2016, ഡിസംബർ 10, ശനിയാഴ്‌ച

കാട്


ഒറ്റയാനുള്ള കാട്ടിലൂടെ നമ്മുടെ
രാത്രി സഞ്ചാരങ്ങൾ !
നിന്റെ കണ്ണിൽ രണ്ടായി തെളിഞ്ഞ
ഒറ്റ ചൂട്ടു വെട്ടത്തിൽ
നമ്മുടെ ഇലയിളക്കാത്ത ചുവടുകൾ...
ശ്വാസം തുളച്ച് കാടിന്റെ ചൂര്

നിലാവിനെ ഒളിച്ചു കടത്തുന്ന  ഇലവഴികൾ
വേരുകൾക്കിടയിൽ കുടിങ്ങിക്കിടക്കുന്ന
നക്ഷത്രപൂവുകൾ
നമ്മളെത്തന്നെ നോക്കിയേക്കാവുന്ന
ഉറക്കമില്ലാത്തവരുടെ ഒളിക്കണ്ണുകൾ
ഇന്ദ്രിയമില്ലാത്ത നമ്മുടെ സംവേദനങ്ങൾ...
തണുത്തൊഴുകുന്ന വിയർപ്പ് !!

മിന്നാമിനുങ്ങുകളുടെ രാത്രി
കൈകൾ ഇല്ലാത്തവരുടെ കാട്
അവിടെ അനുവാദമില്ലാതെ
നമ്മൾ...
ഇനിയൊന്നും പറയാനില്ലാത്തവരെ പോലെ
ഇനിയൊന്നും കേൾക്കാനില്ലാത്തവരെ പോലെ
നമ്മുടെ രാത്രി സഞ്ചാരങ്ങൾ
ഒറ്റയാനുള്ള കാട്ടിലൂടെ...
നിന്റെ ഒറ്റ ചൂട്ട് വെട്ടത്തിൽ !!

2016, നവംബർ 29, ചൊവ്വാഴ്ച

ചില്ല്

ചില്ലക്ഷരങ്ങൾ കൊണ്ട് മുറിപ്പെട്ടൊരു വാക്ക്...
നിന്റെ പേര് !!
നിഴൽക്കൂട്ടത്തിലേയ്ക്ക് വീണ    
ഒറ്റ വെയിലിൽ  
ഇടയ്ക്കെങ്ങോ തെളിഞ്ഞൊരു മുഖവും...!
എത്രവട്ടമെറിഞ്ഞു കൊടുത്താലും
മൂന്നാംനാൾ തിരികെ തരും
മറവിയുടെ കടൽ...!!2016, നവംബർ 20, ഞായറാഴ്‌ച

കൂട്ട്


" ക്ലാസ്സില് നിന്നെ കാണാനാ ഏറ്റോം രസം"
സുമി പറഞ്ഞു. ഞാൻ കെട്ടതിലെ അവിശ്വസനീയത കൊണ്ട് അവളെ തുറിച്ചു നോക്കി. ഉപ്പേരി വറക്കാൻ മാത്രം എണ്ണയും തലേൽ വച്ച്, മുടി നടുവേ വകഞ്ഞ് പരത്തി കെട്ടി, വല്ലപ്പോഴും മാത്രം കണ്ണെഴുതി യാതോരു പ്രത്യേകതയും ഇല്ലാതെ നടക്കുന്ന എന്നോട് ആദ്യമായിട്ടാണ് ഒരാൾ സുന്ദരിയാണെന്ന് പറയുന്നത്. അതും എട്ടാം ക്ലാസ് യിൽ എന്റെ കണക്കിൽ മറ്റൊരുപാട് സുന്ദരിക്കുട്ടികൾ ഉള്ളപ്പോൾകേട്ടപ്പോ ഒരു സന്തോഷമൊക്കെ തോന്നിയെങ്കിലും എനിക്ക് തീരെ വിശ്വാസം വന്നില്ല.

 "എന്നേക്കാ രസം അപ്പൂനെ കാണാനല്ലേ?" ഞാൻ ആത്മാർത്ഥമായി തന്നെ ചോദിച്ചു.

അപ്പു എന്റെ ആത്മ മിത്രമായിരുന്നു. അവളുടെ പേരും അശ്വതിന്നായത് കൊണ്ട് വീട്ടിലെ വിളിപ്പേരുകളാണ് ഞങ്ങൾ പരസ്പ്പരം വിളിച്ചിരുന്നത്‌. അവൾക്ക് നല്ല ഭംഗിയുള്ള നീളൻ മുടിയാണ്. ഷാംപുവിന്റെ പരസ്യത്തിലെ പോലെഎന്റെ മുടിയണേൽ കുരുവിക്കൂട് പോലേം. അതിനകത്ത് പോയാൽ ചീപ്പു പോലും തിരിച്ചു കിട്ടില്ലാന്നാണ് പൊതുജനാഭിപ്രായം. അപ്പൂനാണേൽ പല തരത്തില് മുടി കെട്ടാനറിയാം, ലൈനർ കൊണ്ട് കണ്ണെഴുതാനറിയാം. പാന്പു പോലെ പൊട്ടു വരയ്ക്കാനറിയാം.ഞാനാണേൽ തീപ്പെട്ടിക്കന്പ് കണ്മഷിയിൽ മുക്കി ഒരു വട്ടം ഒപ്പിക്കുന്ന പാട് എനിക്കേ അറിയൂ  . എനിക്ക് ആദ്യമായിട്ട് ഐലൈനെർ കൊണ്ട് കണ്ണെഴുതി തന്നത് അവളാണ്. ഷാജി ചേട്ടന്റെ കല്യാണത്തിന് പോകാൻ ഒരുങ്ങിയപ്പോൾഅന്നത് കണ്ടിട്ട് നല്ല ഭംഗിയുണ്ടെന്നു എല്ലാരും പറഞ്ഞ കേട്ട് അമ്മയെ കൊണ്ട് ഞാനും സ്വന്തമായി ഒരു ലൈനെർ വാങ്ങിപ്പിച്ചു. പക്ഷെ ഞാൻ അതുകൊണ്ട് തന്നതാൻ ഒന്ന് കണ്ണെഴുതി കാണിച്ചപ്പോ പൂച്ച കരികലത്തിൽ വീണ പോലുന്ടെന്നണ് അമ്മ പറഞ്ഞ അഭിപ്രായം. അല്ലേലും അമ്മയ്ക്ക് പണ്ടേ തീരെ കലാവസനയില്ലല്ലോ...
ഇനി അതിലൊക്കെ വല്യ സൗന്ദര്യ പ്രശ്നം എന്താന്ന് വച്ചാൽ എന്റെ മുന്നിലത്തെ ഒരു പല്ല് വേറെ ഒന്നിന്റെ മുകളിലേയ്ക് ഒരാവശ്യോം ഇല്ലാണ്ട് കേറി നിൽക്കുവാ. അത് മുളച്ച് വന്ന കാലം തൊട്ട് എന്നെ കാണുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും എന്റെ ഒന്ന് വായ തുറന്നു കണ്ടില്ലേൽ  വല്യ ബുദ്ധിമുട്ടാണ്. "മോളൊന്നു ചിരിച്ചേ...നോക്കട്ടെ...അയ്യോടാ, കട്ടപ്പല്ലാണല്ലോ, ഇവളെ കെട്ടിക്കാൻ കാശ് കൂടുതൽ ഉണ്ടാക്കണോല്ലോ"എന്നൊക്കെ പറഞ്ഞ് പറഞ്ഞു ഞാൻ ആരെ കണ്ടാലും ചിരിക്കാത്ത പരുവത്തിലെത്തിയപ്പോഴാണ് ഒരു മാലാഖയെ പോലെ മഞ്ചു വാര്യര് മലയാള സിനിമേലേയ്ക്കു കാലെടുത്തു വച്ചത്

 ചിത്രഗീതത്തിൽ സല്ലാപത്തിലെ പാട്ടു കണ്ടോണ്ടിരുന്നപ്പോൾ വൽസ ചേച്ചി പറയുവാ "ചിന്നുക്കുട്ടിടെ പല്ല് പോലാ പെങ്കൊച്ചിന്റെ പല്ല്, നല്ല രസവോണ്ടല്ലേ" ന്ന്. രസമുന്ടെന്നു പറഞ്ഞത് മഞ്ചു വാര്യരുടെ പല്ലാണെങ്കിലും, സിനിമാ നടിടെ പല്ല്പോലത്തെ പല്ലാണല്ലോ എന്നോർത്താണ് ഞാൻ കഴിഞ്ഞ കുറേ വർഷങ്ങളിൽ  ആശ്വാസം കണ്ടെത്തിയത്

അപ്പൊ പറഞ്ഞു വന്നത്, ഇങ്ങനെ പരാദീനതകൾ ഏറെയുള്ള  ഞാൻ അപ്പൂനെക്കാളും സുന്ദരിയാണെന്നു സുമി പറഞ്ഞതിലുള്ള അവിശ്വസനീയതയാണ്.

സുമി പക്ഷെ തറപ്പിച്ചു പറഞ്ഞു, അവളെക്കാൾ നല്ലത് നീയാ, അവളെക്കാൾ നെറം നിനക്കല്ലേ...

എന്റെ തുറന്നിരുന്ന വായ പിന്നേം തുറന്നു... 
അച്ഛന്റേം അമ്മേടേം  പകുതി നിറം എനിക്ക് കിട്ടിയിട്ടില്ലല്ലോന്നു സഹതപിക്കാത്ത ഒരൊറ്റ ബന്ധുക്കളും എന്റെ അറിവിൽ ഇല്ലാരുന്നു. അമ്മയെ എന്റെ പ്രായത്തിൽ കണ്ടാൽ ചോര തൊട്ടെടുക്കാരുന്നൂന്നാണ്  അമ്മാമ്മച്ചി ഉൾപ്പെടെ എല്ലാരും പറയാറ്. അനിയനെ ഗർഭിണിയായ സമയത്താണ് അമ്മയുടെ നിറമൊന്നു മങ്ങുന്നത്. അച്ഛനാണേൽ ഓരോ വട്ടവും അവധിയ്ക്ക് വരുന്പോ നിറം കൂടി കൂടിയാ വരുന്നേ. ഷൂ ഒക്കെ അഴിച്ചു വയ്ക്കുന്പോ കാലൊക്കെ നല്ല റോസ് കളറിൽ ഇരിക്കുന്നത് കാണാം. 'എനിക്കെന്താ അമ്മേടത്രേം നെറവില്ലാത്തെ' ന്നു ചോദിച്ചാൽ 'അമ്മ പറയും 'അതിനു എല്ലും തോലും പിടിച്ചിരുന്നാൽ നെറം വയ്ക്കുവോ, മനുഷ്യര് തിന്നുന്ന വല്ലോം തിന്ന് നന്നായാൽ നെറവൊക്കെ വച്ചോളും'ന്ന്.  തൈരും ചോറും പപ്പടോം അല്ലാതെ എന്നെ പ്രലോഭിപ്പിക്കാൻ പറ്റുന്ന ഒരു ഭക്ഷണോം ലോകത്ത് ഇല്ലാത്ത കാലമാണെന്നോർക്കണം. ആയിടെ ഏതോ കഥ പുസ്തകത്തിൽ ഗോതന്പിന്റെ നിറമുള്ള സുന്ദരി എന്ന് വായിച്ചപ്പഴാണ് ഗോതന്പ് ഒരു സംഭവമാണെന്ന് എനിക്ക് മനസ്സിലായത്. അരകല്ലിന്റെ തിട്ടയിൽ കോഴിയ്ക്ക് കൊടുക്കാൻ ടിന്നിലിട്ട് വച്ചിരിക്കുന്ന ഗോതന്പ്എടുത്ത് എന്റെ കൈയ്യോട് ചേർത്ത് വച്ച് ഞാൻ നോക്കി. ഒരു വിദൂര സാദൃശ്യം ഇല്ലാതില്ല. അന്നുമുതൽ ഞാൻ മനസ്സുകൊണ്ട് ഗോതന്പ്നിറമുള്ള പെൺകൊടിയായി ആശ്വസിച്ചു നടക്കുന്പോളാണ് സുമിയുടെ പ്രഖ്യാപനം. അവൾക് അപ്പൊ തന്നെ ഒരുമ്മ കൊടുക്കണംന്ന് തോന്നിയതാ. പക്ഷെ അവളുടെ മുഖത്തു പഴുത്തു പൊട്ടാറായി നിൽക്കുന്ന മുഖക്കുരു കണ്ടപ്പോ തല്ക്കാലംഅത് വേണ്ടാന്ന് വച്ചു

എന്തായാലും ലോകത്ത് ഒരാളെങ്കിലും എന്റെ സൗന്ദര്യം തിരിച്ചറിഞ്ഞല്ലോ... ഇനി മരിച്ചാലും വേണ്ടില്ലസന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു. നന്ദി സൂചകമായി അന്ന് ലാസ്റ്റ്  ബെഞ്ചിലിരിക്കുന്ന സുമിയെ മുൻനിരയിലെ ബെഞ്ചിലിരുന്ന്, ഞാൻ  പലവട്ടം തിരിഞ്ഞു നോക്കി ചിരിച്ചു കാണിച്ചു

സ്കൂൾ മുറ്റത്ത് നിന്ന് നോക്കിയാൽ ദൂരെ നീലിച്ചു കാണുന്ന മലയുടെ മുകളിൽ എവിടെയോ ആണ് അവളുടെ വീടെന്നു മാത്രമാണ് അന്ന് വരെ അവളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നത്. അന്ന് മുതൽ പിന്നീടങ്ങോട്ട് പറഞ്ഞും പങ്കു വച്ചും ഞങ്ങളുടെ സൗഹൃദം പതിയെ പതിയെ വേരുറച്ചുഅവള് കൊണ്ട് വരുന്ന കുരങ്ങൻ മൈലാഞ്ചിയും, ഇലുമ്പൻ പുളിയും, ശീമ നെല്ലിക്കയും പാഷൻ ഫ്രൂട്ടും കൊണ്ട് എന്റെ ഇന്റെർവെല്ലുകൾ സന്പന്നമായി. കട്ട റോസയെന്ന് വിളിച്ചിരുന്ന കടും ചുവപ്പു റോസാപ്പൂക്കൾ എന്റെ ഇത്തിരി മുടിയിൽ ചൂടാൻ അവൾ എന്നും രാവിലെ കൊണ്ട് വന്നുപകരമായി അച്ഛൻ കൊണ്ടുവന്നിരുന്ന ഫോറിൻ പേനയും പെൻസിലും റബ്ബറും ഞാൻ അവൾക്കു നിർലോഭം കൊടുത്തു
അവൾ  നോട്ട് ബുക്കിന്റെ പേജുകൾക്കിടയിൽ കുടഞ്ഞിട്ട് സൂക്ഷിക്കാറുള്ള സന്തൂർ പൗഡർ ഇടയ്ക്കെങ്കിലും എന്റെയും മുഖം മിനുക്കിഅപ്പുവും ഞാനും അനിതയും മാത്രം അറിഞ്ഞിരുന്ന പല  രഹസ്യങ്ങളും സുമിയിലേയ്ക് കൂടി എത്തപ്പെട്ടു.  പത്താംക്ലാസ്സിലെ ചേട്ടന്മാർ വരാന്തയിൽ നിന്ന് വിസിലടിച്ചു വിളിച്ചതും തിരിഞ്ഞു നോക്കിയപ്പോൾ ഒരു കണ്ണിറുക്കിയതും FLAME എഴുതി വെട്ടി നോക്കിയപ്പോൾ ആരൊക്കെ തമ്മിൽ കല്യാണം കഴിക്കുമെന്ന് അറിഞ്ഞതും കുളിക്കടവിൽ വച്ച് അമ്മമാരുടെ വായിൽ നിന്ന് അറിയാതെ വീണു കിട്ടിയ ചില ഭീകര രഹസ്യങ്ങളും അതിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ ശക്തിപ്പെടുത്താൻ ഇടയ്ക്കിടെ എന്റെ സൗന്ദര്യത്തെയും പഠിക്കാനുള്ള മിടുക്കിനെയും സുമി യാതൊരു പിശുക്കുമില്ലാതെ പുകഴ്ത്തി. പ്രത്യേകിച്ച് യൂണിഫോം ഒഴിവാക്കി കളർ ഡ്രെസ്സുകൾ ഇടാൻ അനുവാദമുള്ള ബുധനാഴ്ച്ചകളിലും ക്ലാസ് ടെസ്റ്റുള്ള വെള്ളിയാഴ്ച്ചകളിലും. ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ വച്ചാൽ നല്ലതു പോലെ പഠിക്കാൻ സഹായിക്കുന്ന കന്യാമറിയത്തിന്റെ അത്ഭുത ഫോട്ടോ എനിക്ക് തന്നതും സുമിയായിരുന്നു. വീട് സ്കൂളിനടുത്തായതു കൊണ്ട് ഉച്ചയ്ക്ക് ഉണ്ണാൻ ഞാൻ വീട്ടിൽ പോകുന്പോൾ സുമിയും ചിലപ്പോൾ കൂടെ വന്നു. കൈയിലുള്ള പൊതിച്ചോറിനൊപ്പം  അമ്മാമ്മച്ചി വയ്ക്കുന്ന ചൂടൻ സാംബാറും മോര് കാച്ചിയതും പപ്പടവും കൂട്ടി അവൾ പലവട്ടം എന്നോടൊപ്പം ഉണ്ടു

ഒരു വേനൽ അവധിക്കാലത്താണ് സുമി എന്നെ അവളുടെ വീട്ടിലേയ്ക് ക്ഷണിക്കുന്നത്. നിരസിക്കാനാവാത്തത്ര സ്നേഹം പുരണ്ടൊരു വിളിതൊട്ടപ്പുറത്തുള്ള അപ്പൂന്റെയോ വികാസിന്റെയോ വീട്ടിൽ പോകണമെങ്കിൽ പോലും വെള്ളപേപ്പറിൽ അപേക്ഷ കൊടുക്കണം എന്ന സ്ഥിതിയുള്ള എന്റെ വീട്ടിൽ, ഇങ്ങനെ ഒരു കാര്യം പറയുനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. 'അമ്മയോട് ചോദിക്കട്ടേ ട്ടോ' ന്ന് അവളോട് പറഞ്ഞെങ്കിലും ചോദിയ്ക്കാൻ എനിക്ക് യാതൊരു ഉദ്ദേശവും ഇല്ലായിരുന്നുപക്ഷേ റേഷൻ കടേൽ പോയി വരുന്ന വഴിയ്ക് അമ്മയുടെ ഫാർമസിയിൽ കയറിയ സുമിയുടെ അമ്മ കാര്യം നേരേ  അമ്മയോട് പറഞ്ഞു. "വീട്ടി വന്നാ മോൾടെ  കാര്യം പറയാനേ ന്റെ കൊച്ചിന് നേരോള്ളൂ, സുമീടെ കൂടെ മോളെ ഒരു ദിവസം വീട്ടിലേയ്ക്ക് വിടൂ, ഇച്ചിരി നടക്കണം ന്നേ ഒള്ളൂ...ഇത് ചോദിക്കാതെ അങ്ങോട്ട് ചെന്നേക്കല്ലെന്നാ ന്നാ അവള് പറഞ്ഞു വിട്ടേക്കുന്നെ "
എന്തുകൊണ്ടോ, സുമിയുടെ ആവശ്യം ഉപാധികളില്ലാതെ സമ്മതിച്ചു കൊണ്ടാണ് വൈകുന്നേരം അമ്മ വീട്ടിലെത്തിയത്. ' കൊച്ചിന് നിന്നെ വല്യ കാര്യവാ...നീ വേണേൽ ഒന്ന് പോയിട്ട് വാ...അവള് ശനിയാഴ്ച്ച നിന്നെ വന്ന് കൂട്ടിക്കൊണ്ട് പോകാംന്ന് പറഞ്ഞിട്ടൊണ്ട്.'

"ശരിക്കും?" ഞാൻ തള്ളിപ്പുറത്ത് ചാടാൻ ഒരുങ്ങിയ സന്തോഷം അടക്കി വച്ച് ചോദിച്ചു. ഇനി അമ്മ പറ്റിച്ചതാണെങ്കിലോ?

'ഉം..ശരിക്കും' അമ്മ ഉറപ്പു തന്നു

'അയ്യോ...അയിന് അവരുടെ വീട് അങ്ങ് മലേടെ മണ്ടേൽ എങ്ങാണ്ടല്ലേ...ഇവളെക്കൊണ്ട് അത് വല്ലോം കേറാൻ പറ്റുവോ'? അമ്മാമ്മച്ചി എന്റെ ആവേശത്തിൽ ചുമ്മാ ഇച്ചിരി വെള്ളം കോരി ഒഴിച്ചു.

'ആഹ്...മലയൊക്കെയാ... പിള്ളേരൊക്കെ എന്നും അത് കേറി എറങ്ങീട്ടല്ലേ സ്കൂളിൽ വരുന്നേ... ഒരു ദിവസം ഒന്ന് പോയി കാണട്ടെ... മറ്റുള്ളോരുടെ പലരുടേം ജീവിതം കണ്ടാലേ നമ്മക്ക് ദൈവം തന്നത് ഒക്കെ കൂടുതലാന്ന് മനസ്സിലാകത്തൊള്ളൂ' 'അമ്മ പറഞ്ഞു നിർത്തി

അമ്മാമ്മച്ചി പിന്നെ എതിരൊന്നും പറഞ്ഞില്ല. എങ്കിലും പത്തടി നടക്കുന്നതിനിടയിൽ മിനിമം രണ്ടു വട്ടം ഉരുണ്ടു വീഴുന്ന എന്നെ മല കയറാൻ വിട്ടാൽ എങ്ങനുണ്ടാവും എന്ന ആശങ്ക ഉള്ളതോണ്ട് തന്നെ സൂക്ഷിക്കണം, ഓടരുത്, ചെരുപ്പ് പൊട്ടാതെ നോക്കണം, ക്ഷീണിച്ചാൽ എവിടേലും ഇരിക്കണം, കരിയിലയിൽ ചവിട്ടി തെന്നാതെ നോക്കണം, കയറുന്നതിലും ശ്രദ്ധിച്ചു വേണം ഇറക്കം ഇറങ്ങാൻ  തുടങ്ങി ഒരു നൂറു ഉപദേശങ്ങൾ അമ്മാമ്മച്ചിയുടെ വകയായി വന്നു കൊണ്ടിരുന്നു. കൂടാതെ പുളി തിന്നരുത്, പച്ച വെള്ളം കുടിക്കരുത്, വെയില് കൊള്ളരുത് തുടങ്ങിയ നിർദേശങ്ങളും.

അങ്ങനെ ശനിയാഴ്ച്ച വന്നു. സുമി നേരത്തെ പറഞ്ഞു വച്ചതു പോലെ തോടിന്റെ ഇക്കരെ വന്നു നിന്നിരുന്നു. എന്നെ കണ്ടതും അവൾ ഓടിവന്ന് കൈ പിടിച്ചു. ജീപ്പ് ടയറുകൾ വഴി വെട്ടിയ പുൽപ്പടർപ്പു കടന്ന്, തോട് കടന്ന് ഞങ്ങൾ പതിയെ റബ്ബർ മരങ്ങൾക്കിടയിലെ ഒറ്റയടി പാതയിൽ കയറി. പിന്നീടങ്ങോട്ട് കുത്തനെ കയറ്റമായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുന്പോൾ അച്ഛന്റെ കൂടെ ശബരിമലയിൽ പോയതാണ് എന്റെ ഏക പർവതാരോഹണ പരിചയം. പകുതി നേരം മാറി മാറി അച്ഛന്റേം ചന്ദ്രൻ ചേട്ടന്റേം തോളിൽ ഇരുന്നതോണ്ട് അന്ന് അത് വല്യ പ്രശ്നമായി തോന്നിയുമില്ല . ഇത് പക്ഷേ എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നതിന് അപ്പുറത്തായിരുന്നു.  ഞാൻ സുമിയുടെ കൈയിൽ പിടിച്ചും, മരത്തിന്റെ വേരിലും, പടർപ്പു പുല്ലിലും വരെ അള്ളിപ്പിടിച്ചും അക്ഷരാർത്ഥത്തിൽ വലിഞ്ഞു കയറി. ഇടയ്ക്ക് കണ്ടൊരു കൈത്തോടു ചാടി കടക്കാൻ ധൈര്യമില്ലാതെ തിരിച്ചു പോയാലോ എന്ന് വരെ ചിന്തിച്ച എന്നെ സുമി ഒരുവിധത്തിൽ അപ്പുറം എത്തിച്ചു. കരിയില അനക്കം കേട്ടാലുടനെ പാന്പാണെന്നുറപ്പിച്ച് ബോധം കെടാനൊരുങ്ങി നടക്കുന്ന എന്നെ അരണകളെയും ഓന്തുകളെയും അണ്ണനെയും കാണിച്ചു തന്നു സുമി ബോധവൽക്കരിച്ചു

അങ്ങനെ രണ്ടു മണിക്കൂറോളം നടന്നും ഇരുന്നും വലിഞ്ഞും തുടർന്ന യാത്ര ഞങ്ങളെ ഒരു കുഞ്ഞു വീടിന്റെ മുന്നിലെത്തിച്ചു. സുമി  ക്ലാസ്സിൽ കൊണ്ട് വരാറുള്ള  പല നിറം പൂക്കളുള്ള ബോൾസ്സ്യം ചെടികളും റോസാ ചെടികളും കുറ്റിമുല്ലയും അതിരിട്ട മുറ്റം.  ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്തൊന്നും വേറെ മനുഷ്യ വാസം ഇല്ല. അവിടെ ടാർപോളിൻ കൊണ്ടും ഓല കൊണ്ടും പ്ലാസ്റ്റിക്ക് ചാക്കുകൾ കൊണ്ടും ഒരുക്കിയൊരു കുഞ്ഞു വീട്. വർഷാ വർഷം വീട്ടിലെ  വിറകുപുര പൊളിച്ചു മേയുന്പോൾ കിട്ടുന്ന ഓലകൾ കൊണ്ട് ഞങ്ങൾ കുട്ടികൾ  പറന്പിൽ കെട്ടുന്ന മാടത്തെക്കാൾ അൽപ്പം കൂടി വലുത്. അതിലാണ് സുമിയും അവളുടെ ചേച്ചിയും അനിയനും പപ്പായും അമ്മയും ജീവിക്കുന്നത്. മുറ്റത്തിന്റെ അതിർത്തി കടന്ന പുതിയ അതിഥിയെ സ്വീകരിക്കാൻ വീടിന്റെ വാതിൽക്കൽ കിടന്ന പട്ടി പതിയെ എഴുന്നേറ്റു മൂരി നിവർത്തി നിന്നു. പിന്നെ സുമിയെക്കണ്ട് സ്നേഹത്തോടെ വാലാട്ടി അടുത്ത് കൂടി.

സുമിയുടെ അമ്മ മുറ്റത്ത് ഞങ്ങളെ കാത്ത് നിന്നിരുന്നു. എന്ത് തന്നാൽ മതിയാവും എന്ന് വെപ്രാളം പൂണ്ടൊരു വിരുന്നൊരുക്കമായിരുന്നു പിന്നെയങ്ങോട്ട്. മകളുടെ കൂട്ടുകാരിയെ സൽക്കരിക്കുന്നതിലുപരി ഒരു ഗൾഫുകാരന്റെ മകളെ എന്തു നൽകി സന്തോഷിപ്പിക്കണം എന്ന ചിന്ത കൂടി അവർക്കുണ്ടായിരുന്നിരിക്കണം. അങ്ങനെയൊരു തോന്നൽ പോലും എന്നെ വീർപ്പുമുട്ടിച്ചു. 'സൗകര്യം ഒക്കെ കുറവാണേ...' എന്ന് സുമിയുടെ അമ്മ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടേയിരുന്നു.  'ഇപ്പൊ ഒന്നും എടുക്കണ്ടാടി' ന്ന എന്റെ മര്യാദാ പ്രകടനത്തെ 'അതെന്താ പാവങ്ങടെ വീട്ടിന്നു കഴിക്കൂല്ലേ' എന്ന ഒരെറ്റ ചോദ്യം കൊണ്ട് സുമി നേരിട്ടു. ഞങ്ങളും പാവങ്ങളാണെന്നും ആകെ കൈയിലുണ്ടായിരുന്ന രണ്ടു വള അമ്മ കഴിഞ്ഞ ആഴ്ച്ച പണയം വച്ചെന്നും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്പോൾ വാങ്ങിയ എന്റെ സ്വർണക്കൊലുസ്സുകൾ ഇപ്പോഴും പണയത്തിലാണെന്നും അച്ഛന്റെ ശന്പളം വരാൻ ഇത്തവണയും വൈകിയെന്നും എനിക്ക് വിളിച്ചു പറയണമെന്ന് തോന്നി. ആകെപ്പാടെ എന്തോ ശ്വാസം മുട്ടുന്നത് പോലെ... 'ഓലക്കീറിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നമുറ്റം നിറയെ പൂക്കളുള്ള, ചിക്കു എന്ന പട്ടിയുള്ള, കുഞ്ഞിപ്പൂച്ചകൾ ഓടി നടക്കുന്ന, അണ്ണാൻ കുഞ്ഞുള്ള, ആട്ടിൻ കുട്ടികളുള്ള,  ശീമ നെല്ലിക്ക ഉപ്പിലിട്ട ചില്ലു കുപ്പികളുള്ള,  മുളംകന്പിൽ തീർത്ത വലിയൊരു  കടലാസ്സു നക്ഷത്രം ഉള്ള  അവളുടെ വീടിനോട് എനിക്കുള്ള അസൂയ ഞാൻ എങ്ങനെ പറഞ്ഞറിയിക്കാൻ...!! 

സുമിയുടെ ലോകം എന്നെ കീഴടക്കി കളഞ്ഞു. നടന്നു കയറിയ മലയുടെ ദൈർഘ്യം ഞാൻ എപ്പോഴേ മറന്നിരുന്നു. സുമിയുടെ അമ്മ വിളന്പിയ മീൻ കറി കൂട്ടി ഒരുമിച്ചു ചോറുണ്ട് പറന്പ് ചുറ്റി നടന്ന് ഞാൻ മല മുകളിലെ സ്വർഗം കണ്ടു.  ഒടുവിൽ  തിരികെ ഇറങ്ങുന്പോൾ കൊണ്ട് പോരാൻ കുറേ പച്ച മാങ്ങയും പുളിയും കുറേ ചെടികളുടെ തൈകളും  മറ്റെന്തൊക്കെയോ അവളുടെ അമ്മ പ്ലാസ്റ്റിക്ക് കവറുകളിലാക്കി എന്റെ കൈയ്യിലേൽപ്പിച്ചു. ഇനിയും വരാമെന്നു പറഞ്ഞ് മലയിറങ്ങാൻ തുടങ്ങുന്പോൾ ഇനിയും പല തവണ വരണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. സുമി മുന്നിലും ഞാൻ പുറകിലുമായി തിരികെ മലയിറക്കം. എനിക്കായി തന്ന കവറുകളെല്ലാം അവൾ മുന്നേ വാങ്ങി പിടിച്ചിരുന്നുകയറ്റത്തേക്കാൾ പ്രയാസമുള്ള ഇറക്കം. എപ്പോഴും വിയർക്കാറുള്ള എന്റെ കാൽ വെള്ളകളിൽ  ചെളിയും വിയർപ്പും  കുഴഞ്ഞ് നടത്തം കൂടുതൽ ദുഃസ്സഹമാക്കി. എങ്കിലും പുതിയൊരു ലോകം കണ്ടതിന്റെ ആവേശം കൊണ്ട് മനസ്സ് ഭൂമി തൊടാൻ കൂട്ടാക്കാതെ മല മുകളിൽ പറന്നു തന്നെ നടന്നു... എന്നെ തോടിനിപ്പുറം വിട്ട്, കൈ വീശി സുമി തിരികെ ഓടി. ഇരുട്ടും മുന്നേ വീടെത്താൻ

ചെരുപ്പ്  വള്ളി ഉരഞ്ഞു പൊട്ടിയ കാൽ അന്ന് രാത്രി മുഴുവൻ നന്നായി വേദനിച്ചിട്ടും എനിക്കതു അമ്മയോട് പറയണമെന്ന് തോന്നിയില്ല. 'എങ്ങനുണ്ടാരുന്നു' എന്ന ഒറ്റ ചോദ്യത്തിന് 'നല്ല രസാരുന്നു' എന്ന മറുപടിയ്ക്ക് ശേഷം അമ്മ പിന്നെയൊന്നും ചോദിച്ചില്ല. 'നല്ല മാങ്ങ...നാളെ അച്ചാറിടണം' എന്നോ മറ്റോ പറഞ്ഞ് അമ്മാമ്മച്ചിയും വിഷയം അവസാനിപ്പിച്ചു
ഓലക്കീറിലൂടെ നിലാവ് അരിച്ചിറങ്ങുന്നൊരു വീട്ടിൽ ഉറങ്ങണം എന്ന മോഹം ഞാൻ ആരോടും പറഞ്ഞുമില്ല.

''അതുങ്ങടെ അപ്പൻ ഭയങ്കര കുടിയാന്നെ, നല്ല പണിക്കാരനാ... പക്ഷേ കിട്ടുന്നതൊക്കെ ഷാപ്പിൽ പോകും. അവരു കാണുംപഴൊക്കെ പറയും കുടിച്ചേച്ച് വന്ന് ഉപദ്രവിക്കുന്ന കാര്യം...എന്റെ അടുത്താ മരുന്നിനു വരുന്നേ....'' അമ്മ അമ്മാമ്മച്ചിയോട് പറയുന്നത് പാതിയുറക്കത്തിൽ കേട്ടെങ്കിലും അത് സുമിയുടെ പപ്പാ ആവില്ലെന്ന് ഞാൻ ഉറപ്പിച്ചു. പപ്പാ പള്ളി പെരുന്നാളിന് പോയപ്പോ വാങ്ങിക്കൊടുത്ത പുതിയ മാല അവൾ ഇന്ന് എന്നെ കാണിച്ചതല്ലേ ഉള്ളൂ...

പത്താം ക്ലാസ് കഴിഞ്ഞതോടെ ഞാനും സുമിയും അപ്പുവും ഒക്കെ  പല സ്കൂളുകളിലായി. എസ് എസ് എൽ സി ബുക്ക് വാങ്ങാൻ സ്കൂളിൽ പോയപ്പോഴാകണം അവസാനം കണ്ടത്... 
വർഷങ്ങൾ പിടി തരാതെ ഓടി പോവുകയും മറവി അനുവാദമില്ലാതെ പലതും എടുത്തു കൊണ്ട് പോവുകയും ചെയ്തപ്പോൾ സുമിയും എന്റെ ഓർമകളുടെ ഏതോ കോണിലേയ്ക്ക് നീങ്ങി ഇരുന്നു.   ഞങ്ങൾ തൊടുപുഴയിലെ വീട് വിറ്റ് നിന്ന് താമസം പാലായിലേക്ക് മാറുകയും ചെയ്തു.

ഞാൻ കൊച്ചിയിൽ റേഡിയോ ജീവിതം തുടങ്ങിയ കാലത്ത് അമ്മ പറഞ്ഞാണ് സുമിയുടെ കല്യാണം കഴിഞ്ഞെന്ന വാർത്ത അറിയുന്നത്. അവളുടെ അമ്മയെ അവിചാരിതമായി കണ്ടത്രേ. 'അതിന് അവൾക്ക് ജോലിയൊക്കെ ആയോ' എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. ജോലി കിട്ടി സ്വന്തം കാലിൽ നിന്നിട്ടേ പെൺകുട്ടികൾ വിവാഹിതരാകാവൂ എന്ന ചിന്ത എന്റെ ബോധ മണ്ഡലത്തിൽ അത്ര ശക്തിയോടെ അമ്മ പതിപ്പിച്ചിരുന്നു. അതറിയില്ലന്നും, അവളുടെ പപ്പാ മദ്യപാനം കൂടി  ഒടുവിൽ കുറച്ചു കാലം മുൻപ് ആത്മഹത്യ ചെയ്തെന്നും, അവളുടെ പഠിത്തം മുടങ്ങിയെന്നും ചേച്ചി നേരത്തെ തന്നെ വിവാഹിതയെന്നുമൊക്കെ അമ്മ പറഞ്ഞു. ഇത് ഞാൻ അറിയേണ്ടിയിരുന്നില്ല ഞാൻ  എന്ന് തോന്നിപ്പിക്കുന്ന വാർത്തകളുടെ കൂടെ മറ്റൊന്നു കൂടി ചേർത്ത് വച്ച് ഒരു ദീർഘ നിശ്വാസത്തിനൊടുവിൽ  സുമിയെ ഞാൻ വീണ്ടും മറന്നു.

കുറച്ചു നാൾ മുൻപ് ഒരിക്കൽ ദുബായിൽ നിന്ന് ഞാൻ നാട്ടിലേയ്ക് വിളിച്ചപ്പോൾ വിശേഷങ്ങളുടെ കൂട്ടത്തിൽ അമ്മ വീണ്ടും പറഞ്ഞു 'എടി നിന്റെ കൂടെ സ്കൂളിൽ പഠിച്ചൊരു കൊച്ചില്ലേ, മലേല് വീടൊണ്ടാരുന്ന...' 
'ആര്..സുമിയോ? "

'അത് തന്നെ...അവളെ കെട്ടിച്ചിരിക്കുന്നത് ഇവിടെ അടുത്താടി... അവൾടെ ഭർത്താവിന്റെ അമ്മ കഴിഞ്ഞ ദിവസം ഇവിടെ ഒരാവശ്യത്തിന്  വന്നാരുന്നു. പറഞ്ഞു വന്നപ്പോൾ അതവള് തന്നെ... അപ്പൻ ആത്മഹത്യ ചെയ്തതല്ലേ... അമ്മേടെ പേര് സാലീന്നല്ലേ...'

'അതേല്ലോ...'

' നിന്റെ സ്കൂളിലാ പഠിച്ചതും...എന്തായാലും ഇപ്പൊ നല്ല നെലേലാ...കെട്ടിയ ചെറുക്കന് നല്ല ജോലിയാന്നാ പറഞ്ഞേ'

'നന്പറു വാങ്ങിക്കമ്മേ...ഞാൻ അവളെ വിളിക്കാം

അന്ന് അങ്ങനെ ആണ് ഫോൺ വച്ചത്. പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു... 'അതേ...കാര്യങ്ങള് കേട്ടിട്ട് അത് അവള് തന്നാ...പേരും വീട്ടുപേരും എല്ലാം ശരിയാ...പക്ഷേ...നിന്റെ കാര്യം ചോദിച്ചപ്പോ അവള് അറിയത്തില്ലാന്നാ പറഞ്ഞേന്ന്...അതാ എനിക്കൊരു സംശയം...'

'അറിയത്തില്ലാന്നോ...?'

ആഹ്...ഇപ്പൊ നല്ല സാഹചര്യത്തിലൊക്കെ അല്ലേ...പഴയ കഷ്ടപ്പാടൊന്നും  നമ്മള് പറഞ്ഞ് അവളുടെ കെട്ടിയോന്റെ ആൾക്കാർ അറിയണ്ടാന്ന് വിചാരിച്ചിട്ടാവും..."

'ഏയ്...അതൊന്നുമാവില്ല..നമ്മക്ക് ആള് മാറിയതാവും. ഇനിയൊന്നും ചോദിക്കണ്ട...' !!

ഞാൻ ഫോൺ വച്ചു

ആള് മാറിയത് തന്നെ ആവും അല്ലേ... ആവട്ടെ !! അല്ലെങ്കിലും ചില ബന്ധങ്ങൾ പുതുക്കപ്പെടണ്ടതല്ല. അത് മറവിയ്ക്ക് വിട്ടു കൊടുക്കേണ്ടതാണ്.  വല്ലപ്പോഴും ഒന്ന് ഓർമ്മകളിലേക്ക് തല നീട്ടി കാരണമില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച് വീണ്ടും മറവിയിലേക്ക് തിരികെ പോകേണ്ടവയാണ്.  തഴന്പുള്ള കൈകൾ കൊണ്ട് എന്റെ കൈകൾ പിടിച്ച് നിന്റെ കൈയ്ക്കെന്തു മിനുസ്സമാണെന്ന് പറഞ്ഞ് എന്റെ കവിൾ തുടുപ്പിച്ച കൂട്ടുകാരി, നിനക്കെന്നെ മറക്കാം. കാരണം നിനക്ക് എന്നോടല്ല, എനിക്ക് നിന്നോട് മാത്രമാണ് കടം...!!