2017, ജനുവരി 24, ചൊവ്വാഴ്ച

ഒറ്റ രൂപ


കീറിയ ഒറ്റമുണ്ടിൽ ഉടൽ മറച്ച് കുനിഞ്ഞിരിക്കുകയായിരുന്നു അവർ. ചെറുകോടി എന്നാണ് വിളിപ്പേര്. ശരിക്കുള്ള പേരെന്താണെന്നു അവർക്കു പോലും ഓർമ്മയുണ്ടാവില്ല. അല്ലെങ്കിലും ഭ്രാന്ത് വന്നവർക്ക് പിന്നെയൊരു പേര് വേണ്ടല്ലോ... ഭ്രാന്ത് തന്നെയാണ് പേരും വിലാസവും.  ഞാൻ സർവ്വ ധൈര്യവും സംഭരിച്ചു രണ്ടു ചുവടു കൂടി മുന്നിലേയ്ക് വച്ചു. അവർ മുഖമുയർക്കുക കൂടി ചെയ്തില്ല. കുടുക്കയിലിടാൻ അമ്മ തന്ന ഒറ്റ രൂപാ തുട്ട്  എന്റെ ഉള്ളം കൈയിലെ ഉപ്പറിഞ്ഞു.

കുറച്ചധികം ദിവസമായുള്ള പദ്ധതിയായിരുന്നു. കൃത്യമായി പറഞ്ഞാൽ മദർ തെരേസയെ കുറിച്ച് ലീലാമ്മ ടീച്ചർ ക്ലാസ്സിൽ പറഞ്ഞപ്പോൾ മുതൽ. എനിക്കും ആരെയെങ്കിലും സഹായിക്കണം എന്നൊരു തോന്നൽ. അഗതികൾ, അശരണർ എന്നൊക്കെയാണ് ടീച്ചർ പറഞ്ഞത്. പക്ഷെ അതൊക്കെ ആരാണെന്നും അവരെ എവിടെ നിന്ന് കണ്ടു പിടിക്കുമെന്നും എനിക്കന്ന് യാതൊരു ധാരണയുമില്ലായിരുന്നു. കേട്ടിടത്തോളം കൽക്കട്ടയിലെ തെരുവിലുള്ളത്ര പാവങ്ങൾ ഞങ്ങളുടെ നാട്ടുംപുറത്തില്ലെന്ന് മാത്രം എനിക്ക് ഉറപ്പുണ്ടായിരുന്നു. റോഡരികിൽ കിടക്കുന്ന ഒരേ ഒരാളെ മാത്രമേ ഞാൻ എന്റെയാ എട്ടു വയസ്സിനിടയിൽ കണ്ടിട്ടുള്ളു. അത് ചെറുകോടിയാണ്. സ്കൂളു വിട്ടു വരുന്ന വഴിയിലാണ് മിക്കവാറും കാണാറ്. ആൺകുട്ടികൾ അവരെ കല്ലെറിയും. കൂവി വിളിക്കും. പ്രാന്തിയെന്നും കിറുക്കിയെന്നും വിളിക്കും. ചെറുകോടി കിട്ടുന്ന കല്ലുകളെല്ലാം പെറുക്കി അവരെ നീട്ടിയെറിയും, എന്തെല്ലാമോ പുലഭ്യം പറയും. ആണിന്റെയും പെണ്ണിന്റെയും ജന്മ വാസനകളുടെ വ്യതാസം വിളിച്ചു പറയും വണ്ണം, ആ കളിയിൽ ഒരിക്കലും പെൺകുട്ടികൾ ഭാഗമായില്ല. അവർ ഭീതിയും സഹതാപവും നിറഞ്ഞ കണ്ണുകളോടെയേ അവരെ നോക്കിയുള്ളൂ. അതുകൊണ്ട് തന്നെ എന്റെ ഓർമ്മയിൽ ഒരിക്കലും ചെറുകോടി പെൺകുട്ടികളെ കല്ലെറിഞ്ഞതുമില്ല.

ചെറുകോടി ചിലപ്പോൾ സഹകരണ ബാങ്കിന്റെ പിന്നിൽ കമ്മ്യൂണിസ്റ് പച്ചയുണ്ടാക്കിയ കാടിനുള്ളിലിരുന്ന് എന്തൊക്കെയോ നുള്ളിപ്പെറുക്കുന്നത് കാണാം. മറ്റു ചിലപ്പോൾ കയ്യാണിയിലെ ഇത്തിരി വെള്ളത്തിൽ പാതി മുങ്ങി ഇരിപ്പുണ്ടാവും. അവർ ആരോടും സംസാരിക്കുന്നത് കണ്ടിട്ടില്ല, ഭക്ഷണം കഴിക്കുന്നതും കണ്ട ഓർമ്മയില്ല. മുടി മുതൽ കാൽ നഖം വരെ ഒരേ നിറമാണ്- കറുപ്പ് ചേർന്ന ചെളി നിറം. അവരുടെ ദേഹം പോലെ തന്നെ നിറം കേട്ട മുഷിഞ്ഞ മുണ്ടിനെ പലതരത്തിൽ ചുറ്റി നാണം മറച്ച് മണ്ണിലേയ്ക് മാത്രം കണ്ണ് നട്ടും, വല്ലപ്പോഴും മാത്രം മുഖമുയർത്തി നോക്കിയും ചെറുകോടി നടന്നു. സ്കൂളില്ലാത്ത ദിവസങ്ങളിൽ കടയിൽ പോയി മടങ്ങുന്ന വഴിയിൽ പലവട്ടം ഞങ്ങൾ നേർക്കു നേർ വന്നിട്ടുണ്ട്. കണ്ണ് കെട്ടി വിട്ടാലും വീട്ടിലെത്തുമെന്നുറപ്പുള്ള വഴിയായതു കൊണ്ട്  സാധനങ്ങൾ പൊതിഞ്ഞു കിട്ടിയ മംഗളത്തിന്റെയോ മനോരമയുടെയോ ഇത്തിരി കടലാസിലെ നോവലുകളെ പൂരിപ്പിച്ചെടുത്തു വായിക്കുന്ന തിരക്കിലാവും ഞാൻ. ഓട്ടോ റിക്ഷകൾ പോലും ഓടിത്തുടങ്ങാത്ത മൺവഴിയെ വിശ്വസിച്ച് കണ്ണുയർത്താതെ നടക്കുന്ന രണ്ടു പേർ അങ്ങനെ വല്ലപ്പോഴും പരസ്പരം കടന്നു പോകും. അടുത്തുകൂടെ പോയത് ചെറുകോടിയായിരുന്നു എന്നറിഞ്ഞ് കാലിൽ ചുറ്റിപ്പോയൊരു വിറയലോടെ ഞാൻ നിന്നിടത്തു വേരിറങ്ങിയിട്ടുണ്ട്, പലവട്ടം. ദൂരെ നിന്ന് അവർ  വരുന്നത് കണ്ടിട്ട്, അവർ കടന്നു പോകും വരെ ഇടത്തൊണ്ടിൽ പതുങ്ങി നിന്നിട്ടുമുണ്ട്. ചെറുകോടി എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, എവിടെ ഉറങ്ങുന്നു അങ്ങനെ പലതിനും 'ആർക്കറിയാം' എന്ന് മാത്രമായിരുന്നു ഉത്തരം. എന്തായാലും അങ്ങോട്ട് ഉപദ്രവിച്ചാലല്ലാതെ അവർ തിരികെ ഉപദ്രവിക്കില്ലെന്ന് എനിക്ക് ഒരു വിശ്വാസം തോന്നി തുടങ്ങിയിരുന്നു. മാത്രമല്ല, അവർ ഏതോ വലിയ വീട്ടിലെയായിരുന്നു എന്നും ഭ്രാന്ത് വന്നപ്പോൾ പുറം തള്ളപ്പെട്ടതാണെന്നുമുള്ള കഥകൾ പേടിയെ സഹതാപം കൊണ്ട് നേർപ്പിച്ചു. അവരുടെ സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കൾ മരുന്ന് കൊടുത്ത് ഭ്രാന്തിയാക്കിയതാണെന്നും അതല്ല, അപകടത്തിൽ പെട്ട് മകൻ മരിച്ചപ്പോൾ ഭ്രാന്തായതാണെന്നും കഥയിൽ നിന്ന് കഥ പിറന്നു. ചെറുകോടി പുല്ലാണ് തിന്നുന്നതെന്നും കയ്യാണിയിലെ മീനുകളെ പിടിച്ച് പച്ചയ്ക്ക്  തിന്നുമെന്നുമുള്ള കുട്ടികളുടെ മാത്രം ഭാവനാ സൃഷ്ടികൾ വേറെയുമുണ്ടായി.

ഞാൻ എന്തായാലും ഒരാളെയെങ്കിലും സഹായിക്കും എന്ന് തീരുമാനിച്ച് ഉറപ്പിച്ചതാണ്. അതിനി  ആരെ എങ്ങനെ എന്നൊക്കെയാണ് തീരുമാനിക്കേണ്ടത്. അങ്ങനെ പലവക ചിന്തയുമായി ഒരിക്കൽ കടയിൽ നിന്നും വീട്ടിലേയ്ക് മടങ്ങുന്ന വഴിയാണ് വീണ്ടും ചെറുകോടി മുന്നിൽ വരുന്നത്. വർക്കിയപ്പാപ്പന്റെ മൾബറി ചെടിയുള്ള വീട് കടന്ന് ഞാൻ മുകളിലേയ്ക്ക് നടക്കുന്പോൾ അതാ മാനത്ത് നോക്കി എന്തോ പിറു പിറുത്ത് കൊണ്ട് നിൽക്കുന്നു സാക്ഷാൽ ചെറുകോടി. കാലനക്കം കേട്ട് അവർ മുഖം ചെരിച്ചു നോക്കിയതും എന്റെ മുഖത്തെ ചോര വറ്റിയിട്ടുണ്ടാവണം. കാര്യം അവർ നാലഞ്ചു ചുവടപ്പുറത്താണുള്ളത്. അവിടെ വരെ നടന്നെത്തി അവരെ പിന്നിട്ട് വേണം വീടെത്താൻ. തിരികെ നടന്നാലോ എന്ന് പോലും ചിന്തിച്ച് ഞാൻ ഉറുന്പനങ്ങും വണ്ണം അരിച്ചരിച്ചു നിന്നു. അപ്പോഴാണത് സംഭവിച്ചത്... കറുത്തവാവിന് ചന്ദ്രൻ കയറി വന്ന് സുഖമാണൊന്നു ചോദിക്കും പോലെ ചെറുകോടി എന്ന ഭ്രാന്തിത്തള്ള ഒരൊറ്റ ചിരി... അവർ ചിരിച്ചോ കരഞ്ഞോ അന്ന് വരെ ഞാൻ കണ്ടിട്ടില്ല. അവരുടെ മുഖത്തെ സ്ഥായിഭാവത്തിനു പേര് നിസ്സംഗത എന്നാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. അന്നവർ ചിരിച്ചു, എന്റെ കണ്ണിൽ നോക്കി തന്നെ. അത്രയും നിഷ്ക്കളങ്കമായൊരു ചിരി തരാൻ ഭൂമിൽ പിന്നെയുള്ളത് ഒരൊറ്റ പല്ലും മുളയ്ക്കാത്ത കുഞ്ഞുങ്ങൾമാത്രമാവണം. ഒരു പക്ഷെ സകല നാട്യങ്ങളും വലിച്ചു കീറി പച്ച മനുഷ്യരെ മാത്രം ബാക്കിയാകുന്ന ഭ്രാന്തെന്ന അത്ഭുതമാകാം അവരെ ചിരിപ്പിച്ചത്. അന്നതൊന്നും എന്നെ ചിന്തിപ്പിച്ചിട്ടില്ല. ഒന്നുകിൽ ചെറുകോടിയ്ക്ക് ഞാൻ പാവമാണെന്നു മനസ്സിലായിക്കാണും, അല്ലെങ്കിൽ ഭ്രാന്ത് കുറഞ്ഞിരിക്കും എന്ന നിഗമനത്തിലാണ് എന്റെ അന്നത്തെ ബുദ്ധി എത്തിച്ചേർന്നത്. പേടി കുറഞ്ഞ സ്ഥിതിയ്ക് ഇനി സഹായിക്കുന്നത് ചെറുകോടിയെ തന്നെയാവാം എന്ന തീരുമാനവും അന്ന് വൈകുന്നേരം തന്നെയായിരുന്നു.

പിള്ളേരെ കല്ലെറിയുന്ന പ്രാന്തി തള്ളയുടെ അടുത്തേയ്ക്ക് സഹായവും കൊണ്ട് ചെല്ലാൻ മുതിർന്നവരാരും കൂട്ട് നിൽക്കില്ലെന്നൊരു തോന്നൽ വന്നത് കൊണ്ട് ഞാൻ ഇതൊരു രഹസ്യമാക്കി തന്നെ വച്ചു.  മുണ്ട്, പുതപ്പ്, ഭക്ഷണം ഇങ്ങനെ ഞാൻ ചിന്തിച്ച കാര്യങ്ങൾക്കൊക്കെ പക്ഷേ വലിയ ആൾക്കാരുടെ സഹായം വേണം.ചോദിച്ചാൽ അമ്മാമ്മച്ചി ഒരു മുണ്ട് തന്നേക്കും. പക്ഷേ കാരണം അറിഞ്ഞാൽ സമ്മതിക്കണമെന്നില്ല. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഏറ്റവും ഒടുവിലാണ് ഞാൻ കുറച്ച് പൈസ കൊടുക്കാം എന്ന് തീരുമാനിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ തുക. അങ്ങനെയാണ്  കുടുക്കയിലിടാൻ അമ്മ തന്ന ഒറ്റ രൂപ തുട്ട് സ്കൂൾ ബാഗിന്റെ കുഞ്ഞ് അറയിൽ ഒളിപ്പിക്കപ്പെട്ടത്.

അങ്ങനെ സമയവും സന്ദർഭവും ഒത്തു വന്നൊരു ദിവസമായിരുന്നു അത്. കീറിയ ഒറ്റമുണ്ടിൽ ഉടൽ മറച്ച് കുനിഞ്ഞിരിക്കുകയായിരുന്നു അവർ. പാടത്തേക്ക് വെള്ളം കൊണ്ട് പോകാനുണ്ടാക്കിയ കയ്യാണി എന്ന് വിളിക്കുന്ന കൈത്തോടിന്റെ കരയിൽ. ഞാൻ വിറച്ചു വിറച്ചാണ് അടുത്തേയ്ക്ക് ചെന്നത്. അത്ര അടുത്തെന്നും പറഞ്ഞു കൂടാ...കൃത്യമായൊരു കൈയ്യകലം പാലിച്ചിരുന്നു. കാലനക്കം അറിഞ്ഞ്  മുഖമുയർത്തും മുന്നേ ഞാൻ ആ ഒറ്റരൂപാ നാണയം അവരുടെ മുന്നിലേക്കിട്ടു. ഞൊടിയിടയിൽ  പിൻവലിയുകയും ചെയ്തു. കൈയിൽ കൊടുക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചതൊക്കെ അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ മറന്നിരുന്നു. ചെറുകോടി ഒരു കൈ കൊണ്ട് തല ശക്തിയായി മാന്തി മറു കൈകൊണ്ട് ആ നാണയം കൈയിലെടുത്തു, മുഖമുയർത്താതെ തന്നെ.  ഞാൻ മദർ തെരേസയുടെ തൊട്ടടുത്തെത്തിയ ഭാവത്തിൽ അവർ മുഖമുയർത്തി എന്നെ നോക്കി നന്ദി പൂർവ്വം ചിരിക്കുന്നതും പ്രതീക്ഷിച്ച് രണ്ടു ചുവടു പിന്നിലേയ്ക് മാറി നിൽക്കുകയാണ്. മുൻപ് ഒന്ന് ചിരിച്ച പരിചയവും ഉണ്ടല്ലോ. പക്ഷെ സംഭവിച്ചത് അതല്ല. അവർ ആ നാണയം ആദ്യം മണത്തു നോക്കി. പിന്നെ കൊന്പല്ലുകൾ കൊണ്ട് ശക്തിയായി കടിച്ചു.... ഒരു തരത്തിലും കഴിക്കാൻ പറ്റുന്ന ഒന്നല്ലെന്ന് ഉറപ്പു വരുത്തി അവരത് പിന്നിലെ കയ്യാണിയിലേയ്ക്ക് നീട്ടി എറിഞ്ഞു.

അയ്യോ...ന്നൊരു നിലവിളി ഉള്ളിൽ നിന്ന് പുറപ്പെട്ടെങ്കിലും അത് തൊണ്ടയ്ക്കപ്പുറം കടന്നില്ല... പെട്ടിക്കടയിലെ കണ്ണാടി ഭരണിയിലിരുന്ന തേൻ മുട്ടായികളുടെ, നാരങ്ങാ മുട്ടായികളുടെ, പുളിയിഞ്ചിയുടെ, ബിഗ് ബാബൂലിന്റെ പ്രലോഭനം അതിജീവിച്ച് ഞാൻ സൂക്ഷിച്ചു വച്ച വിലപിടിച്ച ഒറ്റ രൂപയാണ് കയ്യാണിയിലെ ചെളി വെള്ളത്തിലേയ്ക് വീഴുന്നത്. സ്കൂൾ പിള്ളേര് ചോറ്റു പാത്രം കഴുകുന്പോൾ വീണു കിട്ടുന്ന വറ്റുകൾ തിന്നു ചെകിടിച്ച വരാലും കല്ലേമുട്ടിയും വലുതെന്തോ ഇരയായി വന്നെന്നോർത്ത് നാണയം വീണിടത്തേയ്ക്ക്  പാഞ്ഞു വരികയും കടുത്ത നിരാശയോടെ തിരികെ തുഴയുകയും ചെയുന്നു. ചെറുകോടിയുടെ മുഖത്ത് കണ്ട അതേ പുച്‌ഛം അവറ്റകളുടെ മുഖത്തും തെളിഞ്ഞു നിന്നതു പോലെ...എനിയ്ക്ക് ദേഷ്യവും സങ്കടവും കൊണ്ട് കണ്ണ് കാണാതായി. ഒറ്റ ഉന്തിന് അവരെക്കൂടി കയ്യാണിയിലേയ്ക്ക് ഇടണമെന്ന് വരെ തോന്നുന്നുണ്ട്. തൊട്ട് മുൻപ് വരെ അടുത്തുണ്ടായിരുന്ന മദർ തെരേസയൊക്കെ എപ്പോഴേ സ്ഥലം വിട്ടിരിക്കുന്നു.  'പ്രാന്തി...' ഉള്ളിൽ പിറു പിറുത്ത് കണ്ണ് നിറച്ച് ഞാൻ വേഗത്തിൽ നടന്നു. തിരികെ ചെന്ന് വെള്ളത്തിൽ ഇറങ്ങി നാണയം എടുക്കണമെന്നുണ്ട്. പക്ഷേ ധൈര്യമില്ല. പലവട്ടം തിരിഞ്ഞു നോക്കി.
കണ്ണ് തുടയ്ക്കാൻ ഉയർത്തിയ കൈയ്യിൽ ഒറ്റരൂപയുടെ ലോഹമണം അപ്പോഴുമുണ്ടായിരുന്നു...
അവർ അപ്പോഴും അതേ ഇരുപ്പാണ്...കുനിഞ്ഞ്...വയർ തിരുമ്മി...തല മാന്തി...ഒറ്റമുണ്ടിൽ ഉടൽ മറച്ച്....മുഴു ഭ്രാന്തി !!

എട്ടുവയസ്സുകാരിയുടെ ബുദ്ധിയിലേയ്ക് എൺപതുകാരി ഭ്രാന്തി തള്ള എടുത്തെറിഞ്ഞ തത്വശാസ്ത്രം വർഷങ്ങളോളം ദഹിക്കാതെ കിടന്നിരുന്നു. പക്ഷെ പിന്നെയെപ്പോഴോ അതു  പായൽ വഴുപ്പു മാറ്റി തിളക്കത്തോടെ പുറത്തു വന്നു. നോട്ടു കെട്ടുകൾക്ക് കടലാസിന്റെ വിലപോലും ഇല്ലാതെ വരുന്ന സമയത്തെപ്പറ്റി വെള്ളിത്തിരയിൽ മോഹൻലാൽ പറയുന്പോൾ, വിശപ്പ് താങ്ങാനാവാതെ നോട്ടുകൾ ചവച്ചു തിന്നാനൊരുങ്ങുന്ന കലാഭവൻ മണിയുടെ വില്ലൻ കഥാപാത്രത്തെ കാണുന്പോൾ ഒക്കെ പല രൂപത്തിൽ ഉള്ളിൽ തിളങ്ങിയതും പഴയ ഒറ്റരൂപാ തുട്ടായിരുന്നു. വിശപ്പിന് ഉത്തരമാകാൻ കഴിഞ്ഞില്ലെങ്കിൽ വില കേട്ട് പോകുന്ന വെറുമൊരു  ദ്രവ്യം മാത്രമല്ലേ പണം?  മനുഷ്യൻ കല്പിച്ചുണ്ടാക്കുന്ന വിലയൊന്നും ചെന്പു തുട്ടിനും കടലാസുകെട്ടിനും ഇല്ലെന്ന് തിരിച്ചറിയുന്നവരെ നമ്മൾ പക്ഷേ ഭ്രാന്തൻ എന്നോ ഭ്രാന്തി എന്നോ വിളിക്കും. ഭ്രാന്തെന്ന മോക്ഷം കിട്ടാത്തിടത്തോളം കാലം നമുക്ക് മത്സരിക്കാം, കട്ടെടുക്കാം, കൂട്ടി വയ്ക്കാം, എന്നിട്ടും ഒടുങ്ങാത്ത വിശപ്പോടെ ഒരു നാൾ വെറുതെയങ്ങ് മരിച്ചു പോകാം !!












4 അഭിപ്രായങ്ങൾ:

  1. പക്ഷെ അന്ന് അവര്‍ക്ക് ഒരു മിട്ടായി കൊടുത്തിരുന്നെകില്‍ മോഹന്‍ലാലിന്റെയും മണിയുടെയും ഒക്കെ ഇത്തരം സീനുകളുടെ പിന്നിലെ തത്വം മനസിലാവാതെ ഭ്രാന്തായി പോയേനെ അല്ലെ.. :-D

    മറുപടിഇല്ലാതാക്കൂ
  2. Sooo good... I really wish .. and I’m sure ,, u r the next Madhavikkutty

    മറുപടിഇല്ലാതാക്കൂ
  3. നല്ല കഥ.. കബാലയത്തിന്റെ നിഷ്കളങ്കതകൾ അപ്പാടെ പകർത്താൻ സാധിച്ചിട്ടുണ്ട്.
    ഒരു പക്ഷെ നമ്മളെല്ലാം കടന്നു പോയിട്ടുള്ള ഓർക്കപെടാത്ത ഓർമ്മകൾ ആണ് ഇതൊക്കെ,
    വളരെ നന്നായി അശ്വതി ...

    മറുപടിഇല്ലാതാക്കൂ