2016, നവംബർ 20, ഞായറാഴ്‌ച

കടൽ വഴി

ആർക്കോ എവിടെയോ തെറ്റിയിരിക്കുന്നു
നാവികനോ നക്ഷത്രത്തിനോ

ചക്രവാളങ്ങളെയും സൂര്യനെയും വിഴുങ്ങിയൊരു കടൽ
ഭൂപടത്തിന്റെ പെൻസിൽ അതിർത്തിയിൽ
ചുരുണ്ടു കിടപ്പുണ്ട്
ദിക്കു മറന്നൊരു വടക്കുനോക്കി,
ദിശ തെറ്റിയൊരു കാറ്റ്,
മുകൾത്തട്ടിലൊരു കനം പോയ നങ്കൂരം !!

ഉള്ളിലൊരു ചൂണ്ടകൊളുത്തിന്റെ ആഴത്തിൽ
മുറിവുണ്ട്
ഉപ്പു തൊട്ടാൽ നീറാത്തത്
ഇരുട്ടിൽ മാത്രം കാണാവുന്നത്...
മരുന്നിനാണു യാത്ര...
പകലൊരു വൈദ്യൻ വിധിച്ചത്.

പക്ഷേ ആർക്കോ എവിടെയോ തെറ്റിയിരിക്കുന്നു...
ഭൂമി കടലിനോട് ചെയ്ത ഉടന്പടിയിൽ,
വേലിയേറ്റത്തിന്റെ പുതിയ നിയമത്തിൽ,
ദൈവത്തിന്റെ കുറിപ്പടിയിൽ ഒക്കെയും
ചെകുത്താന്റെ കള്ളയൊപ്പ്.... !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ