപ്പിക്കാൻ അതിനു മേലെ ബ്ലേഡ് കൊണ്ട് ചുരണ്ടിയ പാട് കാലം ഏറെ കഴിഞ്ഞിട്ടും മേശയോട് സന്ധി ചെയ്യാതെ  മാറി നില്ക്കുന്നുണ്ട്. പിന്നെ കറന്റ്‌ ഇല്ലാതിരുന്ന മഴക്കാല രാത്രികളുടെ ഓർമ്മയുമായി ഉരുകിവീണ മെഴുകുതിരി പാടുകൾ.

അമ്മയ്ക്ക് കല്യാണം കഴിഞ്ഞ കാലത്ത് കിട്ടിയ തെക്കിന്റെ വലിയ അലമാരിക്കൊപ്പം വന്നു എന്നതാണ് മേശയെക്കുറിച് ആകെ കേട്ട ഒരു കഥ. വല്യ കഥയൊന്നും ഇല്ലാത്ത മേശക്കുള്ളിൽ ഒരു വീടിന്റെ കഥയുണ്ടായിരുന്നു.
അതുകൊണ്ടാണ് കളഞ്ഞു പോയ പലതിനും വേണ്ടി ഇപ്പോഴും മനസ്സ് ആ മേശയ്ക്കുള്ളിൽ പരതുന്നത്, ഇത്ര ദൂരെയായിരുന്നിട്ടും...!!.