2014 നവംബർ 16, ഞായറാഴ്‌ച

കാറ്റ്...


വൃശ്ചികത്തിന്റെ പകലോർമ്മകളിൽ ഒരു തണുപ്പൻ കാറ്റ് മൂളി നടക്കുന്നു. റബ്ബർ മരങ്ങൾക്കിടയിലൂടെ, മണ്‍ വഴി പിന്നിട്ട് റ്റൂഷൻ ക്ലാസിന്റെ പടിക്കെട്ട് വരെ പിന്നാലെ കൂടുന്ന കാറ്റ്.

സന്ധ്യകളിൽ തോട്ടിൽ മുങ്ങി വിറയൽ മാറാതെ വീട്ടിലേയ്ക്ക് ഓടുമ്പോഴും മണ്ഡലകാലത്തെ ദീപാരാധന തൊഴാൻ  അമ്പല മുറ്റത്ത്‌ നിൽക്കുമ്പോഴും തൊട്ടും തൊടാതെയും ചുറ്റി നടക്കുന്ന കാറ്റ്. ചുറ്റ് വിളക്കിലെ ലക്ഷം തിരികളെ തൊട്ടു നോക്കാൻ മടിച്ചു നിൽക്കുന്ന കാറ്റ്


ഇരുട്ട് കനക്കും മുന്നേ കല്ല്‌ പാകിയ ഇടവഴി ഓടിയിറങ്ങുമ്പോൾ കരിയില ഇളക്കി വെറുതെ ഭയപ്പെടുത്തിയ കാറ്റ്. വിദൂരതയിൽ നിന്നെങ്ങോ ഒരു ശരണം വിളി കൊണ്ട് വന്നു വീടെത്തുവാനുള്ള ധൈര്യവും തന്നു, അതേ കാറ്റ്...

ആ കാറ്റിൽ തണുപ്പും, ഭയവും, ഭക്തിയും കുസൃതിയും പ്രണയവും ഉണ്ടായിരുന്നു. ധാന്വന്തരം  കുഴംബിന്റെ മണമുള്ള, എന്റെ മുത്തശ്ശിയും...



1 അഭിപ്രായം: