2016, ജനുവരി 6, ബുധനാഴ്‌ച

സർപ്പഗന്ധം അഥവാ നല്ല പച്ചക്കപ്പേടെ മണം

വൈകിട്ട് അമ്പലത്തിൽ പോകുന്നത് ഒറ്റയ്ക്കായതോണ്ട്  ദീപാരാധനയ്ക്ക് നിൽക്കണ്ടാന്ന് പറഞ്ഞതാ വീട്ടീന്ന്. ഇരുട്ടും മുന്നെ തിരിച്ചെത്തണംന്നും. ചുറ്റിത്തിരിഞ്ഞ് നിന്ന് ഇടവഴീന്ന് മൂന്നാല് മഞ്ചാടിക്കുരൂം പെറുക്കി തൊണ്ടിറങ്ങാൻ തുടങ്ങിയപ്പൊഴേ ഇരുട്ട് വീണു. നിലാവുണ്ടോന്ന് ചോദിച്ചാ ഉണ്ട്. പക്ഷേ അതിനെ താഴെയെത്തിക്കൂലാന്ന് എന്തോ വാശിയുള്ള പോലെ മരങ്ങളെല്ലാം കൂടെ മുകളിലിട്ട്  തട്ടിക്കളിച്ചു. ഈ വഴീല് പിന്നെ കണ്ണ് കെട്ടി വിട്ടാലും വീടെത്തും. പക്ഷേ പേടിയാണ് പ്രശ്നം. മനുഷ്യൻമാരെ പേടിക്കണംന്ന് അറിയാത്ത പ്രായമായിരുന്നു. അതൊഴിച്ച് പക്ഷേ എല്ലാം പേടിയാണ് താനും. പേടി വരുമ്പൊ പാട്ട് പാടാനുള്ള ബുദ്ധിയൊന്നും ആരും ആർക്കും പറഞ്ഞ് കൊടുക്കുന്നതല്ല. തണുക്കുമ്പൊ കൈ കൂട്ടി തിരുമ്മാൻ തോന്നും പോലെ അതും ഉള്ളിൽ തന്നെ കിടക്കുന്നൊരു അറിവായിരിക്കണം.
അങ്ങനെ ഒരു ഭക്തി ഗാനം നീട്ടി പാടി, പേടിയില്ലാന്ന് സ്വയം വിശ്വസിപ്പിച്ച്, പാരഗൺ ചെരുപ്പ് ചിറകാക്കി ഞാനിങ്ങനെ വരുവാ...
ഭാമച്ചേച്ചീടെ വീടിന്റെ താഴെയെത്തീപ്പൊ നല്ല പച്ചക്കപ്പ പുഴുങ്ങുന്ന മണം. കപ്പ ഇഷ്ടമില്ലാത്തോർക്കു പോലും കൊതി തോന്നിപ്പോകും. അരപ്പിട്ടിട്ടുണ്ടാവില്ല. കാന്താരിച്ചമ്മന്തി കൂട്ടിക്കഴിക്കാൻ ചെണ്ട പുഴുങ്ങീതാരിക്കും. നാളെ അപ്പൂനോട് ചോദിക്കണം, നിങ്ങടെ വീട്ടിലിന്നലെ കപ്പയല്ലാരുന്നോന്ന്... കപ്പ വിചാരത്തിൽ പേടി മുങ്ങിയ ആശ്വാസത്തോടെ വത്സച്ചേച്ചീടെ വീട്ടു മുറ്റത്ത് കയറി. ആ മുറ്റം കടന്നാൽ എന്റെ വീടായി. മുൻവശത്ത് വത്സേച്ചീം മകൻ വികാസും ഇരിപ്പുണ്ട്. അവനെന്റെ ക്ലാസ്മേറ്റാണ്. പരിചയമുള്ള പോലീസുകാര് രണ്ടിടി കൂടുതലിടിക്കുംന്ന് പറഞ്ഞ പോലാണ് അവന്റെ കാര്യം. വീട്ടിലെത്തുമ്പൊ അവനെന്റെ പൊന്നാങ്ങളയും ആത്മ മിത്രവുമൊക്കെയാവും. എന്നാൽ പെൺകുട്ടികളോട് സംസാരിക്കുന്നത് തന്നെ മ്ലേച്ഛമാണെന്ന് വിശ്വസിക്കുന്ന ആറാംക്ലാസിലെ വീരപുരുഷൻമാരുടെ ഇടയിലിരിയ്ക്കുമ്പോൾ ഇപ്പറഞ്ഞ സ്നേഹമൊന്നും കാണാറില്ല. മാത്രമല്ല എന്റെ കാപ്പിരി മുടി കാണുമ്പോൾ സായിബാബേന്ന് വിളിയ്ക്കുന്ന സാമദ്രോഹികൾക്കിടയിൽ എറ്റവും ഹൈ പിച്ച് അവന്റെ ശബ്ദത്തിനായിരുന്നു.സ്ക്കൂള് വിട്ട് വീട്ടിലേയ്ക്കുള്ള വഴീലോട്ട് തിരിഞ്ഞാൽ അന്യൻ അമ്പിയാകും പോലെ അവൻ നല്ലകുട്ടിയാവും.

അടുക്കളക്കാര്യങ്ങളൊക്കെ എനിയ്ക്കും മനസ്സിലായിത്തുടങ്ങീന്ന് വത്സേച്ചിയെ ഒന്നറിയിച്ചേക്കാംന്ന് വച്ച് ഞാൻ പറഞ്ഞു

 'ഭാമച്ചേച്ചീടെ വീട്ടീന്ന് ചെണ്ടക്കപ്പേടെ മണം'

"ങേ! അതിനവിടെ ആരും ഇല്ലല്ലോ"-  വത്സേച്ചി

"ഇല്ലേ...?" ഞാൻ കണ്ണു മിഴിച്ചു

അപ്പഴാണ് ഇതുപോലുമറിയില്ലേന്ന് പുച്ഛം പുരട്ടി വികാസ് ആ വൻ വെളിപ്പെടുത്തൽ നടത്തിയത്...

"അത് കപ്പയല്ല പൊട്ടി, പാമ്പ് വാ പൊളിയ്ക്കണ മണവാ..."

"പാാാാമ്പോാാ" എന്റെ ശ്വാസം നിന്ന പോലെ.

ഇമ്മാതിരി ലോകസത്യങ്ങൾ പലതും എനിയ്ക്ക് മുന്പേ അവനാനണിയാറ്. സന്ധ്യയ്ക്ക് ചൂളമടിച്ചാൽ പാമ്പ് വരുംന്ന് ഒരിയ്ക്കൽ അവൻ പറഞ്ഞത് ഏറെക്കാലത്തെ സാധനയിലൂടെ ഞാൻ നേടിയെടുത്ത ആ കഴിവിനെ തളർത്താനാണെന്ന് ഞാൻ കരുതിയെങ്കിലും പിന്നീട് അമ്മാമ്മച്ചി അത് സാക്ഷ്യപ്പെടുത്തിയതാണ്... എന്നാലും ഈ പച്ച കപ്പയും പാമ്പും തമ്മിൽ???

അധികം നേരം ആലോചിക്കാൻ സമയം കിട്ടീല്ല, അപ്പോഴേയ്ക്കും വത്സേച്ചി പറഞ്ഞു. "ങാ, നേരാ മോളേ, പാമ്പ് വായ  തൊറക്കുന്ന മണമാരിയ്ക്കും...നാളെ ആ പറമ്പിൽ ചെന്നു നോക്കിയാൽ പുല്ലേലൊക്കെ തുപ്പി വച്ചിരിയ്കുന്നത് കാണം"
അപ്പൊ ഒാട്ടം നിർത്തി നിന്ന് മൂക്ക് നിറയെ വലിച്ച് കേറ്റി കൊണ്ടു വന്നത് പാമ്പിന്റെ വായ്നാറ്റമാണ്...അടിപൊളി !! ഞാൻ കണ്ടില്ലെങ്കിലും പാമ്പ് ചിലപ്പൊ എന്നെ കണ്ടു കാണും. കാര്യം നാല് ചുവട് വച്ചാൽ എന്റെ വീടെത്തുമെങ്കിലും ആ നാല് ചുവട് എങ്ങനെ വയ്ക്കുംന്നോർത്തുള്ള എന്റെ നിൽപ്പു കണ്ടപ്പൊ വത്സേച്ചി വികാസിനോട് പറഞ്ഞു "ഒന്ന് കൊണ്ട് വിടെടാ"

"വേണ്ടാ" ഞാൻ സർവ്വ ധൈര്യവും സംഭരിച്ച് പറഞ്ഞു. പേടിയില്ലാഞ്ഞിട്ടല്ല, പാമ്പെന്ന് കേട്ടപ്പോ ഞാൻ പേടിച്ച് മുള്ളീന്നും ധീരനായ അവനാണ് സഹായിച്ചതെന്നും നാളെ സ്ക്കൂളിൽ പാട്ടാവുന്നതോർത്തപ്പൊ പറഞ്ഞു പോയതാ. എന്നിട്ടും അവൻ മുറ്റത്തുന്ന് നീട്ടിയടിച്ച ടോർച്ച് വെട്ടം വേണ്ടി വന്നൂ വീടെത്താൻ.

വീട്ടു മുറ്റത്ത് കാല് വച്ചതേ...ദാ അതേ മണം...വീണ്ടും. അപ്പൊ എന്റെ പിന്നാലെയുണ്ടാരുന്നൂ ല്ലേ !! കന്യകയായ പെൺകുട്ടിയെ കണ്ട് മോഹിച്ച് പിന്നാലെ കൂടിയ സർപ്പത്തിന്റെ കഥ ഞാൻ വായിച്ചിട്ടുള്ളതാ...ഇനി അങ്ങനെ വല്ലോം?? എന്റെ തൊണ്ട വരണ്ടു... മുറ്റത്തെ ചെത്തിയുടെ ഇലകൾക്കിടയിൽ എന്തോ അനക്കം...ഒരൊറ്റ പാച്ചിലിന് വീടിനകത്ത് കയറി അടുക്കളയിലെത്തി. നോക്കുമ്പൊ ദേ അമ്മ കപ്പ തിളപ്പിച്ചൂറ്റി പാത്രത്തിലേയ്ക്ക് കുടഞ്ഞിടുന്നു. അന്ന് ഭാഗ്യത്തിന് പ്ലിംഗ് എന്ന വാക്ക് കണ്ടു പിടിയ്ക്കപ്പെട്ടിട്ടില്ലാരുന്നൂ...

വീട്ടിൽ തിളച്ചത് ഒറിജിനൽ കപ്പയായിരുന്നെങ്കിലും ആളില്ലാതിരുന്ന  ഭാമച്ചേച്ചിടെ വീടിനു താഴേന്ന് വന്ന മണം അതല്ലാരുന്നൂന്ന് പിറ്റേന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിതീകരിച്ചു. ഞാനും അപ്പൂം വികാസും കൂടെ സംഭവസ്ഥലം പരിശോധിച്ച് പുല്ലിൽ അവിടിവിടെയായി പത പോലെയെന്തോ ഒന്ന് കണ്ടെത്തി.
കയ്യിലിരുന്ന മരക്കമ്പ് തറയിലാഞ്ഞ് കുത്തി അത് മൂർഖൻ തുപ്പിയതാണെന്ന് വികാസ് ഉറപ്പിച്ചു പറഞ്ഞു. ഇതിനി ഇവൻ തന്നെ നേരത്തേ വന്ന് തുപ്പി വച്ചതാണോന്ന് സംശയിച്ച് തിരിച്ച് നടക്കുമ്പോ ദാ കിടക്കുന്നു ഒരൊന്നൊന്നര പാമ്പിൻ പടം. ഇന്നലെ ആശാൻ പൊഴിച്ചിട്ട് പോയതാണ്. അതോടെ എന്റെയുള്ളിലെ യുക്തി വാദി ചത്തു... ഇനി വികാസിനെ വിശ്വസിക്കാതിരിക്കാൻ വകുപ്പില്ല. ഒരുത്തനെത്തന്നെ 'നിനച്ചിരുന്നാൽ വരുന്നതൊക്കേ അവനെന്നു തോന്നും' എന്ന് കോമളവല്ലി ടീച്ചർ മലയാളം ക്ലാസിൽ പറഞ്ഞ പോലെ റബ്ബർ കായ കരിയിലയിൽ വീഴുന്ന ശബ്ദം പോലും പിന്നെ വീടെത്തും വരെ എന്റെ ഉള്ളു കിടുക്കി.

വർഷം എത്ര കഴിഞ്ഞൂ.... എന്നെങ്കിലും വാവാ സുരേഷിനെ കാണാൻ പറ്റിയാൽ ചോദിയ്ക്കണംന്ന് ഇപ്പൊഴും ഒാർക്കും.

ഇതിപ്പൊ എന്താ പറഞ്ഞേന്നല്ലേ...അടുപ്പത്ത് പച്ചക്കപ്പ തിളയ്ക്കുന്നു. അമ്മ കാന്താരി അരയ്ക്കുന്നുണ്ട്.
കാടും മേടും തോടും തൊടിയും ബാല്യത്തിന് തന്ന ഒാർമ്മകൾ ഇടയ്ക്കിടയ്ക്കിങ്ങനെ തിളച്ച് തൂവും, വല്ലപ്പോഴും അക്ഷരങ്ങളാവും. അതാണ് സംഭവം.





17 അഭിപ്രായങ്ങൾ:

  1. പാമ്പിന്റെ വായ്‌ നാറ്റം ഒറ്റയ്ക്ക് നടക്കുമ്പോൾ എന്നെയും പേടിപ്പെടുതിയിട്ടുണ്ട് ...... പ്രകൃതിയിൽ അങ്ങനെ ഒരു മണം ഉണ്ട് പക്ഷെ അത് എന്തിന്റെ മണം ആണെന്ന് കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല .....

    മറുപടിഇല്ലാതാക്കൂ
  2. adipoli...i can imagine scene by scene.and sai babba..apposs ..vikass...

    മറുപടിഇല്ലാതാക്കൂ
  3. അക്ഷരങ്ങലിലുടെ മനസ് സഞ്ചരിച്ചു, നല്ല ശുദ്ധത ഇനിയും എഴുതണം

    മറുപടിഇല്ലാതാക്കൂ
  4. നന്നായി, ഇന്ന് ചെണ്ടൻ കപ്പേടേം കാന്താരിച്ചമ്മന്തീടേം രൂചിയോർത്തൊറങ്ങാം ...

    മറുപടിഇല്ലാതാക്കൂ
  5. നന്നായി, ഇന്ന് ചെണ്ടൻ കപ്പേടേം കാന്താരിച്ചമ്മന്തീടേം രൂചിയോർത്തൊറങ്ങാം ...

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍മകളും , ആശകളും ആണ് ജീവിതം മുന്നോട്ട് നയിക്കുന്നത് , ബാല്യകാല സ്മരണകള്‍ , നന്നായി അവതരിപ്പിച്ചു , ഇഷ്ടായി ....

    മറുപടിഇല്ലാതാക്കൂ
  7. നന്നായിട്ടുണ്ട് ആശംസകള്‍............

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. ഇത്‌ നല്ല രസള്ള പരിപാടിയാണല്ലോ....ഇതിപ്പൊ കാണുന്നേ ഉള്ളൂൂ...നഷ്ടായി...����

    മറുപടിഇല്ലാതാക്കൂ