2017, ജനുവരി 22, ഞായറാഴ്‌ച

നിഴൽപ്പൂട്ട്

എന്റെ  നിഴലിനെ നീ പൂട്ടിവച്ച
പഴയ തടിയലമാര
ഇപ്പോഴും ചിതലെടുത്തിട്ടില്ലത്രേ...

അതിനുള്ളിൽ എല്ലാം ഭദ്രമാണ്...
രാത്രികളെ മന്ത്രം കൊണ്ടാവാഹിച്ചെടുത്ത്
വാ മൂടിക്കെട്ടിയ കുടങ്ങൾ
പൂപ്പൽ മണക്കുന്ന പട്ടുസാരികൾ
പത്രവില തൊടാത്ത ഇത്തിരി പൊന്ന്
കയ്ച്ച് കയ്ച്ച് മധുരിച്ചൊരു നെല്ലിക്കയുടെ
ഒരിക്കലും മുളയ്ക്കാത്ത കുരു
കണ്ണേറ് തട്ടി കരിഞ്ഞ നന്ത്യാർ വട്ടത്തിന്റെ
അവസാനത്തെ പൂവ്...
കണക്കു തെറ്റാത്ത തലക്കുറിയിലെ
ഇരുട്ട് കയറി മങ്ങിയ രാജയോഗം...
നൂറ്റൊന്നു വട്ടം ഉരുക്കഴിച്ച
നീലക്കടലാസ്സിലെ അക്ഷരങ്ങൾ
അതിന്റെ മുകളരികിൽ
ആരൊക്കെയോ മരിച്ച ആരൊക്കെയോ ജനിച്ച തീയതികൾ
മഷിച്ചാല് വരണ്ടുപോയൊരു സ്വർണ്ണപ്പേന
തിരിഞ്ഞും മറിഞ്ഞും കിടന്ന് മുഷിഞ്ഞു പോയൊരു
വിവാഹക്കുറി...

ഒറ്റക്കണ്ണ് തുരക്കാനെത്തുന്ന താക്കോൽക്കൂട്ടമല്ലാതെ
മറ്റാരും കണ്ടിരിക്കാനിടയില്ലാത്ത
ഇരുട്ടിലെ രഹസ്യങ്ങൾ...
പാറ്റകൾക്ക് മാത്രമറിയുന്ന
ഉളി പിഴച്ചുണ്ടായ
പിൻവഴികൾ...

അകത്തെല്ലാം ഭദ്രമാണത്രെ...
എങ്കിലും
ആയുസ്സിന്റെ കൈരേഖ മായും മുന്പ്
മോക്ഷവുമായി ചിലതുകൾ എത്താതിരിക്കില്ല
അതുവരെയെങ്കിലും നിഴലില്ലാത്ത ഞാൻ
പകലുകളെ അളക്കാതിരിക്കട്ടെ
നീ പൂട്ടിവച്ച എന്റെ നിഴലിലേക്ക്
പൂപ്പലുകൾ നര പടർത്തട്ടെ...!!
3 അഭിപ്രായങ്ങൾ: