2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

പനി
........

പനിക്കിടക്കയിലെത്തിയ ചുക്കുകാപ്പി
ഊതിയിറക്കിയപ്പോഴാണ്‌
പത്താണ്ടു കഴിഞ്ഞിന്നലെ നീ
തൊണ്ടയിൽ വന്നു കുരുങ്ങിയത്
പുകഞ്ഞു നീറിയത്...

പത്താണ്ടു കഴിഞ്ഞിന്നലെയാണ്
കുരുമുളക് വള്ളികളെ വീണ്ടുമോർത്തത്
തൊപ്പിയിട്ട അടയ്ക്കകളെ ഉണങ്ങാനിട്ടത്
കച്ചോലം മണത്തത്...

പത്താണ്ടു കഴിയിന്നലെയാവണം
തൂക്കുപാത്രമെടുത്ത് വരന്പു മുറിച്ചത്
ചെരുപ്പ് വള്ളിയിടാൻ
കുനിഞ്ഞിരുന്നത്...
നിന്റെ കുടയ്ക്കകത്തും പുറത്തും
മഴ വന്നത്
തോർത്തും മുന്നേ പനി വന്നത്
ഇല്ലിക്കൂട്ടത്തിലൊരു കുളക്കോഴി പമ്മിയത്

പത്താണ്ടു കഴിഞ്ഞിന്നലെയാണ്
അടുക്കിൽ നിന്നൊരു പുതപ്പെടുത്തത്‌
നിന്നെ പുതച്ചത്
ചുരുണ്ടുറങ്ങിയത്
നിന്റെ ഉമ്മകൾക്കിപ്പോഴും പനിയുണ്ടെന്ന്
പിച്ചു പറഞ്ഞത്
പനി കടുത്തത്....!!
















2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

മാന്ത്രിക പരവതാനി

ഇതൊരു സത്യമായ കഥയാണേ. പക്ഷേ ആരും വിശ്വസിക്കൂല്ല. അതങ്ങനാ. ചില സംഭവങ്ങള് കേട്ടാ കഥയാന്നു തോന്നും, ചില കഥകള് കേട്ടാ കള്ളവാന്നും.  എന്നാലും പറയാം.

ഞായറാഴ്ച്ച രാവിലെ വിജയൻ സാറിന്റെ വീട്ടിൽ നിന്ന് ഇംഗ്ലീഷ് ഗ്രാമറിന്റെ റ്റ്യൂഷൻ  കഴിഞ്ഞിറങ്ങിയതാണ്. പഠിക്കുന്നത് മലയാളം മീഡിയത്തിലാണേലും ഇംഗ്ലീഷിന് നല്ല അടിസ്ഥാനം വേണംന്ന് അമ്മയ്ക്ക് നിർബന്ധമാരുന്നു. അതിനാണീ റ്റ്യൂഷൻ. ബാക്കി എല്ലാത്തിനും വേറെ റ്റ്യൂഷൻ ഉണ്ട്. അത് സ്കൂളുള്ള ദിവസം രാവിലെയാണ്. ബിന്ദു ചേച്ചിയ്ക് തോന്നിയാ ചിലപ്പോ വൈകിട്ടുമാക്കും. അതുപിന്നെ വീടിന്റെ അടുത്ത് തന്നായത് കൊണ്ട് ഒത്തിരി നടക്കുകേം വേണ്ട. ഇത് പക്ഷേ ശനീം ഞായറുമാണ്. വെളുപ്പിനെ ആറുമണിയ്ക്ക് എഴുന്നേറ്റ് പോരണം. ഒത്തിരി നടക്കാനുണ്ട്. തിരിച്ചു വരുന്പോ ഒൻപത് മണി കഴിയും.

രാവിലെയൊരു നെയ്‌ക്കാപ്പി കുടിച്ചിട്ട് പോന്നതാണ്. എന്നെ എങ്ങനേലുമൊന്നു നന്നാക്കാൻ അമ്മ തരുന്നതാ. ചൂട് കട്ടൻ കാപ്പിയിൽ നല്ല പശുവിൻ നെയ്യൊഴിക്കും. കാപ്പിയുടെ മുകളിൽ നെയ്യ്‌ വളയങ്ങളിങ്ങനെ തിളങ്ങി കിടക്കും. നല്ലോണം ഊതികുടിച്ചില്ലേൽ നാക്ക് പൊള്ളും. ആദ്യമാദ്യം നെയ്യ് മാത്രേ വായിൽ വരൂ. പിന്നെ പിന്നെ കാപ്പിയും നെയ്യും ഒരുമിച്ച് വരും. അപ്പഴാണ് രസം. നെയ്‌മീശയും വച്ചാണ് വീട്ടീന്നിറങ്ങിയത്. പക്ഷെ മണിക്കൂറൊരുപാട് കഴിഞ്ഞില്ലേ. വിശന്നിട്ട് കണ്ണ് കാണുന്നില്ല. റബ്ബർ മരങ്ങൾക്കിടയിലൂടെ പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന ടാർ റോഡാണെങ്കിൽ നടക്കും തോറും നീണ്ടു നീണ്ടു വരുന്നു.

അപ്പോഴാണ് അത് സംഭവിച്ചത്... മന്ത്രം ചെല്ലി വിളിച്ചത് പോലെ, അലാവുദീൻ കഥകളിലെന്ന പോലെ, സ്വപ്നത്തിലെന്ന പോലെ  ദാ വരുന്നു ഒരു പരവതാനി. വെറും പരവതാനി അല്ല...മാന്ത്രിക പരവതാനി.

ആദ്യമായിട്ടാണ് കാണുന്നതെങ്കിലും എനിക്ക് ഒറ്റ നോട്ടത്തിൽ പിടി കിട്ടി. എത്ര ചിത്ര കഥകളിൽ കണ്ടിരിക്കുന്നു!! എല്ലാരുടേം അടുത്തൊന്നും വരില്ല. അതൊരു ഭാഗ്യമാണ്. നമ്മൾ അതിന്റെ ഒത്ത നടുവിൽ കയറിയിരിക്കുക, പോകേണ്ട സ്ഥലം മനസ്സിൽ വിചാരിക്കുക. കണ്ണടച്ച് തുറക്കും മുന്പ് നമ്മളവിടെ എത്തും. നമ്മക്കല്ലാതെ വേറെ ആർക്കും കാണാനും പറ്റില്ല. മാന്ത്രിക പരവതാനിയിലൊരു യാത്ര ഒരുപാട് വട്ടം മനസ്സിൽ സങ്കല്പ്പിച്ചിരുന്നതു കൊണ്ട് എന്താ ചെയ്യണ്ടെന്ന് എനിക്ക് അറിയാരുന്നു. അരികിൽ വർണ്ണ തൊങ്ങലുകൾ പിടിപ്പിച്ച പരവതാനിയുടെ നടുവിലെ ചുവന്ന വൃത്തത്തിൽ ഞാൻ കയറി ഇരുന്നു. എന്നിട്ട് പകുതി ഓടിട്ട, മറു പകുതി വാർത്ത എന്റെ വീടിന്റെ മുകൾ ഭാഗം സങ്കല്പ്പിച്ചു. പരവതാനി മെല്ലെ പറന്നു പൊങ്ങി. ആദ്യമൊന്ന് ഉള്ളാന്തിയെങ്കിലും യാത്ര തുടങ്ങിയപ്പോ രസം പിടിച്ചു. എന്റെ ആദ്യത്തെ ആകാശയാത്ര അങ്ങനാരുന്നു.

റബ്ബർ തോട്ടങ്ങളും മൺവഴികളും പാടവും തോടും കടന്ന് പരവതാനി എന്റെ വീടിനു മുന്നിലെത്തി. പരവതാനിയിലെ വെൽവെറ്റ്‌ പൂക്കളിൽ തൊട്ട് തലോടിയും വെള്ള മേഘങ്ങളെ ഇടയ്‌ക്കൊക്കെ പിച്ചി നോക്കിയും ഇരുന്നത് കൊണ്ട് വീടെത്തിയത് ഞാൻ അറിഞ്ഞതേ ഇല്ലായിരുന്നു. വീട്ടു പടിക്കൽ ആരുടെയോ തല വെട്ടം കണ്ട ഉടനെ എന്നെ താഴെ നിരത്തി പരവതാനി അപ്രത്യക്ഷമായി. വിശ്വാസം വരുന്നില്ലാല്ലേ...ഇതാ ഞാൻ ഇതൊന്നും ആരോടും പറയാത്തത്.

എന്തായാലും പരവതാനിയുടെ വരവ് പിന്നെയൊരു പതിവായി. വെളുപ്പാൻകാലത്ത് ട്യൂഷന് പോകുന്പോഴോണ് കൂടുതലും വരാറ്. ചിലപ്പോൾ കൊക്കോക്കായ കൊടുക്കാൻ ആഴ്ചയിലൊരിക്കൽ കവലയിൽ പോകുന്പോഴും. അല്ലെങ്കിലും പറന്പിലെ കൊക്കോക്കായ എന്റെ അവകാശമാണ്. അത് വിറ്റ് കിട്ടുന്ന പൈസയെല്ലാം ചേർത്ത് എനിക്കൊരു പോസ്റ്റ് ഓഫീസ് സേവിങ് വരെ ഉണ്ട്.

മാന്ത്രിക പരവതാനി ഞാൻ മനസ്സിൽ വിചാരിക്കുന്പോഴേ മുന്നിലെത്തും. ഞാനതിൽ ഇരുന്നിങ്ങനെ പറന്ന് പറന്ന്... വേറെ ആർക്കും പരവതാനി കാണാൻ പറ്റില്ല...മാന്ത്രിക പരവതാനി അല്ലേ !! കാണുന്നവർക്കൊക്കെ ഞാൻ നടന്നു പോകും പോലെയേ തോന്നൂ. നാട്ടുകാര് പലരും അമ്മയോട് പരാതി പറഞ്ഞു "കൊച്ച് ഈ ലോകത്തെങ്ങുമല്ലാട്ടോ ചേച്ചി...മാനം നോക്കി ഒറ്റ നടപ്പാ...മുഖത്ത് നോക്കിയാ കൂടി ചിലപ്പോ ചിരിക്കില്ല''. അത് കേട്ടിട്ട് അമ്മ ഒച്ചയെടുക്കാൻ വരും "നീയെന്തടി മനുഷ്യരെ കണ്ടിട്ടില്ലേ...എന്തുവാ ഇത്ര കിനാവ്‌ കാണാൻ?" ഞാൻ ചുമ്മാ നിന്ന് ചിരിക്കും. എന്നിട്ടും ഞാൻ പരവതാനിയുടെ രഹസ്യം മാത്രം ആരോടും പറഞ്ഞില്ല. ആരോടേലും പറഞ്ഞാൽ പിന്നെ ചിലപ്പോ അത് വന്നില്ലെങ്കിലോ...മിക്ക കഥകളിലും അങ്ങനാ...!

മാന്ത്രിക പരവതാനി കിട്ടിയ സ്ഥിതിയ്ക് ഇനി അടുത്തതായി ദൈവം പ്രത്യക്ഷപ്പെടുമെന്നും എനിക്ക് ഉറപ്പായിരുന്നു. അതിനു പക്ഷേ നമ്മള് തപസ്സ് ചെയ്യണം. വിറകുപുരയുടെ ഒതുക്കമുള്ള കോണിലിരുന്ന് ഞാൻ പണ്ടൊന്ന്  തപസ്സു ചെയ്യാൻ നോക്കിയതാരുന്നു. അപ്പോഴേയ്ക്കും ഇപ്പൊ തന്നെ മുട്ടയിടണം ന്ന് പറഞ്ഞ് അമ്മാമ്മേടെ കറന്പിക്കോഴി കൊക്കി കൊക്കി കേറി വന്നു. തപസ്സ് ചെയ്യുന്ന എന്നെ തുറിച്ച് നോക്കി ഒരു കൂസലുമില്ലാതെ അവള് അടുക്കി വച്ച വിറകിനു മുകളിൽ വിരിച്ച വെള്ള ചാക്കിൽ കയറി ഇരുന്നു. എന്നിട്ടും എന്റെ തപസ്സിളകിയില്ല. പക്ഷേ ലോകത്ത് വേറൊരു ജീവിയും അന്നുവരെ  മുട്ട ഇട്ടിട്ടില്ലാത്ത ഭാവത്തിൽ അവള് കാഴ്ച്ച  കാണിക്കാൻ ആളെ വിളിച്ച് കൂട്ടിയതാ പ്രശ്നമായത്. മുട്ട എടുക്കാൻ വന്ന അമ്മാമ്മ എന്നെ കൈയോടെ പിടിക്കുകയും വല്ല പാന്പോ പഴുതാരയോ കാണും പെണ്ണേ ന്ന് പറഞ്ഞ് നിർദയം ഇറക്കി വിടുകയും ചെയ്തു...!! തോട്ടിൻ കരയിലെ താന്നിമരത്തിന്റെ ചുവട്ടിൽ നടത്തിയ  അര മണിക്കൂർ നീണ്ട തപസ്സ് നശിപ്പിച്ചത്, പറന്പിലെ കരിയില മൊത്തം  ഇളക്കി അണലിയുടെ പോസും കാണിച്ച് വന്ന ഒരു പേട്ട് അരണയായിരുന്നു. പക്ഷേ മാന്ത്രിക പരവതാനി പോലെ ഞാൻ സ്വപ്നം കണ്ട കാര്യങ്ങൾ ഒക്കെ അടുത്തടുത്ത് വരുന്നത് കൊണ്ട് ദൈവവും ഉടനെ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിക്കുമെന്നാണ് എന്റെ ഒരു തോന്നൽ. അപ്പൊ ചോദിക്കാനുള്ള മൂന്നു വരങ്ങളും ഞാൻ കരുതി വച്ചിട്ടുണ്ട്. ഇനി ചിലപ്പോൾ ദൈവം ഒറ്റ വരമേ തരൂ. അങ്ങനാണേൽ എന്ത് ചോദിക്കണമെന്നും ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്.

ഞാനും എന്റെ പരവതാനി യാത്രകളും അങ്ങനെ മുടക്കമില്ലാതെ പോകുന്ന കാലമാണ്... അപ്പോഴാണ് ഒരു സംഭവമുണ്ടായത്. നെയ്യ് കാപ്പീം കുടിച്ച്, മഞ്ഞു കൊള്ളാതിരിക്കാൻ അമ്മ തന്ന ഷാളും തലയിൽ ഇട്ട് ഞാനിങ്ങനെ നടക്കുകയാണ്. കുത്തുകല്ലിറങ്ങാൻ തുടങ്ങിയപ്പോഴേ ഞാൻ പരവതാനിയെ വിളിച്ചു. ഒരു നിമിഷം പോലും താമസിക്കാതെ പരവതാനി എത്തി. ഞാൻ വിളിക്കാത്ത നേരത്തൊക്കെ പരവതാനി എവിടെ പോകുന്നുവെന്ന് ഞാൻ ആലോചിക്കാറുണ്ട്. ഇനി വേറെ ആരുടെയെങ്കിലും അടുത്ത് പോകുന്നുണ്ടാരിക്കുവോ? പക്ഷേ അങ്ങനെയെങ്ങാനും പോകുന്പോ ഇടയ്ക്ക് ഞാൻ വിളിച്ചാൽ എന്ത് ചെയ്യും? അപ്പൊ വേറെ എങ്ങും പോകാൻ വഴിയില്ല. അങ്ങനോരോ വിചാരത്തിൽ ഞാൻ യാത്ര ചെയുന്പോ ദാ മുന്നില് വല്യ ഒരു ചേട്ടൻ!! അമ്മാമ്മ കപ്പളങ്ങ കുത്തിയിടാൻ വച്ചേക്കുന്ന തോട്ടി പോലെ ഒരാൾ. അയാളിങ്ങനെ കുത്ത് കല്ല് കയറി എതിരേ വരുന്നു. പരവതാനിയിൽ ഇരുന്നത് കൊണ്ടാണ് ഞാൻ അയാളുടെ മുഖം കണ്ടത്.അത്രയ്ക്കുണ്ട് പൊക്കം.  കൈയിൽ വലിയൊരു തൂക്കു പാത്രം ഉണ്ട്. മിൽമയിൽ പാല് കൊടുത്തിട്ട്  വരുന്നതാവണം. ഇത്രേം രാവിലെയൊക്കെ പാല് കൊടുക്കാൻ പോവ്വോ?

"ഇതെങ്ങോട്ടാ ഈ രാവിലെ ?"

അയാളുടെ ചോദ്യം വന്നു വീണതും പരവതാനി അതിന്റെ വഴിക്ക് പോയി. ഞാൻ ടപ്പേ ന്നു മണ്ണിൽ ചവിട്ടി നിന്നു. ഓർക്കാപ്പുറത്തായതു കൊണ്ട് കാലൊന്നു വഴുക്കുക വരെ ചെയ്തു. അയാളോട് ഉത്തരം പറയേണ്ട യാതൊരു ആവശ്യവും ഇല്ലാന്ന് അറിയാവുന്നത് കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. രണ്ടു ചുവടു വയ്ക്കും മുന്നേ അയാളെന്റെ വഴി തടഞ്ഞു മുന്നിൽ കയറി നിൽപ്പായി.

 ''പറഞ്ഞിട്ട് പോയാ മതി...എന്നും കാണണതല്ലേ...ഒന്ന് മിണ്ടിയാലെന്താ''

ആര് കാണുന്നൂന്ന്...എനിക്കൊന്നും മനസ്സിലായില്ല. എനിക്കാണേൽ ചെറിയൊരു പേടിയൊക്കെ തോന്നുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി  ചിരിക്കുന്ന മുഖം കണ്ടു ഞാൻ പേടിക്കുന്നത് അന്നാണ്. അയാളുടെ മുഖം നിറയെ കാര വന്ന പാടും കുഴികളുമാണ്. പച്ച പാലിന്റെയും കറാച്ചി പുല്ലിന്റെയും മണമുള്ള അയാൾ കുറച്ചു കൂടി അടുത്തേയ്ക്ക് വന്നു.

''എന്റെ കൂടെ വന്നാൽ ഒരു സൂത്രം പറയാം...'' അയാൾ എന്നെ ഇപ്പൊ തൊട്ടേക്കുമെന്നെനിക്ക് തോന്നി.

എന്റെ കൈ വിയർത്ത് ഇംഗ്ലിഷു പുസ്തകത്തിന്റെ അരികെല്ലാം നനഞ്ഞു. അടുത്തൊന്നും ഒരാള് പോലുമില്ല. വെട്ടുകാരാരേലും തോട്ടത്തിലുണ്ടോന്ന് ഞാൻ എത്തുന്നിടത്തെല്ലാം കണ്ണോടിച്ചു. ഒരു നിഴല് പോലും കാണാനില്ല. കമഴ്‌ത്തി വയ്ക്കാൻ മറന്നു പോയ ചിരട്ടകളിൽ തലേന്നത്തെ മഴ വെള്ളം കെട്ടി നിൽപ്പുണ്ട്. ഇന്ന് ചിലപ്പോ വെട്ടുണ്ടാവില്ല. എന്നെ വിറയ്ക്കാൻ തുടങ്ങി.
രണ്ടു ചുവട് പിന്നോട്ട് വച്ച് തൊട്ടടുത്ത നിമിഷത്തിൽ ഞാൻ തിരിഞ്ഞോടി.

''കൊച്ചിനെ എനിക്ക് ഇഷ്ടമായിട്ടല്ലേ....നാളേം കാണുവോ?''

അയാളുടെ പരുപരുത്ത ഒച്ച പിന്നാലെ ഓടിയെത്തി. ഞാൻ അതിലും വേഗത്തിൽ ഓടിക്കൊണ്ടേയിരുന്നു. വീടും കടന്ന്, തോടും കടന്ന്, നാളെയും മറ്റന്നാളും കടന്ന്...

പിന്നെയെന്നും ട്യൂഷന് പോകുന്പോൾ എന്നേക്കാൾ നാല് വയസ്സിന് ഇളപ്പമുള്ള അനിയൻ എനിക്ക് കൂട്ട് വന്നു തുടങ്ങി... അവൻ മൂക്കള ഒലിപ്പിച്ചും ഉറക്കം തൂങ്ങിയും ഇടയ്ക്കിടെ വിശക്കുന്നെന്ന് പറഞ്ഞും എന്റെ മുന്നിലും പുറകിലും ആണായി നടന്നു...

എന്റെ മാന്ത്രിക പരവതാനി പക്ഷേ പിന്നെ ഒരിക്കലും വന്നതേയില്ല...ഞാൻ മാനത്ത് നോക്കി നടന്നുമില്ല !! ഇനിയിപ്പോ ദൈവവും പ്രത്യക്ഷപ്പെടാൻ പോകുന്നില്ല...എനിക്കുറപ്പായിരിക്കുന്നു !!

നിങ്ങൾക്ക് അറിയാമോ... കന്യകാത്വം നഷ്ടപ്പെടുന്നതിനെ പോലുമല്ല, ഒരു പെൺകുട്ടി ഭയക്കേണ്ടത്.  സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് പച്ചയായ ജീവിതം തുളച്ചിറങ്ങുന്ന ചില നിമിഷങ്ങളുണ്ടാവും... അതിനെയാണ്, അതിനെ മാത്രമാണ് ഒരു പെൺകുട്ടി ഭയക്കേണ്ടത്. നിങ്ങളിത് വിശ്വസിച്ചാലും ഇല്ലെങ്കിലും.