2014, നവംബർ 22, ശനിയാഴ്‌ച

ഒരു ചിലന്തിയുടെ ഓര്‍മ്മയ്ക്‌...

MBA രണ്ടാം സെമെസ്റെര്‍ എക്സാം നടക്കുമ്പോഴാണ് എന്നെ ചിലന്തി കടിച്ചത്. കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ തോന്നുമെങ്കിലും സംഗതി ഭീകരമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ environmental management ന്റെ എക്സാം നടക്കുന്നതിനു ഒരാഴ്ച മുന്‍പ്, എന്‍റെ കോളേജ് ഹോസ്റ്റലില്‍ വച്ച്.
Environment മാനേജ് ചെയ്യുന്നത് വിചാരിച്ചത്ര എളുപ്പമല്ലെന്ന് മനസ്സിലായപ്പോള്‍ പുസ്തകവും കൊണ്ടൊന്നു ചരിഞ്ഞതാണ്. പാതി ഉറക്കത്തില്‍ കൈയില്‍ എന്തോ വീണത്‌ പോലെ തോന്നി ചാടി എഴുന്നേറ്റു കൈകുടഞ്ഞു. ഒരു കുഞ്ഞു ചിലന്തി വലത്തേ കൈത്തണ്ടയില്‍ നിന്ന് തെറിച്ചു കട്ടിലില്‍ വീണു.  കണ്ടിട്ട് വല്യ കുഴപ്പക്കാരന്‍ ഒന്നുമല്ല. നല്ല കണ്ടുപരിചയവും ഉണ്ട്. എങ്ങനെയോ മുകളില്‍ നിന്ന് പിടിവിട്ടു വീണതാണ്. അതിന്റെ തെളിവായി പാതി വലയും ഉണ്ട് കൈയില്‍. ഇവരൊക്കെയും ഭൂമിയുടെ അവകാശികള്‍ ആണെന്ന് പ്രഖ്യാപിച്ച ബഷീറിനെ മനസ്സില്‍ വിചാരിച് ബെഡ് ഷീറ്റ്‌ എടുത്തു തട്ടി കുടഞ്ഞു. ചൂലോ ചെരുപ്പോ കാണാത്ത അത്ഭുതത്തില്‍ ഒരു നിമിഷം തറയില്‍ നിന്നിട്ട് ചിലന്തി അതിന്റെ വഴിക്ക് പോയി. 

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ദേഹത്ത് ചൂടുകുരു പോലെ എന്തോ ഒന്ന് കണ്ടു തുടങ്ങിയത്. മുഖത്തേയ്ക്കു കൂടി പടര്‍ന്നപ്പോള്‍ കൂട്ടുകാര്‍ ഉറപ്പിച്ചു... ഇതാണ് ചിക്കന്‍ പോക്സ്. പക്ഷെ അതെങ്ങനെ ശരിയാകും? അത് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കും അനിയനും ഒരുമിച്ചു വന്നു പോയതല്ലേ...??
ഇനി വരാന്‍ തീരെ വഴിയില്ല. ഒരു മുഖക്കുരു പോലും വരില്ല എന്ന് സ്വകാര്യമായ് അഹങ്കരിച്ചിരുന്ന മുഖത്ത് ഒരു നൂറെണ്ണം ഒരുമിച്ച് വന്നത് പോലെ ഉണ്ട്.വീട്ടില്‍ വിളിച്ചു കാര്യം പറഞ്ഞ ഉടനെ അമ്മ ചോദിച്ചു "ഇനി വല്ല ചിലന്തിയും കടിച്ചതാരിക്കുമോ??"

ഉള്ളില്‍ ഒരു ഫ്ലാഷ് ബാക്ക്... ഹേയ്...അത്രയും കുഞ്ഞു ചിലന്തി ഒന്ന് ദേഹത്ത് വീണാല്‍ ഇത്രയും വരുമോ? പക്ഷെ കൈത്തണ്ട നല്ലത് പോലെ ഒന്ന് നോക്കിയപ്പോള്‍ നൂറായിരം തരുതരുപ്പുകള്‍ക്കിടയില്‍ 2 ചുവന്ന കുത്തുകള്‍. 

 അങ്ങനെ ചിലന്തി കടിച്ച് spider girl  ആയി നില്‍ക്കുന്ന എന്നെ കാണാന്‍ പല മുറിയില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ വീട്ടില്‍ നിന്ന് വണ്ടിയുമെത്തി.
നേരെ വിഷഹാരിയുടെ അടുത്തേയ്ക്ക്... (ഈയിടെ സാള്‍ട്ട് & പെപ്പെര്‍ സിനിമയില്‍ ആദിവാസി മൂപ്പനെ കണ്ടപ്പോ എനിക്ക് ഈ വിഷഹാരിയെ ഓര്‍മ വന്നു. ) എന്ത് പറ്റി എന്നൊന്ന് ചോദിച്ചത് പോലുമില്ല. എന്നെ അടിമുടി ഒന്നുനോക്കി നേരേ അകത്തുപോയി. എന്നിട്ട് പഴയൊരു പത്രകടലസില്‍ എന്തൊക്കെയോ പൊതിഞ്ഞു കൊണ്ടുവന്നു 

       "സംഗതി ചിലന്തിയാ... ഇറച്ചിയോ മീനോ മറ്റോ കഴിച്ചിട്ടുണ്ട്. അതാ ഇത്രയും കൂടിയത്..."

ആര്? ഞാനോ അതോ ചിലന്തിയോ എന്ന് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും സാഹചര്യവും എന്‍റെ അവസ്ഥയും ശരിയല്ലാത്തത്  കൊണ്ട് ഞാന്‍ മൂളികേട്ടു. കാര്യം ശരിയാണ്. എന്നും പുല്ലു പുഷ്പാദികള്‍ മാത്രം തരുന്ന ഹോസ്റ്റലില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചിക്കന്‍ ബിരിയാണി തന്നിരുന്നു. അപ്പോള്‍ ചിലന്തിയും ചിക്കനും കൂടിയാണ് എന്നെ ഈ പരുവത്തില്‍ ആക്കിയത്.

ഇറച്ചി, മീന്‍, മുട്ട, ദോശ , ഇഡ്ഡലി, പപ്പടം, പുളിയിട്ടത്, എരുവിട്ടത്  ....അങ്ങനെ ഈ ലോകത്ത് മനുഷ്യന് കഴിക്കാന്‍ കൊള്ളാവുന്ന സകലത്തിന്റെയും പേര് ഒറ്റശ്വാസത്തില്‍ പറഞ്ഞിട്ട്, ഇതൊന്നും തൊട്ടുപോകരുത്‌ എന്ന് കൂടി പറഞ്ഞു വൈദ്യര്‍. ഒന്നും രണ്ടുമല്ല, പതിനഞ്ചു ദിവസത്തേയ്ക്ക്. എന്ന് വച്ച് വിശക്കുന്നു എന്ന് പറയാനും വകുപ്പില്ല, അതിനും കൂടി ഉള്ളതാണ് കഷായം വയ്ക്കാന്‍ പൊതിഞ്ഞു തന്നത്. ദേഹത്തെ അസ്വസ്ഥത കുറയാന്‍ ഒരു ഭസ്മവും. ഇനിയിപ്പോ ഭസ്മം പൂശിയാലും ഇല്ലെങ്കിലും environment management ഗോപി ആകുമെന്ന കാര്യത്തില്‍ തീരുമാനമായി. ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ മാനേജ് ചെയ്യാന്‍ വേറെ പല ബിസ്സിനെസ്സും ഉള്ളതു കൊണ്ട് തലേ ദിവസത്തെ അടിയന്തിര പഠനത്തിലാണ് പിടിച്ചു നിന്നിരുന്നത്. 


വീട്ടിലെത്തിയിട്ട് ആദ്യം ഓടിയത് കണ്ണാടിയുടെ മുന്നിലേയ്ക്കാണ്. എനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത രൂപം കണ്ടപ്പോ ഉറക്കെ നിലവിളിക്കാന്‍ തോന്നി.കഷായത്തിന്റെ കയ്പ്പും പരീക്ഷയുടെ ചൂടും ചിലന്തിയെ കൊല്ലാതെ വിട്ട കുറ്റബോധവും കൊണ്ട് കട്ടിലില്‍ ചുരുണ്ട് കിടന്നപ്പോള്‍ ചേട്ടന്‍റെ വക ഒരു ചോദ്യം " അടുത്ത കര്‍ക്കിടകം തികയ്ക്കുമോടി? " അസമയത്ത് തമാശ പറയുന്നത് പണ്ടേ  ചേട്ടന്‍റെ ശീലമായതു  കൊണ്ട് എനിക്ക് വല്യ ചിരിയൊന്നും വന്നില്ല. മാത്രമല്ല, ഇനി എങ്ങാനും ഞാന്‍ മരിച്ചു പോയാലോ എന്നൊരു തോന്നലും കൂടിയായി. 

അപ്പോള്‍ മരിച്ചു പോകുന്നതിനെക്കാള്‍ വിഷമം ആ രൂപത്തില്‍ മരിക്കുന്നതിലായിരുന്നു. ഛെ !! ചിലന്തി  കടിച്ചു മരിച്ചു എന്നൊക്കെ പറയേണ്ടി വന്നാല്‍ ഉണ്ടാവുന്ന നാണക്കേട് ഓര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും നിലവിളിക്കാന്‍ തോന്നി. എന്തായാലും പിറ്റേന്ന് പോയി പരീക്ഷ എഴുതി. വിശേഷം തിരക്കാന്‍ വന്ന കൂട്ടുകാരെല്ലാം സ്നേഹത്തോടെ ചോദിച്ചു "നിന്നെ കടിച്ചിട്ട് ആ ചിലന്തിയ്ക് വല്ലോം പറ്റിയോ?? " നല്ല വകതിരിവുള്ള കൂട്ടുകാര്‍. മരിച്ചു പോകും എന്നൊരു പേടി ഉള്ളില്‍ കിടന്നത് കൊണ്ട് ഞാന്‍ ആരോടും തര്‍ക്കുത്തരം പറയാന്‍ നിന്നില്ല. 

 ഇപ്പോള്‍ വിഷം ഇറങ്ങിയാലും അടുത്ത കൊല്ലം ഇതേ സമയം വീണ്ടും വരുമെന്നൊക്കെ ചിലര് പറയുന്നതും കേട്ടു. നല്ല കൃത്യനിഷ്ഠയുള്ള ചിലന്തി. വിഷഹാരി പറഞ്ഞതനുസരിച്ച് ഇനിയും രണ്ടു ആഴ്ചയെടുക്കും ഞാന്‍ spider പോയി വെറും ഗേള്‍ ആവാന്‍. (ഇതിനിടയില്‍ പലതവണ രഹസ്യമായി ഞാന്‍ ഭിത്തിയിലെയ്ക്കൊക്കെ കൈചൂണ്ടി നോക്കിയിരുന്നു, ഒന്നും സംഭവിച്ചില്ല)
അങ്ങനെ ഇരുന്നപ്പോളാണ് കൂടുകാരിയുടെ അമ്മ ചിലന്തി അമ്പലത്തില്‍ പോകാന്‍ പറഞ്ഞത്.


പത്തനംതിട്ട ജില്ലയിലാണ് 'ചിലന്തി അമ്പലം'.ചിലന്തി വിഷം ഇറക്കുന്നതില്‍ പേരുകേട്ട അമ്പലം. ദേവി  ആണ് പ്രതിഷ്ഠ എങ്കിലും അമ്പലം അറിയപ്പെടുന്നത് ചിലന്തി അമ്പലം എന്നാണ്. പോയി കണ്ടില്ലെങ്കില്‍ ഞാനും വിശ്വസിക്കില്ലയിരുന്നു. (വേണമെങ്കില്‍ ഒന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തോളു) വെളുപ്പിനെ കുളിച്ചു വെള്ളം പോലും ഇറക്കാതെ വെറും വയറ്റില്‍ ചെല്ലണം. പൂജ കഴിഞ്ഞു തീര്‍ഥവും നേദിച്ച പഴവും അതിന്‍റെ മേല്‍ കുറെ ഭസ്മവും പ്രസാദമായി തരും.  അതുതന്നെയാണ് മരുന്നും. സംഗതി എന്തായാലും വെറും മൂന്നു ദിവസം കൊണ്ട് ഞാന്‍ പഴയ ഞാന്‍ ആയി. വര്‍ഷാവര്‍ഷം ഒരു ഓര്മ പുതുക്കല്‍ ഉണ്ടാകുമെന്ന് പലരും പറഞ്ഞെങ്കിലും ഇതുവരെ അതും ഉണ്ടായില്ല....അതിലും രസം second semester റിസള്‍ട്ട്‌ വന്നപ്പോ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ environmental  management ന്.


സത്യം പറഞ്ഞാല്‍ ആ പഴയ ചിലന്തിയെ ഇന്ന് ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. പനി പിടിച്ചു ഈ അറബി നാട്ടിലെ ഫ്ലാറ്റില്‍  തനിച്ചു ഇരിക്കുമ്പോഴാണ് ജീവനില്ലാത്ത ചുമരുകള്‍ കണ്ടത്. ഒരു ഉറുമ്പോ പല്ലിയോ പാറ്റയോ ചിലന്തിയോ ഒന്നുമില്ലാത്ത ചുമരുകള്‍...(ഇതിനെ വല്ലതും കണ്ടിരുന്നെങ്കില്‍ 6  മാസത്തെ ഗ്യാരണ്ടി പറഞ്ഞു pest control ചെയ്തു 120 ദിര്‍ഹം വാങ്ങി പോയവനെ എന്‍റെ roomate നമ്മുടെ  രാഷ്ട ഭാഷയില്‍  ചീത്ത വിളിച്ചേനെ) .
തനിച്ച്‌ ഇരിക്കുമ്പോഴൊക്കെ ഈ മുറിയില്‍ എന്തിന്റേയോ ഒരു കുറവുള്ളത് പോലെ തോന്നിയിരുന്നു. കാരണം മനസ്സിലായത് ഇന്നാണ്. എന്റെ പനിയുള്ള ശ്വാസവും ഇടയ്ക്കിടയ്ക് തിരക്ക് കൂട്ടുന്ന നെഞ്ചിടിപ്പും ഒഴിച്ചാല്‍ ഈ മുറിയില്‍ ജീവനില്ല.

കുളിമുറിയുടെ തണുത്ത കോണില്‍ ഒളിച്ചിരിക്കുന്ന കുഞ്ഞി തവള ഇല്ല, ഒരു മുട്ടയ്ക്കുള്ളില്‍ ഒരായിരം ജീവന്‍ നെഞ്ചില്‍  അടക്കിവച്ച അഹങ്കാരത്തില്‍ താഴേയ്ക്ക് തുറിച്ചു നോക്കി ഇരിക്കുന്ന എട്ടുകാലി ഇല്ല, ആവശ്യത്തിനും അനാവശ്യത്തിനും പറയുന്നതൊക്കെ  ഏറ്റു പിടിക്കാന്‍ പല്ലികളില്ല, വാഴയിലയുടെ അടിയില്‍ നിന്നും പറന്നു രാത്രി സന്ദര്‍ശനത്തിനു മുറിയില്‍ എത്തുന്ന മിന്നാമിനുങ്ങുകള്‍ ഇല്ല. പണവും കൊണ്ട് കയറി ഇറങ്ങുന്ന കാക്കത്തൊള്ളായിരം ഉറുമ്പുകള്‍ ഇല്ല...ഇവിടെ ജീവനേ ഇല്ല... !!!


പ്രിയപ്പെട്ട ചിലന്തി, നിന്നെ ഇന്ന് കണ്ടിരുന്നെങ്കില്‍ സത്യമായും ഞാന്‍ നിനക്ക്  മാപ്പ് തന്നേനെ... കാരണം ഇവിടെ ഞാന്‍ തനിച്ചാണ്, മറ്റൊരു  ജീവന്റെ വില ആരെക്കാളും  നന്നായി മനസ്സിലാകും വിധം തനിച്ച്‌....!!!

1 അഭിപ്രായം: