2015, ജൂൺ 8, തിങ്കളാഴ്‌ച

മഴ- ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്

അഛൻ കൊടുത്തു വിട്ട പൂവുള്ള കുടയിങ്ങനെ കറക്കി കറക്കി മഴ വെള്ളം  തെറിപ്പിച് നേരെ ചെന്ന് നിന്നത് അമ്മയുടെ മുന്നിൽ... കഥ തീർന്നു!!  അച്ഛൻ ഈ കുട ചൂടി നിൽക്കുന്ന ഫോട്ടോയാണ് ആദ്യം അയച്ചു തന്നത്. കാത്തു കാത്തിരുന്ന് മഴക്കാലമെത്തും മുൻപേ സമ്മാനപ്പൊതികളുടെ കൂടെ അച്ഛൻ കൊടുത്തുവിട്ട ചുവപ്പിൽ വെള്ളപ്പൂക്കളുള്ള കുടയാണ്. അതിന്റെ പരമാധികാരി ഞാൻ ആണെങ്കിലും ഈ കറക്കു പരുപാടി അമ്മയ്ക്ക് അത്ര പിടുത്തമല്ല.

"എന്നതാടി ഇത് ? ഈ കുട കൂടി കളഞ്ഞാ ഈ കൊല്ലം മൊത്തം നീ നനഞ്ഞു നടക്കത്തേ ഒള്ളു, എന്നതാ നിന്റെ പാവടേൽ... ചെളി ഇങ്ങനെ അടിച്ച് തെറിപ്പിച്ച് നടക്കരുതെന്ന് നിന്നോട്‌ പറഞ്ഞിട്ടില്ലേ ? അലക്കിയാൽ ഉണങ്ങി കിട്ടത്തും കൂടില്ല ... "

തിരിഞ്ഞു നോക്കിയില്ലെങ്കിൽ കൂടി എനിക്ക് അറിയാരുന്നു, കടും നീല പാവാടയിൽ ഇപ്പൊ നിറയെ ചെളി പൊട്ടുകൾ ഉണ്ടെന്ന്... നിർബന്ധങ്ങൾ ഒന്നുമില്ലാത്ത പാവം സർക്കാര് സ്കൂൾ ആയത് കൊണ്ട് മഴ വന്നാൽ ഞാൻ വീട്ടിൽ ഇടുന്ന പാരഗണ്‍ ചെരുപ്പിട്ടേ സ്കൂളിൽ പോകു... മഴവെളളത്തിലൂടെ നടക്കുമ്പോ ഒരു താളം കിട്ടണേൽ അത് വേണം... ടപ്പേ ടപ്പേ ന്ന്.

"ഈ കൊച്ചിന്റെ ഷൂ എന്തിയേ?" അമ്മാമ്മച്ചിയാണ്.

ഓ !! ഇവക്കൊക്കെ ഷൂ മേടിച്ചു കൊടുക്കുന്നോരെ തല്ലണം... (അച്ഛനെ തന്നെ!! ) ഇന്നലെ നോക്കുമ്പോ ഇവളാ ഷൂവിൽ ഇറയത്ത്‌ വീഴുന്ന വെള്ളം പിടിക്കുന്നു... അതിന്റെ പണി തീർന്നു. "
പിന്നേ... ഇച്ചിരി വെള്ളം പിടിച്ചപ്പഴേയ്ക്ക് പണി തീർന്ന ആ ഷൂ ഇട്ടോണ്ട് ഈ മഴയത്ത് എങ്ങനെ പോവാനാ... ഞാൻ മിണ്ടാതെ കുനിഞ്ഞു നിന്നു.

അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... അതിനിടയിൽ ഞാൻ കുട ഇറയത്തു ഉണക്കാൻ വച്ചു, യൂണിഫോം മാറി, എന്റെ മിന്നാരം ഉടുപ്പിട്ടു.

മിന്നാരം സിനിമേൽ ശോഭന ഇട്ട പോലത്തെ ഉടുപ്പ്...വേണമെന്ന് വാശി പിടിച്ചു വാങ്ങിയ അപൂർവം സാധനങ്ങളിൽ ഒന്ന്. മേടിച്ചപ്പോ നല്ലതാരുന്നു, തയ്യൽ വിട്ടു തുടങ്ങിയപ്പോ വീട്ടിൽ ഇട്ടു. അമ്മയ്ക്ക് പക്ഷേ അന്നേ അതത്ര ബോധിച്ചിട്ടില്ല.  ഞാൻ ഇത് ഇടുമ്പോഴെല്ലാം അമ്മ പറയും " അയ്യട, കൊരങ്ങിന്റെ അരേൽ ചരട് കെട്ടിയ പോലൊണ്ട്‌ " മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്ന എനിക്ക് ഇതൊന്നും ചേരില്ലന്നും വല്ലതും തിന്ന് മനുഷ്യക്കോലം ആവണം എന്നുമൊക്കെ അതിന് അർത്ഥങ്ങളുണ്ട്. അച്ഛൻ കൊടുത്തുവിടുന്ന ഫോറിൻ തുണികൾ സൂസൻ ചേച്ചിയുടെ കടയിൽ കൊടുത്തു  തയ്പ്പിച്ചെടുക്കുന്ന ഉടുപ്പുകളാണ് എനിക്ക് കൂടുതലും. മിക്കതും ഒരേ തരം തുണി...ഒരേ തരം പൂക്കൾ..നിറം മാത്രം മാറുമെന്നേ ഉള്ളൂ. അതും പോരാഞ്ഞിട്ട് സൂസൻ ചേച്ചി അളവെടുക്കുന്പോൾ അമ്മയുടെ വക ചില സംഭാവനകളും. 'സൂസാ...ഇത്തിരി കൂടെ അയച്ചു തയ്ച്ചാ മതി...ഇത്തിരി ഇറക്കം കൂടി വച്ചോ...പെണ്ണ് വലതുതാവുവല്ലേ...'
അങ്ങനെ സൂസൻ ചേച്ചിടെ ഫാഷൻ ഡിസൈനിങ്ങും അമ്മയുടെ കലാബോധവും ചേരുന്പോൾ എന്റെ ഉടുപ്പുകൾ മിക്കതും രണ്ടു പേർക്ക് കയറാവുന്ന കഥകളി കുപ്പായമാകും.    

ഉടുപ്പ് മാറി വന്നപ്പോ ചൂട് ചായയും കപ്പ ഉപ്പേരിയും ഉണ്ട് മേശപ്പുറത്ത്. ഞങ്ങടെ പറമ്പിലെ കപ്പയാ. നല്ല ചതുരത്തിൽ മുറിച്ച് ഉണങ്ങി വറുത്തത്. അമ്മാമ്മാച്ചിയ്ക്ക്  പല്ലില്ലാത്തത് കൊണ്ട് കുറച്ച് വറുത്ത് പൊടിചെടുക്കും... തേങ്ങയും ശർക്കരയും ഒക്കെ കൂട്ടി...
ചായ പകുതി കുടിച് രണ്ടു കഷ്ണം ഉപ്പേരിയും കൈയിലെടുത് മുറ്റത്ത്‌ ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മയുടെ ഭീഷണി വീണ്ടും..
"ആ ഉടുപ്പും കൂടെ നനച്ചേച്ച് നീ ഇങ്ങു വാ കേട്ടോ "

ഞാൻ ഒന്നും കേൾക്കാത്തത്‌ പോലെ പതുക്കെ വീടിന്റെ പിന് ഭാഗത്തെ കയ്യാല ലക്ഷ്യമാക്കി നടന്നു. മഴ തോർന്നു നിൽക്കുംബോഴേ കണ്ണീർ തുള്ളി കിട്ടു... കണ്ണീർ തുള്ളി, മഴതുള്ളി എന്നൊക്കെ വിളിക്കുന്ന ഒരു കുഞ്ഞു ചെടി വളരും മഴക്കാലത്ത്. ശരിക്കും കണ്ണീർ തുള്ളി പോലെ ഇരിക്കും. അത് ഇറുത്തെടുത്ത് കണ്ണിൽ വച്ചാൽ എന്ത് സുഖാന്നോ... മഞ്ഞു തുള്ളി പോലെ കണ്ണിൽ വീണ പോലെ...

.....................................................................................................


കട്ടിയുള്ള നീല പാവാട, പൂക്കുട, പാരഗണ്‍ ചെരുപ്പ്,  കപ്പ ഉപ്പേരി, കണ്ണീർ തുള്ളി, പിന്നെ അമ്മാമ്മാച്ചി ...അങ്ങനെ മഴക്കാലങ്ങൾ കടന്നു പോകേ പോകേ നഷ്ടങ്ങളുടെ എണ്ണവും കൂടി കൂടി വന്നു.

മടിയിൽ ഇരുന്നു എന്റെ ഒന്നര വയസ്സുകാരി മുറ്റത്ത്‌ വിരൽ ചൂണ്ടി പറഞ്ഞു , മ്മേ, മയ !!
മയ അല്ലടി, മഴ... അത് തന്നെയല്ലേ ഞാനും പറഞ്ഞേന്ന മട്ടിൽ അവള് പിന്നേം പറഞ്ഞു മയ. വെറുതെ അവളുടെ ആത്മവിശ്വാസം കളയണ്ടല്ലോന്നു വിചാരിച്ചു പിന്നെ ഞാൻ തിരുത്തിയില്ല ... അങ്ങനെ ഉമ്മറത്തിരുന്ന് ഒരു അമ്മയും മോളും മയ കണ്ടു, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ഭംഗിയുള്ള മഴ. ചില ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രങ്ങള്ക്ക് നിറം കിട്ടുന്നത് പോലെ ഒരു തോന്നൽ.

ഒരു പൂക്കുട വാങ്ങണം !! അടുത്ത കൊല്ലമാവട്ടെ...

1 അഭിപ്രായം: