2016, ജനുവരി 10, ഞായറാഴ്‌ച

വഴി മാറി വന്നവർസ്ഥലം കോഴിക്കോട്. നഗരത്തിലെ പ്രശസ്തമായ ഹോട്ടൽ. ദുബായിൽ തുടങ്ങാൻ പോകുന്ന റേഡിയോ സ്റ്റേഷനിലേയ്ക്ക് റേഡിയോ ജോക്കികളെ തെരെഞ്ഞെടുക്കാൻ ഇന്റർവ്യൂ നടക്കുന്നു . രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിലും സിനിമാക്കാരുടെ മക്കൾ സിനിമയിലും എന്ന പോലെ ഗൾഫകാരന്റെ മകൾ ഗൾഫിൽ തന്നെ എത്തുമെന്ന ഉറച്ച വിശ്വാസത്തോടെ ഞാനും അച്ഛനും അമ്മയും ലോബിയിൽ ഊഴം കാത്തിരുന്നു .

ചുറ്റും ഉള്ളവരെ പരിചയപ്പെട്ട് ആത്മ വിശ്വാസം കളയണ്ടാന്ന് വിചാരിച്ചെന്കിലും നാളെ ഒന്നിച്ച് ജോലി ചെയ്യേണ്ടി വന്നാൽ അന്ന് ജാഡ കാണിച്ചൂന്ന് പറയിപ്പിക്കണ്ടല്ലോന്ന് വച്ച് ഒാരോരുത്തരെയായി പരിചയപ്പെട്ടു തുടങ്ങി. മിക്കവരും എന്നെക്കാളധികം റേഡിയോ എക്സ്പീരിയൻസ് ഉള്ളവർ. ആവശ്യത്തിലധികം ഇംഗ്ലീഷും പറയുന്നുണ്ട് . പത്താം ക്ലാസ് വരെ മക്കൾ  സർക്കാർ വക മലയാളം മീഡിയത്തിൽ പഠിച്ചാ മതീന്ന് നിർബന്ധം പിടിച്ച അച്ഛനെ നോക്കി ഒന്ന് കണ്ണുരുട്ടാനുള്ള ഗ്യാപ്പ് പോലും തരാതെ എല്ലാവരും സംസാരിച്ചു കൊണ്ടേയിരുന്നു. ആത്മവിശ്വാസത്തിൽ അവസാനത്തെ ആണിയടിയ്ക്കും മുന്പേ ചുമ്മാ അമ്മയോടു രഹസ്യം പറഞ്ഞു "വരണ്ടാരുന്നൂ...ന്തായാലും ബിരിയാണി കഴിച്ചിട്ട് പോയാ മതി. ആദ്യായിട്ട് കോഴിക്കോട് വന്നതല്ലേ"
"നിന്റെ ജാതകത്തില് വിദേശ വാസം പറഞ്ഞിട്ടൊള്ളതാ, ഇത് കിട്ടും" അമ്മ ഉറപ്പ് പറഞ്ഞേന്റെ ബലത്തിൽ ഞാൻ പിന്നേം ധൈര്യം സംഭരിച്ച് തൊട്ടടുത്തിരുന്ന പയ്യനോട് സംസാരിച്ചു തുടങ്ങി.

കഥയിവിടെയെത്തിയപ്പോഴാണ് എന്റെ ജീവിതത്തിൽ ഒരു ട്വുസ്റ്റ്ന് നേരമായല്ലോന്ന്  ദൈവം ഒാർത്തത്.
അതിനായിട്ട് പുള്ളിക്കാരൻ പറഞ്ഞ് വിട്ടത് അറുപതിന് മുകളിൽ പ്രായമുള്ള ഒരു അമ്മൂമ്മയെയാണ്. കോളേജിലെ ക്ലാസ് മുറിയിലേയ്ക്ക് അറിയാതെ കയറി വരാറുള്ള ആട്ടിൻ കുഞ്ഞിനെ പോലെ, ദുബായുടെ സ്പന്ദനമാകാൻ  തയ്യാറെടുക്കുന്ന ആർ ജെ കൂട്ടത്തിനിടയിലേയ്ക്ക് ഒരു പാവം അമ്മൂമ്മ കയറി വന്നത് അങ്ങനെയാവണം.
ഐശ്വര്യമുള്ള മുഖം. പണ്ട് തിളക്കമുണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും അവശേഷിപ്പിക്കാത്ത നരച്ച പട്ട് സാരി. മൂക്കിന്റെ ഇരുവശത്തും നിറം മങ്ങി കറുത്ത വലിയ മൂക്കുത്തി. തേഞ്ഞ് തീരാറായ റബർ ചെരുപ്പ്. ആഡംബരത്തിന്റെ നിറവും മണവും തണുപ്പും പരക്കുന്ന ഹോട്ടൽ ലോബിയിൽ അപരിചിതരുടെ നടുവിൽ വന്നു പോയതിന്റെ പരിഭ്രമത്തിൽ അവർ ഒരു നിമിഷം നിന്നു. പിന്നെ അപരിചിതത്വം ചിലപ്പോൾ നമുക്ക് തരാറുള്ള അപാരമായ ധൈര്യം സംഭരിച്ച് ഞങ്ങളുടെ അടുത്ത കസേരയിൽ ഇരുന്നു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി.
പറഞ്ഞത് മലയാളമായിരുന്നെന്കിലും ഇനിയും മറക്കാത്ത തമിഴിന്റെ രുചി അതിലവിടിവിടെ പറ്റി നിന്നു. സംഗതി ഇതാണ്. അമ്മൂമ്മ ജോലിയ്ക്ക് നിൽക്കുന്ന സമ്പന്ന കുടുംബത്തിലെ പെൺ കുട്ടിയുടെ വിവാഹ സത്കാരം ഹോട്ടലിന്റെ മുകൾ നിലയിൽ നടക്കുന്നുണ്ട്. അവർക്ക് അങ്ങോട്ടേയ്ക്ക് പ്രവേശനം നിഷേധിച്ചതോ, സ്വയം ഒഴിഞ്ഞ് മാറിയതോ തിരക്കിനിടയിൽ വീട്ടുകാർ മറന്നതോ ആവാം. എന്തായാലും ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും എത്തുന്നതു വരെ അവിടെയിരിയ്ക്കാമെന്നാണ് തീരുമാനം. എന്തൊക്കെയോ പറയുന്നുണ്ടെന്കിലും ആളു നന്നേ ക്ഷീണിതയാണ്. ഉറക്കച്ചടവുമുണ്ടാവണം.

അമ്മൂമ്മ അവിടെയെത്തിയതിലുള്ള കൗതുകം മാറിയപ്പോൾ ഞങ്ങൾ വീണ്ടും പുതിയ സൗഹൃദങ്ങളിലെ സാധ്യതകൾ തിരഞ്ഞു.
"ഇവിടെങ്ങാനും ഒരു കാപ്പി കിട്ടുവോ മക്കളേ" ന്നുള്ള ചോദ്യം വീണ്ടും ശ്രദ്ധയെ അങ്ങോട്ടാക്കി.

ലോബിയോട് ചേർന്നുള്ള റെസ്റ്റോറന്റിലേയ്ക്ക് നോക്കിയാണ് ചോദ്യം. "ദാ, അവിടെ കിട്ടും" ന്ന് ഞാൻ വിരൽ ചൂണ്ടി. ഒരു നിമിഷത്തെ മൗനത്തിനൊടുവിൽ അടുത്ത ചോദ്യം...
"പൈസാ കൊടുക്കണാരിക്കും ല്ലേ?"

ആ ചോദ്യത്തിന്റെ അർത്ഥം അറിയാൻ പതിറ്റാണ്ടുകളുടെ ജീവിതാനുഭവമൊന്നും വേണ്ടിയിരുന്നില്ല...അവരുടെ കണ്ണുകളിലെ  നിസ്സഹായത എല്ലാ ഭാഷയ്ക്കും മുകളിൽ നിന്ന് സംവദിച്ചു. സ്റ്റാർ ഹോട്ടലിലെ റെസ്റ്റോറന്റിൽ പണം കൊടുക്കേണ്ടി വരുമെന്നും അത് വലുപ്പം കൂടിയ സംഖ്യയാവുമെന്നും ഞങ്ങളെ പോലെ അവർക്കും അറിയുന്നതാവണം. പണം കൊടുക്കേണ്ടി വരുമെന്ന അർത്ഥത്തിൽ ഞാൻ പതിയെ തലയാട്ടി.

അടുത്ത നിമിഷം എന്റെയടുത്തിരുന്ന പുതിയ സുഹൃത്ത് ചാടിയെഴുന്നേറ്റു...
"ആരു പറഞ്ഞൂ പൈസ വേണംന്ന് ? ഒന്നും വേണ്ടാ, അമ്മ വാ"
വേണ്ടേ? ഞാൻ അന്തംവിട്ട് ചോദിച്ചു പോയി
"വേണ്ടാന്ന്... "എന്നെ കണ്ണിറുക്കിക്കാണിച്ച് അവൻ അവരോട് പറഞ്ഞു...
"ഞാനും ഒന്നും കഴിച്ചിട്ടില്ല, അമ്മ എന്റെ കൂടെ വാ"
"പൈസയാകുമെന്കിൽ വേണ്ട മോനേ" അവർ ശക്തിയില്ലാതെ നിഷേധിച്ചു.

അവൻ പക്ഷേ അപ്പോഴേയ്ക്കും മുൻപോട്ട് നടന്ന് കഴിഞ്ഞിരുന്നു.
സംഭവിച്ചതെന്താണെന്ന് മനസ്സിലായപ്പൊൾ എനിയ്ക്ക് എന്നോടു തന്നെ പുച്ഛം തോന്നി. സഹതപിക്കാൻ ആർക്കും കഴിയും, സഹായിക്കാനും. പക്ഷേ ഒരാളുടെ ആത്മാഭിമാനത്തെ പോറലേല്പിക്കാതെ അയാളെ സഹായിക്കാൻ കഴിയുന്നത് അപൂർവ്വം ചിലർക്കു മാത്രം സാധിക്കുന്ന ഒന്നാണ്...

'പൈസ കൊടുക്കാതെ കിട്ടുന്ന' 'അവിടെ വരുന്നവരുടെ അവകാശമായ' കാപ്പി കുടിച്ച് ഇഡ്ഡലി വട കഴിച്ച് സന്തോഷത്തോടെ രണ്ടു പേരും തിരികെയെത്തി... കഥ അവിടെ തീരേണ്ടതാണ്...പക്ഷേ സംഭവിച്ചത് അങ്ങനെയല്ല.

ഇന്റർവ്യു നടക്കുന്നു. പല പതിവ് ചോദ്യങ്ങൾക്കുമൊടുവിൽ ഒരു ചോദ്യം.

ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവം റേഡിയോ ഭാഷയിലല്ലാതെ വിവരിയ്ക്കണം. കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല, സഹതപിക്കാൻ മാത്രം അറിയുന്ന നമുക്കിടയിൽ, പ്രവർത്തിയ്ക്കാൻ അറിയുന്ന ഒരാളെ കണ്ട കാര്യം പറഞ്ഞു....അത്ര തന്നെ !!

മാസങ്ങൾക്കിപ്പുറത്ത്, ജോലി കിട്ടി ദുബായിൽ എത്തിയപ്പോൾ അന്ന് ഇന്റർവ്യൂ ചെയ്ത ഗിരിയേട്ടനും രഞ്ജിത്തും  പറഞ്ഞു... "അശ്വതി അന്നൊരു കഥ പറഞ്ഞില്ലേ...ആ ഒരൊറ്റ പോയിന്റിലാണ് ഞങ്ങൾ ഷോട്ട് ലിസ്റ്റ് ചെയ്തത്. കഥ പറഞ്ഞ രീതി,പിന്നെ ആ Observation"
അതേ...സത്യത്തിൽ വെറുതേ observe ചെയ്യാനേ എനിയ്ക്ക് പറ്റിയുള്ളൂ...

അപ്പൊ ആ പയ്യനെ എടുത്തില്ലേ എന്ന ചോദ്യത്തിന് ആളുടെ പ്രസന്റേഷൻ അത്ര നന്നായില്ലാന്നു മറുപടി !!

അത്ഭുതമില്ല... അല്ലെന്കിലും നന്മ ചെയ്യുന്നവർക്ക് അത് മാർക്കറ്റ് ചെയ്യാൻ അറിയണംന്നില്ലല്ലോ... അറിയുമായിരുന്നെന്കിൽ അവൻ അമ്മൂമ്മയോട് പറഞ്ഞേനേ, 'കാപ്പിയ്ക്ക് പൈസയാവും...എന്നാലും സാരമില്ല,ഞാൻ  വാങ്ങിത്തരാം ' എന്ന്.

പ്രിയപ്പെട്ട കൂട്ടുകാരാ, അമ്മ പറഞ്ഞതു പോലെ എന്റെ ജാതകം ഫലിച്ചു. വിദേശവാസം നാലാണ്ട് പിന്നിടുന്നു.  അതിന് നീ പോലുമറിയാതെ നീയെന്റെ ജീവിതത്തിൽ വലിയ നിമിത്തമായി...നിനയ്ക്കായ് വലിയ നന്മകൾ ദൈവം കരുതി വച്ചിട്ടുണ്ടാവണം...മറ്റൊരു ദേശത്ത്, മറ്റൊരു രൂപത്തിൽ.
പ്രാർത്ഥനയോടെ...!!

10 അഭിപ്രായങ്ങൾ:

 1. സഹതപിക്കാൻ ആർക്കും കഴിയും, സഹായിക്കാനും. പക്ഷേ ഒരാളുടെ ആത്മാഭിമാനത്തെ പോറലേല്പിക്കാതെ അയാളെ സഹായിക്കാൻ കഴിയുന്നത് അപൂർവ്വം ചിലർക്കു മാത്രം സാധിക്കുന്ന ഒന്നാണ്...
  it is your ability to make such an incident as a story(or something that).. and passes the valuable message.... KATHA ISHATTAPETTU, ORUPAAAD....

  മറുപടിഇല്ലാതാക്കൂ
 2. നിങ്ങളുടെ അഭിപ്രായം നൽകുക...

  മറുപടിഇല്ലാതാക്കൂ
 3. വളരെ ലളിതമായി നാട്ടിൽ കാണുന്ന
  ചില സാമൂഹ്യയാഥാർത്ഥ്യങ്ങള്‍ വ്യത്യസ്തമായ ഒരു വിഷയം.ലളിതമായ അവതരണം.ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 4. "സഹതപിക്കാൻ ആർക്കും കഴിയും, സഹായിക്കാനും. പക്ഷേ ഒരാളുടെ ആത്മാഭിമാനത്തെ പോറലേല്പിക്കാതെ അയാളെ സഹായിക്കാൻ കഴിയുന്നത് അപൂർവ്വം ചിലർക്കു മാത്രം സാധിക്കുന്ന ഒന്നാണ്..."

  "കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല, സഹതപിക്കാൻ മാത്രം അറിയുന്ന നമുക്കിടയിൽ, പ്രവർത്തിയ്ക്കാൻ അറിയുന്ന ഒരാളെ കണ്ട കാര്യം പറഞ്ഞു....അത്ര തന്നെ !!"

  "അല്ലെന്കിലും നന്മ ചെയ്യുന്നവർക്ക് അത് മാർക്കറ്റ് ചെയ്യാൻ അറിയണംന്നില്ലല്ലോ... "

  മാഷെ... എഴുത്ത് നിർത്തരുത് ട്ടോ..please...

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. നന്ദി..ഒരാൾക്ക് മനസ്സിന് അല്പം പോലും മുറിവ് എല്പിക്കാതെ എങ്ങനെ സഹായിക്കാം എന്ന് പറഞ്ഞു തന്നതിന്...പലപ്പോഴും ഞാൻ ചെയ്തിരുന്നതിലെ തെറ്റ് മനസ്സിലാക്കി തന്നതിന്...

  മറുപടിഇല്ലാതാക്കൂ
 7. നല്ല കഥ. ഏറ്റവും ഇഷ്ടപെട്ടത് ആ ലാസ്റ്റ്‌ sentences ആണ്

  മറുപടിഇല്ലാതാക്കൂ