2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

മേശ

 മേശ വലിപ്പിന് പാരസിറ്റമോൾ ഗുളികയുടെ മണമായിരുന്നു. (അല്ലെങ്കിലും എന്റെ ഓര്മകളുടെ എല്ലാം തുടക്കം ഏതെങ്കിലുമൊക്കെ ഗന്ധങ്ങളിൽ നിന്ന് തന്നെ ആണ്) അതിന്റെ ഉള്ളിൽ പലചരക്കിന്റെയും  ചിട്ടികളുടെയും കണക്കെഴുതിയ  അമ്മയുടെ പഴയ  ബുക്കുകൾ, ഇല്ലന്ടുകളിലും കാർഡുകളിലുമായി ചില കത്തുകൾ, അച്ഛൻ കൊണ്ടുവന്ന ലെറ്റർ പാഡിന്റെ അവശേഷിപ്പുകൾ, റബ്ബർ ബാൻഡുകൾ, സേഫ്റ്റി പിന്നുകൾ, കത്രിക, സൂചിയും നൂലും,ക്യാപ് കളഞ്ഞു പോയ പേനകൾ, തീരാറായ അമൃതാഞ്ജൻ കുപ്പി, പഴയ നാണയങ്ങൾ  തുടങ്ങി ഒരായിരം വസ്തുക്കൾ അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്നു. കളഞ്ഞു പോകുന്നത്  അടുക്കളയിലെ മീൻ ചട്ടി ആണെങ്കിലും അന്വേഷണം ഈ മേശ വലിപ്പിലും എത്തും ... എല്ലാം ഇതിലുണ്ട് എന്ന് തോന്നിപ്പിച്ച് മേശ നല്ല കനത്തിൽ കിടന്നു. വീടുകൾ പലതു മാറിയിട്ടും  സ്ഥാനം പലതു മാറിയിട്ടും വിരിപ്പുകൾ മാറിയിട്ടും ഉള്ളടക്കങ്ങൾക്ക് മാറ്റമില്ലാതെ മേശ വീടിന്റെ
ഹൃദയം കാത്തു കിടന്നു

പഠിത്തവും പകൽക്കിനാവും  കുഴഞ്ഞു മറിഞ്ഞ പ്രായത്തിൽ മേശയിൽ കോമ്പസ്സ് കൊണ്ട് ഒരു പേര് എഴുതിപ്പോയി. പിന്നെ തെളിവ് നശിപ്പിക്കാൻ അതിനു മേലെ ബ്ലേഡ് കൊണ്ട് ചുരണ്ടിയ പാട് കാലം ഏറെ കഴിഞ്ഞിട്ടും മേശയോട് സന്ധി ചെയ്യാതെ  മാറി നില്ക്കുന്നുണ്ട്. പിന്നെ കറന്റ്‌ ഇല്ലാതിരുന്ന മഴക്കാല രാത്രികളുടെ ഓർമ്മയുമായി ഉരുകിവീണ മെഴുകുതിരി പാടുകൾ.

അമ്മയ്ക്ക് കല്യാണം കഴിഞ്ഞ കാലത്ത് കിട്ടിയ തെക്കിന്റെ വലിയ അലമാരിക്കൊപ്പം വന്നു എന്നതാണ് മേശയെക്കുറിച് ആകെ കേട്ട ഒരു കഥ. വല്യ കഥയൊന്നും ഇല്ലാത്ത മേശക്കുള്ളിൽ ഒരു വീടിന്റെ കഥയുണ്ടായിരുന്നു.
അതുകൊണ്ടാണ് കളഞ്ഞു പോയ പലതിനും വേണ്ടി ഇപ്പോഴും മനസ്സ് ആ മേശയ്ക്കുള്ളിൽ പരതുന്നത്, ഇത്ര ദൂരെയായിരുന്നിട്ടും...!!.

1 അഭിപ്രായം:

  1. എനിങ്കെന്തെ ഇങ്ങനെയൊന്നും തോന്നാതിരുന്നത് .. മറവികളുടെയും ഓർമ്മപെടുത്തലുകളുടെയും അവശേഷിപ്പുകളുമായി എനിക്കും ഉണ്ടായിരുന്നു ഒരു മേശ..ഒരുപാട് വൈകി പോയി ഈ വഴി വരാൻ..

    മറുപടിഇല്ലാതാക്കൂ