2016, ഫെബ്രുവരി 14, ഞായറാഴ്‌ച

പ്രണയത്തിന്റെ നാരങ്ങാവെള്ളം

"എടീ, ആ ചേട്ടന് നിന്നെ ഇഷ്ടമാണെന്ന്..."
പ്ലസ് വണ്ണിലെ സഹപാഠി അബി ക്ലാസ് റൂമിന് പുറത്തേയ്ക്ക് വിരൽ ചൂണ്ടി. അവിടെ യൂണിഫോമിട്ട് നെറ്റിയിൽ കുങ്കുമക്കുറി തൊട്ട വെളുത്ത് മെലിഞ്ഞൊരു പയ്യൻ ചിരിച്ചു കൊണ്ട് നിൽക്കുന്നു. സീനിയറാണ്. ഞാൻ ആദ്യമായിട്ടാ കാണുന്നത്. 'പോയി പണി നോക്കാൻ പറ...' ഞാൻ അല്പം ഉച്ചത്തിൽ തന്നെ നയം വ്യക്തമാക്കി.
പക്ഷേ പിന്നീട് ക്ലാസ് റൂം വരാന്തകളിൽ, ലൈബ്രറിയിൽ, ലാബിൽ, ബസ് സ്റ്റോപ്പിൽ, യുവജനോത്സവ വേദികളിൽ, അമ്പലത്തിൽ അങ്ങനെ എവിടെ പോയാലും ആ ചിരിയുമെത്തി. ഒരു വാക്കു പോലും മിണ്ടിയിട്ടില്ല, ഒരു വർഷത്തോളം.
മുഖം തിരിച്ച് മടുത്തിട്ടും ചിരിച്ച് മടുക്കാത്ത ചെക്കനു വേണ്ടി റെക്കമന്റേഷനുമായി വന്നവരോട് പറഞ്ഞു 'ചുണയുണ്ടേൽ നേരേ പറയട്ടെ'.
ലൈബ്രറി വരാന്തയിൽ തടഞ്ഞ് നിർത്തി 'തന്നെ എനിയ്ക്കിഷ്ടമാണെന്ന്' നേരേ പറഞ്ഞ് ചുണ തെളിയിച്ചപ്പോൾ അതിനിപ്പൊ ഞാനെന്നാ വേണംന്ന് തർക്കുത്തരം പറഞ്ഞ് കണ്ണുരുട്ടി ഞാനൊഴിഞ്ഞു മാറി.

അങ്ങനെ ഒരു വാലന്റൈസ് ഡേ-
ക്ലാസ് കഴിഞ്ഞ് ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ പിന്നാലെയെത്തി ചെക്കൻ. അതറിയാവുന്നതു കൊണ്ട് ഒപ്പമെത്താൻ സമ്മതിക്കാതെ മുന്നിൽ നിർത്തിയ സെന്റ് ജോർജ്ജ് ബസ്സിൽ ഒാടിക്കയറിയപ്പോഴാണ്  ആദ്യമായൊന്നു തിരിഞ്ഞു നോക്കണമെന്ന് എനിയ്ക്ക് തോന്നിയത്. നോക്കി... !! ചിരി മങ്ങിയ മുഖം... കൈയ്യിൽ ചുവന്ന റിബ്ബൺ കെട്ടിയ സമ്മാന പൊതി, പിന്നിൽ നിന്നു കൂവി കളിയാക്കുന്ന കൂട്ടുകാർ.

'ശ്ശോ! പാവം ടീ' എന്റെ ആത്മമിത്രങ്ങളായ  അനുവും ഫെമിയും ഒരുപോലെ സഹതപിച്ചു. അതുവരെ കട്ടയ്ക്ക് ഇടവും വലവും നിന്ന പ്രണയ വിരോധികൾ പെട്ടെന്ന് കളം മാറ്റി ചവിട്ടിയ പോലെ.
"സാരല്ല,ഇനിയിപ്പൊ കാണണ്ടല്ലോ...പ്ലസ്റ്റൂക്കാർക്ക് ക്ലാസ് കഴിഞ്ഞു, ഇനി സ്റ്റഡി ലീവല്ലേ" അനു സമാധാനം പറഞ്ഞു. അത് കേട്ടപ്പൊ പക്ഷേ ആശ്വാസത്തിനു പകരം എന്തോ ഒരു ഒരു ....!!
കുറേ ദിവസം കഴിഞ്ഞാണ് പിന്നെ കണ്ടത്. വേണോ വേണ്ടയോ എന്ന സംശയത്തോടെയാണ് ചിരിച്ചതെങ്കിലും അറിയാതെ ഞാനും ഒരു ചിരി മടക്കി നൽകി. പിന്നെ കൊച്ചുറാണി ചേച്ചിയുടെ കൂൾബാറിലെ നാരങ്ങാവെള്ളത്തിന്റെ മദ്ധ്യസ്ഥതയിൽ ഞങ്ങളൊരു സൗഹൃദകരാറിൽ ഒപ്പു വച്ചു. തൽക്കാലം നല്ല സുഹൃത്തുക്കളാവാം...പിന്നെയെല്ലാം വരുന്ന പോലെ!!

അങ്ങനെ പിന്നീട് വന്നവയിൽ ഒരു സൗഹൃദം, ഒരത്യുഗ്രൻ പ്രണയം, വീട്ടിലറിയൽ, സ്റ്റണ്ട്, വിരഹം, വേർപിരിയൽ, പുന:സമാഗമം,കല്ല്യാണം തുടങ്ങി ഒരു typical love story യ്ക്ക് വേണ്ടതെല്ലാമുണ്ടായിരുന്നു....ആ കഥ പറഞ്ഞാൽ അടുത്ത വാലെന്റൈൻസ് ഡേ ആയാലും തീരില്ല....

അതുകൊണ്ട് തൽക്കാലം കഥ ചുരുക്കുന്നു...സീനിൽ ഇപ്പൊ മിഥുനത്തിലെ സേതുവേട്ടനും സുലുവും ദാക്ഷായണി ബിസ്ക്കറ്റ് കമ്പനിയുമാണുള്ളത്...
ദാമ്പത്യത്തിനും പ്രണയത്തിനും അടിസ്ഥാനമായി വേണ്ടത് ഒരു നല്ല സൗഹൃദമാണെന്ന തിരിച്ചറിവിൽ ഞങ്ങൾ ആ പഴയ സൗഹൃദക്കരാർ വീണ്ടും ഉറപ്പിക്കുന്നു...ഇത്തവണ രണ്ടര വയസ്സുള്ള  ഒരു കുഞ്ഞിപ്പെണ്ണിന്റെ മദ്ധ്യസ്ഥതയിൽ...!!

കഥ തുടരുന്നു !! Happy Valentines Day 😍😍😍

7 അഭിപ്രായങ്ങൾ:

 1. ഓരോ പ്രണയവും എന്നും ആർദ്രമായിരിക്കും , ഏതെല്ലാം രീതിയിൽ ആയാലും പ്രണയിക്കുന്നവരുടെ വികാരവും വിചാരവും എല്ലാം ഒന്ന് തന്നെ.., ഇഷ്ടം തോന്നിയവളുടെ മുന്നിൽ അത് തുറന്നു പറയാൻ ഉള്ള പേടിയും അത് തുറന്നു പറയാതെ പറയുന്ന ഒരിതും എല്ലാം ഒന്ന് തന്നെ...ഒരു പാട് കാലം പുറകിലേക്ക് പോയ പോലെ ..

  മറുപടിഇല്ലാതാക്കൂ
 2. sounds like it started from 'Chithram' and going on in 'Midhunam' :)

  മറുപടിഇല്ലാതാക്കൂ
 3. മനോഹരം.. വായിച്ചപ്പോൾ ഉള്ളിലെവിടെയോ പഴയ പ്രണയത്തിന്റെ ഓർമപ്പെടുത്തലുകൾ...... എഴുത്ത്കാരിയോട് ഒരു കാര്യത്തിൽ വിയോജിക്കാതിരിക്കാൻ വയ്യ.. എന്തെന്നാൽ പ്രണയത്തിന്റെ ചേരുവകളിൽ വിവാഹം ഒരു മുഖ്യ ഘടകം അല്ലാന്നാണ് ന്റെ ഒരിത് .

  മറുപടിഇല്ലാതാക്കൂ
 4. നന്നായിട്ടുണ്ട്..... എനിക്കു എല്ലാം ഒരു ഓർമ്മപ്പെടുത്തലായി തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 5. അതിപ്പോ കാര്യമെന്തായാലും ഒരു മധ്യസ്ഥത ഇപ്പോഴും നല്ലതാ.
  അത് നാരങ്ങാ വെള്ളായാലും കുഞ്ഞിപെണ്ണായാലും മതി.
  സംഗതി ക്ലാസ്സായി !

  മറുപടിഇല്ലാതാക്കൂ