2017, ഫെബ്രുവരി 5, ഞായറാഴ്‌ച

പഴങ്കഥ

ഹൃദയമോ?
അതിപ്പോഴും
അത്തിമരത്തിന്റെ പഴയ പൊത്തിൽ
ഭദ്രമാണ്...
അറകളിൽ നാലിലും
പുഴ വെള്ളമാണ്...
അതിലെന്നോ വീണുപോയ
നക്ഷത്രങ്ങളുടെ നിഴലുകളുണ്ട്
ഒഴുക്ക് മുറിഞ്ഞിടം തുന്നിചേർത്ത
സൂചിപ്പാടുണ്ട്
കാരം മണക്കുന്നൊരു
അലക്കു കല്ലുണ്ട്
പുഴക്കിലുക്കത്തെ തോൽപ്പിക്കാൻ
പറയാതിറങ്ങി പോയൊരു
വെള്ളിക്കൊലുസ്സുണ്ട്‌
ചത്ത മീനുകളുടെ
അടയാത്ത കണ്ണുകളുണ്ട്...
അഴുകാത്ത രണ്ടു വറ്റു ചോറും
നാലു ചെത്തിപ്പൂക്കളുമുണ്ട്
അത് മാത്രമേയുളളൂ

അത്തിമരത്തിന്റെ പൊത്തിൽ തന്നെ
ഇപ്പോഴും ഭദ്രമായുണ്ട്...
ചുമന്നു നടക്കാറില്ലിപ്പോൾ
ഭാരമുണ്ടായിട്ടല്ല,
മറന്നു വയ്ക്കുന്ന ശീലമുള്ളതു കൊണ്ട് മാത്രം

പുഴയ്ക്കക്കരെ
ആ പഴയ മുതലയെ കണ്ടാൽ
പറഞ്ഞേക്കൂ
അതങ്ങ്  മറന്നേക്കാൻ !!


5 അഭിപ്രായങ്ങൾ:

 1. "നന്നായി.. മനോഹരമായിരിക്കുന്നു..."

  ഓർമ്മകൾ പ്രാണന്റെ പിന്നിൽ കുറിച്ചിടേണ്ടവയല്ല,
  കാലത്തിനു മുന്നിൽ തുറന്നു വയ്‌ക്കേണ്ടവയാണ്..
  ആ ഹൃദയം പുറത്തെടുക്കൂ, മഴവില്ലിൻ അറ്റത്തു കെട്ടി വയ്ക്കാം..

  മറുപടിഇല്ലാതാക്കൂ
 2. പഴങ്കഥ കേട്ടിട്ടാണോ എന്തോ....അത്തിമരത്തിന്റെ പൊത്തിലുള്ള ഹൃദയം ഒന്നെടുത്തു തലോടി നോക്കി....ചെറുതായി വേദനിക്കുന്നുണ്ട്....

  മറുപടിഇല്ലാതാക്കൂ