2016, മേയ് 4, ബുധനാഴ്‌ച

പേടി സ്വപ്നങ്ങളുടെ ശേഷിപ്പുകൾ


ർമ്മ വച്ച കാലം മുതല്ക്കേ ഞാൻ ഒരു അസ്സല് പേടിത്തൊണ്ടി ആയിരുന്നു. ഞാൻ പറയുന്പോ കുറച്ച്  ക്ലാസ്സ്‌ ആയിട്ട് പറയും. പക്ഷേ അമ്മാമ്മച്ചി പറയുന്നത് പേടിത്തൂറീന്നായിരുന്നു...  കുറ്റം പറയാനും പറ്റില്ല...
എനിക്ക് ഈ ഭൂമിയിൽ പേടിയില്ലാത്ത യാതൊന്നുമില്ലാരുന്നു. കണ്ണിൽ കാണാവുന്ന പാറ്റേം പല്ലിയും തൊട്ട് അരൂപികളായ പ്രേത ഭൂത പിശാചുക്കളെ വരെ ഞാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പേടിച്ചു. പത്താം ക്ലാസ്സ്‌ കഴിയുന്നത്‌ വരെ രാത്രി മൂത്രമൊഴിക്കാൻ പോകണമെങ്കിൽ പോലും അമ്മ കൂട്ട് വരണമായിരുന്നു. അതും ടോയ്ലറ്റ് വീടിനകത്ത് ഉണ്ടായിട്ട്... അമ്മ വരണമെന്ന് മാത്രമല്ല, ഞാൻ തിരിച്ചിറങ്ങും വരെ അമ്മ പുറത്തു തന്നെ ഉണ്ടെന്നു ഉറപ്പു വരുത്താൻ അമ്മ അവിടെ  നിന്ന് സംസാരിക്കുകയോ പാട്ടു പാടുകയോ ചെയ്യണമായിരുന്നു.

പകലു പോലും വീട്ടിലെ ഒരു മുറിയിൽ നിന്ന് ആളിലാത്ത അടുത്ത മുറിയിൽ പോകാൻ പറഞ്ഞാൽ എന്റെ പേടി സമ്മതിക്കില്ല. കതകിനു പിന്നിൽ ഏതോ ഭീകര രൂപി മറഞ്ഞു നിൽപ്പുണ്ടെന്നൊരു തോന്നലാണ്. കട്ടിലിൽ നിന്ന് താഴെ ഇറങ്ങുന്പോഴും ഇതേ പേടിയാണ്, കട്ടിലിന്റെ അടിയിൽ നിന്ന് ഒരു കൈ നീണ്ടു വന്ന് എന്റെ കാലിൽ പിടിക്കുമെന്ന് ഞാൻ വെറുതെ അങ്ങ് വിചാരിക്കും. പകൽ സമയത്തെ പേടി രാത്രി ആകുന്പോൾ കടുക്കുംന്ന് പറയേണ്ട കാര്യം ഇല്ലല്ലോ !!

ലോഡ് ഷെഡിങ്ങിന്റെ സമയത്ത് അയൽപക്കക്കാർ കൊച്ചുവർത്താനം പറഞ്ഞു മുറ്റത്ത്‌ വട്ടം കൂടുമ്പോൾ ആരെങ്കിലും പറയും ഒരു പ്രേത കഥ. കേൾക്കരുതെന്ന് എത്ര വിചാരിച്ചാലും കൗതുകം കൊണ്ട് ശ്വാസമടക്കി വീണ്ടും കേട്ടു പോകുന്ന കഥകൾ. അങ്ങനെ ചന്ദ്രൻ ചേട്ടൻ പറഞ്ഞൊരു കഥയിൽ വഴിപോക്കനോട് ബീഡി ചോദിക്കാൻ വന്ന ഒരു അജ്ഞാതൻ ഉണ്ടായിരുന്നു. താഴെ വീണ തീപ്പെട്ടി എടുക്കാൻ കുനിഞ്ഞ വഴിപോക്കൻ നോക്കുമ്പോൾ അഞ്ജാതന്റെ കാലുകളുടെ സ്ഥാനത്ത് പോത്തിന്റെ കാലുകളായിരുന്നൂന്ന്. ആ പോത്തുംകാലൻ ചില്ലറയൊന്നുമല്ല എൻറെ ഉറക്കം കെടുത്തിയത്.

 നാട്ടിൽ എവിടെയെങ്കിലും ആരെങ്കിലും മരിച്ചാൽ പിന്നെ പറയുകേം വേണ്ട. എൻറെ  സ്വപ്നത്തിൽ മിനിമം രണ്ടു പ്രാവശ്യം എങ്കിലും വന്നൊന്ന് പേടിപ്പിക്കാതെ ആ നാട്ടിലെ ഒരാത്മാവും സ്വർഗ്ഗത്തിലോട്ട് പോയിട്ടില്ല. ഇനി ശരിക്കുള്ള മരണമൊന്നും ഇല്ലെങ്കിൽ പോലും വീട്ടിൽ ഉള്ളവരോ കൂട്ടുകാരോ ടീച്ചർമാരോ അയൽക്കാരോ ഒക്കെ എന്റെ സ്വപ്നങ്ങളിൽ പലവട്ടം മരിക്കും. ചിലപ്പോൾ ഞാൻ തന്നെ മരിച്ചു പോവുകയും മറ്റു ചിലപ്പോൾ ജീവനോടെ എന്നെ കുഴിച്ചിടാൻ കൊണ്ട് പോവുകയും ചെയ്യും. സ്വപ്നത്തിൽ ഭീകര സർപ്പങ്ങളും അന്യഗ്രഹ ജീവികളും വരെ അർമാദിച്ചു നടക്കും. പാതി രാത്രി ഞെട്ടി എഴുന്നേറ്റ് കണ്ടതൊക്കെ സ്വപ്നമാണെന്ന് ഓർത്തു സമാധാനിക്കുമെങ്കിലും കണ്ടതിന്റെ ഹാങ്ങ്‌ ഓവറിൽ അന്നത്തെ ബാക്കി ഉറക്കം ഒരു വഴിയ്ക്കാകും.

അമ്മാമ്മച്ചിയുടെ കൂടെയാണ് രാത്രി കിടപ്പ്.  മുറിയിലെ അഴയിൽ കിടക്കുന്ന തുണിയൊക്കെ രാത്രി ഓരോ ഭീകര രൂപങ്ങളായി മാറും. ജനൽ ചില്ലിനു വെളിയിലൂടെ കാണുന്ന നിഴൽ രൂപങ്ങൾ വേറെ.
ചില രാത്രികളിൽ അമ്മാമ്മച്ചി മരിച്ചു പോയൊന്നു വരെ എനിക്ക് സംശയം തോന്നും. അമ്മാമ്മച്ചി ശ്വാസം വലിക്കുന്നുണ്ടോന്നറിയാൻ ഞാൻ ശ്വാസം പിടിച്ച് സൂക്ഷ്മ പരിശോധന നടത്തും. എന്നിട്ടും സംശയം മാറിയില്ലെങ്കിൽ വെള്ളം വേണമെന്നോ മൂത്രമൊഴിക്കാൻ പോണംന്നോ പറഞ്ഞ് അമ്മാമ്മച്ചിയെ കുലുക്കി ഉണർത്തും. ഇതൊന്നും ഇന്നു വരെ ഒരാളോട് പോലും പറയാത്ത രഹസ്യങ്ങളാണ് ട്ടോ...

.കളിയാക്കിയിട്ടും വഴക്ക് പറഞ്ഞിട്ടും ഉപദേശിച്ചിട്ടും  എന്റെ പേടിയ്ക്ക് വല്യ മാറ്റം ഒന്നും കാണാത്തതു കൊണ്ട് അടുത്ത നടപടി എന്ന മട്ടിൽ ജപിച്ച ചരടുകളും ഏലസ്സുകളും എന്റെ ദേഹത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. പേടി മാറുന്നത് പോലെ ഒക്കെ എനിക്ക് ആദ്യം തോന്നിയെങ്കിലും അതൊരു തോന്നൽ മാത്രം ആയിരുന്നൂന്ന് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചു.

അധികം ആർക്കും അറിയാത്ത എന്റെ മറ്റൊരു പ്രധാന പ്രശ്നം പത്രത്തോടുള്ള പേടിയായിരുന്നു. ശരിക്ക് പറഞ്ഞാൽ പത്രമല്ല, അതിലെ ചരമ കോളം ആയിരുന്നു എന്റെ പ്രശ്നം. അത് കൊണ്ട് തന്നെ കഴിവതും പത്രം കൈ കൊണ്ട് തൊടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷേ, ചില ദിവസങ്ങളിൽ  രാവിലെ അമ്മാമ്മച്ചിയ്ക്ക് പത്ര വാർത്ത അറിഞ്ഞേ പറ്റൂ...ഞാൻ തന്നെ വായിച്ച് കേൾപ്പിക്കുകേം വേണം. എന്നെ സ്കൂളിൽ വിടുന്നത് കൊണ്ട് വയസ്സു കാലത്ത് ഇങ്ങനൊരു ഉപകാരം എങ്കിലും വേണ്ടേന്നൊക്കെ ഇമോഷനൽ ആയിട്ട് പറയുന്പോൾ പിന്നെ ഞാൻ രണ്ടും കല്പ്പിച്ചു പത്രമെടുക്കും. എന്നിട്ട് ആ ചരമ കോളം വരുന്ന പേജ് കുടഞ്ഞു താഴെയിടും. പിന്നെ പ്രശ്നമില്ലല്ലോ... കണ്ണൻ ചേട്ടന്റെ ബേക്കറിയിൽ നിന്നോ കുഞ്ഞങ്കൊച്ച് മാമന്റെ ചായകടയിൽ നിന്നോ വാങ്ങിയിരുന്ന നാല് മണി പലഹാരങ്ങൾ പോലും ചരമക്കോളമുള്ള പത്ര താളിട്ടു പൊതിഞ്ഞാണ് കിട്ടുന്നതെങ്കിൽ ഞാൻ വേണ്ടാന്ന് വയ്ക്കാറുണ്ട്.  അങ്ങനെ പുറത്തു പറയാൻ പറ്റുന്നതും പറ്റാത്തതുമായ ഒരു നൂറു പേടികളുമായി ഞാനിങ്ങനെ ദിവസങ്ങൾ കഴിച്ചു കൂട്ടി. രാത്രി ഉറങ്ങും മുന്പ് 108 വട്ടം നമ:ശിവായ ചൊല്ലിയും പേടി തോന്നുന്പോഴൊക്കെ കഴുത്തിലെ ഏലസ്സിൽ മുറുകെ പിടിച്ചും ഞാൻ സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് അഞ്ചാം ക്ലാസ്സിലെ സയൻസിന്റെ പുസ്തകം എന്റെ ജീവിതത്തിൽ വില്ലനായി രംഗ പ്രവേശം ചെയുന്നത്. പുതിയ അധ്യയന വർഷം തുടങ്ങി പുസ്തകങ്ങൾ കൈയിൽ കിട്ടിയാൽ ഉടനെ അത് മുഴുവൻ മറിച്ചു നോക്കി പടം കാണുക എന്നത് എല്ലാരേം പോലെ എന്റെം പ്രധാന പരുപടികളിൽ ഒന്നായിരുന്നു. മലയാളം പുസ്തകത്തിലെ കഥകൾ മുഴുവനും വായിച്ചു തീർക്കുകയും ചെയ്യും. അങ്ങനെ മറിച്ചു നോക്കിയ കൂട്ടത്തിലാണ് വെള്ളിടി വെട്ടിയ പോലെ ആ കാഴ്ച ഞാൻ കാണുന്നത്. സയൻസ് പുസ്തകത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ പാഠ മാണ് -അസ്ഥികൾ - എന്നിട്ട് കറുത്ത ബാക്ക് ഗ്രൌണ്ടിൽ ഒരു അസ്ഥികൂടത്തിന്റെ പടവും. എന്റെ കൈയും കാലും വിറച്ചു തളർന്നു. അപ്പോഴേ പുസ്തകം എല്ലാം കൂടെ മടക്കി ഞാൻ ഒരു മൂലയിൽ വച്ചു. ആ ഭാഗത്തേയ്ക്ക് നോക്കാൻ പോലും ധൈര്യമില്ലാതെ ഞാൻ വീടിന്റെ ഉമ്മറത്ത്‌ വന്നിരുപ്പായി. തലയോട്ടിയുടെ പടമുള്ളത്‌ കൊണ്ട് ട്രാൻസ്ഫോമറിന്റെ അടുത്തൂടെ പോലും പോകാത്ത ഞാൻ എങ്ങനെ ഈ പുസ്തകോം കൊണ്ട് ദിവസവും സ്കൂളിൽ പോകും?

വൈകുന്നേരം അമ്മ ഫാർമസി അടച്ചു വീടിലെത്തിയിട്ട് വേണം പുതിയ പുസ്തകങ്ങൾ  പൊതിയാൻ. അതിനു വേണ്ടി ബ്രൌൺ പേപ്പറും മഴക്കാലത്ത്‌ റബ്ബർ മരങ്ങൾക്ക് ഉടുപ്പിടുന്ന പ്ലാസ്റ്റിക്കും സ്റ്റാപ്പ്ലറും ബാലരമ വാങ്ങിയപ്പോൾ കിട്ടിയ നെയിം സ്ളിപ്പുകളും കത്രികയും ഒക്കെയായി കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇങ്ങനൊരു അത്യാഹിതം സംഭവിച്ചത്. എന്തായാലും രാത്രി അമ്മയുടെ നേതൃത്വത്തിൽ പുസ്തകം പൊതിയൽ തുടങ്ങി. എനിക്ക് വല്യ ആവേശമൊന്നും തോന്നിയില്ല. അമ്മ തന്നെ എല്ലാം ചെയ്തു. ഞാൻ വെറുതെ മിഴിച്ചു നോക്കി ഇരുന്നു. പുസ്തക പ്രശ്നത്തിന് ഞാൻ ആലോചിച്ചിട്ട് വല്യ പരിഹാരം ഒന്നും തോന്നുന്നുമില്ല. ആ പേജ് കീറിക്കളയാംന്നു വച്ചാൽ, അമ്മയോ സാറോ കണ്ടു പിടിക്കും. അല്ലേലും പുസ്തകം സരസ്വതിയാണ്, കീറിയാൽ ദോഷം കിട്ടും. അങ്ങനെ പലതും ചിന്തിച്ച കൂട്ടത്തിൽ എനിക്ക് ഒരു IDEA തോന്നി. തല്ക്കാലം അസ്ഥികൂടം വരുന്ന പേജുകൾ കൂട്ടി ഒട്ടിച്ച് വയ്ക്കാം. ക്ലാസ്സിൽ ആ പാഠം പഠിപ്പിക്കുമ്പോൾ പുസ്തകം കൊണ്ട് വരാൻ മറന്നൂന്ന് പറയാം. ബാക്കി വരുന്നിടത്ത് വച്ച് കാണാം.

അങ്ങനെ തൽക്കാലം പ്രശ്നത്തിന് പരിഹാരമായി. എങ്കിലും ഫിലിപ്പ് സാറ് അസ്ഥികളുടെ പാഠം പഠിപ്പിക്കുമ്പോൾ ക്ലാസ്സിലെ ഡെസ്ക്കുകൾ മുഴുവൻ അസ്ഥികൂടം നിറഞ്ഞിരുന്നു. 'നിനക്ക് പേടിയാവണില്ലേ' ന്നു അപ്പൂനോട് പതുക്കെ ഒന്ന് കുശലം ചോദിച്ചപ്പോൾ 'പടത്തിനു  ജീവനില്ലല്ലോടി  പൊട്ടി' ന്ന് പറഞ്ഞ് അവളത് പുശ്ചിച്ചു തള്ളിക്കളഞ്ഞു. ജീവനില്ലാത്തതിനെയാണ് എനിക്ക് ഏറ്റവും പേടിയെന്ന സത്യം അഭിമാനമോർത്തു ഞാൻ പറയാനും പോയില്ല. അവൾ അല്ലേലും നേഴ്സ് ആകാൻ വേണ്ടി ജനിച്ചതായിരുന്നല്ലോ...!!

എന്തായാലും പുസ്തകം മറന്നും പേടിച്ചു ചുമന്നും ഒക്കെ ഓണപ്പരീഷ വരെ ഞാൻ കാര്യങ്ങൾ കൊണ്ടെത്തിച്ചു. സയൻസ് പരീക്ഷയുടെ തലേ ദിവസം വയ്കുന്നേരം അമ്മയ്ക്ക് ഒരു തോന്നൽ. എൻറെ വിദ്യാഭ്യാസ നിലവാരം ഒന്നളക്കണം  എന്ന്. ഇടയ്ക്കിടയ്ക്ക് ഉള്ളതാണ്. അങ്ങനെ അമ്മ ഒരു വി- ഗൈഡും എടുത്ത് എൻറെ മുന്നിൽ ഇരുന്നു. ഒന്നും രണ്ടും മൂന്നും നാലും പാഠങ്ങളിലെ ചോദ്യങ്ങൾക്കൊക്കെ ഞാൻ മണി മണി പോലെ ഉത്തരം പറഞ്ഞു.പക്ഷേ  അഞ്ചാമത്തെ പാഠം വന്നപ്പോൾ മുതൽ ഒരു തപ്പൽ. ക്ലാസ്സിൽ കേട്ട എന്തോ ചിലത് ഓർമ്മയുണ്ടെന്നല്ലാതെ എനിക്ക് ഒരു വസ്തു അറിയില്ലാന്നു ഉറപ്പായപ്പോൾ അമ്മ ഉത്തരവിട്ടു "നീയാ പുസ്തകം എടുത്തോണ്ട് വന്നേ, ആ പാഠം ഒന്നൂടെ വായിച്ചിട്ട് പോയാ മതി".

"ഞാൻ വായിച്ചോളാമ്മേ''

"നീ ഇത്രേം ദിവസം വായിച്ചതിന്റെ അറിയാനുണ്ട്, എടുത്തോണ്ട് വാടി" അമ്മ കണ്ണുരുട്ടി.

പിടി വീഴുമെന്നു ഉറപ്പായപ്പോൾ ഞാൻ ഓടി അകത്തു പോയി പുസ്തകമെടുത്തു. പശ കൊണ്ട് ഒട്ടിയിരുന്ന പേജുകളെ എങ്ങനെയൊക്കെയോ വിടർത്തിയെടുത്തു. വിട്ടുപോരാൻ കൂട്ടാക്കാതിരുന്ന അരികുകളെയും മൂലകളെയും എൻറെ വെപ്രാളം കീറിയകത്തി. പുസ്തകം ഹാജരാക്കപ്പെട്ടു.
പൊതുവെ നന്നായി പഠിക്കുന്ന, പുസ്തകം വൃത്തിയായി സൂക്ഷിക്കുന്ന എന്റെ പുസ്തകത്തിന്റെ ദയനീയ അവസ്ഥ കണ്ടപ്പോൾ തന്നെ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നു അമ്മയ്ക്ക് ബോധ്യപ്പെട്ടു. പിന്നെ വിചാരണയായി. ഒടുവിൽ അഭിമാനം ഉപേക്ഷിച്ച് വിങ്ങി പൊട്ടി ഞാനാ സത്യം തുറന്നു പറഞ്ഞു.
"എനിക്ക് അസ്ഥികൂടത്തിനെ പേടിയായിട്ടാ മ്മേ"
അമ്മ എന്നെ ആദ്യമായി കാണും പോലെ അമ്പരന്ന് നോക്കി, പിന്നെ കുറേ ചിരിച്ചു. ഒടുവിൽ ചേർത്ത് നിരത്തി സമാധാനിപ്പിച്ചു.  "എന്റെ മോളെ, അമ്മ  ഈ പ്രായം വരെ ഒരു പ്രേതത്തിനേം ഭൂതത്തിനേം കണ്ടിട്ടില്ല, ഈ  ഭൂമിയില് ജീവിച്ചിരിക്കുന്ന മനുഷ്യന്മാരെ അല്ലാതെ നമ്മള്  ആരേം പേടിക്കണ്ട".!! അരൂപികളെ ഭയപ്പെട്ടിരുന്ന അഞ്ചാം ക്ലാസുകാരിയ്ക്ക് മനസ്സിലാക്കാൻ പറ്റാത്തതായിരുന്നു അമ്മ അന്ന് പറഞ്ഞ സത്യം.

പക്ഷെ പിന്നീട് അങ്ങോട്ട്‌ പ്രായവും അനുഭവങ്ങളും അത് തന്നെ ആവർത്തിച്ചു പറഞ്ഞു...
കഴുത്തിന്‌ താഴേയ്ക്ക് നീളുന്ന കഴുകൻ കണ്ണുകൾ, ആൾതിരക്കിൽ ശരീരം തേടിയെത്തുന്ന നാറിയ വിരലുകൾ,കുളിക്കടവിലെ കൈതയ്ക്ക് പിന്നിൽ പതുങ്ങുന്ന നാടൻ ഞരമ്പ്‌ രോഗികൾ, ഇടവഴിയിൽ പ്രദർശന വസ്തുവുമായെത്തുന്ന മനോരോഗികൾ, ഉടലളവു പച്ചയ്ക്ക് ചോദിച്ചെത്തുന്ന അജ്ഞാത ഫോൺ കോളുകൾ, വാത്സല്യം കൊണ്ട് ഞെക്കി ശ്വാസം മുട്ടിക്കുന്ന കിഴട്ടു കിളവന്മാർ....ഇവരൊക്കെ പഠിപ്പിച്ചത് സങ്കല്പ്പ കഥകളിൽ മാത്രം ചോരയൂറ്റുന്ന അരൂപികൾ എത്രയോ സാധുക്കളാണെന്നാണ്.!!
*****************************************************************************

അഞ്ചു മാസം ഗർഭിണിയായിരിക്കെ സ്കാൻ ചെയ്ത നൈജീരിയൻ  ഡോക്ടർ, എൻറെ തോളിൽ തട്ടി പറഞ്ഞു " മമ്മ, യു ആർ ലക്കി, ഇറ്റ്സ് എ ഗേൾ"!! ഭാഗ്യവതിയായ അമ്മ !!

ഒരു പെൺകുട്ടിയുടെ അമ്മയ്ക്ക് മാത്രം അറിയുന്ന പേടികളിൽ ചിലത് അസ്ഥിയിൽ അടിഞ്ഞതുകൊണ്ടാവണം, മകൾ വാക്കുകൾ കൂട്ടി പറയാൻ തുടങ്ങിയപ്പോൾ തന്നെ അവളെ ഞാൻ പറയാൻ പഠിപ്പിച്ചത് "ഡോണ്ട് ടച്ച്‌" എന്നാണ്. ഇഷ്ടമില്ലാത്തവരോ അപരിചിതരോ തൊടുന്പോൾ കണ്ണിൽ നോക്കി വിരൽ ചൂണ്ടി "ഡോണ്ട് ടച്ച്‌"എന്ന് വ്യക്തമായി അവൾ പറയുമ്പോൾ പാവമല്ലാത്ത, പാവയല്ലാത്ത ഒരു പെണ്ണിനെ വാർത്തെടുക്കാൻ വേണ്ട അടുത്ത പാഠം തിരകുകയാണ് ഞാൻ. ദൈവമാണ് കൂട്ട്,  സാക്ഷിയും  !!8 അഭിപ്രായങ്ങൾ:

  1. തികച്ചും പരിചിതമായ സന്ദർഭങ്ങളിലൂടെയാണ് കഥ പറച്ചിൽ... നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. തികച്ചും പരിചിതമായ സന്ദർഭങ്ങളിലൂടെയാണ് കഥ പറച്ചിൽ... നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. i too faces these situations in my life.but iam not share it to once.thank you to remember me the childhood.....

    മറുപടിഇല്ലാതാക്കൂ